തിരയുക

ഫ്രാൻസിസ് പാപ്പാ ഒരു വയോധികയ്‌ക്കൊപ്പം - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ഒരു വയോധികയ്‌ക്കൊപ്പം - ഫയൽ ചിത്രം 

വയോധികരും ചെറുപ്പക്കാരും ഒരുമയിൽ വളരണം: ഫ്രാൻസിസ് പാപ്പാ

മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും 2023-ലെ ലോക ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ ആധാരമാക്കിയ വിചിന്തനങ്ങൾ
ഒരുമിച്ച് വളരേണ്ട വയോധികരും ചെറുപ്പക്കാരും - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2021 ജനുവരി 31 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലാണ്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനങ്ങൾക്കുമായി ഒരു പ്രത്യേക ദിനം നീക്കിവയ്ക്കാനുള്ള തന്റെ തീരുമാനം ഫ്രാൻസിസ് പാപ്പാ അറിയിച്ചത്. അതനുസരിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, അതായത്, പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്ന ജൂലൈ 26-ആം തീയതിയോട് അടുത്ത ഞായറാഴ്‌ച ഈ ലോകദിനം ആചരിക്കാനാണ് പാപ്പാ തീരുമാനിച്ചത്. അങ്ങനെ 2021 ജൂലൈ 25-ന് മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ആദ്യലോകദിനം ആചരിക്കപ്പെട്ടു. "യുഗാന്തം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (Mt 28,20) എന്ന യേശുവിന്റെ തിരുവചനമായിരുന്നു ഈ ദിനത്തിലെ സന്ദേശത്തിന് ആധാരമായി പാപ്പാ സ്വീകരിച്ചത്.

2022-ലാകട്ടെ ജൂലൈ 24-ന്, "വാർദ്ധക്യത്തിലും അവർ ഫലം നൽകും" എന്ന പ്രമേയത്തോടെ ഈ ദിനം ആചരിക്കപ്പെട്ടു. 92-ആം സങ്കീർത്തനം പതിനഞ്ചാം വാക്യത്തിൽ നീതിമാന്മാരെക്കുറിച്ച് പറയുന്ന ഒരു വചനത്തിൽനിന്ന് പ്രേരിതമായാണ് ഈയൊരു പ്രമേയം എടുത്തിരുന്നത്.

2023-ൽ മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ലോകദിനം ആചരിക്കപ്പെടുന്നത് ജൂലൈ 23 ഞായറാഴ്ചയാണ്. ഈ മൂന്നാമത് ലോകദിനാചരണത്തിലേക്കുള്ള സന്ദേശമാകട്ടെ, വിശുദ്ധ ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായം അൻപതാം തിരുവചനത്തിൽ നാം കാണുന്ന "തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും" (ലൂക്ക 1:50) എന്ന പരിശുദ്ധ അമ്മയുടെ വാക്കുകളെ ആധാരമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്.

വിശുദ്ധ ഗ്രന്ഥവും പരിശുദ്ധ അമ്മയും വിശുദ്ധ എലിസബത്തും

മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും മൂന്നാമത് ലോകദിനത്തിലേക്കായി പാപ്പാ നൽകുന്ന സന്ദേശം വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായത്തിലെ "തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും" (ലൂക്ക 1:50) എന്ന തിരുവചനത്തെ ആധാരമാക്കിയാണെന്ന് നമ്മൾ കണ്ടു. ഈ പ്രമേയത്തിന് ഒരു പ്രത്യേകതയുണ്ടെന്ന്  ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറയുന്നുണ്ട്. ഒരു യുവതിയും വയോധികയും തമ്മിലുള്ള ഒരു കണ്ടുമുട്ടലാണ് പരിശുദ്ധ അമ്മയുടെയും എലിസബത്തിന്റെയും കണ്ടുമുട്ടൽ എന്നതാണ് ഈ പ്രത്യേകത. അനുഗ്രഹീതമായ, സന്തോഷം നിറഞ്ഞ, ഒരു കണ്ടുമുട്ടലാണിത്. ഉള്ളിൽ രണ്ടു വിശുദ്ധ ജന്മങ്ങളെ പേറുന്ന രണ്ടു സ്ത്രീകൾ; യുവതിയായ പരിശുദ്ധ കന്യകാമറിയവും യോഹന്നാനെ ഉള്ളിൽ പേറുന്ന വയോധികയായ എലിസബത്തും. അവരുടെ കണ്ടുമുട്ടലിലും സംഭാഷണത്തിലും ദൈവസ്തുതിയുടേതായ വാക്കുകളാണ് നാം കാണുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും അത് മനുഷ്യഹൃദയത്തിൽ ഉളവാക്കുന്ന സന്തോഷവും, ദൈവികസാന്നിധ്യം ഉള്ളിൽ വസിക്കുന്ന വ്യക്തികളുടെ പ്രത്യേകതകളുമൊക്കെ നമുക്ക് ഇവിടെ കാണാം. പരിശുദ്ധാത്മാവിനാൽ പ്രേരിതയായി എലിസബത്ത് ഉരുവിടുന്ന ചില വാക്കുകൾ ഏതാണ്ട് രണ്ടു സഹസ്രാബ്ദങ്ങൾക്കിപ്പുറവും നമ്മുടെ അനുദിന പ്രാർത്ഥനയിൽ നാം ആവർത്തിക്കുന്നുണ്ട് എന്ന് പാപ്പാ അനുസ്മരിക്കുന്നു. "നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്, നിന്റെ ഉദരഫലവും അനുഗ്രഹീതം" (ലൂക്ക 1:42). നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ഭാഗമായി നാം ആവർത്തിക്കുന്ന ഈ വാക്കുകളിൽ, ദൈവത്തിന്റെ കരുണ സ്വീകരിച്ച, ദൈവം തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ ജീവിതം എത്ര അനുഗ്രഹീതമെന്ന് ചിന്തിക്കാനുള്ള ഒരു അവസരം കൂടിയാണ് നമുക്ക് ലഭിക്കുന്നത്. എലിസബത്തിന്റെ വാക്കുകൾക്ക് മറുപടിയായി ദൈവത്തിന്റെ സ്തോത്രഗീതമാലപിക്കുന്ന പരിശുദ്ധ അമ്മയെയാണ് നാം സുവിശേഷത്തിൽ കാണുക. മാഗ്നിഫിക്കേറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ സ്ത്രോത്രഗീതത്തിൽ തലമുറകൾ തോറും കരുണ വർഷിക്കുന്ന ദൈവത്തെയാണ് പരിശുദ്ധ അമ്മ വാഴ്ത്തുന്നത്.

പരിശുദ്ധ അമ്മയുടെയും എലിസബത്തിന്റെയും കണ്ടുമുട്ടൽ, ഒരു ചെറുപ്പക്കാരിയുടെയും ഒരു വയോധികയുടെയും കണ്ടുമുട്ടൽ, അത് ദൈവത്തിന്റെ ഇടപെടലിന്റെ ഭാഗമായി മാറുമ്പോൾ, അനുഗ്രഹീതമായ ഒരു സമയമായി മാറുന്നതാണ് നാം കാണുന്നത്. പാപ്പാ തന്റെ സന്ദേശത്തിൽ പറയുന്നതുപോലെ, ഇന്നും, "മുത്തശ്ശീമുത്തച്ഛന്മാരും കൊച്ചുമക്കളും, ചെറുപ്പക്കാരും പ്രായമായവരും, അങ്ങനെ വിവിധ തലമുറകളിലുള്ള ആളുകൾ തമ്മിലുള്ള കണ്ടുമുട്ടലുകളെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നു". പരിശുദ്ധ അമ്മയുടെ സേവനത്തിനായുള്ള സന്നദ്ധത കൂടി വെളിവാക്കുന്ന ഈയൊരു കണ്ടുമുട്ടൽ ഇന്നത്തെ ചെറുപ്പക്കർക്കും ഒരു പ്രചോദനമായി മാറണമെന്ന് പരിശുദ്ധ പിതാവ് ആഗ്രഹിക്കുന്നുണ്ട്. മറിയത്തിന്റെ സാന്നിദ്ധ്യം എലിസബത്തിന്റെ ജീവിതത്തിൽ എത്രമാത്രം സന്തോഷവും ആനന്ദവും നിറച്ചുവോ, അതുപോലെ ഇന്നത്തെ യുവജനങ്ങളും തങ്ങളുടെ മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജീവിതത്തിലും ഹൃദയത്തിലും സന്തോഷം നിറയ്ക്കണമെന്നും, മുതിർന്നവരിൽനിന്ന് തങ്ങളുടെ ജീവിതത്തിനുവേണ്ട പാഠങ്ങൾ അഭ്യസിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു. ഇന്ന് ദൈവം യുവജനങ്ങളിൽനിന്ന് ആഗ്രഹിക്കുന്നതും ഇതാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. പല സമൂഹങ്ങളിലും, കുടുംബങ്ങളിലും ഒക്കെ സംഭവിക്കുന്നതുപോലെ, സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് വയോധികരെ മാറ്റി നിറുത്തുന്ന തെറ്റായ പ്രവണത അവസാനിപ്പിക്കുകയും, അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനവും സ്നേഹബഹുമാനങ്ങളും ഉറപ്പാക്കുകയും വേണം. വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോഴും ഇതാണ് നമുക്ക് വ്യക്തമാകുന്നത്.

മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും യുവജനങ്ങളുടെയും ലോകദിനങ്ങൾ

2023-ലെ മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ലോകദിനവും ലോകയുവജനദിനവും ആചരിക്കപ്പെടുന്നത് ഏറെ അടുത്ത ദിവസങ്ങളിലാണ്. മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും മൂന്നാമത് ലോകദിനം ജൂലൈ 23-ന് ആചരിക്കപ്പെടുമ്പോൾ, മുപ്പത്തിയെട്ടാമത്‌ ലോകയുവജനദിനം ആചരിക്കപ്പെടുക ഓഗസ്റ്റ് 1 മുതൽ 6 വരെ തീയതികളിലാണ്. പോർച്ചുഗല്ലിലെ ലിസ്ബണിലാണ് ഈ വലിയ യുവജനസംഗമം നടക്കുക. ഈ രണ്ടു ആഘോഷങ്ങൾക്കും ഒരു പ്രത്യേകതയുള്ളതായി പാപ്പാ തന്റെ സന്ദേശത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇരു ലോകദിനങ്ങൾക്കും പ്രമേയമായി നിൽക്കുന്നത് പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചിന്തയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ പരിശുദ്ധ അമ്മ എലിസബത്തിന്റെ അരികിലേക്ക് നടത്തുന്ന യാത്രയെക്കുറിച്ച് നാം വായിക്കുമ്പോൾ, അവൾ തിടുക്കത്തിൽ (ലൂക്ക 1, 32) യാത്രയായി എന്ന ഒരു പ്രയോഗമാണ് നാം അവിടെ കാണുന്നത്. ഇന്നത്തെ വയോധികരും ചെറുപ്പക്കാരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഈ തിടുക്കം ഒരു അളവുകോലാക്കി മാറ്റാൻ നമുക്ക് സാധിക്കും. യുവജനങ്ങൾ വയോധികരെ കണ്ടുമുട്ടുമ്പോൾ, ചരിതത്തിന്റെ ഭാഗമായിത്തീരാനും, ചരിത്രത്തെക്കുറിച്ച് പഠിക്കാനും അത് സംരക്ഷിക്കാനും ഒക്കെ തങ്ങൾക്കുള്ള വിളിയെക്കുറിച്ച് അവർ ബോധവാന്മാരാകണമെന്ന് ദൈവം പ്രതീക്ഷിക്കുന്നുണ്ടെന്ന് പാപ്പാ എഴുതുന്നു. ഇന്നത്തെ സമൂഹത്തിൽ നല്ലൊരു ഭാഗം യുവജനങ്ങൾക്കും സംഭവിച്ചേക്കാവുന്ന ഒരു തെറ്റുകൂടി പാപ്പാ എടുത്തുകാട്ടുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ, വർത്തമാനകാലത്തേക്ക് മാത്രം ചുരുക്കുവാനുള്ള ഒരു പ്രവണതയാണത്.  എന്നാൽ ജീവിതം എന്നത് വർത്തമാനകാലം മാത്രം അല്ല എന്നും, ലോകത്ത് സംഭവിക്കുന്ന എല്ലാം തങ്ങളുടെ മാത്രം കഴിവിനെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്ന് മനസ്സിലാക്കാനും പ്രായമുള്ള വ്യക്തികളുമായുള്ള സമ്പർക്കം യുവജനങ്ങളെ ഏറെ സഹായിക്കും.

വയോധികരെ സംബന്ധിച്ചും യുവജനങ്ങളുമായുള്ള കണ്ടുമുട്ടലുകളും, ആശയവിനിമയവും ഏറെ പ്രധാനപ്പെട്ടതാണ്. തങ്ങൾ തങ്ങളുടെ ജീവിതത്തിൽ അധ്വാനിച്ചത് വെറുതെയായില്ലെന്നും, തങ്ങളുടെ നിരവധി സ്വപ്‌നങ്ങൾ ഈ ചെറുപ്പക്കാരിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഉള്ള ബോധ്യങ്ങളും പ്രതീക്ഷയും വയോധികർക്ക് ലഭിക്കുന്നതിന് ഇങ്ങനെയൊരു സംഗമം സഹായിക്കും.

പരിശുദ്ധ അമ്മ എലിസബത്തിനെ സന്ദർശിക്കാനും അവൾക്ക് ശുശ്രൂഷ ചെയ്യാനുമായി പോകുന്ന സംഭവവും, തലമുറകൾ തോറും, തലമുറയിൽനിന്ന് തലമുറകളിലേക്ക് കർത്താവിന്റെ കരുണ പകരുന്നു എന്ന തിരിച്ചറിവും മനുഷ്യജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിന്റെ ചില പ്രത്യേകതകളിലേക്ക് കൂടി വിരൽചൂണ്ടുന്നുണ്ട്.  നാം തനിയെയല്ല മുന്നോട്ട് പോകേണ്ടത്. രക്ഷ സാധ്യമാകുന്നത് ദൈവത്തോട് ചേർന്ന് നാം ഒരുമിച്ച് യാത്രചെയ്യുമ്പോഴാണ്. അങ്ങനെ ഒരുമയിൽ ആയിരിക്കുന്ന ഇടങ്ങളിലാണ് ദൈവത്തിന്റെ ഇടപെടൽ കൂടുതലായി ഉണ്ടാകുന്നത്. വിശുദ്ധഗ്രന്ഥത്തിൽ നാം കാണുന്ന ദൈവജനത്തിന്റെ ചരിത്രവും ഇതിലേക്ക് വെളിച്ചം വീശുന്നുണ്ട്. എലിസബത്തിന്റെ സാന്നിദ്ധ്യത്തിൽ ആലപിക്കുന്ന സ്തോത്രഗീതത്തിലൂടെ പരിശുദ്ധ അമ്മയും ഇതേ സന്ദേശമാണ് നമുക്ക് നൽകുന്നത്. "നമ്മുടെ പിതാക്കന്മാരായ അബ്രഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനമനുസരിച്ച്". അങ്ങനെ ഒരു ചരിത്രത്തിന്റെ തുടർച്ചയായ ജനതയിലാണ്, ദൈവം പുതിയതും അത്ഭുതാവഹവുമായ പ്രവൃത്തികൾ ചെയ്‌തത്‌. മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും യുവജനങ്ങളുടെയും ലോകദിനങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ ആചരിക്കപ്പെടുമ്പോൾ ഇരുകൂട്ടരും തമ്മിൽ ഉണ്ടായിരിക്കേണ്ട ഇഴയടുപ്പവും പരസ്പരസ്നേഹവും ഒക്കെ പ്രത്യേകം ശ്രദ്ധ അർഹിക്കുന്നുണ്ട്.

ദൈവത്തിന്റെ പ്രവർത്തനവും മാനവികതയും

ദൈവത്തിന്റെ പ്രവർത്തനശൈലി ഉൾക്കൊള്ളാനും മനസ്സിലാക്കാനും അംഗീകരിക്കാനും, സമയത്തെ അതിന്റെ പൂർണ്ണതയിൽ നാം മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും എല്ലാം നൊടിയിടയിൽ നേടിയെടുക്കാനുള്ള ത്വരയുള്ള ഒരു യുവജനതയ്ക്ക്, വലിയ സ്വപ്‌നങ്ങളും യാഥാർഥ്യങ്ങളുമൊക്ക സാക്ഷാത്കരിക്കപ്പെടുന്നത് തുടർച്ചയായ ഒരു പ്രക്രിയയിലൂടെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കേണ്ടതുണ്ട്. പതിയെ വളർന്ന് പക്വത പ്രാപിച്ചാണ് വലിയ സ്വപ്‌നങ്ങൾ യാഥാർഥ്യങ്ങളായി മാറുന്നത്. സമയത്തിന്റെ പൂർണ്ണതയും സങ്കീർണ്ണതയും മനസ്സിലാക്കുമ്പോഴേ അവയിൽ ദൈവത്തിന്റെ ഇടപെടൽ തിരിച്ചറിയാനും മനസ്സിലാക്കാനും നമുക്ക് സാധിക്കൂ. എന്നാൽ എല്ലാം ധൃതഗതിയിൽ നേടിയെടുക്കാനും, സ്വന്തം നേട്ടങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുന്നവർക്ക് ദൈവത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും മനസ്സിലാക്കാൻ സാധിക്കില്ല. ചരിത്രത്തിലൂടെ നീളുന്ന, പരസ്പരം എല്ലാത്തിനെയും ബന്ധിപ്പിച്ചു നിറുത്തുന്ന സ്നേഹത്തിന്റെ ഒരു പദ്ധതിയാണ് ദൈവത്തിന്റേതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്നിന്റെ ചരിത്രവും, അതിൽ നമ്മളും പ്രധാനപ്പെട്ടവരാണ് എന്നത് സത്യം തന്നെയാണ്. എന്നാൽ നമുക്ക് അപ്പുറവും, നമ്മുടെ ചിന്തകൾക്ക് അപ്പുറവും കടന്നുപോകുന്ന ഒന്നാണ് ദൈവത്തിന്റെ സ്നേഹത്തിന്റെ, കരുണയുടെ പദ്ധതി. യുവതലമുറ പലപ്പോഴും ജീവിക്കുന്നത് ഒരുതരം വെർച്വൽ റിയാലിറ്റിയിൽ, അമൂർത്തമായ യാഥാർഥ്യത്തിലാണ്. മൂർത്തമായ പ്രവർത്തനങ്ങളിൽനിന്ന് ഇത് അവരെ മാറ്റി നിറുത്താറുണ്ട്. സമയത്തിന്റെയും, ചരിത്രത്തിൽ ദൈവത്തിന്റെ തുടർച്ചയായ ഇടപെടലിന്റെയും, ദൈവികപദ്ധതിയുടെയും ഒക്കെ അർത്ഥവും വ്യാപ്തിയും കുറച്ചെങ്കിലും മനസ്സിലാക്കുമ്പോഴേ, തങ്ങൾ ആയിരിക്കുന്ന അമൂർത്തസങ്കല്പങ്ങളിലും അമൂർത്തയാഥാർഥ്യങ്ങളിലും നിന്ന് മാറി, മൂർത്തമായ യാഥാർഥ്യങ്ങളിലേക്ക് കടന്നുവരാൻ ഇന്നത്തെ തലമുറയ്ക്ക് സാധിക്കൂ.

വയോജനങ്ങളെ സംബന്ധിച്ചിടത്തോളം പലപ്പോഴും അവർ ആയിരിക്കുന്ന ഒരു തടവറയുണ്ട്. തങ്ങൾക്ക് ജീവിതത്തിൽ നഷ്ടപ്പെട്ട അവസരങ്ങൾ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന കായിക, ബൗദ്ധിക ശക്തികൾ, അങ്ങനെ നഷ്ടസ്വപ്നങ്ങളുടെ മാറാപ്പും ചുമന്നുകൊണ്ട് ഇരിക്കുന്നതിന് പകരം ദൈവിക പദ്ധതിയെ മനസ്സിലാക്കാൻ പരിശ്രമിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് അവർ ചെയ്യേണ്ടത്. ഈ രണ്ടു കാര്യങ്ങളും നേടണമെങ്കിൽ നാം ദൈവകൃപയിൽ രൂപപ്പെടേണ്ടതുണ്ട്, വളരേണ്ടതുണ്ട്. അങ്ങനെ പരാതികളിലും പരിവേദനങ്ങളിലും നിഷ്ക്രിയത്വത്തിലും സ്വപ്നലോകങ്ങളിലും നിന്ന് നമ്മെ വിമുക്തമാക്കാൻ കഴിവുള്ള ദൈവത്തിന്റെ കൃപയ്ക്കായി നാം നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടതിലേക്ക് പാപ്പാ തന്റെ സന്ദേശത്തിലൂടെ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

മനുഷ്യരുടെ പരസ്പരസഹകരണം

പരിശുദ്ധ അമ്മയും എലിസബത്തും തമ്മിലുള്ള കണ്ടുമുട്ടലിലൂടെ ദൈവം വരുവാനിരിക്കുന്ന പദ്ധതിയാണ് വെളിപ്പെടുത്തുകയും മാനവികതയ്ക്ക് സമ്മാനിക്കുകയും ചെയ്യുന്നത്. ഇതിനെ പാപ്പാ വിശേഷിപ്പിക്കുന്നത് ചെറുപ്പക്കാരും വയോധികരും തമ്മിലുള്ള കണ്ടുമുട്ടലായാണ്. പരിശുദ്ധ അമ്മയുടെ തിടുക്കത്തിലുള്ള സഞ്ചാരവും, എലിസബത്ത് മറിയത്തിന് നൽകുന്ന ആതിഥേയത്വവും അവർ തമ്മിലുള്ള ആലിംഗനവും ഒക്കെ രക്ഷയുടെ സാക്ഷാത്കാരത്തിനുളള അവസരമാണ് ഒരുക്കുന്നത്. ഇരുവരും ഒരുമിച്ചുവരുന്ന ഈ ഒരു സംഗമം ദൈവത്തിന്റെ കരുണ മനുഷ്യരിലേക്കും അവരുടെ ചരിത്രത്തിലേക്കും എത്ര സൗമ്യമായും സന്തോഷമേകിയുമാണ് കടന്നുവരുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇരുവരും തമ്മിലുള്ള ഈയൊരു കണ്ടുമുട്ടൽ മനസ്സിൽ ധ്യാനിക്കുന്നത് ആത്മാവിൽ പ്രകാശമേകുന്ന ഒരു സംഭവമായിരിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പരിശുദ്ധ അമ്മയും എലിസബത്തും തമ്മിലുള്ള ബന്ധം യുവജനങ്ങളും വയോധികരും തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്താനായി സഹായകരമാകേണ്ടതാണ്. എലിസബത്തിന് ശുശ്രൂഷ ചെയ്യാനും, അവളെ ഒറ്റയ്ക്കാക്കാതിരിക്കാനും പരിശുദ്ധ അമ്മയുടെ സാന്നിധ്യം എത്രമാത്രം സഹായകമായോ, അതുപോലെ യുവജനങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും വയോധികരുടെ സാന്നിദ്ധ്യത്തിന്റെ മൂല്യം തിരിച്ചറിയുകയും, അതിനെ വിലമതിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരേ ചരിത്രത്തിന്റെ ഭാഗമായി, ഒരേ പൈതൃകം പങ്കിടുന്ന, വയോധികരാൽ സംരക്ഷിക്കപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമാണ് നാമെന്ന ഒരു തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. പൊതുസമൂഹത്തിന് എന്നതുപോലെ സഭയ്ക്കും വയോധികരെക്കൊണ്ട് ആവശ്യമുണ്ട് എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഭാവി മെച്ചപ്പെട്ട രീതിയിൽ കെട്ടിപ്പടുക്കുവാനായി ഇന്നിന്റെ ലോകത്തിന് ഇന്നലെയുടെ പാഠങ്ങൾ നൽകുന്നത് വയോജനങ്ങളാണ്. അവർക്ക് നമ്മുടെയും, നമുക്ക് അവരുടെയും സാമീപ്യം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നമുക്ക് കടമയുണ്ട്. അവർ ഒരിക്കലും സമൂഹത്തിന്റെ താഴ്ത്തട്ടിലേക്ക് അവഗണിക്കപ്പെടരുത്. വിവിധ തലമുറകൾ തമ്മിലുള്ള സഹകരണവും സഹവാസവും ഇന്നിന്റേയും നാളെയുടെയും ദിനങ്ങൾക്ക്, പ്രത്യേകിച്ച് മൂല്യാധിഷ്ഠിതമായ ഒരു നാളേക്ക് അത്യന്താപേക്ഷിതമാണ്.

വയോജനങ്ങളും യുവജനങ്ങളുമായുള്ള സംഗമം

മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ലോകദിനത്തിലേക്ക് നൽകിയ തന്റെ സന്ദേശത്തിന്റെ അവസാനഭാഗത്ത് ഇരുകൂട്ടരും തമ്മിൽ ഉണ്ടാകേണ്ട ബന്ധവും, സഹകരണവും ആവർത്തിച്ചുകൊണ്ട്, പരസ്പരം വിലമതിക്കാനും, സഹവസിക്കാനുമാണ് പാപ്പാ ആവശ്യപ്പെടുന്നത്. ലോകായുവജനദിനം ആഘോഷിക്കുന്ന യുവജനങ്ങൾ, അതിനായി യാത്രപുറപ്പെടുന്നതിന് മുൻപ് മൂർത്തമായ ഒരു പ്രവൃത്തിയിലേക്ക് വളരണമെന്ന് പാപ്പാ ആവശ്യപ്പെടുന്നു. തങ്ങളുടെ മുത്തശ്ശീമുത്തച്ഛന്മാരെയോ, ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെയോ ചെറുപ്പക്കാർ സന്ദർശിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ഇത്, യുവജനങ്ങൾക്ക് ഏറെ അനുഗ്രഹപ്രദമായി മാറുന്ന, വയോധികരുടെ പ്രാർത്ഥനകൾ ഉറപ്പാക്കാൻ വേണ്ടിക്കൂടിയാണ്. എന്നാൽ അതേസമയം ഇത് വയോധികർക്കും സന്തോഷദായകമായ ഒരു നിമിഷമായിരിക്കും. കാരണം, തങ്ങളുടെ ജീവിതത്തിൽ ദൈവത്തോട് തങ്ങൾ നടത്തിയ പ്രാർത്ഥനയുടെ ഉത്തരമായി പുതു തലമുറയെ കാണാനും, തങ്ങളുടെ പ്രവൃത്തികളുടെയും അദ്ധ്വാനത്തിന്റെയും ഫലമായ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും, ദൈവത്തിന്റെ അനുഗ്രഹമായ അവരെയോർത്ത് നന്ദി പറയാനും സന്തോഷിക്കാനും ഈയൊരു സംഗമം വയോധികർക്കും സഹായകമാകും.

മുത്തശ്ശീമുത്തച്ഛന്മാരും വയോധികരും ഏവരാലും, പ്രത്യേകിച്ച് യുവജനങ്ങളാൽ മാനിക്കപ്പെടുന്ന, സ്നേഹിക്കപ്പെടുന്ന, നല്ല മൂല്യങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹം നമുക്കിടയിൽ വളർന്നുവരട്ടെ. ചരിത്രത്തിലേക്ക് കടന്നുപോകുന്ന പഴയ തലമുറകൾ അവശേഷിപ്പിക്കുന്ന നന്മയുടെ പാഠങ്ങൾ പുതുതലമുറകൾക്കും മാനവരാശിയുടെ ഭാവിക്കും മുതൽക്കൂട്ടാകട്ടെ. ഇന്നലെകളിലും ഇന്നും ഭാവിയിലും മാനവരാശിക്കൊപ്പം സഞ്ചരിക്കുന്ന അനുഗ്രഹീതമായ ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് വിവേകമുള്ള ഒരു ജനതയായി മുന്നോട്ട് പോകാൻ ഏവർക്കും സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2023, 06:29