തിരയുക

ഉക്രൈൻ അംബാസഡർമാരുടെ സഹധർമ്മിണികളെ സാന്താ മാർത്തായിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ ഉക്രൈൻ അംബാസഡർമാരുടെ സഹധർമ്മിണികളെ സാന്താ മാർത്തായിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചപ്പോൾ 

ഉക്രൈൻ അംബാസഡർമാരുടെ സഹധർമ്മിണികൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ജൂൺ 28 ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉക്രൈൻ അംബാസഡർമാരുടെ സഹധർമ്മിണികൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ-ഉക്രൈൻ യുദ്ധം ഒരു വർഷത്തിലേറെയായി തുടരുന്ന അവസരത്തിൽ, ഫ്രാൻസിസ് പാപ്പായെ കാണാൻ വത്തിക്കാനിലെത്തിയ ഉക്രൈൻ അംബാസഡർമാരുടെ ഭാര്യമാരായ പതിനെട്ട് സ്ത്രീകൾക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് ജൂൺ 29 വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന വിശുദ്ധ ബലിയിലും ഇവർ സംബന്ധിച്ചു.

പാപ്പായുടെ ഔദ്യോഗികവസതിയായ സാന്താ മാർത്താ ഭവനത്തിൽ ജൂൺ 28 ബുധനാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ ഉക്രൈൻ നയതന്ത്രപ്രതിനിധികളുടെ സഹധർമ്മിണികളുടെ അസോസിയേഷനിലെ അംഗങ്ങളായ പതിനെട്ട് പേരെയും സ്വീകരിച്ച പാപ്പാ യുദ്ധത്തിന്റെ കെടുതികളെക്കുറിച്ചും അതുണ്ടാക്കുന്ന ഭീകരതയെക്കുറിച്ചും തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. യുദ്ധം എന്നും ഒരു പരാജയമാണെന്ന് പാപ്പാ ആവർത്തിച്ചു. ബുധനാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലും ഉക്രൈനിൽനിന്നെത്തിയ ഈ സംഘം സംബന്ധിച്ചിരുന്നു. വത്തിക്കാനിലേക്കുള്ള ഉക്രൈൻ അംബാസഡർ അന്ദ്രി യുറാഷ് ആണ് സംഘത്തെ നയിച്ചത്.

ഉക്രൈൻ ഭാഷയിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ ശുശ്രൂഷ ചെയ്യാൻ തന്റെ 11-ആം വയസ്സിൽ താൻ അഭ്യസിച്ച സംഭവം പാപ്പാ വിശദീകരിച്ചു. അർജന്റീനയിൽ ഉണ്ടായിരുന്ന ഒരു ഉക്രൈൻ വൈദികനിൽനിന്നാണ് പാപ്പാ ഇത് അഭ്യസിച്ചത്.

ജൂൺ 27 ചൊവ്വാഴ്ച "സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഉക്രൈന്റെ യുദ്ധം, സ്വാതന്ത്രം അഗ്നിയിൽ" എന്ന പേരിലുള്ള ഒരു ഫീച്ചർ ഫിലിം ഇവർ വീക്ഷിച്ചിരുന്നു. സിനഡൽ ശാലയിൽ വച്ച് ഫെബ്രുവരി 24-ന് ഫ്രാൻസിസ് പാപ്പായും ഇതേ ചിത്രം കണ്ടിരുന്നു.

നിലവിൽ വത്തിക്കാനിലെത്തിയ ഉക്രൈൻ സംഘം രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇസ്താൻബൂളിൽ എത്തി ബർത്തലോമിയോസ് പാത്രിയർക്കയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജൂൺ 2023, 17:51