പാപ്പാ ഇറ്റാലിയൻ ടെലിവിഷനിൽ വിശ്വാസത്തെക്കുറിച്ചും ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ചർച്ച നടത്തി.
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും സാമൂഹിക പ്രശ്നങ്ങളെയും കുറിച്ചുള്ള തന്റെ ചിന്തകൾ പാപ്പാ പങ്കുവച്ചു. പ്രാർത്ഥിക്കാനും അവരുടെ വിശ്വാസത്തിൽ ശക്തി കണ്ടെത്താനും പാപ്പാ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. ഇറ്റാലിയൻ രാജ്യത്തിന്റെ പൊതു ടെലിവിഷനായ RAI പ്രതിവാരം വിശ്വാസത്തെയും മതത്തെയും കുറിച്ചുപ്രക്ഷേപണം ചെയ്യുന്ന "A Sua Immagine" എന്ന ടെലിവിഷൻ പ്രോഗ്രാമിന്റെ അതിഥിയായി ഫ്രാൻസിസ് പാപ്പാ എത്തുകയായിരുന്നു.
സമാധാനത്തെ കുറച്ച് സംസാരിച്ചപ്പോൾ അത് മനുഷ്യരാശിയോളം പഴക്കമുള്ള ഒരു കഥയാണെന്ന് പറഞ്ഞ പാപ്പാ, 1939 രണ്ടാം ലോകമഹായുദ്ധത്തിന്റെ തലേദിവസം പിയൂസ് പന്ത്രണ്ടാം പാപ്പാ സമാധാനത്താൽ ഒന്നും നഷ്ടപ്പെടുകയില്ല എന്നാൽ യുദ്ധത്താൽ എല്ലാം നഷ്ടപ്പെടും എന്ന് ലോക നേതാക്കൾക്ക് നൽകിയ സന്ദേശം ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തി. യുദ്ധങ്ങളിലും മാധ്യമങ്ങളിലും അക്രമങ്ങളെയും പീഡനങ്ങളെയും മാദകമാക്കുന്നതിനെ അപലപിച്ച പാപ്പാ ഇത് അവസാനിപ്പിക്കേണ്ട ഭയാനകമായ ഒരു യാഥാർത്ഥ്യമാണെന്നും ചൂണ്ടിക്കാണിച്ചു. താൻ മുമ്പ് ഇങ്ങനെയുള്ള ടെലിവിഷൻ സ്റ്റുഡിയോയിൽ പോയിട്ടില്ലെന്നും, ടെലിവിഷൻ കൂടുതൽ കാണാറില്ലെന്നും, താൻ വളർന്നപ്പോൾ ടെലിവിഷൻ ഇല്ലാതിരുന്നു എന്നും പാപ്പാ പറഞ്ഞു.
മാധ്യമങ്ങളുടെ സഹായം
മാധ്യമങ്ങൾ വ്യക്തികളെ കണ്ടുമുട്ടാനും, മനസ്സിലാക്കാനും, സുഹൃത്തുക്കളെ സൃഷ്ടിക്കാനും സഹായിക്കണം എന്ന് പറഞ്ഞ പാപ്പാ ജീവിതത്തെ നശിപ്പിക്കുന്ന തിന്മകളിൽ നിന്ന് മുക്തി നേടാനുള്ള സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും മാധ്യമങ്ങളോടു ആവശ്യപ്പെട്ടു. മതത്തെയും ദൈവത്തെയും കുറിച്ച് മാത്രം സംസാരിക്കുക മാത്രമല്ല എപ്പോഴും മാനുഷിക തലത്തെ, പൊതു മാനവകുലത്തെ സംരക്ഷിക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യണമെന്നും മാധ്യമങ്ങളെ ഓർമ്മിപ്പിച്ചു.
ജൂബിലി
ജൂബിലി, പാപമോചനത്തിനുള്ള അവസരമാണന്ന് പങ്കുവെച്ച പാപ്പാ 2025 ൽ വരാനിരിക്കുന്ന ജൂബിലി ഉൾപ്പെടെയുള്ള സുപ്രധാനസഭാ സംഭവങ്ങളെക്കുറിച്ചും പരിപാടിയിൽ പങ്കുവെച്ചു. എല്ലാവരേയും പരസ്പരം അടുപ്പിക്കാനും, ദൈവവുമായും മറ്റുള്ളവരുമായും, പ്രശ്നങ്ങൾ പരിഹരിക്കാനും, ഏറ്റം മനോഹരമായ ഒന്നായി മറ്റുള്ളവരോടു ക്ഷമിക്കാനുമുള്ള ഒരു അവസരമായി ജൂബിലിയെ പാപ്പാ വിശേഷിപ്പിച്ചു.
മരിയഭക്തി
തന്റെ വ്യക്തിപരമായ ഓർമ്മകളെ അനുസ്മരിച്ചുകൊണ്ട് പരിശുദ്ധ അമ്മയോടുള്ള സ്നേഹം ആദ്യമായി തന്നെ പഠിപ്പിച്ച മുത്തച്ഛിയായ റോസയെ കുറിച്ചും പാപ്പാ പങ്കുവച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മരിയൻ പ്രത്യക്ഷപ്പെടലുകളുടെ സത്യാവസ്ഥ തിരിച്ചറിയുന്നതിൽ ക്രിസ്തുവിന്റെ കേന്ദ്ര സ്ഥാനം പ്രധാനമാണെന്ന് പാപ്പാ കൂട്ടി ചേർത്തു. മറിയത്തിന്റെ ഓരോ പ്രത്യക്ഷപ്പെടലും ചൂണ്ടിക്കാണിക്കുന്നത് തന്നിലേക്കല്ല യേശുവിലേക്കാണെന്നും പാപ്പാ പറഞ്ഞു. സാമീപ്യം, അനുകമ്പ, ആർദ്രത തുടങ്ങിയ മാനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇത് ദൈവത്തിന്റെ ഒരു ശൈലിയാണെന്ന് താൻ മുമ്പ് പറഞ്ഞിട്ടുള്ളത് പാപ്പാ ആവർത്തിച്ചു.
മാതാപിതാക്കളും അധ്യാപകരും
ഒന്നുകിൽ നമ്മൾ സ്നേഹത്തിന്റെയും, ആർദ്രതയുടെയും പാത തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ നിസംഗതയുടെ വഴിയാണ് തിരഞ്ഞെടുക്കുന്നത് എന്ന കാര്യം കുട്ടികളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോടും അധ്യാപകരോടും പാപ്പാ നിർദ്ദേശിച്ചു. കുട്ടികളെ പരിമിതികളെ കാണിച്ചു കൊടുത്തും പഠിപ്പിക്കണമെന്ന് മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ച പാപ്പാ പഠിക്കാനും വളരാനും മാത്രമല്ല ജീവിതത്തിൽ ആവശ്യമായ അച്ചടക്കത്തെ കുറിച്ചും പറഞ്ഞു കൊടുക്കണമെന്ന് അധ്യാപകരെയും പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: