കത്തോലിക്കാ സഭയും, 'ക്രിസ്തുവിന്റെ ശിഷ്യന്മാർ' പ്രസ്ഥാനവും  തമ്മിലുള്ള സംഭാഷണത്തിനുള്ള അന്താരാഷ്ട്ര കമ്മീഷൻ അംഗങ്ങൾ  ഫ്രാൻസിസ് പാപ്പായോടൊപ്പം കത്തോലിക്കാ സഭയും, 'ക്രിസ്തുവിന്റെ ശിഷ്യന്മാർ' പ്രസ്ഥാനവും തമ്മിലുള്ള സംഭാഷണത്തിനുള്ള അന്താരാഷ്ട്ര കമ്മീഷൻ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായോടൊപ്പം   (Vatican Media)

ആശ്വസിപ്പിക്കുന്ന ദൈവത്തിൽ പ്രത്യാശ അർപ്പിക്കുക:ഫ്രാൻസിസ് പാപ്പാ

ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയും, 'ക്രിസ്തുവിന്റെ ശിഷ്യന്മാർ' പ്രസ്ഥാനവും തമ്മിലുള്ള സംഭാഷണത്തിനുള്ള അന്താരാഷ്ട്ര കമ്മീഷനുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും,സന്ദേശം നൽകുകയും ചെയ്തു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

കത്തോലിക്കാ സഭയും, 'ക്രിസ്തുവിന്റെ ശിഷ്യന്മാർ' പ്രസ്ഥാനവും  തമ്മിലുള്ള സംഭാഷണത്തിനുള്ള അന്താരാഷ്ട്ര കമ്മീഷനുമായി ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും,സന്ദേശം നൽകുകയും ചെയ്തു. ത്രിത്വത്തിന്റെ വിശ്വാസത്തിൽ കൂട്ടായ്മയും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്ന നിങ്ങളെ സഹോദര്യത്തോടെ അഭിവാദനം ചെയ്യുന്നു എന്ന വാക്കുകളോടെയാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

തുടർന്ന് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെയും പാപ്പാ അനുസ്മരിപ്പിച്ചു. പാരമ്പര്യത്തിൽ നിലനിൽക്കുവാനുള്ള ഓർമ്മകളെ മാത്രമല്ല, മറിച്ച് സ്നാനമേറ്റ എല്ലാവരെയും വഴി കാട്ടുകയും,ഒന്നും ദൈവത്തിന് അസാധ്യമല്ല എന്ന വലിയ സത്യം മനസിലാക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു, പാപ്പാ കൂട്ടിച്ചേർത്തു.

ആത്മാവിനാൽ പ്രചോദിതമായ തിരുവെഴുത്തുകളെ പ്രാർത്ഥനയിലൂടെയും, തുറന്ന ഹൃദയത്തോടെയും സമീപിക്കുമ്പോൾ, നമ്മോട് സംസാരിക്കാനും നമ്മിൽ പ്രവർത്തിക്കാനും നാം ആത്മാവിനെ   അനുവദിക്കുന്നു.

ഇത് നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും,അതിൽ വളരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു, പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ സഭയെ എന്നും അതിന്റെ യൗവനത്തിൽ നിലനിൽക്കുവാൻ സഹായിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഒന്ന് മാത്രമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

വിഭജനങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുവാനും,നമ്മെ ശ്വാസം മുട്ടിക്കുന്ന ലൗകീകതയുടെ ഭാരം ഇറക്കിവയ്ക്കുവാനും, ശുദ്ധമായ വിശുദ്ധിയുടെ ശ്വാസം ആസ്വദിക്കുവാൻ നമ്മെ സഹായിക്കുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്.

അതിനാൽ ഐക്യത്തിന്റെ പാതകളിലൂടെ സഞ്ചരിക്കുവാൻ നാം ഭയപ്പെടരുതെന്നും,അപ്പസ്തോലന്മാരെ  പോലെയും, ആദിമ ക്രിസ്ത്യാനികളെപോലെയും പഠിച്ചും,സംസാരിച്ചും,ചർച്ചകൾ ചെയ്തും, പ്രാർത്ഥിച്ചും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ആത്മാവിന്റെ നിർദ്ദേശാനുസരണം മുൻപോട്ടു പോകുവാനും ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജൂൺ 2023, 21:51