തിരയുക

യുവജനങ്ങളോട് സംവദിക്കാൻ പാപ്പാ പോർച്ചുഗലിലേക്ക് യുവജനങ്ങളോട് സംവദിക്കാൻ പാപ്പാ പോർച്ചുഗലിലേക്ക്  (ANSA)

പാപ്പായുടെ പോർച്ചുഗൽ സന്ദർശന പരിപാടികൾ ക്രമീകരിച്ചു

മുപ്പത്തിയേഴാമത്‌ ആഗോളയുവജന സംഗമത്തിന് വേദിയാകുന്ന പോർച്ചുഗലിൽ പാപ്പായുടെ സന്ദർശന പരിപാടികളുടെ ക്രമീകരണം പൂർത്തിയായി. 2023 ആഗസ്ത് മാസം രണ്ടു മുതൽ ആറു വരെയാണ് സന്ദർശനം. ലിസ്ബൺ, കസ്കയിസ്,ഫാത്തിമ എന്നീ സ്ഥലങ്ങളിൽ പാപ്പാ സന്ദർശനം നടത്തുകയും വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗസ്ത് രണ്ടിന്  രാവിലെ 7.50 നു റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കുന്ന പാപ്പായ്ക്ക് ലിസ്ബണിലെ ഫിഗോ മധുരോ വിമാനത്താവളത്തിൽ പത്തു മണിക്ക്  വരവേൽപ്പ് നൽകും. തുടർന്ന് പോർച്ചുഗൽ സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം ബെലേം ദേശിയ കൊട്ടാരത്തിൽ വച്ച് നൽകുകയും പോർച്ചുഗൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തുടർന്ന് നയതന്ത്ര പ്രതിനിധികളുമായും,പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്ന പാപ്പാ വൈകുന്നേരം അഞ്ചു മുപ്പതിന് സഭാശുശ്രൂഷകരുമായി ചേർന്ന് സായാഹ്‌ന പ്രാർത്ഥനയിൽ പങ്കുകൊള്ളും.

മൂന്നാം തീയതി സർവകലാശാല വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുകയും, വൈകിട്ട് എഡ്‌വേർഡ് ഏഴാമൻ പാർക്കിൽ വച്ച് ഔദ്യോഗികമായി വരവേൽക്കുകയും ചെയ്യും. നാലാം തീയതി ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പാപ്പാ ഏതാനും യുവജനങ്ങളെ കുമ്പസാരിപ്പിക്കുകയും ചെയ്യും.

അഞ്ചാം തീയതി ഫാത്തിമാ സന്ദർശനം നടത്തുന്ന പാപ്പാ അവിടെ രോഗികളായ യുവജനങ്ങളോട് ചേർന്ന് ജപമാല അർപ്പിക്കുകയും, അവരോട് സംസാരിക്കുകയും ചെയ്യും. തുടർന്ന് വീണ്ടും ലിസ്ബണിൽ എത്തിച്ചേരുന്ന പാപ്പാ ആഗസ്ത് ആറാം തീയതി യുവജന സംഗമത്തിന്റെ സമാപന പരിപാടികളിൽ സംബന്ധിക്കുകയും, വൈകുന്നേരം ആറു പതിനഞ്ചിന് റോമിലേക്ക് മടങ്ങുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2023, 17:01