തിരയുക

ഫ്രാൻസിസ് പാപ്പാ ത്രികാലജപപ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് പാപ്പാ ത്രികാലജപപ്രാർത്ഥനയ്ക്കിടെ  (Vatican Media)

ത്രിത്വയ്ക ദൈവത്തിന്റെ കൂട്ടായ്മ കുടുംബത്തിന്റെ അനുഭവം നൽകുന്നു: ഫ്രാൻസിസ് പാപ്പാ

പാപ്പാ ജൂൺ മാസം നാലാം തീയതി ഞായറാഴ്ച നയിച്ച മധ്യാഹ്നപ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം.
ജൂൺ മാസം നാലാം തീയതി ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിന്റെ ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

പന്തക്കുസ്താതിരുനാളിനു ശേഷമുള്ള ഞായറാഴ്‌ച്ച തിരുസഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനവും വിശുദ്ധമായ രഹസ്യവുമാണ് ഒരു ദൈവം മൂന്നു വ്യക്തികളിൽ തുല്യരും,വ്യത്യസ്തരുമായുള്ള നിലനിൽപ്പ്. സഭയുടെ തുടക്ക കാലഘട്ടം മുതലുള്ള ഈ വിശ്വാസ പ്രഖ്യാപനം, ഒരു തിരുനാളായി ആഘോഷിച്ചു തുടങ്ങിയത് 1334 മുതലാണ്. പിതാവ്, പുത്രനിലൂടെ, പരിശുദ്ധാത്മാവിൽ നിർവ്വഹിച്ച രക്ഷയുടെ രഹസ്യത്തിന്റെ പൂർത്തീകരണത്തിലേക്കുള്ള കൃതജ്ഞതയോടെയുള്ള ഒരു നോട്ടം കൂടിയാണ് ത്രിത്വത്തിന്റെ തിരുനാൾ.പരമപരിശുദ്ധ ത്രിത്വത്തിന്റെ മഹത്വം ആഘോഷിക്കുക എന്നതിനർത്ഥം മനുഷ്യരോടുള്ള അവന്റെ കരുതലിനെയും അവന്റെ വിശ്വസ്തതയെയും അംഗീകരിക്കുക എന്നതാണ്.ഈ വലിയ തിരുനാൾ ജൂൺ മാസം നാലാം തീയതി ഞായറാഴ്ച്ച ആഗോള കത്തോലിക്കാ സഭ സമുചിതമായി ആഘോഷിച്ചു.

തിരുനാൾ ദിവസം ഫ്രാൻസിസ് പാപ്പാ പതിവുപോലെ ത്രികാലജപം വിശ്വാസികളോടൊപ്പം, പ്രാർത്ഥിക്കുന്നതിന് അപ്പസ്തോലികകൊട്ടാരത്തിന്റെ വലത്തുനിന്നും രണ്ടാമത്തെ ജനലിനരികിൽ കൃത്യം പന്ത്രണ്ടു മണിക്ക് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ കൈകൾ വീശി കടന്നു വന്നു. മഴമേഘങ്ങൾ പകലിന്റെ പൂർവ്വാർദ്ധത്തിൽ നിഴലുവിരിച്ചിരുന്നുവെങ്കിലും, മധ്യഘട്ടത്തിൽ ത്രിത്വ ദൈവത്തിന്റെ പ്രഭാവമെന്നോണം സൂര്യന്റെ രശ്മികൾ വത്തിക്കാന്റെ പത്രോസിന്റെ ചത്വരം മുഴുവൻ പ്രകാശം പരത്തിയിരുന്നു.

പതിനായിരക്കണക്കിന്

 വിശ്വാസികളുടെയും,തീർത്ഥാടകരുടെയും,സന്ദർശകരുടെയും, കരഘോഷം

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തെ, ക്രിസ്തുവിന്റെ വികാരിയും, വിശുദ്ധ പത്രോസിന്റെ പിൻഗാമിയുമായ പാപ്പായെ വരവേൽക്കുന്നതിൽ, ആഹ്ളാദവും, ചാരിതാർഥ്യവും നിറഞ്ഞ ആനന്ദമായി പ്രകമ്പനം കൊള്ളിച്ചു. പാപ്പായുടെ വരവിനു മണിക്കൂറുകൾക്കു മുൻപേ ചത്വരത്തിൽ സ്ഥാനം പിടിച്ച വിശ്വാസികളുടെ ദൃഷ്ടികൾ ഇമവെട്ടാതെ അപ്പസ്തോലിക കൊട്ടാരത്തിലേക്ക് പതിയത്തക്കവണ്ണം ഊട്ടിയുറപ്പിച്ചതും ഇന്നും, ജീവിക്കുന്ന ക്രിസ്തുവിന്റെ സഭയോടുള്ള സ്നേഹം വെളിവാക്കുന്നതായിരുന്നു.

പ്രിയ സഹോദരീ സഹോദരൻമാരെ സുപ്രഭാതം,

ഫ്രാൻസിസ് പാപ്പായുടെ ഈ അഭിസംബോധന വാക്കുകൾക്ക് നിറഞ്ഞ കൈയടികളോടെയാണ് കൂടിയിരുന്നവർ പ്രതിനന്ദി കാണിച്ചത്. തങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന പ്ലക്കാർഡുകളും കൊടികളും ഉയർത്തിക്കാട്ടി തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നതും, വത്തിക്കാൻ ചത്വരത്തിൽ ദൃശ്യമായിരുന്നു.

തുടർന്ന് പാപ്പാ ഇന്നത്തെ ത്രിത്വത്തിന്റെ തിരുനാൾ ക്രൈസ്തവ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും, ആ തിരുനാൾ എപ്രകാരം വ്യക്തിപരമായി ജീവിക്കണമെന്നും ലത്തീൻ  ആരാധനാക്രമം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തെ അടിസ്ഥാനമാക്കി വിവരിച്ചു. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറ് മുതൽ പതിനെട്ടു വരെയുള്ള തിരുവചനങ്ങളാണ്  സുവിശേഷ ഭാഗം. യഹൂദപ്രമാണിയായിരുന്ന നിക്കോദേമൂസ് രാത്രിയിൽ യേശുവിനെ കാണാൻ കടന്നു വരുന്ന ഭാഗവും, യേശുവുമായി നടത്തുന്ന സംഭാഷണവുമാണ് സുവിശേഷത്തിന്റെ ഇതിവൃത്തം.

ദൈവത്തെക്കുറിച്ചും, ദൈവരാജ്യത്തേക്കുറിച്ചും അറിയുവാനുള്ള നിക്കോദേമോസിന്റെ ആഗ്രഹത്തെ യേശു എപ്രകാരമാണ് സ്വീകരിക്കുന്നതെന്നും, തുടർന്ന് യേശു നിക്കോദേമോസിന്റെ ജീവിതത്തിലേക്ക് ദൈവീക രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പ്രവേശിക്കുന്നതും പാപ്പാ എടുത്തു കാണിക്കുന്നു. ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ വീണ്ടും ജനിക്കണമെന്ന യേശുവിന്റെ വാക്കുകൾ നിക്കോദേമോസിന് അഗ്രാഹ്യമായി തീർന്നപ്പോൾ യേശു ദൈവിക ഭാവത്തിന്റെ മഹനീയത അവനു മുൻപിൽ തുറന്നു കാണിക്കുന്നു. തന്റെ ഏകജാതനെ ഈ ലോകത്തിന് നൽകാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രയധികം സ്നേഹിച്ചു. ദൈവ സ്നേഹത്തിന്റെ ഈ മനോഹാരിത അനുകമ്പാർദ്രവും, കരുണാപൂരിതവുമായ അനുഭവമായി നമുക്ക് മാറുന്നത് ത്രിത്വൈക ദൈവത്തിന്റെ കൂട്ടായ്മയിലാണ്.

പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന കൂട്ടായ്മ ഒരു കുടുംബത്തിന്റെ അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. 'ദൈവം' എന്ന വാക്ക് ചിലപ്പോഴെങ്കിലും നമുക്ക് അപ്രാപ്യവും ദൂരസ്ഥവുമായ ചിന്ത നൽകാറുണ്ട് എന്നാൽ ത്രിത്വയ്ക ദൈവീക കൂട്ടായ്മ ഒരു കുടുംബമാണെന്നുള്ളത്, നമുക്ക് കൂടുതൽ സമീപസ്ഥമായ അനുഭവം നൽകുന്നു. പിതാവിന്റെ ഈ സ്നേഹത്തെക്കുറിച്ച് നിക്കോദേമോസിന് വിവരിച്ചു നൽകുന്നത് പുത്രനായ യേശുവാണെന്ന വ്യതിരിക്തതയും ഈ വചനങ്ങളിൽ നമുക്ക് കാണാം. പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന കൂട്ടായ്മ ഒരു കുടുംബത്തിന്റെ അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. ദൈവം എന്ന വാക്ക് ചിലപ്പോഴെങ്കിലും നമുക്ക് അപ്രാപ്യവും ദൂരസ്ഥവുമായ ചിന്ത നൽകാറുണ്ട് എന്നാൽ ത്രിത്വയ്ക ദൈവീക കൂട്ടായ്മ ഒരു കുടുംബമാണെന്നുള്ളത്, നമുക്ക് കൂടുതൽ സമീപസ്ഥമായ അനുഭവം നൽകുന്നു. ഒരു മേശക്കു ചുറ്റും ഒരുമിച്ചു കൂടി പങ്കുവയ്ക്കുന്ന അനുഭവം ഒരു കുടുംബത്തിലാണ് നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്. അതുപോലെ ഒരേ മേശക്കു ചുറ്റും പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചിരിക്കുന്ന അനുഭവമാണ് നമ്മുടെ ദൈവം നമുക്ക് പ്രദാനം ചെയ്യുന്നതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഈ ത്രിത്വയ്ക ദൈവകൂട്ടായ്മ പങ്കുവയ്ക്കുന്ന മേശയാണ് പരിശുദ്ധമായ അൾത്താര. ഇത് വെറുമൊരു ഭാവനയിൽ വിരിയുന്ന ആശയമല്ല  മറിച്ച് ഒരു യാഥാർഥ്യമാണ്. ഈ കൂട്ടായ്മയുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ അനുഭവിക്കുവാനും, അത് സ്വന്തമാക്കുവാനും നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്നും പാപ്പാ എടുത്തു പറഞ്ഞു. വിശ്വാസത്തിന്റെയും, ക്രൈസ്തവീകതയുടെയും നവമായ ജീവിതത്തിലേക്ക് നമ്മെ കൈപിടിച്ച് നടത്തുന്നതും ഇതേ ആത്മാവാണ്. നിക്കോദേമോസിന് യേശു സഹായമായതുപോലെ നമ്മുടെ സഹായകനാണ് പരിശുദ്ധാത്മാവ്. ദൈവീക ജീവനിൽ അവൻ നമ്മെ പങ്കുകാരാക്കുന്നു.

ദൈവീക കൂട്ടായ്മയിൽ പങ്കുവയ്ക്കപ്പെടുന്ന സ്നേഹത്തിന്റെ അനുഭവം നമുക്ക് സംവേദ്യമാകുന്ന വേദിയാണ് പരിശുദ്ധ കുർബാന. നമുക്ക് വേണ്ടി തന്റെ പിതാവിന് ജീവിതം മുഴുവൻ സമർപ്പിക്കുന്ന പുത്രനായ യേശുവിന്റെ സ്നേഹ സംഗമ വേദിയാണ് വിശുദ്ധ ബലി.നമ്മുടെ ദൈവം സ്നേഹത്തിന്റെ കൂട്ടായ്മ നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് പാപ്പാ ഒരിക്കൽക്കൂടി പറഞ്ഞുകൊണ്ട് വിശുദ്ധ കുരിശിന്റെ അടയാളം വരയ്ക്കുന്നതിലൂടെ എപ്രകാരമാണ് നമ്മുടെ ജീവിതത്തിൽ ഈ ദൈവീക സാന്നിധ്യം സാധ്യമാകുന്നതെന്നും എടുത്തു കാട്ടി. കൂടിയിരുന്നവരോട് നിശബ്ദമായി വിശുദ്ധ കുരിശിന്റെ അടയാളം വരയ്ക്കുവാനും പാപ്പാ അഭ്യർത്ഥിച്ചു. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും വിശുദ്ധ കുരിശിന്റെ അടയാളം വരയ്ക്കുമ്പോൾ ഒരിക്കലും നമ്മെ ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുവാൻ നമുക്ക് സാധിക്കും, പാപ്പാ ചൂണ്ടിക്കാട്ടി.

തുടർന്ന് പാപ്പാ ചില സമസ്യകളും വിചിന്തനത്തിനായി കൂടിയിരുന്നവർക്ക് നൽകി. ദൈവസ്നേഹത്തിന് നാം സാക്ഷ്യം വഹിക്കുന്നുണ്ടോ? അതോ ജീവിതത്തെ സ്വാധീനിക്കാത്ത വെറും ആശയമായി മാത്രം  തീർന്നിട്ടുണ്ടോ?. സമൂഹങ്ങളിൽ  നമ്മൾ കുടുംബകൂട്ടായ്മയുടെ  വായു ശ്വസിക്കുന്നുണ്ടോ അതോ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം പ്രവേശിക്കുന്ന സ്വകാര്യസ്ഥലമായ വെറുമൊരു ഓഫീസ്   പോലെയാണോ? ദൈവ സ്നേഹത്തിന് സാക്ഷ്യം വഹിക്കുവാനും, ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട് അവരെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുവാനും, ക്ഷമിച്ചുകൊണ്ട് സുവിഷത്തിന്റെ ആനന്ദം അനുഭവിക്കുവാനും നമുക്ക് സാധിക്കട്ടെയെന്നും ഓർമിപ്പിച്ച പാപ്പാ ഈ വലിയ സ്നേഹകൂട്ടായ്മയിലേക്ക് നമ്മെ നയിക്കുവാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, മരിച്ച വിശ്വാസികളെ സ്മരിച്ച് പ്രാർത്ഥിച്ച ശേഷം വിശ്വാസികൾക്ക് ആശീർവാദം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2023, 14:12