ഫ്രാൻസിസ് പാപ്പാ വീണ്ടും ആശുപത്രിയിൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂൺ 7 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം, ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ ഓപ്പറേഷനായി പ്രവേശിപ്പിച്ചു. ഇന്നേ ദിവസ്സം ഉച്ച കഴിഞ്ഞ് നടക്കുന്ന ഓപ്പറേഷനെത്തുടർന്ന് പാപ്പാ ആശുപത്രിയിൽ തുടർന്നേക്കും.
ജനറൽ അനസ്തേഷ്യ നൽകിയതിന് ശേഷം അടിവയറിന്റെ ഭാഗത്ത് ഒരു ശസ്ത്രക്രിയയ്ക്ക് പാപ്പായെ വിധേയനാക്കുമെന്ന് ബുധനാഴ്ച വത്തിക്കാൻ പത്രം ഓഫീസ് ഒരു പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
ഹെർണിയയുമായി ബന്ധപ്പെട്ട് വേദനയനുഭവിക്കുന്ന പാപ്പായെ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഡോക്ടർമാരുടെ വിദഗ്ധസംഘം നടത്തിയ പരിശോധനയെത്തുടർന്നാണ് ഇത്തരമൊരു ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത്. ഓപ്പറേഷന് ശേഷം പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കുന്നതിനായി പാപ്പാ കുറച്ചു ദിവസങ്ങൾ ആശുപത്രിയിൽ തുടരുമെന്നും പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
ഇത് മൂന്നാം തവണയാണ് പാപ്പാ ജെമെല്ലി ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. കഴിഞ്ഞ മാർച്ചിൽ ശ്വാസകോശസംബന്ധിയായ പ്രശ്നങ്ങൾ കാരണം പാപ്പാ ഇതേ ആശുപത്രിയിൽ നാലു ദിനങ്ങൾ കഴിഞ്ഞിരുന്നു. 2021 ജൂലൈ മാസത്തിലും ഉദരസംബന്ധിയായ ഒരു ഓപ്പറേഷനുവേണ്ടി പാപ്പാ ജെമെല്ലി ആശുപത്രിയിൽ എത്തിയിരുന്നു.
ജൂൺ 7 ബുധനാഴ്ച പതിവുപോലെ വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച് അനുവദിച്ചതിന് ശേഷമാണ് പാപ്പാ ആശപത്രിയിലേക്ക് പോയത്. മിഷനുകളുടെ സംരക്ഷകയായ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതമാതൃകയെ മുന്നിൽ നിറുത്തി, പ്രാർത്ഥനയുടെയും സാക്ഷ്യത്തിലൂടെയും വിശ്വാസപ്രഘോഷണത്തെ സഹായിക്കുന്നതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞിരുന്നു.
പാപ്പായുടെ കൂടിക്കാഴ്ചകൾ തൽക്കാലത്തേക്ക് മരവിപ്പിച്ചു
നിലവിലെ സ്ഥിതിയിൽ മുൻകരുതലെന്ന നിലയിൽ ജൂൺ 18 വരെയുള്ള പാപ്പായുടെ കൂടിക്കാഴ്ചകൾ താൽക്കാലികമായി നിറുത്തിവച്ചതായി വത്തിക്കാൻ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: