പാപ്പാ : ക്രൈസ്തവർ എന്ന നിലയിൽ സമാധാനത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും ക്രൈസ്തവർ എന്ന നിലയിൽ സമാധാനത്തിനായി ഒരുമിച്ചു പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും പാപ്പാ അവരോടു സംസാരിച്ചു. അപ്പോസ്തലമാരായ വി.പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ അവരെ റോമിലേക്കയച്ച പാത്രിയാർക്ക് ബർത്തലോമിയയ്ക്കും പരിശുദ്ധ സിനഡിനും നന്ദി പറയുകയും തന്റെ ആശംസകൾ സഹോദരനായ പാത്രിയാർക്ക് ബർത്തലോമിയോയ്ക്കും എക്യുമെനിക്കൽ പാത്രിയാർക്കേറ്റിലെ മെത്രാന്മാർക്കും നേരുകയും ചെയ്തു.
ഈജിപ്തിലെ അലക്സാൻഡ്രിയയിൽ, ഗ്രീക്ക് ഓർത്തഡോക്സ് പാപ്പായും അലക്സാൻഡ്രിയായുടേയും മുഴുവൻ ആഫ്രിക്കയുടേയും പാത്രിയാർക്കുമായ തിയോഡൊറസ് രണ്ടാമന്റെ ക്ഷണപ്രകാരം ഈ അടുത്തയിടെ നടന്ന കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്തർദേശീയ കമ്മീഷന്റെ നല്ല ഫലങ്ങളിൽ പാപ്പാ തന്റെ സന്തോഷം പങ്കുവച്ചു.
പ്രാഥമികതയും (Primacy) സിനഡാലിറ്റിയും
സമ്മേളനത്തിൽ പൗരസ്ത്യ സഭകളിലും പാശ്ചാത്യ സഭയിലും രണ്ടാം സഹസ്രാബ്ദത്തിൽ സിനഡാലിറ്റിയും പ്രാഥമികതയും തമ്മിലുള്ള ബന്ധം വളർന്നതിനെ പറ്റി ഒരുമിച്ചുള്ള ഒരു പരിഗണന നടത്തിയതിന്റെ പ്രാധാന്യം പാപ്പാ എടുത്തു പറഞ്ഞു. ഇത് തർക്ക വിഷയങ്ങളിൽ നിന്ന് പുറത്തു വരാനും സാർവ്വത്രികമായ തലത്തിൽ സഭകളുടെ ഐക്യത്തിനായുള്ള പ്രവർത്തനത്തിൽ
പ്രാഥമികതയുടെ നിർവ്വഹണം സിനഡാലിറ്റിയുടെ സാഹചര്യത്തിൽ കാണാനും നമ്മെ ക്ഷണിക്കുന്നു. ഇക്കാര്യത്തിൽ സ്വന്തം രൂപതയുടേയും കത്തോലിക്കാ സമൂഹത്തിന്റെ കാര്യത്തിലും റോമിന്റെ മെത്രാനുള്ള പ്രത്യേക അവകാശങ്ങൾ ഓർത്തഡോക്സ് സഭാ സമൂഹങ്ങളുടെ മേലും നൽകണമെന്ന് ചിന്തിക്കാനാവില്ല എന്ന് പാപ്പാ വ്യക്തമാക്കി. റോമിലെ മെത്രാൻ സാർവ്വലൗകിക തലത്തിൽ സഭാ ഐക്യത്തിനായുള്ള തന്റെ സേവനം നിർവ്വഹിക്കേണ്ട രീതി പ്രാഥമികതയും സിനഡാലിറ്റിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ഫലമായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സമ്പൂർണ്ണ ഐക്യം പരിശുദ്ധാത്മാവിൽ
സമ്പൂർണ്ണ ഐക്യം പരിശുദ്ധാത്മാവിന്റെ ദാനമാണ്, അത് ആത്മാവിലാണ് അന്വേഷിക്കേണ്ടതെന്ന് സൂചിപ്പിച്ച പാപ്പാ വിശ്വാസികൾ തമ്മിലുള്ള ഐക്യം ഇളവുകളുടേയോ ഒത്തുതീർപ്പുകളുടേയോ കാര്യമല്ല മറിച്ച് സാഹോദര്യത്തിന്റെതാണ് എന്ന് അടിവരയിട്ടു. ഒരേ പിതാവിന്റെ മക്കളായ, കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവർക്ക് അവരുടെ വൈവിധ്യങ്ങളെ വിശാലമായ ഒരന്തരീക്ഷത്തിൽ സജ്ജീകരിക്കാൻ കഴിയും. വൈവിധ്യങ്ങളെ ഏകീകൃതമാക്കാതെ സമന്വയിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ വീക്ഷണമതാണ് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
സമാധാനം സ്വീകരിക്കാൻ മനുഷ്യൻ തയ്യാറാവണം
സാഹോദര്യ പൂർണ്ണമായ ഈ കൂടിക്കാഴ്ച നമ്മുടെ സമാധാനത്തെക്കുറിച്ചുള്ള ആകുലതകൾ പങ്കു വയ്ക്കാൻ കൂടിയുള്ളതാണ് എന്നു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ യുക്രെയ്ൻ യുദ്ധത്തെ കുറിച്ചും അതു വിതയ്ക്കുന്ന നാശത്തെക്കുറിച്ചും സംസാരിച്ചു. ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് പാപ്പാ ഓർമ്മിച്ചു. സമാധാനം നമുക്ക് സ്വയം നേടിയെടുക്കാവുന്നതല്ല ഏറ്റവും ഒന്നാമതായി കർത്താവിന്റെ ദാനമാണതെന്നും എന്നാൽ അതിന് മനുഷ്യൻ അത് സ്വീകരിക്കാൻ തയ്യാറാകേണ്ടത് ആവശ്യമാണെന്നും പാപ്പാ വിശദീകരിച്ചു.
സമാധാനം യുദ്ധത്തിന്റെ അഭാവമല്ല മറിച്ച് മനുഷ്യ ഹൃദയത്തിൽ നിന്ന് ഉയരുന്നതാണ് എന്നാണ് സുവിശേഷം കാണിച്ചുതരുന്നത്. സമാധാനത്തിന് വിഘ്നം നിൽക്കുന്നത് മനുഷ്യന്റെ ഉള്ളിലെ ആർത്തിയും, വ്യക്തിപരവും, സാമൂഹികവും, ദേശീയവും, മതപരവുമായ സ്വാർത്ഥതയാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ഇതു കൊണ് ഹൃദയത്തിന്റെ മാറ്റമാണ് അതിനുള്ള മരുന്ന് എന്ന് യേശു പറഞ്ഞത്. സ്വന്തം ഗ്രൂപ്പിൽ ഒതുക്കാത്ത കൃപയും സാർവ്വത്രികവുമായ സ്നേഹവും. ഇത്തരം ഒരു പുതിയ തരം സ്നേഹം പ്രഘോഷിച്ചില്ലെങ്കിൽ എങ്ങനെയാണ് ലോകത്തിനു മുമ്പിൽ നമുക്ക് യേശുവിന്റെ സാക്ഷികളാകാൻ കഴിയുക എന്ന് പാപ്പാ അത്ഭുതപ്പെട്ടു. ദൈവത്തിന്റെ ശൈലി കർത്താവ് പഠിപ്പിച്ചതു പോലെ സേവനത്തിന്റെയും സ്വയം പരിത്യാഗത്തിന്റെതുമാണ് എന്ന് പാപ്പാ അടിവരയിട്ടു. ഇത്തരം ഒരു ശൈലിയുടെ മാംസം ധരിക്കലിലൂടെ ക്രൈസ്തവർ പരസ്പര ഐക്യത്തിൽ വളരുകയും വിഘടനത്താലും വിയോജിപ്പിനാലും അടയാളപ്പെടുത്തിയ നമ്മുടെ ലോകത്തെ സഹായിക്കാനും കഴിയും ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: