പാപ്പായുടെ സ്നേഹവുമായി കർദിനാൾ ക്രജേവ്സ്കി ഉക്രൈനിൽ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഉക്രൈൻ -റഷ്യ യുദ്ധത്തിന്റെ പരിണിതഫലമായി തകർന്ന അണക്കെട്ടു ദുരിതത്തിൽ വിഷമമനുഭവിക്കുന്നവർക്കു പാപ്പാ അയച്ച സാധനങ്ങളും, ഭക്ഷണങ്ങളും, മരുന്നുകളുമായി പാപ്പായുടെ ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദിനാൾ ക്രാജേവ്സ്കി ഉക്രൈനിൽ എത്തി. ഒഡേസയിലും, മൈക്കോളൈവിലും, ഖേഴ്‌സണിലും കർദിനാൾ സന്ദർശനം നടത്തുകയും, ഫ്രാൻസിസ് പാപ്പായുടെ സ്‌നേഹാലിംഗനം ജനതയെ അറിയിക്കുകയും ചെയ്യും.
'പരിശുദ്ധ പിതാവ് ഉക്രൈനുവേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ല' എന്നാണ് കർദിനാൾ ക്രാജേവ്സ്കി പങ്കുവച്ചത്. ഇത് ആറാം തവണയാണ് പാപ്പാ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി ഉക്രനിലേക്ക് തന്റെ സഹായവുമായി പറഞ്ഞയക്കുന്നത്. 'സുവിശേഷ പര്യവേഷണം' എന്നാണ് കർദിനാൾ തന്റെ യാത്രകളെ വിശേഷിപ്പിച്ചത്.
തെക്കൻ ഉക്രേനിയൻ നഗരത്തിൽ കഖോവ്ക ജലവൈദ്യുത അണക്കെട്ടാണ് യുദ്ധത്തിൽ നശിച്ചത്. തത്ഫലമായി എൺപതിലധികം ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ 20,000 ഹെക്ടർ കൃഷിഭൂമി നശിപ്പിക്കപ്പെടുകയും 150 ടണ്ണിലധികം പെട്രോൾ ഒഴുകിപ്പോവുകയും ചെയ്തു. അതിദയനീയമായ ഈ സാഹചര്യത്തിലാണ് മരുന്നുകളും മറ്റു ഭക്ഷണവസ്തുക്കളുമായി കർദിനാൾ യാത്ര പുറപ്പെടുന്നത്. ജൂൺ 22 ന് റോമിൽ നിന്നും പുറപ്പെട്ട കർദിനാൾ 3125 കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഉക്രൈനിൽ എത്തിച്ചേർന്നത്.
ചെറുത്തുനിൽപ്പിന്റെ പ്രതീകമായ മൈക്കോളൈവ് ഇടവകയും കർദിനാൾ സന്ദർശിച്ചു. റഷ്യൻ ബോംബാക്രമണങ്ങൾക്കിടയിലും തുറന്നതും സജീവവുമായ ഇടവകയിലെ വികാരിയോടൊപ്പം ഏതാനും മണിക്കൂറുകളും കർദിനാൾ ചിലവഴിച്ചു. പാപ്പാ കൊടുത്തു വിട്ട ജപമാലകൾ കൈകളിലേന്തി നടത്തിയ വിശ്വാസികളുടെ പ്രാർത്ഥന ഒന്ന് മാത്രമാണ് ഈ ചെറുത്തുനിൽപ്പുകൾക്കു പിന്നിലെ രഹസ്യമെന്ന് വികാരി പങ്കുവച്ചു.
പരിശുദ്ധ പിതാവിന്റെ നാമത്തിൽ ഈ ആളുകളോടൊപ്പം ആയിരിക്കാൻ ലഭിച്ച അവസരം അമൂല്യമാണെന്നും, എല്ലാവരുടെയും പ്രാർത്ഥനകളും, സഹായങ്ങളും തുടർന്നും ഉണ്ടാകണമെന്നും കർദിനാൾ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: