തിരയുക

ക്യൂബയുടെ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ ബെർമൂഡെസും  ഫ്രാൻസിസ് പാപ്പായും വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തിയപ്പോൾ ക്യൂബയുടെ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ ബെർമൂഡെസും ഫ്രാൻസിസ് പാപ്പായും വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തിയപ്പോൾ   (ANSA)

ക്യൂബയുടെ പ്രസിഡൻറുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

ജൂൺ മാസം ഇരുപതാം തീയതി റിപ്പബ്ലിക്ക് ഓഫ് ക്യൂബയുടെ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ ബെർമൂഡെസ് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ക്യൂബൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ ബെർമൂഡെസ്  ജൂൺ മാസം ഇരുപതാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലെ സ്വീകരണമുറിയിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കുകയും, ഏകദേശം നാൽപ്പത് മിനിറ്റുകൾ നീണ്ടു നിന്ന അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ  സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനെയും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധത്തിനുള്ള വിഭാഗത്തിന്റെ ബഹുമുഖ മേഖലയുടെ അണ്ടർ സെക്രട്ടറി മോൺ.ഡാനിയൽ പാക്കോയെയും  സന്ദർശിച്ചു സംഭാഷണങ്ങൾ നടത്തി.

സ്റ്റേറ്റ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ വത്തിക്കാൻ പരിശുദ്ധ സിംഹാസനവും ക്യൂബൻ രാഷ്ട്രവുമായി നിലനിൽക്കുന്ന നയതന്ത്ര ബന്ധങ്ങളെ  പറ്റി പരാമർശിക്കുകയും.ഇരുപത്തിയഞ്ചു വർഷങ്ങൾക്കു  മുൻപ് 1998 ൽ വിശുദ്ധ ജോൺ പോൾ  രണ്ടാമൻ പാപ്പായുടെ ക്യൂബൻ സന്ദർശനത്തിന്റെ മാഹാത്മ്യം എടുത്തു പറയുകയും ചെയ്തു.

തുടർന്ന് ക്യൂബൻ രാഷ്ട്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥകളും, അടിയന്തര ഘട്ടങ്ങളിൽ പ്രത്യേകിച്ചും ഉപവിപ്രവർത്തനങ്ങളിൽ സഭ നടത്തിയ ഇടപെടലുകളും എടുത്തു പറയപ്പെട്ടു. പൊതുനന്മയെ എപ്പോഴും അനുകൂലിക്കാനുള്ള പ്രതിബദ്ധത തുടരേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പരസ്പര താത്പര്യമുള്ള നിരവധി വിഷയങ്ങൾ തുടർന്ന് ചർച്ചചെയ്യപ്പെട്ടു.

കൂടിക്കാഴ്ചയുടെ അവസാനം ഫ്രാൻസിസ് പാപ്പാ തന്റെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമായി "സമാധാനത്തിന്റെ സന്ദേശവാഹകരാകുക" എന്ന ലിഖിതത്തോടുകൂടിയ ഒലിവ് ശാഖ ചുമക്കുന്ന പ്രാവിനെ ചിത്രീകരിക്കുന്ന വെങ്കല സൃഷ്ടി,സമാധാനത്തിനുള്ള ഈ വർഷത്തെ സന്ദേശം,മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണം തുടങ്ങിയവ സമ്മാനങ്ങളായി ക്യൂബൻ പ്രസിഡന്റിന് നൽകിയപ്പോൾ, പ്രതിനന്ദിയായി "വായനക്കാരൻ" എന്ന തലക്കെട്ടിൽ വെള്ളി, വെങ്കലം, മരം എന്നിവയിൽ ഒരു ശിൽപവും, ക്യൂബൻ കവികളുടെ രണ്ട് വാല്യങ്ങളും പാപ്പായ്ക്കും സമ്മാനിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജൂൺ 2023, 14:25