തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (VATICAN MEDIA Divisione Foto)

“ക്രിസ്തു ജീവിക്കുന്നു” : നല്ല ഫലം പുറപ്പെടുവിക്കുന്ന എന്തും ഉപയോഗിക്കുക!

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 205 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ'' മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
205.
അതെ സമയം സ്വന്തം മൂല്യം വ്യക്തമാക്കിയിട്ടുള്ള അഭ്യാസനങ്ങളെ - യുവജനത്തെ ക്രിസ്തുവിലേക്കും സഭയിലേക്കും കൊണ്ടുവരുന്നത്തിൽ യഥാർത്ഥത്തിൽ കാര്യക്ഷമമാണെന്ന് തെളിയിച്ചുട്ടുള്ള രീതികൾ, ഭാഷ, ലക്ഷ്യങ്ങൾ എന്നിവയെ കൂടുതലായി പരിഗണിക്കണം. അവ എവിടെ നിന്ന് വരുന്നുവെന്നതോ ഏതു ലേബലുകൾ സ്വീകരിച്ചിട്ടുണ്ടെന്നതോ " യാഥാസ്ഥിതികരോ" "സ്വതന്ത്രചിന്തകരോ" "പാരമ്പര്യവാദികളോ" "പുരോഗമനവാദികളോ"ആണെന്നതോ പ്രശ്നമല്ല. സുപ്രധാനമായിട്ടുള്ളത് ഇതാണ്: നല്ല ഫലം പുറപ്പെടുവിക്കുന്ന എന്തും ഉപയോഗിക്കുക. സുവിശേഷ സന്തോഷം കാര്യക്ഷമമായി പകർന്നു നൽകുന്നതെന്തും പ്രയോഗിക്കുക. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

സഭാ നവീകരണത്തിലെ ധൈര്യശാലികൾ

പ്രതിസന്ധികൾ ജീവിതത്തിന്റെ  തന്നെ ഒരു ഭാഗമാണ്. കത്തോലിക്കാ സഭയും അതിന്റെ  ജീവിതവും ഇക്കാര്യത്തിൽ ഒരപവാദമല്ല. സഭയുടെ ഉള്ളിലേക്ക് "ലോകം" അമിതമായ കടന്നുകയറ്റം നടത്തിയ പ്രതിസന്ധിയിൽ "ലോക"ത്തെ വിട്ട് ഈശ്വരനുമായി കൂടുതൽ ചേർന്നിരിക്കാൻ മരുഭൂമികളിൽ ചെന്ന് പാർത്ത ചില ധൈര്യശാലികളിൽ നിന്നാണ് സഭയെ തന്നെ നവീകരിച്ച സന്യാസം ഉടലെടുത്തതെന്ന് ചരിത്രം വിളിച്ചു പറയുന്നു. കത്തോലിക്കാ സഭയുടെ ജീവിതത്തിൽ ഓരോ കാലഘട്ടത്തിലും ഉണ്ടായ പ്രതിസന്ധിയിലെല്ലാം പരിശുദ്ധാത്മാവിന്റെ  പ്രചോദനത്താൽ ഓരോ വ്യക്തികളെ കാലഘട്ടത്തിനാവശ്യമായ സിദ്ധികളുമായി തമ്പുരാൻ മുന്നിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.  യുവാക്കളുടെ സാന്നിധ്യം സഭയുടെ മുൻനിരയിൽ ആവശ്യമാണെന്നത് ഒരു പുതിയ വെളിപാടല്ല. വത്തിക്കാൻ കൗൺസിലിന് മുമ്പും യുവാക്കളെ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് സഭയിൽ നീക്കങ്ങൾ നടന്നിട്ടുണ്ട്. യുവാക്കളുടെ ക്രൈസ്തവ വിദ്യാഭ്യാസത്തെക്കുറിച്ച്  Divini Illius Magistri എന്ന ചാക്രിക ലേഖനം വഴി 1929ൽ തന്നെ പതിനൊന്നാം പിയൂസ് പാപ്പാ സഭയെ ഓർമ്മിപ്പിച്ചിരുന്നു. ഒരു മനുഷ്യൻ ആരായി തീരണമെന്നും എന്തിവിടെ ചെയ്യണമെന്നും മനസ്സിലാക്കാനുള്ള വഴിയാണ് വിദ്യാഭ്യാസമെന്നും അതിന് ക്രൈസ്തവ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസം ഒഴിവാക്കാനാവാത്തതാണെന്നും ചാക്രിക ലേഖനത്തിൽ പാപ്പാ പറയുന്നു. കൂടാതെ വിദ്യാഭ്യാസത്തിന്റെ  സാമൂഹിക വശത്തിനുള്ള പ്രാധാന്യം വരച്ചുകാട്ടുന്ന Divini Illius Magistri  വിദ്യാഭ്യാസത്തിൽ കുടുംബത്തിനും പൊതുസമൂഹത്തിനും സഭയ്ക്കുമുള്ള ഉത്തരവാദിത്വവും അടിവരയിടുന്നു.

രണ്ടാം വത്തിക്കാൻ സൂനഹദോസും യുവാക്കളും

രണ്ടാം വത്തിക്കാൻ കൗൺസിലും യുവാക്കളെ മറന്നില്ല. Apostolicam Actuositatem  എന്ന അൽമായ പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള ഡിക്രിയിലും  Gravissimum Educationis എന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തിലും Inter Mirifica, Gaudium et Spese, Ad Gentes, തുടങ്ങിയവയിലും യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ പ്രതീക്ഷയും ആകാംക്ഷയും രേഖകളായിട്ടുണ്ട്.

വത്തിക്കാൻ കൗൺസിലിന് ശേഷം

രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം അൽമായരുടെ പ്രേഷിതത്വത്തിൽ വന്ന ഉണർവ്വ് യുവജനങ്ങളിലേക്കെത്തിക്കാനും സഭയിൽ ശ്രമങ്ങളുണ്ടായി. അത്തരം ഒരു നീക്കത്തിന്റെ  ഉത്സവമായിരുന്നു ജോൺ പോൾ രണ്ടാമന്റെ  കാലഘട്ടം. ആഗോളതലത്തിൽ സഭയിലെ യുവജനങ്ങളിൽ ചലനമുണ്ടാക്കിയ സംരംഭങ്ങളായിരുന്നു യുവജന ദിനത്തിന്റെ  സ്ഥാപനം. അത് പ്രാദേശിക തലത്തിൽ നിന്ന് ദേശീയ, അന്തർദേശിയ ആഗോള തലങ്ങളിൽ യുവജനങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്ന മെഗാ സംരംഭങ്ങളായി മാറി. ഇവിടെ വിശ്വാസ സത്യങ്ങളുടെ പഠനങ്ങളും സാക്ഷ്യങ്ങളും ആരാധനാക്രമങ്ങളും ആഘോഷങ്ങളായി.

യുവജന പ്രേഷിതത്വത്തിന്റെ പരിണാമം

കത്തോലിക്കാ സഭയുടെ യുവജന പ്രേഷിത ദൗത്യം 1930ൽ ആരംഭിച്ചതിനു ശേഷം ഒരുപാടു പരിണാമങ്ങൾക്ക് വിധേയമായിട്ടുണ്ട്. ബിഷപ്പ് ബെർണ്ണാർഡ് ഷെയ്ൽ ചിക്കാഗോയിൽ ഒരു അത്ലറ്റിക് സംരംഭമായി ആദ്യത്തെ കാത്തലിക് യൂത്ത് ഓർഗ്ഗനൈസേഷൻ സ്ഥാപിച്ചതു മുതൽ ഇന്നുവരെയുള്ള  93 വർഷങ്ങളിലുണ്ടായ മാറ്റങ്ങളെല്ലാം കാലത്തിന്റെ  അടയാളങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ആവശ്യകതയായിരുന്നു. Charlotte McCorquodale എഴുതിയ ഒരു ലേഖനത്തിൽ കത്തോലിക്കാ യുവജന പ്രേഷിത പ്രവർത്തനത്തിന്റെ  യാത്രാ ചരിത്രത്തെ “ഒരു പെന്റുലത്തിന്റെ  ആടൽ പോലെ” എന്നാണ് വിശേഷിപ്പിക്കുന്നത്. സാമൂഹിക സാംസ്കാരിക പരിവർത്തനങ്ങൾ മൂലം ഏറ്റവും നല്ല രീതി കണ്ടു പിടിക്കാൻ സഭയിൽ നടക്കുന്ന ചർച്ചകൾ മൂലം പല ദിശകളും, വഴികളും മാത്രമല്ല വിവിധ ആശയങ്ങൾക്കും ഊന്നൽ കൊടുത്തിട്ടുണ്ട്.  

അത്‌ലറ്റിക് കാത്തോലിക് യൂത്ത് ഓർഗനൈസഷനിൽ നിന്ന് സമഗ്ര സമീപനത്തിലേക്ക്

അത്ലറ്റിക്സിലൂടെ ക്രൈസ്തവ രൂപീകരണത്തിനു ശ്രമിച്ച  കാത്തലിക് യൂത്ത് ഓർഗ്ഗനൈസേഷൻ നിന്ന് 70 കളിൽ പക്ഷേ വിശ്വാസം പകർന്നു കൊടുക്കുന്നതിനേക്കാൾ യുവജനങ്ങളെ സമൂഹം രൂപീകരിക്കാനും സംഘങ്ങളായി പ്രവർത്തിക്കാനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവരുടെ ശ്രദ്ധ ക്രൈസ്തവ ജീവിതം ജീവിക്കുന്നത് പ്രധാനമായും കായിക കലകളിലൂടെയും സാമൂഹിക പരിപാടികളിലൂടെയുമായിരുന്നു. സമഗ്രമായ ഒരു യുവജന പ്രേഷിതത്വത്തിലേക്കുള്ള ഒരു നീക്കം കാണാമെന്ന് ഷർലോട്ട്  പറയുന്നു. ജനപ്രിയ സംസ്കാരത്തിന് വന്ന പരിവർത്തനം മൂലം, ക്രൈസ്തവരായിരിക്കുന്നത് കുറവാണെന്ന തോന്നൽ സമൂഹത്തിൽ  വന്നു തുടങ്ങി. യുവജനങ്ങളുടെ ജീവിതത്തിൽ പല വശങ്ങളിലും കുറവുകൾ കണ്ടു തുടങ്ങി. അപ്പോൾ ഒരു കൂടുതൽ സമഗ്രമായ സമീപനം  യുവാക്കളുടെ രൂപീകരണത്തിൽ  സഭയ്ക്ക്  ആവശ്യമാണെന്നു വന്നു. ചോദ്യോത്തരങ്ങൾ കൊണ്ടുള്ള വേദപാഠ രീതിയിൽ നിന്ന് പുതിയ പഠന മോഡലുകളും, പാഠ്യ രീതികളും രൂപപ്പെട്ടു. പ്രമാണങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പഠന രീതിയിൽ നിന്ന് കൂടുതൽ അനുഭവപഠനങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള രീതികൾ അവലംബിക്കാൻ തുടങ്ങിയത് ഇക്കാലത്താണ്.

2005 ൽ അമേരിക്കയിൽ നടത്തിയ ഒരു പഠനം യുവാക്കളുടെ നേർക്കുള്ള സഭയുടെ സമീപനത്തിന്റെ പോരായ്മകൾ വെളിച്ചത്തു കൊണ്ടുവന്നു. അതിൽ യുവാക്കൾ പ്രത്യേകിച്ച് കത്തോലിക്കർ വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ അറിവിൽ എത്രമാത്രം പിന്നോക്കമാണെന്നു മാത്രമല്ല അവരുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള ഭാഷയുടെ കാര്യത്തിൽ കൂടി അപര്യാപ്തരാണെന്ന് കണ്ടെത്തി. ഇത് വീണ്ടും പ്രമാണങ്ങൾക്കും കത്തോലിക്കാ സഭയുടെ മതബോധനത്തിനും പ്രാധാന്യം കൊടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വീണ്ടും ഇടയാക്കി. പിന്നീട് വേദപാഠങ്ങളുടെ ഉള്ളടക്കങ്ങളും അതിന്റെ അനുഭവവും ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയുടെ അനുഭവവും പ്രദാനം ചെയ്യുന്ന ഒരു രീതി അവലംബിക്കാനുള്ള ശ്രമവും യുവജന പ്രേഷിത ദൗത്യത്തിൽ വന്നു ചേർന്നു.

നവസുവിശേഷവൽക്കരണം

ശിഷ്യത്വത്തിനും അനുയാത്രയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ട്  ജോൺ പോൾ രണ്ടാമന്റെ നവസുവിശേഷവൽക്കരണത്തോടുള്ള പ്രതികരണം ജ്ഞാനസ്നാനം സ്വീകരിച്ച് പിന്നീട് സഭയിൽ നിന്ന് അകന്നുപോയവരെ സുവിശേഷവൽക്കരിക്കാനുള്ള രീതികളിലേക്കായി യുവജന പ്രേഷിത ദൗത്യത്തിന്റെ ശ്രദ്ധ. ഇതിന്റെ  ഫലമായി ധാരാളം യുവജന മുന്നേറ്റങ്ങൾ സുവിശേഷവൽക്കരണത്തിനായി സ്ഥാപിതമായി. ബനഡിക്ട് പതിനാറാമന്റെ  കാലത്തും ഫ്രാൻസിസ് പാപ്പായുടെ കാലത്തും ഇക്കാര്യങ്ങൾ തുടർന്നു.

പ്രേഷിത ശിഷ്യത്വം

എന്നാൽ ഫ്രാൻസിസ് പാപ്പാ  കത്തോലിക്കരെ മുഴുവൻ പ്രേഷിത ശിഷ്യത്വത്തിലേക്ക് ആഹ്വാനം ചെയ്തതോടെ യുവജന പ്രേഷിത ദൗത്യത്തിന്റെ  ഊന്നൽ യുവാക്കളോടൊപ്പം സഞ്ചരിച്ച് അവരെ പ്രേഷിത ശിഷ്യരാക്കുന്നതിലായി ഷർലോട്ട് എഴുതുന്നതു പോലെ കാലങ്ങളുടെ അടയാളങ്ങൾ വായിച്ച് യുവജന പ്രേഷിതത്വത്തിന്റെ  രീതികൾ തയ്യാറാക്കുമ്പോൾ മുന്നോട്ടും പിന്നോട്ടും നീങ്ങി കൊണ്ടും കൊടുത്തും മാത്രമെ മുന്നോട്ട് പോകാൻ കഴിയൂ. ഒരു പെന്റുലത്തിന്റെ ആടൽ പോലെ. അതിനാൽ  പഴയതെല്ലാം പഴഞ്ചനാണെന്നും വലിച്ചെറിയേണ്ടതാണ് എന്ന തെറ്റിദ്ധാരണ വേണ്ട. ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡിക മുൻകാലങ്ങളിലെ യുവജന പ്രേഷിത പ്രവർത്തനത്തിന് ഉപയോഗിച്ച രീതികളിൽ മൂല്യങ്ങൾ ഉണ്ടെന്ന് തെളിയിച്ചവയെ വളരെ വിലയേറിയതായി പരിഗണിക്കേണ്ടതാണ് എന്ന് പാപ്പാ പ്രത്യേകം അടിവരയിടുന്നു. യുവജന പ്രേഷിതത്വത്തിന്റെ  ലക്ഷ്യം ഒന്നു മാത്രമാണ്. യുവജനത്തെ ക്രിസ്തുവും സഭയുമായി അടുപ്പിക്കുക. ഈ ലക്ഷ്യത്തിനുപകരിക്കുന്ന മാർഗ്ഗങ്ങൾ, ഭാഷകൾ എന്നിവ കഴിഞ്ഞ കാലത്ത് ഉപയോഗിച്ചിരുന്നതാണെങ്കിൽ കൂടി അവയെ ഗൗരവപൂർവ്വം പരിഗണിക്കാനും ഉപയോഗപ്പെടുത്താനും മടിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. അവയിൽ നിന്ന് പുതിയവയിലേക്കുള്ള പരിണാമത്തിന് തീർച്ചയായും അനുഭവങ്ങളുടെ ഉറച്ച അടിത്തറയും വേരുകളുമുണ്ടാവും. അങ്ങനെ നമുക്ക് ഫ്രാൻസിസ് പാപ്പാ എഴുതുന്നതു പോലെ സുവിശേഷത്തിന്റെ  സന്തോഷം ഫലപ്രദമായി വിനിമയം നടത്താനാവട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ജൂൺ 2023, 11:39