തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (REMO CASILLI)

“ക്രിസ്തു ജീവിക്കുന്നു” : സഭ ഒരു ചെറുവള്ളമാണ്. പ്രായമായവർ നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി തുഴയാ൯ സഹായിക്കുന്നു

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 201ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

201. സിനഡിന്റെ സമയത്ത് സമോവ൯ ദ്വീപുകളിൽ നിന്ന് വന്ന ചെറുപ്പക്കാരായ ശ്രോതാക്കളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു. “സഭ ഒരു ചെറുവള്ളമാണ്. അതിൽ പ്രായമായവർ നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ഓടിക്കാൻ സഹായിക്കുന്നു. അതേസമയം എന്താണ് മുമ്പിൽ തങ്ങളെ കാത്തിരിക്കുന്നു എന്ന് സങ്കൽപ്പിച്ചുകൊണ്ട് ചെറുപ്പക്കാർ തുഴയുന്നു.” അർത്ഥമില്ലാത്ത ഭൂതകാലത്തിന്റെ പ്രതിനിധികളാണ് മുതിർന്നവരെന്ന് ചിന്തിക്കുന്ന യുവാക്കളെയും നമുക്ക് ഒഴിവാക്കാം. യുവാക്കൾ എങ്ങനെ പ്രവർത്തിക്കണമെന്നറിയാമെന്ന് എപ്പോഴും കരുതുന്ന മുതിർന്നവരെയും പകരം നമുക്ക് എല്ലാവർക്കും ഒരേ ചെറു വെള്ളത്തിൽ കയറാം. നമുക്കൊന്നിച്ച് പരിശുദ്ധാത്മാവിന്റെ സ്ഥിരം നവീകരിക്കപ്പെടുന്ന മെച്ചപ്പെട്ട ലോകത്തെ അന്വേഷിക്കാം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവാക്കൾക്കായുള്ള സിനഡിൽ സമോവൻ ദ്വീപിൽ നിന്നുള്ള ഒരു യുവാവിന്റെ സഭയെക്കുറിച്ചുള്ള ചിത്രം മുന്നോട്ടുവച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡിക ആരംഭിക്കുന്നത്. സഭയെ ഒരു തോണിയായി വിഭാവനം ചെയ്തു കൊണ്ടാണ് ആ യുവാവ് സംസാരിച്ചത്. ഒരു ചിത്രം ആയിരം വാക്കുകൾക്കു തുല്യമെന്നാണ് പറയപ്പെടുന്നത്. പല തരം ചിത്രങ്ങൾ സഭയെ പ്രതിനിധാനം ചെയ്യാൻ തുടക്കം മുതലേ വിശ്വാസികൾ ഉപയോഗിച്ചു വന്നിരുന്നു. കുരിശും, അപ്പവും മീനും, പാക്സ് ചിഹ്നവും, ഗ്രീക്ക് അക്ഷരമാലയിലെ ആൽഫായും ഒമേഗായും, കുഞ്ഞാടും, നല്ലിടയനും, പെലിക്കൻ പക്ഷിയുമൊക്കെ നമുക്കും പരിചയമുള്ളവയാണ്.  ഇതോടൊപ്പം സഭയെ വിവരിക്കാൻ സഭാ പിതാക്കന്മാർ ഉപയോഗിച്ചിരുന്ന സംജ്ഞകളുമുണ്ട്.  ആട്ടിൻ കൂട്ടമായും, മുന്തിരിച്ചെടിയായും, മണവാട്ടിയായും, കർത്താവാകുന്ന മൂലക്കല്ലിൽ പണിത കെട്ടിടമായും, ശരീരമായും ഒക്കെ അവർ വിശദീകരിച്ചിരുന്നു എന്നും നമുക്കു കാണാം. അതിലൊരു പ്രയോഗമാണ് സഭയെ ഒരു തോണിയായോ, കപ്പലായോ ഒക്കെ രൂപകൽപന ചെയ്തിരുന്നത്.

സഭയുടെ യാന സങ്കൽപ്പം

അപ്പസ്തോലന്മാരുടെ കാലഘട്ടത്തിൽ തന്നെ ഇത്തരം ഒരു ചിന്ത ഉണ്ടായിരുന്നു എന്നതിന് പത്രോസിന്റെ ലേഖനം സാക്ഷ്യമേകുന്നു. "അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്‌ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്‌ഷ പ്രാപിച്ചുള്ളു. "(1 പത്രോസ് 3 : 20). എന്നാൽ പിന്നീട് സഭാപിതാക്കന്മാർ  കലി തുള്ളിയ ഗലീലിയക്കടലിൽ നിന്ന്  പത്രോസിനെയും ശിഷ്യരെയും സംരക്ഷിച്ച സംഭവവും (മർക്കോ 4,35-41) അതോടൊപ്പം കൂട്ടി വായിച്ചു. രണ്ടും ചേർന്നു വരുമ്പോൾ സഭയെ തോണിയുമായി ബന്ധപ്പെടുത്തുവാൻ വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ അടിത്തറ നമുക്കു കണ്ടത്താൻ കഴിയും. ആദിമ ക്രൈസ്തവർക്കെതിരെ പീഡനങ്ങളഴിച്ചുവിട്ട നാളുകളിൽ കുരിശിനെ രഹസ്യമായി വെളിവാക്കാൻ കപ്പലിന്റെ ചിത്രം ഒരു പരിധി വരെ അന്നത്തെ ക്രൈസ്തവരെ സഹായിച്ചിരുന്നു. കാരണം കപ്പലിൻ്റെ പായ് നാട്ടുന്ന മരത്തിന് കുരിശിൻ്റെ ആകൃതിയായിരുന്നല്ലോ.

യാന സങ്കല്പം സഭാപിതാക്കൻമാരിൽ

പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തെർത്തൂലിയൻ ആണ് പത്രോസിനു ശേഷം സഭയെ നോഹയുടെ പെട്ടകവുമായി താരതമ്യം ചെയ്ത മറ്റൊരു വ്യക്തി. ഇത് ക്രിസ്തുവർഷം 196ൽ ആയിരുന്നു എന്നത് അടിവരയിടേണ്ട കാര്യം തന്നെയാണ്. നോഹയുടെ പെട്ടകത്തിലുണ്ടായിരുന്നവർ രക്ഷിക്കപ്പെട്ടതു പോലെ സഭയിൽ ഒന്നിച്ചു കൂടുന്നവർ രക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വിശുദ്ധ സുപ്രിയാനും സഭയെ നോഹയുടെ പെട്ടകവുമായി താരതമ്യം ചെയ്തു പഠിപ്പിച്ചു. സഭയിൽ പിന്നീടു വന്ന വിശ്വാസ തർക്കങ്ങൾക്കു നടുവിലും സഭയുടെ നൗകാ സങ്കല്പം ഇടം പിടിച്ചിരുന്നു. ആ നൗകയിൽ തിരിച്ചു വരുന്നവരെ കരുണയോടെ സ്വീകരിക്കണമെന്നും അല്ല നൗകയക്ക് പുറത്തുള്ളവർ നശിക്കും എന്നു കടുംപിടുത്തം പിടിച്ചവരും സഭയിൽ ഉണ്ടായിരുന്നു.

സഭയും നൗകയും

സഭയ്ക്ക് നൗകയോടുള്ള സാമ്യം വളരെ മനോഹരവും ധ്യാനാത്മകവുമായ ഒരു ചിത്രമാണ് സഭയെക്കുറിച്ച് നമുക്ക് ലഭിക്കുന്നതെന്നത് തർക്കമില്ലാത്ത വിഷയമാണ്.  മനുഷ്യന്റെ സഞ്ചാരത്തിന് വിഘ്നമാകുന്ന ജലത്തിലൂടെ ലക്ഷ്യത്തിലെത്താൻ  നൗക അവനെ  സഹായിക്കുന്നതുകൊണ്ടു മാത്രമല്ല ആ പ്രതീകം കൂടുതൽ അർത്ഥവത്താകുന്നത്. വെള്ളത്തിൽ കിടന്നിട്ടും വെള്ളം കയറാതെ, അതിനു മേലെ ഉയർന്നു നിൽക്കുന്ന, അതിൽ മുങ്ങിത്താഴതെ മുന്നോട്ടു പോകുന്ന നൗക  ലോകത്തിൽ ഈ ലോകത്തിന്റെതല്ലാതെ (യോഹ17: 11, 14-15)  മുന്നോട്ടു നീങ്ങാൻ ശ്രമിക്കുന്ന സഭയുടെ പ്രതീകമാകുന്നതിൽ ആഴമാർന്ന ദൈവശാസ്ത്ര അടിത്തറയുമുണ്ടു.

പരിശുദ്ധാത്മാവ് ചലിപ്പിക്കുന്ന സഭ

ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്റെ ഈ ലോക യാത്രയ്ക്ക്  ഒരു ലക്ഷ്യമുണ്ട്.  ആ ലക്ഷ്യത്തിലെത്തുന്നതിൽ നിന്ന് അവനെ തടയുന്ന കാറ്റിലും കോളുകളിലും നിന്ന് അവന് സംരക്ഷണമേകുന്ന തോണിയാണ് സഭ.  കൂട്ടായ്മയാകുന്ന പായ വിരിച്ചു കെട്ടി  പരിശുദ്ധാത്മാവാകുന്ന കാറ്റിന്റെ ശക്തിയാൽ മുന്നോട്ടു നീങ്ങുന്ന ആ തോണി സഭയെ തന്നെ സ്വയം വിശദീകരിക്കുന്ന തിളങ്ങുന്ന പ്രതീകങ്ങളിൽ ഒന്നാണ്. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് സഭയുടെ ജീവിതത്തെ നൗകയിലെ യാത്രയായി സമോവൻ ദ്വീപിലെ യുവാവു് വിഭാവന ചെയ്യുന്നതിനെ കൂടുതൽ ആഴത്തിൽ ഒന്ന് വിചിന്തനം ചെയ്യുമ്പോൾ സമുദ്രത്തിലൂടെയുള്ള യാത്രയെ സുഗമമാക്കാൻ  ആവശ്യമായ ഘടകങ്ങളെ കുറിച്ച് നമുക്ക്  ഒന്ന് ചിന്തിച്ചു നോക്കാം.

തലമുറകളുടെ ബന്ധം

ഏത് യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്. സഭയുടെ ലക്ഷ്യം ദൈവരാജ്യമാണ്.   കാരണം, "ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്‌ധാത്‌മാവിലുള്ള സന്തോഷവുമാണ്‌." (റോമാ 14 : 17 ) ഈ ലക്ഷ്യത്തിലേക്കാണ് സഭയുടെ യാത്ര. ഇവിടെയാണ് യഥാർത്ഥമായ സംഘർഷ കൊടുങ്കാറ്റുകൾ ഉടലെടുക്കുക. ലോകത്തിന്റെ ലക്ഷ്യവും സഭയുടെ ലക്ഷ്യവും തമ്മിലുള്ള വൈപരീത്യം ഇന്ന് ഏറെ സ്പഷ്ടമാണ്. സമ്പത്തും സൗഭാഗ്യവും കൈമുതലാക്കാൻ ഏതു മാർഗ്ഗത്തെയും നീതീകരിക്കുന്ന സ്വാർത്ഥനായ മനുഷ്യന്റെ മുന്നിൽ സമാധാനം എന്ന ലക്ഷ്യം മരീചികയാകുന്നത് സ്വാഭാവീകം മാത്രം.  ഇക്കാര്യത്തിലാണ് മുതിർന്നവരുടെ സഹായം ഇളയ തലമുറയ്ക്ക് സഹായകമായി മാറുന്നത്. "രാവിലെ നിങ്ങള്‍ പറയുന്നു: ആകാശം ചുമന്നു മൂടിയിരിക്കുന്നു; ഇന്നു കാറ്റും കോളും ഉണ്ടാകും. ആകാശത്തിന്റെ ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ?'' (മത്തായി 16: 3 ). അനുഭവങ്ങളുടെ കലവറയിൽ നിന്ന് കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാൻ അറിവുനേടിയ മുതിർന്ന തലമുറയ്ക്ക്, മുന്നിൽ തെളിയുന്ന നക്ഷത്രങ്ങളെ നോക്കി, യാത്രയുടെ ദിശ നിർണ്ണയിക്കാനും ഗതി പറഞ്ഞു കൊടുക്കാനും അങ്ങനെ ഇളയ തലമുറയെ സഹായിക്കാനുമാവും എന്നത് വെറും കളിവാക്കല്ല. ശരീരത്തിന്റെ ക്ഷീണവും കായിക ശക്തിയും കുറഞ്ഞു കുറഞ്ഞു വരുമ്പോഴും തെളിച്ചമുള്ള ഉൾക്കണ്ണുകളാൽ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനും പറഞ്ഞു തരാനും അവർക്കു കഴിയും.

സഭയുടെ  മുന്നോട്ടുള്ള തോണീ യാത്രയുടെ തുഴക്കാർ യുവതലമുറ തന്നെയാണെന്നതിൽ സംശയമില്ല. അവരുടെ കായിക ബലവും മനോധൈര്യവും സ്വപ്നം കാണാനുള്ള കഴിവും ഈ തോണിയുടെ ചാലകശക്തിയാണ്. എന്നാൽ യുവതലമുറയുടെ ഈ സമ്പന്നത വഴിയാത്രയിൽ പാഴാകാതെ നോക്കാനും, പാതകൾ കണ്ടെത്താനും, തെറ്റിയാൽ വീണ്ടും വഴിതിരിച്ചുവിടാനും മുതിർന്ന തലമുറയുടെ സഹായം ആവശ്യമായി വരും. അതിനാൽ "'മുതിർന്നവർ ഒരു അർത്ഥശൂന്യമായ ഭൂതകാലത്തിന്റെ പ്രതിനിധികളാണെന്ന് കരുതുന്ന " യുവാക്കളും "ചെറുപ്പക്കാർ എങ്ങനെ പ്രവർത്തിക്കണമെന്ന് തങ്ങൾക്കറിയാമെന്ന് എപ്പോഴും കരുതുന്ന" മുതിർന്നവരും  ശരിയായ ദിശയിലല്ല എന്ന സത്യം മനസ്സിലാക്കിത്തരാൻ ശ്രമിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. അതു കൊണ്ടാണ് പാപ്പാ പറയുന്നത്, നമുക്കൊരുമിച്ച് ഒരേ വഞ്ചിയിലേറാം, ഒരുമിച്ച് ഒരു നല്ല ലോകത്തിനായി പരിശ്രമിക്കാം എന്ന്.

ആദിധർമ്മത്തിലേക്കുള്ള വിളി

ഒരു നല്ല ലോകം കെട്ടിപ്പടുക്കാനുള്ള,  ദൈവരാജ്യം കെട്ടിപ്പടുക്കാനുള്ള യാത്രയാണ് ക്രൈസ്തവ വിശ്വാസിയുടേത്. ഈ യാത്രയിൽ അവനെ സഹായിക്കാൻ യേശു നാഥൻതന്നെ  സമ്മാനമായി അയച്ച സഹായകനാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവില്ലാതെ യേശുവിന്റെ നാമം പോലും പറയാൻ കഴിയാത്തതിനാൽ (1 കൊറി. 12,3) അവന്റെ ശക്തിയാൽ മാത്രമെ നമ്മുടെ പരിശ്രമങ്ങൾ ഫലമണിയുകയുള്ളൂ എന്ന് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കാൻ മറക്കുന്നില്ല.  സഭ മാനുഷിക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു Non Profit ഓർഗനൈസേഷനോ  ഒരു NGO യോ അല്ല എന്ന് പല പ്രാവശ്യം പാപ്പാ എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ അതോടൊപ്പം തന്നെ സഭ പുറത്തേക്കിറങ്ങണമെന്നും, ദരിദ്രനേയും, സമൂഹം പുറംതള്ളിയവരേയും, കുടിയേറ്റക്കാരേയും, പരിസ്തിതിയെയും പോലും കരുതലോടെ പരിപാലിക്കുന്ന സർവ്വരും സഹോദരരാകുന്ന (Fratelli Tutti) ദൈവത്തെ സ്തുതിക്കുന്ന (Laudato Sì) ഒരു നല്ല ലോക സ്ഥാപനത്തിനായി പരിശ്രമിക്കാൻ പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുമ്പോൾ അത് ക്രൈസ്തവരായ നമ്മളെ സൃഷ്ടാവായ ദൈവപിതാവു് ഭരമേൽപ്പിച്ച നമ്മുടെ ആദിമധർമ്മത്തിലേക്ക് (ഉൽപ്പത്തി പുസ്തകം) വിളിക്കുന്ന ഒരു വിളി തന്നെയാണ്.  ദൈവവചനത്തിന്റെ വെളിച്ചത്തിലും  പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെട്ട  ശക്തിയാലും  പ്രവർത്തിച്ചാൽ മാത്രമെ ഈ രാജ്യം ഭൂമിയിൽ സ്ഥാപിതമാവൂ എന്ന് നമുക്ക് മറക്കാതിരിക്കാം.

നോഹയുടെ പെട്ടകവും സഭയും

ഇവിടെ വീണ്ടും നോഹയുടെ പെട്ടകത്തിന്റെ പ്രതീകം സഭയെ പ്രതിനിധീകരിക്കുന്നത് അർത്ഥഗർഭമാണ്. നോഹയുടെ പെട്ടകത്തിൽ ചിന്തയ്ക്കതീതമായവയൊക്കെ ഉണ്ടായിരുന്നു. ശുദ്ധവും അശുദ്ധവും പരുന്തും പ്രാവും, കൗശലക്കാരനായ കുറുക്കനും ശാന്തനായ ആടും, എവിടെ പോകണമെന്നോ, എന്നെത്തുമെന്നോ അറിയാതെ കയറിയവരും അതിലുണ്ടായിരുന്നു. അത്ര ആസ്വാദ്യകരമല്ലാത്ത ഒരു യാത്ര. പരദൂഷണവും, മുറുമുറുപ്പും ഉള്ളിലും പുറത്ത് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും മഴയും… സഭയും നോഹയുടെ പെട്ടകത്തിന്റെ സാദൃശ്യവും ഒരു പക്ഷേ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ അത് സൃഷ്ടിയുടെ തന്നെ രക്ഷയുടെ നിക്ഷേപമായിരുന്നു.

ഫുൾടെൻ ജെ. ഷീൻ എഴുതി, "ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളാൽ നിറഞ്ഞ നോഹയുടെ പെട്ടകം പോലാണ് സഭ. അതിന് വൃത്തികെട്ട മണമുണ്ടാകാം, എങ്കിലും അത് എട്ട് പേരെയും രക്ഷിക്കാൻ  അവരെ വഹിക്കുന്നുണ്ടായിരുന്നു."

പ്രത്യാശ നശിച്ച, സ്വപ്നങ്ങൾ തകർന്ന ഒരു ലോകത്തു നിന്ന്  രക്ഷകരമായ പുനർജനനത്തിന്റെ ഒരു യാനമായി മാറിയ നോഹയുടെ പെട്ടകം പോലെ ഈ ലോകത്തിന്റെ വിനാശകരമായ യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ പ്രത്യാശയുടെ പ്രതീകവും സമാധാനത്തിന്റെ മഴവില്ല് വിരിയേക്കേണ്ട ഉത്തരവാദിത്വവും യേശുവിന്റെ മണവാട്ടിയായ  സഭയ്ക്കുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ  മുതിർന്ന തലമുറയും ഇളയ തലമുറയും കൈകോർക്കുന്ന ഒരു നവലോകസൃഷ്ടിയുടെ രക്ഷാ യാനമായി മാറാൻ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നവീകൃതമാകാൻ നമുക്ക് തയ്യാറാകാം - പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2023, 15:16