തിരയുക

റോമിലെ ജെമെല്ലി ഹോസ്പിറ്റൽ. റോമിലെ ജെമെല്ലി ഹോസ്പിറ്റൽ.  (Vatican Media)

ഫ്രാൻസിസ് പാപ്പാ സുഖം പ്രാപിച്ചു വരുന്നു

സൗഖ്യാശംസാ സന്ദേശമയച്ചവർക്ക് പാപ്പാ നന്ദി അറിയിച്ചു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിശുദ്ധ പിതാവിന്റെ ആരോഗ്യ പുരോഗതിയെ കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലയം ഇറക്കിയ ഒരു പത്രക്കുറിപ്പിൽ പാപ്പാ ശരിയായി വിശ്രമിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നും അറിയിച്ചു. തനിക്ക് ലഭിച്ച ആശംസ സന്ദേശങ്ങൾക്ക്  മറുപടി അയച്ച പാപ്പാ കഴിഞ്ഞ മാർച്ച് മാസം ആശുപത്രിയിലെ കുട്ടികളുടെ കാൻസർ വിഭാഗത്തിൽ  ജ്ഞാനസ്നാനപ്പെടുത്തിയ കുട്ടി അയച്ച സന്ദേശത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി എന്നും പത്രക്കുറിപ്പിൽ പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്റെ മാധ്യമവിഭാഗം ഡയറക്ടർ മത്തെയോ ബ്രൂണി നൽകിയ പാപ്പായുടെ ആരോഗ്യ പുരോഗതിയെക്കുറിച്ചുള്ള പ്രസ്താവനയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം പാപ്പാ ഒരു ദിവസം മുഴുവൻ വിശ്രമിച്ചുവെന്നും, ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങിയെന്നും പാപ്പായെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതായി അറിയിച്ചു. പാപ്പായുടെ രക്തസമ്മർദ്ദവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാണെന്നും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുരോഗതികൾ ക്രമാനുസൃതമാണെന്നും മെഡിക്കൽ സ്റ്റാഫ് റിപ്പോർട്ട് ചെയ്യുന്നതായും അറിയിച്ചു.

ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനമായിരുന്ന വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പാപ്പാ പരിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ സാമിപ്യം അറിയിച്ചു കൊണ്ട് പാപ്പായ്ക്ക് വന്ന ധാരാളം സന്ദേശങ്ങളിൽ കഴിഞ്ഞ മാർച്ച് 31ന് ആശുപത്രി സന്ദർശിച്ച അവസരത്തിൽ കുട്ടികളുടെ കാൻസർ ന്യൂറോ സർജറി വാർഡിൽ വച്ച് പാപ്പാ ജ്ഞാനസ്നാനം നൽകിയ കുഞ്ഞ് മിഗ്വേൽ ആഞ്ചൽ വരച്ച ചിത്രത്തിലെ  അതിവേഗ സൗഖ്യത്തിനായുള്ള സന്ദേശവും കുടുംബത്തിന്റെ സ്നേഹവും പാപ്പയെ പ്രത്യേകം സ്പർശിച്ചുവെന്നും, പരിശുദ്ധ പിതാവ് അമ്മയെ ഫോൺ വിളിച്ചു കൊണ്ട് നന്ദി രേഖപ്പെടുത്തിയെന്നും മത്തെയൊ ബ്രൂണി അറിയിച്ചു.

ഒരു മുൻകരുതൽ എന്ന നിലയിൽ പാപ്പാ 5 മുതൽ 7 ദിവസം വരെ ആശുപത്രിയിൽ തന്നെ തുടരും. ജൂൺ 18 വരെ  പാപ്പായുടെ പൊതുജന കൂടികാഴ്ച പരിപാടി താൽകാലികമായി നിറുത്തിയതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജൂൺ 2023, 12:36