'ആഫ്രിക്കൻ ചൂഷണം അവസാനിപ്പിക്കുക': ഫ്രാൻസിസ് പാപ്പായുടെ ഗ്രന്ഥം പുറത്തിറങ്ങി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പാശ്ചാത്യശക്തികൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടത്തുന്ന ചൂഷണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് , ഫ്രാൻസിസ് പാപ്പായുടെ കോംഗോ സന്ദർശനത്തിലും, ദക്ഷിണ സുഡാൻ സന്ദർശനത്തിലും നടത്തിയ പ്രസംഗങ്ങളും, സാക്ഷ്യ അനുഭവങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് 'ആഫ്രിക്കൻ ചൂഷണം അവസാനിപ്പിക്കുക' (Giu le mani dall'Africa)എന്ന പേരിൽ ഒരു പുസ്തകം വത്തിക്കാൻ പ്രസിദ്ധീകരണശാല മെയ് മാസം ഇരുപത്തിരണ്ടാം തീയതി പ്രകാശനം ചെയ്തു.നൈജീരിയൻ എഴുത്തുകാരിയായ ചിമമണ്ട എൻഗോസി അഡിച്ചിയുടെ മുഖവുരയോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ആഫ്രിക്കയെ വെറുതെ വിടുക! ആഫ്രിക്കയെ ശ്വാസം മുട്ടിക്കുന്നത് നിർത്തുക: അത് ചൂഷണം ചെയ്യാനുള്ള ഖനിയോ കൊള്ളയടിക്കാനുള്ള ഭൂമിയോ അല്ല. ആഫ്രിക്ക തന്നെ നായകനായി വിരാജിക്കട്ടെ! ഈ വർഷമാദ്യം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ തന്റെ സന്ദർശനവേളയിലെ ആദ്യദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകളുടെ പ്രചോദനമാണ്, കോംഗോയിലെയും,സുഡാനിലെയും പ്രസംഗങ്ങളും,അനുഭവസാക്ഷ്യങ്ങളും ഉൾപ്പെടുത്തി പുസ്തകരൂപത്തിൽ അനുവാചകരിലേക്കെത്തിക്കുവാൻ വത്തിക്കാൻ തീരുമാനിച്ചത്. പൈശാചികവും,മൃഗീയവുമായ സംഘർഷങ്ങളാൽ തകർന്ന ഈ രണ്ടു രാജ്യങ്ങളിലെ ആളുകളുടെ ദുരിതപൂർണ്ണമായ ജീവിതാനുഭവങ്ങളും ഈ പുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നു.
തകർന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പ്രതീക്ഷയുടെ കിരണം വീശുന്നതാണ് ഈ ഗ്രന്ഥമെന്ന് മുഖവുരയിൽ ചിമമണ്ട എൻഗോസി അഡിച്ചി പ്രത്യേകം പരാമർശിക്കുന്നു.'സമാധാനത്തിന്റെ തീർത്ഥാടനം' എന്ന് പാപ്പാ തന്നെ വിശേഷിപ്പിച്ച ഒരാഴ്ചത്തെ സന്ദർശനം, സംഘർഷഭരിതമായ രാജ്യങ്ങളിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ ഇടപെടലിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു. തെക്കൻ സുഡാനിൽ, ശത്രുതയിൽ കഴിഞ്ഞിരുന്ന രാഷ്ട്രീയക്കാരെ അഭിസംബോധന ചെയ്തതും , അവർ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ സമാധാന ചർച്ചകൾ നടത്തിയതും, ലോകശ്രദ്ധയാകർഷിച്ച സംഭവങ്ങൾ ആയിരുന്നു. ആഫ്രിക്കയുടെ മേലുള്ള കടന്നുകയറ്റങ്ങളിൽ ലോകരാഷ്ട്രങ്ങളുടെ മൗനം വെടിയുവാനുള്ള പാപ്പായുടെ ആഹ്വാനവും ഈ പുസ്തകത്തിൽ എടുത്തു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: