പാപ്പാ: സഭയ്ക്ക് യുവത്വത്തിൻറെ കരുത്തുണ്ട്, യുവജനം പ്രത്യാശയിൽ മുന്നേറുക !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകയുവജനസംഗമത്തിൽ സംബന്ധിക്കാനുള്ള ഒരുക്കത്തിൽ വേരുകളിലേക്കു നോക്കാനും മുത്തശ്ശീമുത്തച്ഛന്മാരുമായി കൂടിക്കാഴ്ച നടത്താനും മാർപ്പാപ്പാ യുവതീയുവാക്കൾക്ക് പ്രചോദനം പകരുന്നു.
നടപ്പു വർഷം (2023) ആഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ ആഗോളസഭാതലത്തിൽ അരങ്ങേറുന്ന യുവജനദിനാചരണത്തോടനുബന്ധിച്ച് യുവതയ്ക്കായി വ്യാഴാഴ്‌ച (04/05/23) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസീസ് പാപ്പായുടെ ഈ ഉപദേശം അടങ്ങിയിരിക്കുന്നത്.
മുത്തശ്ശീമുത്തച്ഛന്മാരുടെ കാലത്ത് ഇത്തരം യുവജന ദിനാചരണം ഉണ്ടായിരുന്നോ എന്നു അവരോട് ചോദിച്ചാൽ ഇല്ല എന്നായിരിക്കും അവരുടെ മറുപടി എന്നത് സുനിശ്ചിതമാണെന്നും എന്നാൽ അവരുമായി സംസാരിച്ചാൽ അവർ വിജ്ഞാനം പകർന്നു തരുമെന്നും പാപ്പാ പറയുന്നു.
ഈ യുവജനദിനത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി ജോലിയിലും പഠനത്തിലും നിന്ന് അവധി എങ്ങനെ ചോദിക്കും, യാത്രയ്ക്ക് ടിക്കറ്റെടുക്കുന്നതിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തും തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടെങ്കിലും യുവത എല്ലായ്പ്പോഴും പ്രത്യാശയാകുന്ന ചക്രവാളത്തിലേക്കു നോക്കുന്നുവെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു. യുവജനദിനാചരണത്തിൽ പങ്കെടുക്കുകയെന്നത് മനോഹരമായ ഒരു കാര്യമാണ് എന്ന് അനുഭവപ്പെടുമ്പോൾ ആനന്ദം ഉണ്ടാകുന്നുവെന്നും ഈ സന്തോഷത്തോടുകൂടി വേണം ഇതിനായി ഒരുങ്ങേണ്ടതെന്നും അതിൽ പ്രത്യാശ പ്രതിഷ്ഠിക്കണമെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
പ്രത്യാശ വയ്ക്കണം, കാരണം, ഇത്തരത്തിലുള്ള ഒരു ദിനാചരണത്തിൽ ഒരുവൻ ഏറെ വളരുന്നുവെന്നും നമ്മൾ അത് തിരിച്ചറിയുന്നില്ലയെങ്കിലും, അതിനുള്ളിൽ നമ്മൾ കണ്ടെത്തിയ മൂല്യങ്ങൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി നമുക്കുണ്ടായ ബന്ധങ്ങൾ, കൂടിക്കാഴ്ചകൾ, സർവ്വോപരി, യുവശക്തിയുടെ കാഴ്ച, എന്നിങ്ങനെ എല്ലാം നിലനില്ക്കുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു. സഭയ്ക്ക് യുവത്വത്തിൻറെ കരുത്തുണ്ടെന്നും അതിനാൽ യുവത മുന്നേറണമെന്നും പാപ്പാ പ്രോത്സാഹിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: