പാപ്പാ : അനുവദിച്ചാൽ ദൈവം നമ്മിൽ നൂതനമായവ സൃഷ്ടിക്കും
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സ്പിരിറ്റൻ ഫാദേർസ് എന്നറിയപ്പെടുന്ന മറിയത്തിന്റെ വിമലഹൃദയത്തിന്റെ സംരക്ഷണത്തിൻ കീഴിലുള്ള പരിശുദ്ധാത്മാവിന്റെ സന്യാസ സഭാംഗങ്ങളെ അഭിസംബോധന ചെയ്ത ഫ്രാൻസിസ് പാപ്പാ അവരുടെ സഭയുടെ സിദ്ധിയെ എല്ലായിപ്പോഴും താലോലിക്കുന്ന ആർദ്രതനായ, ജനങ്ങളെയും അവരെ ഓരോരുത്തരെയും താലോലിക്കുന്ന, ദൈവത്തിന്റെ കരം പോലെ എന്നാണ് വിശേഷിപ്പിച്ചത്.
അവരുടെ സഭാ സിദ്ധിയുടെ പ്രധാനപ്പെട്ട മൂന്നു മൂല്യങ്ങളായ ധൈര്യം, തുറവുള്ള മനസ്സ്, ആത്മാവിന്റെ പ്രവർത്തനത്തിനു വിട്ടു കൊടുക്കൽ എന്നിവയിൽ ഊന്നിക്കൊണ്ടാണ് പാപ്പാ അവരോടു സംസാരിച്ചത്. 1848 ൽ സൊസൈറ്റി ഓഫ് സേക്രട്ട് ഹാർട്ട് ഓഫ് മേരി എന്ന സഭയുമായി സംയോജിച്ച് പരിശുദ്ധാത്മാവിന്റെ സഭ നടത്തിയ പുന:സ്ഥാപനത്തിന്റെ 175 ആം വാർഷികത്തോടനുബന്ധിച്ചാണ് പാപ്പയുമായി സഭാംഗങ്ങൾ കൂടിക്കാഴ്ച നടത്തിയത്.
ആദ്യ സ്ഥാപനം
മുൻപു പറഞ്ഞ മൂല്യങ്ങൾ സഭയുടെ ആദ്യ സ്ഥാപന ചരിത്രത്തിൽ തന്നെ പ്രകടമായിരുന്നു എന്ന് സൂചിപ്പിച്ച പാപ്പാ, അന്ന് യുവാവായ ഒരു ഡീക്കനായിരുന്ന സഭാ സ്ഥാപകനും ആത്മാവിനാൽ നയിക്കപ്പെട്ട 12 സെമിനാരി കൂട്ടാളികളും ധീരതയോടെ അപ്രതീക്ഷിതമായ ഒരു സാഹസയാത്രയ്ക്കാണ് ആരംഭം കുറിച്ചതെന്ന് ചൂണ്ടിക്കാണിച്ചു.
സഭാ സ്ഥാപകനായ Fr. Claude - Francois Poullart des Places നെ അനുസ്മരിച്ച പാപ്പാ അപ്രതീക്ഷിതമായ പല സംഭവങ്ങളിലൂടെ ആത്മാവിന്റെ പ്രവർത്തനങ്ങൾ ജീവിതത്തിൽ ധീരമായ സമ്മതങ്ങളുടെ ഒരു പരമ്പരയായി മാറിയെന്നും അതിലൂടെ ദൈവം അദ്ദേഹത്തിൽ ആരംഭിച്ച നവീനതകൾ അദ്ദേഹത്തിലൂടെ മറ്റുള്ളവരിലും പ്രാവർത്തികമാക്കാൻ ഇടവരുത്തി എന്നും അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ സ്ഥാപനം
പരിശുദ്ധാത്മാവ് അവരുടെ സമൂഹത്തോടു ഭൂതകാലത്തിന്റെ എല്ലാ ഫലങ്ങളും പുതിയ സാഹചര്യത്തിൽ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടു എന്നാണ് 1848 ൽ നടന്ന സഭയുടെ പുന:സ്ഥാപനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പറഞ്ഞത്.
മിഷണറിമാരായിരുന്നെങ്കിലും വ്യത്യസ്തമായ ചരിത്രമുള്ള മറിയത്തിന്റെ വിമലഹൃദയ സന്യാസ സഭയിലെ അംഗങ്ങളുമായി സംയോജിക്കേണ്ട സമയമായിരുന്നു അതെന്നും പാപ്പാ വ്യക്തമാക്കി. രണ്ടു സഭകൾ ഒരുമിച്ച് ചേർന്ന് ഒരു സഭയായി നീങ്ങാൻ ഭയവും അസൂയകളും മറികടക്കേണ്ടത് തീർച്ചയായും ആവശ്യമായിരുന്നുവെന്നും രണ്ട് സമൂഹങ്ങളുടെയും സഹോദരങ്ങൾ ആ വെല്ലുവിളികൾ സ്വീകരിക്കുകയും കൈകോർക്കുകയും ചെയ്തുകൊണ്ട് ഒരു പുതിയ തുടക്കത്തിനായി അവർക്കുണ്ടായിരുന്നത് പങ്കുവയ്ക്കുകയും ചെയ്തത് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.
ഉത്ഭവത്തോടുള്ള വിശ്വസ്തത
175 വർഷത്തിലേറെ പഴക്കമുള്ള ഈ സമ്പന്നമായ ചരിത്രത്തിലൂടെ ആത്മാവിനോടുള്ള അവരുടെ ഉദാരവും ധൈര്യപൂർവ്വവുമായ വിധേയത്വത്തിന് ദൈവം പ്രതിഫലം നൽകുന്നതാണ് 5 ഭൂഖണ്ഡങ്ങളിലെ 60 രാജ്യങ്ങളിൽ അവരുടെ പ്രവർത്തനം പ്രശംസനീയമായി തുടരുന്നതും ഏകദേശം 2600 ൽ പരം സമർപ്പിതരുടേയും നിരവധി അൽമായരുടെയും പങ്കാളിത്തത്തിലൂടെ നമ്മൾ കാണുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
"ദരിദ്രരെ സുവിശേഷവൽക്കരിക്കുക, മറ്റാരും പോകാൻ ആഗ്രഹിക്കാത്തയിടങ്ങളിലെ ദൗത്യങ്ങൾ ഏറ്റെടുക്കുക, ഉപേക്ഷിക്കപ്പെട്ടവർക്കായുള്ള സേവനങ്ങളെ അനുകൂലിക്കുക, ജനങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുക, സമഗ്ര മാനവവികസനത്തിനായി പ്രാദേശിക പുരോഹിതന്മാരെയും അൽമായരേയും പരിശീലിപ്പിക്കുക, എല്ലാം സാഹോദര്യത്തിലും ജീവിത ലാളിത്യത്തിലും പ്രാർത്ഥനാ സ്ഥിരതയിലും " എന്ന അവരുടെ സഭയുടെ ഉൽഭവത്തിന്റെ ആത്മീയതയിൽ സഭാംഗങ്ങൾ വിശ്വസ്തരായിരുന്നതിലാണ് സഭ ഇപ്രകാരം വളർന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
തിരുസഭയ്ക്കകത്തും പുറത്തും അന്തർ സംസ്കാരത്തിന്റെയും ഉൾക്കൊള്ളലിന്റെയും വെല്ലുവിളികൾ സജീവവും അടിയന്തരവുമായ ഒരു ലോകത്ത് മറ്റുള്ള സംസ്കാരങ്ങളോടു തുറമുള്ളതും അവയെ ആദരിക്കുന്നതുമായ അവരുടെ സിദ്ധി പ്രത്യേകിച്ചും വിലപ്പെട്ടതാണ് എന്നും പരിശുദ്ധ പിതാവ് പറഞ്ഞു. സന്നിഹിതരായിരുന്ന എല്ലാവരെയും നോക്കി അവരുടെ ധൈര്യവും സ്വാതന്ത്ര്യവും കൈവിടരുതെന്നും മറിച്ച് അത് വളർത്തിയെടുക്കാനും പ്രേഷിത പ്രവർത്തനത്തിന്റെ സവിശേഷതയാക്കാനും അഭ്യർത്ഥിച്ചു കൊണ്ടാണ് പാപ്പാ അവരുമായുള്ള കൂടിക്കാഴ്ചയിലെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: