തിരയുക

മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെയും ജോർദ്ദാനിലെ. മതാന്തരപഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറെർഫെയ്ത്ത് സ്റ്റഡീസിൻറെയും പ്രതിനിധികളുമൊത്ത് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, 04/05/23 മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെയും ജോർദ്ദാനിലെ. മതാന്തരപഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറെർഫെയ്ത്ത് സ്റ്റഡീസിൻറെയും പ്രതിനിധികളുമൊത്ത് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, 04/05/23  (ANSA)

പാപ്പാ: സാഹോദര്യം, ജനതകൾ തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനം !

ഫ്രാൻസീസ് പാപ്പാ, മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗവും ജോർദ്ദാനിലെ. മതാന്തരപഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറെർഫെയ്ത്ത് സ്റ്റഡീസും (Royal Institute for Inter-Faith Studies )തമ്മിലുള്ള ആറാം സംഭാഷണത്തിൽ പങ്കെടുത്തവരെ വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സംഭാഷണം ഫലപ്രദമാകണമെങ്കിൽ അതിൻറെ ശൈലി ഐക്യത്തെയും ഭിന്നതകളെയും കുറിച്ചുള്ള അവബോധത്തോടുകൂടിയ ആത്മാർത്ഥതയും പരസ്പരാദാരവും അടങ്ങിയതായിരിക്കണമെന്ന് മാർപ്പാപ്പാ.

മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ വിഭാഗവും ജോർദ്ദാനിലെ. മതാന്തരപഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറെർഫെയ്ത്ത് സ്റ്റഡീസും (Royal Institute for Inter-Faith Studies )തമ്മിലുള്ള ആറാം സംഭാഷണത്തിൽ പങ്കെടുത്തവരെ വ്യാഴാഴ്‌ച (04/05/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള രചനാത്മക സാർവ്വജനീന തത്ത്വങ്ങൾ” എന്നതായിരുന്നു ഈ സംവാദത്തിൻറെ പ്രമേയം.

ജനതകൾ തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനം സാഹോദര്യ വികാരമാണ് എന്നതിനുള്ള സ്ഥിരീകരണമാണ് സമാഗമത്തിൻറെയും സൗഹൃദത്തിൻറെയും സുന്ദരവും ആയാസകരവുമായ പാത പിൻചെന്നിട്ടുള്ളവർ എന്നും നാമെല്ലാവരും നീണ്ട ഒരു ചങ്ങലയിലെ കണ്ണികളാണെന്നും പാപ്പാ പറഞ്ഞു.

ജോർദ്ദാനിലെ മാത്രമല്ല, മദ്ധ്യപൂർവ്വദേശത്തെ മുഴുവൻ ക്രൈസ്തവരുടെ കാര്യത്തിൽ, പ്രത്യേകിച്ച്, സംഘർഷങ്ങളുടെയും അതിക്രമങ്ങളുടെയും ഘട്ടത്തിൽ, ജോർദ്ദാൻറെ രാജാവ് അബ്ദുള്ള ദ്വിതീയൻ കാണിക്കുന്ന സവിശേഷ താല്പര്യത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

അറബ് ക്രൈസ്തവ പൈതൃകത്തിൻറെ സംരക്ഷണവും അഭിവൃദ്ധിപ്പെടുത്തലും മതാന്തരപഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറെർഫെയ്ത്ത് സ്റ്റഡീസിൻറെ മുഖ്യലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുവെന്നതും പാപ്പാ അനുസ്മരിച്ചു.

ഇക്കൊല്ലം ഫെബ്രുവരി 5,6 തീയതികളിൽ തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പദുരന്തത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ അവർക്കായി പ്രാർത്ഥിക്കാനും സാധ്യമായ സഹായം നല്കാനും എല്ലാവരെയും ക്ഷണിച്ചു. അവിടങ്ങളിലുള്ള മുസ്ലീങ്ങളും ക്രൈസ്തവരും നമ്മുടെ സഹോദരങ്ങളാണെന്ന് പാപ്പാ പറഞ്ഞു.  

ജോർദ്ദാനിലെ രാജകുമാരൻ എൽ ഹസ്സൻ ബിൻ തലാൽ 1994-ൽ അമ്മാനിൽ സ്ഥാപിച്ചതാണ് മതാന്തരപഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറെർഫെയ്ത്ത് സ്റ്റഡീസ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മേയ് 2023, 13:27