പാപ്പാ: കായികവിനോദത്തിൻറെ പ്രബോധന - രൂപീകരണപരങ്ങളായ മാനം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആക്രമണത്തിൻറെയും പ്രതിരോധത്തിൻറെയും ഉചിതമായ ബലതന്ത്രത്തിൽ നിന്നാണ് നല്ല കളി ഉണ്ടാകുന്നതെന്ന് പാപ്പാ.
ടെന്നീസ്, ടെന്നീസിന് സമാനമായ, പാഡെൽ എന്നി കളികളുടെ ആറാം അന്താരാഷ്ട്ര ദ്വിദിന ചർച്ചായോഗത്തിൽ പങ്കെടുക്കുന്ന ആറായിരത്തോളം പേരെ ശനിയാഴ്ച (06/05/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചവേളയിൽ ഫ്രാൻസീസ് പാപ്പാ ഇത്തരം കളികളുടെ പ്രബോധനപരവും രൂപീകരണാത്മകവുമായ മാനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
കായികവിനോദത്തിൽ ആക്രമണത്തിൻറെയും പ്രതിരോധത്തിൻറെയും ശരിയായ ചലനാത്മകത ഉള്ളതു പോലെതന്നെ സാഹസികതയും വിവേകവും തമ്മിൽ ശരിയായ രീതിയിൽ ബന്ധിപ്പിക്കേണ്ടതും ആവശ്യമാണെന്ന് പാപ്പാ വിശദീകരിച്ചു.
കായികവിനോദത്തിൽ സദാ ആക്രമണമൊ എല്ലായ്പോഴും സാഹസികതയൊ മാത്രം പോരാ പ്രതിരോധിക്കാനും അറഞ്ഞിരിക്കണമെന്നും അതിനു പരിശീലനം നല്കുന്ന വ്യക്തിക്ക് സാഹസികതയും വിവേകവും ഉചിതമായ അളവിൽ സംയോജിപ്പിക്കാനുള്ള പരിജ്ഞാനം ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാതാപിതാക്കളും പരിശീലകരും അപ്രതീക്ഷിതങ്ങളായവയെ ഒഴിവാക്കാൻ ശ്രമിക്കുകയും കുട്ടികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊടുക്കുകയും ചെയ്താൽ അത് അവരെ വളരാൻ സഹായിക്കലല്ല, അത് വിവേകമല്ല, മറിച്ച്, യാഥാർത്ഥ്യത്തോടുള്ള ഭയത്തിൻറെയും കുട്ടികളോടുള്ള സ്വാർത്ഥതയാർന്ന ഉടമസ്ഥതാഭാവത്തിൻറെയും ഒരു മിശ്രിതം ആണെന്നും അത് ഗുണം ചെയ്യില്ലെന്നും പാപ്പാ പറഞ്ഞു.
എന്നാൽ യഥാർത്ഥ വിവേകം നല്ല പ്രതിരോധം എന്ന പോലെ തന്നെ എല്ലായ്പോഴും ഭാവാത്മകം ആയിരിക്കുമെന്നും അതൊരിക്കലും നിഷേധാത്മകമായിരിക്കില്ലെന്നും, ആകയാൽ, പരിശീലനത്തിൽ വിവേകമെന്നത് സാഹചര്യങ്ങളെ കളിക്കാരൻറെ കഴിവുമായുള്ള ബന്ധത്തിൽ നന്നായി വിലയിരുത്താൻ അത്യന്താപേക്ഷിതമാണെന്നും പാപ്പാ വിശദീകരിച്ചു.
താല്പര്യം കൊണ്ടും ഉല്ലാസത്തിനും വേണ്ടി കായികവിനോദത്തിൽ ഏർപ്പെടുക എന്ന മാനം കവർന്നെടുക്കപ്പെടാൻ അനുവദിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ കായികവിനോദത്തിൽ മത്സരബുദ്ധി പ്രബലമായാൽ അത് സ്വാർത്ഥതയുടെ വിവിധ രൂപങ്ങൾക്ക് ജന്മമേകുകയും കായികവിനോദത്തെ നാശത്തിലേക്കു തള്ളിയിടുകയും ചെയ്യുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: