പാപ്പാ : യുവജനത്തെ സുവിശേഷപ്രഘോഷണത്തിന്റെ പാതയിലേക്ക് നയിക്കണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“പൗരോഹിത്യത്തിലേക്കും സന്യാസജീവിതത്തിലേക്കും, പ്രത്യേകിച്ച് അടിച്ചമർത്തപ്പെട്ട വിഭാഗത്തിലുള്ളവരെ തിരിച്ചറിയുകയും അവരുടെ ദൈവവിളി പരിപോഷിപ്പിക്കുകയും ചെയ്യുക" എന്ന സിദ്ധിയോടെ 1920-ൽ ഇറ്റലിയിലെ നേപ്പിൾസിൽ സ്ഥാപിതമായതാണ് Society of Divine Vocations. ഇപ്പോൾ ഇറ്റലി, ബ്രസീൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അർജന്റീന, നൈജീരിയ, ഫിലിപ്പൈൻസ്, ഇന്ത്യ, മദഗാസ്കർ, കൊളംബിയ, ഇക്വഡോർ, ഇന്തോനേഷ്യ, യുണൈറ്റഡ് കിംഗ്ഡം, ചിലി എന്നിവിടങ്ങളിൽ വ്യാപിച്ചിരിക്കുന്നു.
വിശുദ്ധ പോൾ ആറാമൻ ഹാളിൽ 2,000-ത്തോളം വരുന്ന സഭാംഗങ്ങളെ ഇന്ന് അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ വിശുദ്ധ ജസ്റ്റിന്റെ പൈതൃകത്തെ കുറിച്ചും പ്രത്യേകമായി പൗരോഹിത്യവും, സന്യസ്തപരമായ ദൈവവിളികൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെ കുറിച്ച് വിചിന്തനം ചെയ്യാനുള്ള അവസരമാണ് ഈ വാർഷികം പ്രദാനം ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു.
സഭയിൽ ദൈവവിളികൾ വർദ്ധിപ്പിക്കുകയും ശുശ്രൂഷകരായി സമർപ്പിത ജീവിതത്തിൽ ചേരാനും ആഗ്രഹിക്കുന്ന യുവജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1912ൽ ആരംഭിച്ച ഈ സമൂഹത്തിന്റെ മഹത്തായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ പ്രാർത്ഥന, പ്രഘോഷണം, പ്രേഷിതത്വം എന്നീ വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. നമ്മുടെ എല്ലാ കർമ്മങ്ങളുടെയും, അപ്പോസ്തോല പ്രവർത്തനങ്ങളുടെയും ഉറവിടം പ്രാർത്ഥനയായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. നമ്മുടെ പ്രാർത്ഥനകളിൽ ദൈവം നമ്മെ രൂപാന്തരപ്പെടുത്തുകയും പിതാവിന്റെ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നവരായി നമ്മെ മാറ്റുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
നമ്മുടെ ജീവിതത്തിൽ സന്തോഷത്തെ കണ്ടെത്തുന്ന യുവജനങ്ങൾ അത്തരം ഒരു ജീവിതത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന് പ്രാർത്ഥനയുടെ പ്രാധാന്യം നാമോരോരുത്തരും തിരിച്ചറിയണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. ദൈവസന്നിധ്യ ബോധ്യത്തിന് മങ്ങലേൽക്കുകയും വിശ്വാസം ദുർബലമാകുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങൾക്ക് തങ്ങളുടെ വഴിയെക്കുറിച്ചും ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചും ആശയകുഴപ്പമുള്ളതിനാൽ അവരെ സുവിശേഷവൽക്കരണത്തിന്റെ വഴിയിൽ നയിക്കേണ്ടതിന്റെ ആവശ്യകതയും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു.
വിശുദ്ധ ജസ്റ്റി൯ ആരംഭിച്ച ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന ഈ സഭയിലെ അംഗങ്ങളെ അദ്ദേഹത്തെപ്പോലെ ഒരു മിഷണറിയായി പ്രവർത്തിക്കാനും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും യുവജനങ്ങളുമായി സുവിശേഷത്തിന്റെ സന്തോഷം പങ്കിടാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: