തിരയുക

സെർബിയയിലെ  ബെൽഗ്രേഡിൽ, വെടിവെയ്പുണ്ടായ വ്ലദിസ്ലാവ് റിബ്നിക്കാർ പ്രാഥമിക വിദ്യാലയത്തിനു മുന്നിൽ മെഴുകുതിരികൾ തെളിക്കുന്ന ഒരു മഹിള. സെർബിയയിലെ ബെൽഗ്രേഡിൽ, വെടിവെയ്പുണ്ടായ വ്ലദിസ്ലാവ് റിബ്നിക്കാർ പ്രാഥമിക വിദ്യാലയത്തിനു മുന്നിൽ മെഴുകുതിരികൾ തെളിക്കുന്ന ഒരു മഹിള.   (AFP or licensors)

സെർബിയയിലെ വെടിവെയ്പുകളിൽ പാപ്പായുടെ ദുഃഖം!

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ, പാപ്പായുടെ നാമത്തിൽ, ബെൽഗ്രേഡ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലദ്സ്ലാവ് നേമെത്തിന് അനുശോചന സന്ദേശം അയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ സെർബിയയിൽ ഈ ദിവസങ്ങളിൽ അനേകരുടെ ജീവനപഹരിച്ച വെടിവെയ്പുകളിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തുന്നു.

അന്നാടിൻറെ തലസ്ഥാന നഗരിയായ ബെൽഗ്രേഡിലെ വ്ലദിസ്ലാവ് റിബ്നിക്കാർ പ്രാഥമിക വിദ്യാലയത്തിലും അവിടെ നിന്ന് 60 കിലോമീറ്റർ തെക്കുമാറിയുള്ള മ്ലദെനാവാച്ച് എന്ന സ്ഥലത്തും ഉണ്ടായ വെടിവെയ്പുകളിൽ ഫ്രാൻസീസ് പാപ്പാ വേദനിക്കുകയും ബുദ്ധിശൂന്യമായ ഈ അക്രമപ്രവർത്തനങ്ങൾ മൂലം യാതനകൾ അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് വെള്ളിയാഴ്ച (05/05/23) വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ ബെൽഗ്രേഡ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലദ്സ്ലാവ് നേമെത്തിനയച്ച അനുശോചന സന്ദേശത്തിൽ അറിയിക്കുന്നു.

ഈ വെടിവയ്പുകളിൽ ജീവൻ പൊലിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെയോർത്ത് കേഴുന്നവരുടെ വേദനയിൽ പാപ്പാ ആത്മീയിമായി പങ്കുചേരുകയും മരണമടഞ്ഞവരുടെ ആത്മാവിനെ ഉത്ഥിതനായ കർത്താവിൻറെ സ്നേഹാശ്ലേഷത്തിന് സമർപ്പിക്കുകയും ചെയ്യുന്നുവെന്ന് കർദ്ദിനാൾ പരോളിൻ സന്ദേശത്തിൽ പറയുന്നു.  മരണമടഞ്ഞവരെയും പരിക്കേറ്റവരെയും ഓർത്തു വിലപിക്കുന്ന കുടുംബങ്ങൾക്ക് സമാശ്വാസം ലഭിക്കുന്നതിനും അവരുടെ വിശ്വാസത്തിൽ അവർ താങ്ങിനിറുത്തപ്പെടുന്നതിനും പാപ്പാ പരിശുദ്ധാത്മാവിൻറെ സാന്ത്വനവും ശക്തിയും യാചിക്കുകയും ചെയ്യുന്നു.

മൂന്നാം തീയതി ബുധനാഴ്ച (03/05/23) ബെൽഗ്രേഡിലെ വിദ്യാലയത്തിലാണ് ആദ്യ വെടിവെയ്പു നടന്നത്. പതുമൂന്നുകാരൻ നടത്തിയ ഈ ആക്രമണത്തിൽ 8 വിദ്യാർത്ഥികളും വിദ്യാലയത്തിലെ കാവൽക്കാരനും മരണമടഞ്ഞു. അടുത്ത ദിവസം, നാലാം തീയതി വ്യാഴാഴ്ച ഒരു ഇരുപത്തിരണ്ടുകാരൻ മ്ലദെനൊവാച്ചിൽ നടത്തിയ വെടിവെയ്പിൽ കൊല്ലപ്പെട്ടത് 8 പേരാണ്. 14 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. രണ്ട് ആക്രമണങ്ങളിലുമായി മൊത്തം 17 പേർ മരിച്ചു. ബുധനാഴ്ചത്തെ വെടിവെയ്പിനെ തുടർന്ന് മൂന്നുദിവസത്തെ ദുഃഖാചരണം നടക്കുന്നതിനെടെയാണ് രണ്ടാമത്തെ വെടിവെയ്പുണ്ടായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2023, 09:30