ലോകത്ത് നീതിയുടെയും സമാധാനത്തിന്റെയും നദിയൊഴുകട്ടെ: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2023 സെപ്റ്റംബർ ഒന്നിന് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാദിനം ആചരിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട് മെയ് 25 വ്യാഴാഴ്ച നൽകിയ സന്ദേശത്തിൽ ലോകത്ത് നീതിയും സമാധാനവും കൂടുതലായി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഫ്രാൻസിസ് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
"സൃഷ്ടിയുടെ എക്യൂമെനിക്കൽ സമയത്തിന്റെ" ഈ വർഷത്തെ പ്രമേയമായ "നീതിയും സമാധാനവും ഒഴുകട്ടെ" എന്ന ആമോസ് പ്രവാചകന്റെ പുസ്തകത്തെ ആധാരമാക്കിയ ചിന്ത, സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനത്തിലേക്ക് നൽകിയ തന്റെ സന്ദേശത്തിലും പാപ്പാ ആവർത്തിച്ചു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മക്കൾ എന്ന നിലയിൽ, നീതി എല്ലായിടത്തും വാഴണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
2022 ജൂലൈയിൽ കാനഡയിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയെ പരാമർശിച്ചുകൊണ്ട്, ആൽബെർട്ടാ സംസ്ഥാനത്ത്, വിശുദ്ധ അന്നയുടെ പേരിലുള്ള തടാകക്കരയിൽ അവിടെയുള്ള ആദിമസമൂഹം സമാധാനം തേടി എത്തുന്നതിനെക്കുറിച്ച് ഓർമ്മിപ്പിച്ച പാപ്പാ, ഒരു അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയങ്ങൾ ചേർച്ചയോടെ സ്പന്ദിക്കുന്നതുപോലെ, പ്രകൃതിയുടെയും സൃഷ്ടലോകത്തിന്റെയും മാനവരാശിയുടെയും ഹൃദയങ്ങൾ നീതിയിലും സമാധാനത്തിലും ഒരേ തലത്തിൽ സ്പന്ദിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പാപ്പാ പറഞ്ഞു. പ്രകൃതിയിലെ കുടിവെള്ളം ഉൾപ്പെടെയുള്ള വിഭവങ്ങൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെയും പാപ്പാ തന്റെ സന്ദേശത്തിൽ ശക്തമായി അപലപിച്ചു.
മനുഷ്യർ തങ്ങളുടെ ഹൃദയവും, ജീവിതരീതികളും, പൊതുരാഷ്ട്രീയചിന്തയും മെച്ചപ്പെടുത്തുന്നതുവഴിയേ നല്ല ഒരു നാളെയെ നമുക്ക് ഉറപ്പാക്കാൻ കഴിയൂ എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പാരിസ്ഥിതിക അനുകൂലമായ ഒരു മാറ്റമാണ് നമ്മുടെ ഹൃദയത്തിന് ഉണ്ടാകേണ്ടത്. സൃഷ്ടലോകം ചൂഷണം ചെയ്യപ്പെടാനുള്ള ഒന്നല്ല, സൃഷ്ടാവിന്റെ ദാനമാണ് എന്ന് മനസ്സിലാക്കേണ്ടതിന്റെ ആവശ്യമുണ്ട്. നമ്മുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, നാം ഇത്രയും നാൾ പരിസ്ഥിതിവ്യവസ്ഥയ്‌ക്കെതിരെ ചെയ്ത തെറ്റുകളെക്കുറിച്ച് മനസ്താപിക്കാനും, ദൈവത്തിന്റെ സഹായത്താൽ മാലിന്യത്തോത് കുറച്ചും, അനാവശ്യ ഉപഭോഗം കുറച്ചും നമ്മുടെ സഹോദരീസഹോദരങ്ങൾക്ക് മെച്ചപ്പെട്ട ഒരു ലോകം സമ്മാനിക്കാനാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുറച്ചു പേർക്ക് മാത്രമായി പ്രകൃതിവിഭവങ്ങളും ധനവും മോശമായ രീതിയിൽ സമാഹരിക്കാൻ സാധിക്കുന്നത് അനുവദിക്കുന്ന ഒരു പൊതുരാഷ്ട്രീയചിന്ത മാറ്റേണ്ടതുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു.
വിവിധ അരുവികൾ ഒരുമിച്ചുചേരുന്ന ഒരു തടം പോലെയുള്ള സഭ, തന്റെ സിനഡൽ യാത്രയിൽ ഈയൊരു പാരിസ്ഥിതിക ചിന്ത ഉള്ളിൽ വയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ പൊതുഭവനമായ ഭൂമിയിൽ ജീവൻ സമൃദ്ധമാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട പാപ്പാ,, ഭൂമിയുടെ മുഖം നവീകരിക്കാനായി പരിശുദ്ധാത്മാവ് ഇനിയും പ്രവർത്തിക്കട്ടെ എന്ന് ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: