തിരയുക

സ്ലോവേനിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് നത്താഷാ പിർക് മസാറുമായി വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ. സ്ലോവേനിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് നത്താഷാ പിർക് മസാറുമായി വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയപ്പോൾ.  (Vatican Media)

പാപ്പാ: ഫ്രാൻസിസ് പാപ്പായും സ്ലോവേനിയൻ പ്രസിഡണ്ടും കൂടിക്കാഴ്ച നടത്തി

സ്ലോവേനിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡണ്ട് നത്താഷാ പിർക് മസാറുമായി വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. സന്ദർശന അവസരത്തിൽ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, യുക്രെയ്ൻ യുദ്ധം, പടിഞ്ഞാറൻ ബാൽക്കനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയും ചർച്ച വിഷയമായി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ വച്ച് സ്ലോവേനിയ റിപ്പബ്ളിക്കിന്റെ പ്രസിഡണ്ട് ശ്രീമതി നത്താഷാ പിർക് മുസാറുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിഭാഗമിറക്കിയ പത്രക്കുറിപ്പിൽ ചർച്ചകൾ ഹൃദയംഗമമായിരുന്നെന്നും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെയും സമൂഹത്തിന്  കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളെ  വിലമതിക്കുകയും ചെയ്തുവെന്ന് അറിയിച്ചു. അവരുടെ സംഭാഷണത്തിൽ വിവിധ അന്തർദേശിയ വിഷയങ്ങളും കടന്നു വന്നു. യുക്രെയ്ൻ യുദ്ധവും അതിന്റെ ആഗോളതല പ്രതിഫലനങ്ങളും, പടിഞ്ഞാറൻ ബൽക്കാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രദേശം യൂറോപ്പിലേക്ക് ചേരുന്നതിന്റെ ഭാവി ലക്ഷ്യങ്ങളും ചർച്ചയുടെ ഭാഗമായി എന്നും മാധ്യമക്കുറിപ്പ് വിവരിക്കുന്നു.

സമ്മാനങ്ങൾ കൈമാറി

ഇത്തരം സന്ദർശനങ്ങളിലെ പതിവു രീതിയനുസരിച്ച് ഫ്രാൻസിസ് പാപ്പായും പ്രസിഡണ്ടും പരസ്പരം സമ്മാനങ്ങളും കൈമാറി. ഒരു കുഞ്ഞ് മറ്റൊരു കുഞ്ഞിനെ എഴുന്നേൽക്കാൻ സഹായിക്കുന്ന ചിത്രം  ആലേഖനം ചെയ്ത് അതിൽ "Loving to help" എഴുതി ചേർത്ത  വെങ്കലത്തിൽ തീർത്ത "Social Love" എന്ന ശിൽപമാണ് പാപ്പാ പ്രസിഡണ്ടിന് നൽകിയത്. കൂടാതെ 2023 ലെ സമാധാനത്തിനായുള്ള സന്ദേശം, 2019 ൽ അബുദാബിയിൽ ഒപ്പുവച്ച മാനുഷിക സാഹോദര്യത്തിന്റെ പ്രമാണവും, കോവിഡിന്റെ കാലത്ത് മാർച്ച് 27, 2020ൽ Status Orbis നെക്കുറിച്ചുള്ള ഗ്രന്ഥവും പാപ്പാ സമ്മാനിച്ചു. സ്ലോവേനിയൻ പ്രസിഡണ്ട് സ്ലോവേനിയൻ തേനിൽ നിന്നുണ്ടാക്കിയ ഭക്ഷണ പദാർത്ഥങ്ങളും, സ്ലോവേനിയൻ തേനീച്ച കൂടിന്റെ ആന്റൺ ജാൻസയുടെ മാതൃകയും സമ്മാനിച്ചു. പാപ്പായെ സന്ദർശിച്ച ശേഷം വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ്  പോൾ റിച്ചാർഡ് ഗാല്ലഗരുമായും പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മേയ് 2023, 14:40