തിരയുക

കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ  (ANSA)

സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുക, യേശുവിന്റെ മുഖം കാട്ടിത്തരുക: കലാകാരന്മാരോട് ഫ്രാൻസിസ് പാപ്പാ

കലയും സാഹിത്യവും മനുഷ്യർക്ക് സ്വപ്നം കാണാനും ജീവിതയാഥാർഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കണമെന്ന്, "ല ചിവിൽത്ത കത്തോലിക്ക" എന്ന പ്രസിദ്ധീകരണവും ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സമ്മേനത്തിൽ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

“കാവ്യഭാവനയും കത്തോലിക്കാവിശ്വാസത്തിന്റെ പ്രചോദനവും” എന്ന വിഷയത്തെ ആധാരമാക്കി, ഇറ്റലിയിലെതന്നെ പുരാതനമായ സാംസ്‌കാരിക മാസിക "ല ചിവിൽത്ത കത്തോലിക്ക"-യും, അമേരിക്കയിലെ ജോർജ്‌ടൗൺ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയും ചേർന്ന് ഇറ്റലിയിൽ വച്ച് നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ച ആളുകളെ വത്തിക്കാനിൽ സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ, കലാ, സാഹിത്യങ്ങൾക്ക് മാനവികതയിൽ ഏറെ സ്ഥാനമുണ്ടെന്നും, മനുഷ്യരെ സ്വപ്നം കാണാനും, അവരുടെ ജീവിതത്തിലെ ആശങ്കകൾ കലാത്മകമായി പങ്കുവയ്ക്കാനും, ലോകത്തിൽ ദൈവത്തിന്റെ സന്ദേശം മറ്റുള്ളവർക്ക് മനസ്സിലാക്കാനും സഹായിക്കാനാകുമെന്ന് ഉദ്‌ബോധിപ്പിച്ചു. മെയ് 27 ശനിയാഴ്ചയാണ് മേൽപ്പറഞ്ഞ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചത്.

കലയ്ക്കും സാഹിത്യത്തിനും തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ പാപ്പാ, തന്നെത്തന്നെയും മറ്റുളളവരെയും മനസിലാക്കാനും, മനുഷ്യമനസ്സിനെയും വിശ്വാസത്തെയും ആഴത്തിൽ അറിയാനും, അജപാലനപ്രവർത്തനത്തും, താൻ ഇപ്പോഴായിരിക്കുന്ന സേവനരംഗത്തും സഹായിക്കാനും സാധിക്കുന്നുണ്ടെന്ന് വിശദീകരിച്ചു.

കലാ സാഹിത്യരംഗങ്ങളിലുള്ളവർ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി, കണ്ണുകൾകൊണ്ട് കാണുക എന്നതിനൊപ്പം, സ്വപ്നം കാണാനും, സ്വപ്നം കാണാൻ സഹായിക്കാനും സാധിക്കുന്നവരാണെന്ന് പാപ്പാ പറഞ്ഞു. ലോകം ആയിരിക്കുന്ന അവസ്ഥയെ വർണ്ണിക്കുന്നതിനൊപ്പം, വ്യത്യസ്തമായ ഒരു രീതിയിൽ പ്രവാചകദൗത്യത്തോടെ അവയെക്കുറിച്ച് പറയാനും മനസിലാക്കിത്തരാനും സാഹിത്യരംഗത്തുള്ളവർക്ക് സാധിക്കുന്നു. ലോകത്തിന്റേതായ ശബ്ദങ്ങൾക്കിടയിൽ ദൈവത്തിന്റെ സ്വരം തിരിച്ചറിയാനും സാഹിത്യ, കലാ രംഗങ്ങളിലുള്ളവർക്ക് സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യരുടെ ആശങ്കകളുടെ സ്വരമായി മാറാൻ കലയുടെ രംഗത്തുള്ളവർക്ക് സാധിക്കുമെന്ന് അഭിപ്രായപ്പെട്ട പാപ്പാ, കലാ, സാഹിത്യ ചിന്തകൾ ആശ്വാസമേകുന്നതിനൊപ്പം ആശങ്കകൾ പങ്കുവയ്ക്കുന്നതിനുകൂടിയുള്ളതാണെന്ന് പറഞ്ഞു. കലയ്ക്കും സാഹിത്യത്തിനും, യുദ്ധം, സാമൂഹ്യപ്രതിസന്ധികൾ, മനുഷ്യരുടെ സ്വാർത്ഥത തുടങ്ങി,  ഇന്നലകളിലെയും ഇന്നിന്റേയും യാഥാർഥ്യങ്ങളെക്കുറിച്ച് വിശദീകരിക്കുവാനാകും. പരിധികൾക്കപ്പുറത്തേക്ക് കടക്കാനും, ക്രിയാത്മകതയുള്ളവരാകാനും, പ്രശ്നങ്ങളെ മെരുക്കി എടുക്കുന്നതിന് പകരം, അവയെ സമൂഹമധ്യത്തിൽ ഉയർത്തിക്കാട്ടുന്നവരാകാനും കാവ്യഭാവനയ്ക്ക് സാധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മാനവികത ജീവിക്കുന്ന നന്മതിന്മകളും സന്തോഷാദുഖഃങ്ങളും മനോഹരമായി അവതരിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ ദൈവത്തെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാൻ സഹായിക്കാൻ കലയ്ക്ക് സാധിക്കുമെന്നും, ഈയൊരർത്ഥത്തിൽ ഇതൊരു സുവിശേഷപ്രവർത്തനമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മനുഷ്യരുടെ ഭാവാത്മകതയ്ക്ക് ജീവനും ഊർജ്ജവും പകരുന്നവരായിരിക്കാൻ കലാ-സാഹിത്യ കാരന്മാരെ പാപ്പാ ആഹ്വാനം ചെയ്‌തു. ആധ്യാത്മിക വിചിന്തന ലോകത്ത്, പ്രത്യേകിച്ച് യേശുവിനെക്കുറിച്ച് കൂടുതൽ ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ സാഹിത്യത്തിനും കലയ്ക്കും പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യേശുവിന്റെ മുഖം മറച്ചുകളയാൻ ശ്രമിക്കുന്ന ഒരു ലോകത്ത്, മനുഷ്യരുടെ ചിന്തകളെ ശുദ്ധമാക്കാനും, നമുക്ക് മനസ്സിലാക്കാവുന്നതിനപ്പുറം വലിയ ഒരു യാഥാർഥ്യമായ ആ ദൈവീകരഹസ്യത്തെ വിശദീകരിക്കുന്നതിനേക്കാൾ, സ്പർശിക്കാനും, അവന്റെ സാമീപ്യം അനുഭവിച്ചറിയാനും സഹായിക്കാൻ കത്തോലിക്കാ ചിന്തകൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ആഗോള സഹോദര്യത്തിലേക്കും സൗന്ദര്യത്തിലേക്കും ഏവരെയും നയിക്കുന്നത് തുടരുവാൻ കലാസാഹിത്യരംഗത്തുള്ളവരെ പാപ്പാ ആഹ്വാനം ചെയ്‌തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2023, 16:37