തിരയുക

ഫ്രാൻസിസ് പാപ്പാ "ടെലെമൂന്തോ"യ്ക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിൽനിന്ന് ഫ്രാൻസിസ് പാപ്പാ "ടെലെമൂന്തോ"യ്ക്ക് അനുവദിച്ച അഭിമുഖസംഭാഷണത്തിൽനിന്ന് 

റഷ്യ - ഉക്രൈൻ പരസ്പര സംവാദങ്ങളിലൂടെയേ സമാധാനത്തിലേക്കെത്താനാകൂ: ഫ്രാൻസിസ് പാപ്പാ

അമേരിക്കൻ ടെലിവിഷൻ ചാനൽ "ടെലെമൂന്തോ"യ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ, സമാധാനം, കുടിയേറ്റം, അബോർഷൻ, ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. അജഗണങ്ങളുടെ പ്രാർത്ഥനകൾ ഒരു ഇടയന്റെ പടച്ചട്ടയായതിനാലാണ് ഏവരോടും പ്രാർത്ഥനകൾ ആവശ്യപ്പെടുന്നതെന്നും പാപ്പാ വിശദീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു വർഷത്തിലേറെയായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പരസ്പരം നേരിട്ടോ, മറ്റുള്ളവരിലൂടെയോ സംവാദങ്ങളിലൂടെയെ നിലവിലെ യുദ്ധത്തിന് അറുതി വരൂ എന്നും, യൂറോപ്പിന്റെ കിഴക്കൻ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും ഫ്രാൻസിസ് പാപ്പാ. അമേരിക്കൻ സ്പാനിഷ് ടെലിവിഷൻ ചാനൽ "ടെലെമൂന്തോ"യ്ക്ക് മെയ് 25-ന് അനുവദിച്ച ഇന്റർവ്യൂവിലാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഫ്രാൻസിസ് പാപ്പാ പരസ്പരസംവാദത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ചത്. റോമിലെ അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന യൂണിവേഴ്സിറ്റിയിൽ, ലാറ്റിനമേരിക്കൻ, യൂറോപ്യൻ മേയർമാർ തമ്മിലുള്ള ഒരു സമ്മേളനവുമായി ബന്ധപ്പെട്ട എത്തിയ പാപ്പാ, ടെലെമൂന്തോയുടെ പ്രവർത്തകൻ ഹൂലിയോ വാക്കെയ്‌റോയ്ക്കാണ് ഇന്റർവ്യൂ അനുവദിച്ചത്. റഷ്യയിലേക്ക് കൊണ്ടുപോകപ്പെട്ട ഉക്രൈൻ കുട്ടികളെക്കുറിച്ച് ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി ആകുലനാണെന്ന് പാപ്പാ പറഞ്ഞു.

കുടിയേറ്റം സംബന്ധിച്ച് സംസാരിക്കവെ, ആവശ്യങ്ങളുടെ മുന്നിലാണ് അവർ ഗൗരവതരമായ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആളുകൾ കുടിയിറങ്ങുന്ന രാജ്യങ്ങളിൽ പുരോഗതിയും, സുസ്ഥിതിയും വളർത്തിക്കൊണ്ടുവരുന്ന നയങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. സ്വദേശം വിട്ടുപോകുന്നത് സന്തോഷകരമായ ഒരു അനുഭവമല്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഗർഭധാരണവുമായി ബന്ധപ്പെട്ട പഠനങ്ങളെ അധികരിച്ച്, അമ്മയുടെ ഉദരത്തിൽ ഒരു മാസമായ ഭ്രൂണം ജീവനുള്ള ഒന്നാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഒരു പ്രശ്നത്തിന്റെ പേരിൽ ഒരു ജീവനെ ഇല്ലാതാക്കുന്നത് ന്യായീകരിക്കാനാകുമോ എന്നും, ഒരു പ്രശ്നപരിഹാരത്തിനായി വാടകക്കൊലയാളിക്ക് ഉത്തരവാദിത്വം നല്കാമോയെന്നും ചോദ്യമുയർത്തി.

പൗരോഹിത്യ ബ്രഹ്മചര്യവും കുട്ടികളുടെ ദുരുപയോഗവും സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകവെ, സ്ഥിതിവിവരക്കണക്കുകൾ നിരത്തി, 30-ലധികം ശതമാനത്തോളം ചൂഷണങ്ങൾ അരങ്ങേറുന്നത് സ്വഭവനങ്ങളിലും സ്വന്തക്കാരിലും ആണെന്ന് വ്യക്തമാക്കുകയും, ബ്രഹ്മചര്യവും ബാലപീഡനങ്ങളും തമ്മിൽ ബന്ധമില്ലെന്ന് വിശദീകരിക്കുകയും ചെയ്തു.

തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട്, കഴിഞ്ഞ മാർച്ചിൽ ശ്വാസകോശസംബന്ധമായ പ്രശ്നം മൂലം ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതും, തക്കസമയത്ത് എത്തിയത് മൂലം കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗവിമുക്തനാകാൻ സാധിച്ചതും വിശദീകരിച്ചു. വിശ്വാസികളുടെ പ്രാർത്ഥനകൾ അത്ഭുതങ്ങൾ സാധ്യമാക്കുന്നവയാണെന്ന് പറഞ്ഞ പാപ്പാ, ഏതൊരു ഇടയനെ സംബന്ധിച്ചും തന്റെ അജഗണങ്ങളുടെ പ്രാർത്ഥനകൾ ഒരു പടച്ചട്ടയാണെന്നും, സംരക്ഷണമാണെന്നും വ്യക്തമാക്കി. ഈയൊരു ബോധ്യം ഉള്ളതുകൊണ്ടാണ് താൻ ഏവരോടും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2023, 16:43