തിരയുക

പാപ്പാ കുട്ടികൾക്കൊപ്പം. പാപ്പാ കുട്ടികൾക്കൊപ്പം.  (ANSA)

ക്രിസ്തു ജീവിക്കുന്നു” : പഴയ തലമുറയുടെ കഥകൾ പുതിയ തലമുറ കേൾക്കണം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 195ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

195. അതുകൊണ്ട് മുതിർന്നവർ തങ്ങളുടെ നീണ്ട കഥകൾ പറയുന്നത് നല്ല കാര്യമാണ്. അവ ചിലപ്പോൾ ഐതിഹാസികമോ സാങ്കൽപീകമോ ആയിരിക്കാം.  അവ പഴയ മനുഷ്യരുടെ സ്വപ്നങ്ങളാണ്. എന്നാലും അവയിൽ മിക്കപ്പോഴും സമ്പന്നമായ അനുഭവങ്ങളും വാഗ്മിത്വമുള്ള സിംബലുകളും, നിഗൂഢ സന്ദേശങ്ങളും ഉണ്ടായിരിക്കും. ഈ കഥകൾ പറയാൻ ഏറെ സമയം വേണ്ടിവരും.  നാം ക്ഷമാപൂർവ്വം അവ കേൾക്കാൻ തയ്യാറാവണം. അവ സാമൂഹിക സമ്പർക്ക മാധ്യമങ്ങളിൽ നാം കേൾക്കാനുള്ളവയെക്കാൾ വളരെ നീണ്ടവയായിരിക്കുമെങ്കിലും അവയെ കിനിഞ്ഞിറങ്ങാൻ അനുവദിക്കുക. നാം ഒരു കാര്യം തിരിച്ചറിയണം അതായത്, ജീവിതത്തിന് ആവശ്യമായ  ജ്ഞാനം ഇന്നത്തെ നമ്മുടെ സമ്പർക്ക മാധ്യമങ്ങളുടെ വിഭവങ്ങൾക്കെല്ലാം അപ്പുറത്താണ്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ഇന്ന് കഥകൾ കേട്ടിരിക്കുന്നതിനേക്കാൾ കഥകൾ കണ്ടിരിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പണ്ടൊക്കെ അമ്മയുടെ താരാട്ട് പോലെയായിരുന്നു അപ്പൂപ്പൻ അമ്മുമ്മമാരുടെ കഥ പറച്ചിലും. അപ്പൂപ്പന്റെയും അമ്മുമ്മയുടെയും ചുളുങ്ങിയ കൈകളിൽ മുറുകെ പിടിച്ച് ഒരുപാട് തവണ തങ്ങളുടെ മക്കളെയിരുത്തിയ അതേ മടിയിൽ  ഇരുത്തി കഥ പറഞ്ഞു കൊടുക്കുന്ന അപ്പൂപ്പൻ അമ്മുമ്മമാരുടെ ചാരത്തായിരുന്നു  ഒരു കാലത്ത് പേരക്കുട്ടികൾ. അവർ പറഞ്ഞു തരുന്ന കഥകളിൽ സന്ദേശങ്ങളുണ്ടാകും. അറിവുണ്ടാകും. ആ മടിയിൽ കഥ കേട്ട് നാമൊക്കെ എത്ര ശാന്തമായി ഉറങ്ങിയിരിക്കുന്നു. ഇപ്പോൾ ഈ അനുഭവം എന്തെന്ന് പോലുമറിയാതെ കടന്നു പോകുന്ന ബാല്യ, കൗമാര, യൗവനകാലത്തെ കുറിച്ചു പരിതപിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാൻ കഴിയില്ല.

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ മനോഹരമായി പങ്കുവയ്ക്കുകയാണ്, "മുതിർന്നവർ തങ്ങളുടെ നീണ്ട കഥകൾ പറയുന്നത് നല്ല കാര്യമാണ്. അവർ ചിലപ്പോൾ ഐതിഹാസികമോ സാങ്കൽപീകമോ ആയിരിക്കാം. അവ പഴയ മനുഷ്യരുടെ സ്വപ്നങ്ങളാണ്. എന്നാലും അവയിൽ മിക്കപ്പോഴും സമ്പന്നമായ അനുഭവങ്ങളും വാഗ്മിത്വമുള്ള സിംബലുകളും, നിഗൂഢ സന്ദേശങ്ങളും ഉണ്ടായിരിക്കും. ഈ കഥകൾ പറയാൻ ഏറെ സമയം വേണ്ടിവരും.  നാം ക്ഷമാപൂർവ്വം അവ കേൾക്കാൻ തയ്യാറാവണം"എന്ന്.

മുത്തശ്ശി മുത്തച്ഛന്മാരാണ് പൊതുവെ പ്രധാന കഥാകൃത്തുക്കൾ. പഴയ കഥകളിലൂടെ മൂല്ല്യങ്ങളും വിജ്ഞാനവും പകർന്ന് തരുന്ന അവർ വ്യത്യസ്തമായ ഒരു കാലഘട്ടത്തിന്റെ സൂചികകളാണ്.  സ്വയം ആരാണെന്നും, എവിടെയാണെന്നും അറിയാൻ കുട്ടികൾക്ക് ഈ കഥകൾ ആവശ്യമാണ്. സ്വയം കഥകളിലെ കഥാപാത്രങ്ങളായും നമ്മെ കഥാപാത്രങ്ങളാക്കിയും നമുക്ക് നമ്മെ തന്നെ ആരെന്ന് മനസ്സിലാക്കാനും, നാം ആരായി തീരണം എന്ന് സ്വപ്നം കാണാനും നമ്മെ സഹായിക്കുന്ന നമ്മുടെ മുത്തശ്ശീ -മുത്തച്ഛന്മാർ നാം അറിയേണ്ടവ അറിയാൻ നാം അറിയാതെ നമ്മെ സഹായിക്കുന്ന വിദഗ്ദ്ധ പണ്ഡിതരാണ്.

കുടുംബമെന്ന നിലയിൽ, മുത്തശ്ശി മുത്തച്ഛന്മാർ നിരുപാധികമായ സ്നേഹവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അവർ അവരുടെ ജീവിതത്തെക്കുറിച്ചുള്ള കഥകൾ വിവരിക്കുമ്പോൾ, കുട്ടികളെ മറ്റ് ബന്ധുക്കളുമായി ബന്ധിപ്പിക്കുകയും അവർക്ക് ഒരു ബന്ധുബോധം പകർന്നു നൽകുകയും ചെയ്യുന്നു. അങ്ങനെ കുട്ടികളും കുടുംബ ചരിത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി തരുന്നു. തീർച്ചയായും കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ഭൂതകാലത്തിൽ നിന്ന്  നന്മയും ധർമ്മവും പഠിക്കുന്നതിൽ ആവേശഭരിതരാണ്. അത് കൊണ്ടാണ് കുടുംബ കഥകൾ നഷ്ടപ്പെടാൻ പാടില്ല എന്ന് പറയുന്നത്. അവ നമ്മൾ ആരാണെന്ന് മനസ്സിലാക്കാനും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പാഠങ്ങൾ കൈമാറാൻ സഹായിക്കുന്നതുമാണ്.

എല്ലാം താൽക്കാലികമായ ഈ ലോകത്ത്, പക്ഷേ കഥകൾ തലമുറകളോളം നിലനിൽക്കും. മുത്തശ്ശി മുത്തച്ഛന്മാർ കുട്ടികളുമായി പങ്കു വയ്ക്കുന്ന കഥകളും അങ്ങനെ തന്നെയാണ്.  അവയിൽ കുടുംബ സാംസ്കാരിക പാരമ്പര്യങ്ങൾ പങ്കുവെച്ചു കൊണ്ട് അവർ നേരിട്ട്  കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കളുടെ സമയ സ്നേഹ പരിമിതികളും പാഠങ്ങളും നികത്തുന്നതിൽ മുത്തശ്ശി മുത്തച്ഛന്മാർക്ക് അതുല്യമായ ഒരു സ്ഥാനമുണ്ട്.  അവർ കുട്ടികളെ കേൾക്കുകയും കണ്ണുനീർ തുടയ്ക്കുകയും അവരെ അവരുടെ മുത്തശ്ശീ മുത്തച്ഛന്മാർ മനസ്സിലാക്കുന്നുവെന്ന് അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.

മാതാപിതാക്കളുടെ നിരാശയുടെയോ പരിഭ്രാന്തിയുടെയോ നിമിഷങ്ങളിൽ മുത്തശ്ശി മുത്തച്ഛന്മാരുടെ  ജീവിതാനുഭവവും ജ്ഞാനവും അതിൽനിന്നു വരുന്ന ശാന്തതയും പ്രത്യേകിച്ചും പേരക്കുട്ടികൾക്ക് ഏറെ സഹായകരമാണ്. പല മുത്തശ്ശി മുത്തച്ഛന്മാരും അവരുടെ പേരക്കുട്ടികളുടെ വളർച്ചയിലും പരിപോഷണത്തിനും സഹായിക്കുന്നവരാണ്. വെല്ലുവിളികളെ അഭിമുഖികരിക്കാനും വിവിധ തരങ്ങളായ വിചിന്തിനങ്ങളിലൂടെ അവരുടെ ഉള്ളിൽ ഗുണപാഠങ്ങൾ നിറക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

ഇന്നത്തെ തിരക്കേറിയ, ആധുനിക, സാങ്കേതിക ലോകത്തിൽ മുതിർന്ന തലമുറയുടെ കഥകളും പഴങ്കഥകളും കേട്ടിരിക്കാനും അവരുമായി കൂട്ടുകൂടാനും പുതിയ തലമുറയ്ക്ക് കഴിയാതെ പോകുന്നു എന്ന യാഥാർത്ഥ്യം ഒരു വലിയ കുറവു തന്നെയാണ്. മാതാപിതാക്കൾ മക്കൾക്ക് കൈമാറിയ പുരോഗമന ചിന്തകളിലും ആധുനിക സാങ്കേതീകോപകരണങ്ങളിലും നന്മയുണ്ട് എങ്കിലും അവയിലൂടെ അവർ ചെന്നെത്തുന്ന ഇന്നത്തെ നവ മാധ്യമങ്ങൾ പകരുന്ന പാഠങ്ങൾ മുതിർന്നവരുടെ അനുഭവസമ്പത്തിൽ നിന്നും ഒത്തിരി വിദൂരത്തു തന്നെയാണ് എന്നതാണ് സത്യം.

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒരുപാട് കഥകൾ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ട്രോളുകളായും, റീലുകളായും, വ്ലോഗുകളായും ഒക്കെ  കുടുംബ ജീവിതത്തിൽ നടക്കുന്ന സന്തോഷവും സങ്കടവും ഒന്നോ രണ്ടോ മിനിറ്റുകളുടെ ദൈർഘ്യത്തിൽ മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കപ്പെടുന്നുണ്ട്. റീലുകൾ ഒക്കെ അയച്ചുകൊടുക്കാനും, അവ കാണാനും സമയം നമുക്കുണ്ട്. പക്ഷേ നമ്മുടെ സ്വന്തം വീടുകളിൽ  നമ്മോടു കഥ പറയാനും, നമ്മെ സ്നേഹിക്കാനും, സന്തോഷങ്ങളും, സങ്കടങ്ങളും പങ്കിടാനും അഭിനയിക്കാതെ തന്നെ ആത്മാർത്ഥമായി ജീവിക്കുന്ന ജീവിതങ്ങളെ കാണാനും കേൾക്കാനും നമുക്ക് കഴിയാതെ പോകുന്നത് മാധ്യമങ്ങൾ നമ്മിൽ ചെലുത്തുന്ന വൻ സ്വാധീനം കൊണ്ടു മാത്രമല്ല, അവരൊക്കെ "പഴഞ്ചനായി " എന്ന ഒരു ചിന്താഗതി കൊണ്ടു കൂടിയാണ്. നവമാധ്യമങ്ങളുടെ അമിത ഉപയോഗം നമ്മുടെ ജീവിതത്തിൽ നിന്ന് ഒരിക്കലും അടർത്തികളയാനാവാത്ത നമ്മുടെ സംസ്കാരത്തിന്റെ  മൂല്യങ്ങളെ  തലമുറകളിൽ നിന്നു തന്നെ അന്യമാക്കുകയാണ്. ഒരുപാട് നന്മകൾ നവമാധ്യമങ്ങൾ നമുക്ക് നൽകുന്നുണ്ട് എങ്കിലും എല്ലാം കൃത്രിമത്വം തിരിച്ചറിയാൻ കഴിയാത്ത വിധം വഞ്ചനാപരമാകാം.  മാധ്യമങ്ങളിലെ നന്മയെ സ്വീകരിക്കുന്നതോടൊപ്പം നമ്മുടെ കുടുംബത്തിൽ ജീവിക്കുന്ന മുത്തശ്ശി മുത്തച്ഛന്മാരുടെ ജീവിതകഥകളും പൈതൃകവും സംസ്കാരവും ഒക്കെ നമ്മുടെ ജീവിതത്തിനു മൂർച്ച പകരു ന്ന നന്മകൾ തന്നെയാണെന്നും നമുക്കു വിസ്മരിക്കാതിരിക്കാം.

ഇന്ന് വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ പാപ്പാ പറയുന്നത് മുത്തശ്ശി മുത്തച്ഛമന്മാരുടെ അല്ലെങ്കിൽ പൂർവികരുടെ കഥകൾ കേട്ടിരിക്കാൻ നമുക്ക് ക്ഷമ വേണം എന്നാണ്. കാരണം അവ വളരെ നീണ്ടകഥകൾ ആയിരിക്കാം. എങ്കിലും നമ്മുടെ ജീവിതത്തിന് ആവശ്യമായ ജ്ഞാനവും, ശക്തിയും, ഊർജ്ജവും നന്മയും ഒക്കെ  അവ പകർന്നു തരുന്നുണ്ട്. ഇന്ന് നമ്മിൽ ശുഷ്കിച്ചു പോയ ഒരു സുകൃതമാണ് ക്ഷമ. വാർദ്ധക്യത്തിലെത്തിയ നമ്മുടെ മാതാപിതാക്കളെ കേട്ടിരിക്കാൻ നമുക്ക് സമയമില്ല. അവർക്ക് കൂട്ടിരിക്കാൻ സമയമില്ല. ജീവനും ജീവിതവും നമുക്കായി സമർപ്പിച്ച് നമ്മെ വളർത്തിയ മാതാപിതാക്കൾക്ക് നേരെ  അവർക്ക് ചെയ്തവയുടെ കണക്കു പുസ്തകങ്ങളാണ് നാം തുറന്നു കാട്ടുക. ഒരു കണക്കും അറിയിക്കാതെ ഒന്നിനും കണക്കു വയ്ക്കാതെ തന്ന സ്നേഹത്തിനും ത്യാഗത്തിനും അവരുടെ സമർപ്പണത്തിനും മക്കൾ ഒരു കണക്കും ഓർത്തുവയ്ക്കാൻ ആവാത്ത ഒരു അവസ്ഥയിൽ കഴിയുന്ന അവരെ മരുന്നിന്റെയും വിരുന്നിന്റെയും കണക്കുകൾ പറഞ്ഞ് മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു. മുറിവുണക്കാനും മുറിവിന് മരുന്നാകുന്ന കഥകൾ അവർ നമ്മെ പഠിപ്പിച്ചിട്ടും നമ്മുടെ മുൻതലമുറക്കാർക്ക് നാം പകരം കൊടുക്കുന്നത് എന്താണെന്ന് ആത്മാർത്ഥമായി പരിചിന്തനം ചെയ്യേണ്ട കാലത്തിലാണ് നാമൊക്കെ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഒരു പാരമ്പര്യമായാൽ ലോകം എവിടെ ചെന്നെത്തും?

പ്രായമായവരെ കേൾക്കുന്നത് നമ്മുടെ ജീവിതത്തിൽ അവർ പകർന്നു നൽകിയ പൈതൃകത്തെ ഓർമ്മിപ്പിക്കുന്നു. സാധാരണഗതിയിൽ, ആളുകൾ പ്രായമാകുമ്പോൾ, പ്രായവുമായി ബന്ധപ്പെട്ട ഒരു ഓർമ്മക്കുറവ് അനുഭവപ്പെടുന്നു. ഈ അവസ്ഥയുടെ ഒരു ഫലം അവർ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്നതാണ്. എന്നിട്ടും മുതിർന്ന പൗരന്മാരുടെ ആവർത്തനത്തിന് അവർ ഇതിനകം  നമ്മോടു പറഞ്ഞ കഥകൾ മറക്കുന്നതിനേക്കാൾ ഭംഗിയുണ്ടാവണം.

ജോലി ചെയ്യുമ്പോഴും കുടുംബം പുലർത്തുമ്പോഴും കൂടുതൽ സജീവമായിരിന്ന ജീവിതത്തിലുണ്ടായിരുന്ന ശാരീരികശക്തി പലപ്പോഴും പ്രായമായവർക്ക് ഉണ്ടായിരിക്കില്ല. സ്വാഭാവികമായും, അവർ തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാൻ കൂടുതൽ സമയം ചെലവഴിക്കുന്നു. അവർ അവരുടെ പൈതൃകവും അവർ ജീവിച്ച ജീവിതത്തിന്റെ സംക്ഷിപ്തതയും പരിഗണിക്കുന്നു. സുഭാ 29:20 പറയുന്നതുപോലെ, "യുവാക്കളുടെ മഹത്വം അവരുടെ ശക്തിയാണ്, വൃദ്ധരുടെ പ്രതാപം അവരുടെ നരച്ച മുടിയാണ്." വരും തലമുറകൾ തങ്ങൾക്കുമുമ്പിൽ നടന്ന കാര്യങ്ങൾ ഓർത്തിരിക്കണമെന്നാണ് മുതിർന്നവരുടെ ആഗ്രഹം. അവർ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, നമ്മുടെ കുടുംബങ്ങളിലും പള്ളികളിലും, സമൂഹങ്ങളിലും അവർ നൽകിയ സംഭാവനകളെ നാം വിലമതിക്കുന്നുവെന്ന് കാണിക്കുകയാണ്. ദൈവഭക്തരായ പഴയ വിശുദ്ധന്മാർ മുൻകാലങ്ങളെ കുറിച്ച് പറയുമ്പോൾ, അവർ സങ്കീർത്തകന്റെ വാക്കുകളാൽ പ്രാർത്ഥിക്കുന്നത് "അതിനാൽ, ദൈവമേ, വാർദ്ധക്യവും നരയും ബാധിച്ച എന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്ന തലമുറകളോടു അങ്ങയുടെ ശക്തി പ്രഘോഷിക്കാ൯ എനിക്ക് ഇടയാക്കണമേ" (സങ്കീ. 71:18).

പ്രായമായവരെ ശ്രവിക്കുന്നതും അവരോടു കൂടെയിരിക്കുന്നതും അവർക്ക് സമാശ്വാസം പകരുന്നു. പ്രായമായവർക്ക് പലപ്പോഴും അവരെ ശ്രദ്ധിക്കാൻ ആരെയെങ്കിലും ആവശ്യമുണ്ട്.
ഒരു കാര്യം വ്യക്തമാണ്.  പ്രായമായ ഒരാളുടെ അടുത്തിരുന്ന് ഒരിക്കൽ കൂടി അയാളുടെ റിവൈൻഡ് ബട്ടണിൽ അമർത്തുന്നത് നമ്മുടെ സംസ്കാരം നമ്മിൽ നിന്ന് അടർന്നു പോകാതിരിക്കാൻ നമ്മ സഹായിക്കും. ദൈവം അനുവദിച്ചാൽ, ഓഫീസ് കസേരയിൽ ഇരിക്കുന്നതിൽ നിന്ന് റോക്കിംഗ് ചെയറിലേക്ക് മാറാനുള്ള നമ്മുടെ സമയം വരാൻ അധികനാളില്ല. അത് കൊണ്ട്  പാപ്പാ പറയുന്നത് പോലെ അവരെ കേൾക്കാൻ തയ്യാറാകാം. അവരെ അവഗണിക്കാതിരിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഏപ്രിൽ 2023, 09:05