പാപ്പാ: ഉയിർപ്പിന്റെ സന്ദേശത്തിനു വിപരീതമായി യുദ്ധങ്ങൾ മരണം വിതയ്ക്കുന്നത് തുടരുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഉയിർപ്പു തിരുനാൾ ആഘോഷിക്കുന്ന എല്ലാ സഹോദരി സഹോദരന്മാരോടും തന്റെ സാമീപ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ഉയർത്തെഴുന്നേറ്റ കർത്താവ് അവരോടുകൂടി ഉണ്ടായിരിക്കുകയും പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കുകയും ചെയ്യട്ടെ എന്ന് ഇന്നലെ ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തു.
ജൂലിയൻ കലണ്ടർ അനുസരിച്ച് ഈ വർഷം ഏപ്രിൽ പതിനാറാം തീയതിയാണ് പല രാജ്യങ്ങളിലുമുള്ള പൗരസ്ത്യ ക്രൈസ്തവ സഭകൾ ഈസ്റ്റർ ആഘോഷിച്ചത്. ഈ അവസരത്തെ അനുസ്മരിച്ച പാപ്പാ ഞായറാഴ്ച വത്തിക്കാനിൽ നയിച്ച സ്വർലോക രാജ്ഞി ആനന്ദിച്ചാലും എന്ന പ്രാർത്ഥനയിൽ നൽകിയ സന്ദേശത്തിലാണ് അവർക്ക് തന്റെ ആശംസകൾ അർപ്പിച്ചത്. ഈസ്റ്റർ നൽകുന്ന സന്ദേശത്തിന് വിപരീതമായി യുദ്ധങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നതും ഭയാനകമായ രീതിയിൽ മരണം വിതയ്ക്കുന്നതും തുടരുന്നതിനെ അനുസ്മരിച്ച പാപ്പാ അതിൽ തന്റെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
നമുക്ക് ഈ ക്രൂരതകളിൽ ദുഃഖിക്കുകയും, ഇരകൾക്കായി പ്രാർത്ഥിക്കുകയും ചെയ്യാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു. മനുഷ്യ കരങ്ങളിലെ അക്രമാസക്തമായ മരണത്തിന്റെ ഭീകരത ലോകം ഇനി അനുഭവിക്കാതിരിക്കട്ടെ എന്നാശംസിക്കുകയും ദൈവം തന്റെ കൃപയിലൂടെ നൽകുന്നതും, നവീകരിക്കുന്നതുമായ ജീവിതത്തിന്റെ അത്ഭുതം അനുഭവിക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. യുക്രെയ്൯, റഷ്യൻ ജനതകളെ തന്റെ പ്രാർത്ഥനയിൽ അനുസ്മരിച്ച പാപ്പാ ഇന്നലെ ഈസ്റ്റർ ആഘോഷിച്ച യുക്രെയ്നിലെയും റഷ്യയിലേയും ക്രൈസ്തവരെ പ്രത്യേകം ഓർക്കുകയും ദൈവം അവരോടു കൂടി ഉണ്ടായിരിക്കുകയും സമാധാനമുണ്ടാക്കാൻ അവരെ സഹായിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
യുക്രെയിനിൽ യുദ്ധം ആരംഭിച്ച് 417 ആം ദിവസത്തിലേക്ക് കടക്കുന്ന സമയത്താണ് പാപ്പയുടെ അഭ്യർത്ഥന. കിഴക്കൻ നഗരങ്ങളായ ബഖ്മുത്ത്, കോമിഷുവഖാ, സ്ലോവീയാൻസ്ക് എന്നിവിടങ്ങളിൽ കൂടുതൽ പേർ വധിക്കപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. 2022 ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രെയിനെ ആക്രമിച്ചത് മുതൽ തുടരുന്നതാണ് പോരാട്ടം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: