പാപ്പാ: ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിൻറെ ഭിത്തിയിൽ തട്ടി തകരില്ല !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉത്ഥാനത്തിരുന്നാൾ ദിനത്തിൽ ഞായറാഴ്ച (09/04/23) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിച്ച ഫ്രാൻസീസ് പാപ്പാ ഉച്ചയ്ക്ക് 12 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളിൽ മദ്ധ്യത്തിലായുള്ള പുഷ്പാലംങ്കൃത മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, “നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കി. ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശമേകുന്നതിന് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദരവങ്ങള്‍ ചത്വരത്തിലെങ്ങും അലയടിച്ചു. ബസിലിക്കാങ്കണത്തിൽ ബാൻറുസംഘം വത്തിക്കാൻറെയും ഇറ്റലിയുടെയും ദേശീയഗാനങ്ങൾ വാദനം ചെയ്തതിനെ തുടർന്ന് പാപ്പാ "ഊർബി ഏത്ത് ഓർബി സന്ദേശം" നല്കി.
"ഊർബി ഏത്ത് ഓർബി സന്ദേശം" മൃത്യുവിൽ നിന്ന് ജീവനിലേക്ക്
പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തു ഉയിർത്തെഴുന്നേറ്റു!
നമ്മുടെ ജീവൻറെ കർത്താവായവൻ ലോകത്തിൻറെ "പുനരുത്ഥാനവും ജീവനും" ആണെന്ന് ഇന്ന് നാം പ്രഖ്യാപിക്കുന്നു (യോഹന്നാൻ 11:25 കാണുക). ഇത് പെസഹയാണ്, അതിൻറെ അർത്ഥം "കടന്നുപോക്ക്" എന്നാണ്, കാരണം യേശുവിൽ മനുഷ്യരാശിയുടെ നിർണ്ണായകമായ കടന്നുപോകൽ പൂർത്തീകൃതമായി: മരണത്തിൽ നിന്ന് ജീവനിലേക്ക്, പാപത്തിൽ നിന്ന് കൃപയിലേക്ക്, ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്ക്, നിരാനന്ദതയിൽ നിന്ന് കൂട്ടായ്മയിലേക്ക്. കാലത്തിൻറെയും ചരിത്രത്തിൻറെയും നാഥനായ അവനിൽ, ഹൃദയാനന്ദത്തോടെ എല്ലാവരോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു: എല്ലാവർക്കും ഉയിർപ്പുതിരുന്നാൾ ആശംസകൾ!
ലോകത്തിൻറെ ഭാഗധേയം മാറ്റിയ ഉത്ഥാനം
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളോരോരുത്തർക്കും, പ്രത്യേകിച്ച് രോഗികൾക്കും ദരിദ്രർക്കും, പ്രായമായവർക്കും, പരീക്ഷണത്തിൻറെയും ആയാസത്തിൻറെയും നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർക്കും, കഷ്ടതകളിൽ നിന്ന് ആശ്വാസത്തിലേക്കുള്ള ഒരു കടക്കലാകട്ടെ. നമ്മൾ ഒറ്റയ്ക്കല്ല: ജീവിക്കുന്നവനായ യേശു എന്നേക്കും നമ്മോടൊപ്പമുണ്ട്. സഭയും ലോകവും ആനന്ദിക്കട്ടെ, കാരണം ഇന്ന് ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിൻറെ ഭിത്തിയിൽ തട്ടി തകരില്ല, എന്നാൽ കർത്താവ് നമുക്ക് ജീവോന്മുഖമായ ഒരു പാലം തുറന്നിരിക്കുന്നു. അതെ, സഹോദരീ സഹോദരന്മാരേ, ഉത്ഥാനത്തിൽ ലോകത്തിൻറെ ഭാഗധേയം മാറി, ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൻറെ ഏറ്റവും സാധ്യതയുള്ള തീയതിയുമായി ചേർന്നുപോകുന്ന ഈ ഇന്ന്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ ദിവസം സംശുദ്ധ കൃപയാൽ ആഘോഷിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം.
ഉത്ഥാനാനന്തര "തിടുക്കം"
പൗരസ്ത്യ സഭകളിൽ പ്രഖ്യാപിക്കുന്നതു പോലെ, ക്രിസ്തോസ് അനേസ്തി (Christòs anesti!), ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവൻ സത്യമായും ഉയിർത്തെഴുന്നേറ്റു. സത്യമായും എന്നത് പ്രത്യാശ ഒരു മിഥ്യയല്ല, സത്യമാണ് എന്ന് നമ്മോട് പറയുന്നു! പെസഹാ മുതൽ നരകുലത്തിൻറെ പ്രയാണം പ്രത്യാശയാൽ മുദ്രിതമായി വേഗത്തിൽ മുന്നോട്ട് പോകുന്നു. പുനരുത്ഥാനത്തിൻറെ ആദ്യ സാക്ഷികൾ അവരുടെ മാതൃകയാൽ ഇത് നമുക്ക് കാണിച്ചുതരുന്നു. ഉത്ഥാന ദിനത്തിൽ "സ്ത്രീകൾ ശിഷ്യന്മാരോട് പറയാൻ ഓടിയ" (മത്തായി 28:8) ആ നല്ല തിടുക്കത്തെക്കുറിച്ച് സുവിശേഷങ്ങൾ പ്രതിപാദിക്കുന്നു. കൂടാതെ, മഗ്ദലന മറിയം "ഓടി ശിമയോൻ പത്രോസിൻറെ അടുക്കൽ പോയ"തിനു ശേഷം (യോഹന്നാൻ 20:2), യോഹന്നാനും അതേ പത്രോസും, "ഇരുവരും ഒരുമിച്ച് ഓടി" (യോഹന്നാൻ 20, 4) യേശുവിനെ അടക്കം ചെയ്ത സ്ഥലത്തെത്തി. തുടർന്ന് ഉത്ഥാനദിനത്തിൽ വൈകുന്നേരം, എമ്മാവൂസിലേക്കുള്ള വഴിയിൽ ഉത്ഥിതനുമായി കണ്ടുമുട്ടിയ ശേഷം, രണ്ട് ശിഷ്യന്മാർ "ഉടനെ പുറപ്പെടുകയും (ലൂക്കാ 24:33) അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ചിരുന്ന (ലൂക്കാ 24:32) പെസഹായുടെ അടങ്ങാത്ത സന്തോഷത്താൽ പ്രചോദിതരായി ഇരുളിൽ അനേകം കിലോമീറ്ററുകൾ കയറ്റം കയറാൻ തിടുക്കപ്പെടുകയും ചെയ്തു. ഉത്ഥിതനായ യേശുവിനെ ഗലീലി കടൽത്തീരത്ത് കണ്ടപ്പോൾ മറ്റുള്ളവരോടൊപ്പം വള്ളത്തിൽ നിൽക്കാൻ കഴിയാതെ, അവനെ കാണുന്നതിനായി വേഗത്തിൽ നീന്തുന്നതിന് പത്രോസ് ഉടനെ വെള്ളത്തിലേക്ക് ചാടിയത് (യോഹന്നാൻ 21:7 കാണുക) അതേ സന്തോഷത്താൽ തന്നെയാണ്. ചുരുക്കത്തിൽ, പെസഹായിൽ യാത്രയ്ക്ക് വേഗതയേറുകയും ഓട്ടമായിത്തീരുകയും ചെയ്യുന്നു, എന്തെന്നാൽ നരകുലം, അതിൻറെ യാത്രയുടെ ലക്ഷ്യം, അതിൻറെ ഭാഗധേയത്തിൻറെ അർത്ഥമായ യേശുക്രിസ്തുവിനെ, കാണുകയും ലോകത്തിൻറെ പ്രത്യാശയായ അവനുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വേഗത്തിൽ പോകാൻ വിളിക്കപ്പെടുകയും ചെയ്യുന്നു.
പരസ്പര വിശ്വാസാർജ്ജനം
പരസ്പര വിശ്വാസത്തിൻറെ പാതയിൽ വളരാൻ നമുക്കും തിടുക്കമുള്ളവരാകാം: അതായത്, വ്യക്തികൾ തമ്മിലും ജനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള വിശ്വാസം. ഉത്ഥാനത്തിൻറെ സന്തോഷകരമായ പ്രഘോഷണത്താലും ലോകം പലപ്പോഴും പൊതിയപ്പെട്ടിരിക്കുന്ന ഇരുളുകളിലും അവ്യക്തതകളിലും പ്രകാശം പരത്തുന്ന വെളിച്ചത്താലും വിസ്മയഭരിതരാകാൻ നമ്മെത്തന്നെ അനുവദിക്കാം.
സാഹോദര്യ സരണിയിൽ വേഗത്തിൽ മുന്നേറ്റം
സംഘർഷങ്ങളെയും ഭിന്നതകളെയും തരണം ചെയ്യാനും ഏറ്റവും ആവശ്യത്തിലിരിക്കുന്നവർക്കായി നമ്മുടെ ഹൃദയം തുറക്കാനും നമുക്ക് തിടുക്കം കൂട്ടാം. സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും സരണികളിലൂടെ സഞ്ചരിക്കാൻ നമുക്ക് തിടുക്കമുള്ളവരാകാം. യുദ്ധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്നവർക്ക് സഹായവും ആതിഥ്യവും ഏകുന്നവർ തുടങ്ങി, നിരവധി രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രത്യാശയുടെ മൂർത്തമായ അടയാളങ്ങളിൽ നമുക്ക് സന്തോഷിക്കാം.
വേഗതയ്ക്ക് വിഘ്നങ്ങൾ
എന്നിരുന്നാലും, ഉയിർത്തെഴുന്നേറ്റ കർത്താവിങ്കലേക്കുള്ള നമ്മുടെ തിടുക്കത്തെ കഠിനവും ആയാസകരവുമാക്കുന്ന നിരവധി പ്രതിബന്ധങ്ങൾ ഇപ്പോഴും ഉണ്ട്. നമുക്ക് അവിടത്തോട് അപേക്ഷിക്കാം: നിൻറെ പക്കലേക്ക് ഓടാൻ ഞങ്ങളെ സഹായിക്കൂ! ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കാൻ ഞങ്ങളെ സഹായിക്കൂ!
യുദ്ധത്തിനിരകളായവർക്കായി പ്രാർത്ഥന
സമാധാനത്തിലേക്കുള്ള യാത്രയിൽ പ്രിയ ഉക്രൈയിൻ ജനതയെ സഹായിക്കുകയും, റഷ്യൻ ജനതയുടെ മേൽ ഉത്ഥാന വെളിച്ചം ചൊരിയുകയും ചെയ്യുക. യുദ്ധത്തിൽ മുറിവേറ്റവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും സമാശ്വസിപ്പിക്കുകയും തടവുകാരെ അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതരായി മടങ്ങാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഈ യുദ്ധത്തിനും, ഇനിയും സമാധാനത്തിനായി കാത്തിരിക്കുന്ന സിറിയയിൽ നിന്നു തുടങ്ങി ലോകത്തെ രക്തരൂക്ഷിതമാക്കുന്ന എല്ലാ സംഘർഷങ്ങൾക്കും അറുതി വരുത്തുന്നതിനായി പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹം മുഴുവൻറെയും ഹൃദയം തുറക്കുക. തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൻറെ ദുരിതമനുഭവിക്കുന്നവരെ താങ്ങി നിറുത്തുക. കുടുംബംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർക്കും ഭവനരഹിതരായവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം: അവർക്ക് ദൈവത്തിൽ നിന്ന് ആശ്വാസവും രാജ്യങ്ങളുടെ കുടുംബത്തിൽ നിന്നുള്ള സഹായവും ലഭിക്കട്ടെ.
വിശുദ്ധ നഗരത്തിനു വേണ്ടി
കർത്താവേ, അങ്ങയുടെ പുനരുത്ഥാനത്തിൻറെ ആദ്യ സാക്ഷിയായ ജറുസലേം നഗരത്തെ ഈ ദിവസം, ഞങ്ങൾ അങ്ങേയ്ക്ക് ഭരമേൽപ്പിക്കുന്നു. വിശുദ്ധ നഗരത്തിലും ആ പ്രദേശത്തുടനീളവും സമാധാനം വാഴുന്നതിനായി ഇസ്രായേൽക്കാരും പലസ്തീൻകാരും തമ്മിലുള്ള സംഭാഷണം പുനരാരംഭിക്കുന്നതിന് ആവശ്യമായ വിശ്വാസത്തിൻറെയും പരസ്പരാദരവിൻറെയും അന്തരീക്ഷത്തിന് ഭീഷണി ഉയർത്തുന്ന, കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ ഞാൻ അതിയായ ആശങ്ക പ്രകടിപ്പിക്കുന്നു.
ലെബനനു വേണ്ടി
കർത്താവേ, കെട്ടുറപ്പും ഐക്യവും ഇപ്പോഴും തേടുന്ന ലെബനനെ സഹായിക്കേണമേ, അങ്ങനെ അന്നാട് ഭിന്നതകളെ തരണം ചെയ്യുകയും നാടിൻറെ പൊതുനന്മയ്ക്കായി എല്ലാ പൗരന്മാരും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യട്ടെ.
ടുണീഷ്യയ്ക്കായി
ടുണീഷ്യയിലെ പ്രിയപ്പെട്ട ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെയും സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും മറക്കരുതേ, അങ്ങനെ അവർക്ക് പ്രതീക്ഷ കൈവിടാതെ സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും ഭാവി കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ സാധിക്കട്ടെ.
ഹെയ്ത്തിക്കു വേണ്ടി
വർഷങ്ങളായി, ഗുരുതരമായ സാമൂഹ്യ-രാഷ്ട്രീയ-മാനവിക പ്രതിസന്ധികളാൽ ദുരിതമനുഭവിക്കുന്ന ഹെയ്തിയെ നീ നോക്കുക, ഏറെ ക്ലേശിക്കുന്ന ആ ജനതയെ ബാധിക്കുന്ന നിരവധിയായ പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം തേടുന്നതിന് രാഷ്ട്രീയ പ്രവർത്തകരും അന്താരാഷ്ട്ര സമൂഹവും നടത്തുന്ന യത്നത്തെ പിന്തുണയ്‌ക്കുക.
എത്യോപ്യയും സുഡാനും
എത്യോപ്യയിലും ദക്ഷിണ സുഡാനിലും ആരംഭിച്ചിരിക്കുന്ന സമാധാന-അനുരഞ്ജന പ്രക്രിയകളെ ശക്തിപ്പെടുത്തുകയും കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ അക്രമങ്ങൾ അവസാനിക്കുമാറാക്കുകയും ചെയ്യുക.
പ്രത്യേക സഹാചര്യങ്ങൾ സംജാതമായിരിക്കുന്ന നാടുകൾക്കായി
കർത്താവേ, നിക്കരാഗ്വ എരിത്രേയ എന്നിവിടങ്ങളിലെന്ന പോലെ, പ്രത്യേക സാഹചര്യങ്ങളിൽ, ഇന്ന് ഉത്ഥാനത്തിരുന്നാൾ ആഘോഷിക്കുന്ന ക്രൈസ്തവ സമൂഹങ്ങളെ പിന്തുണയ്ക്കുകയും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും പരസ്യമായും പ്രഖ്യാപിക്കാൻ കഴിയാത്ത എല്ലാവരെയും ഓർക്കുകയും ചെയ്യണമെ. അന്താരാഷ്ട്ര ഭീകരതയുടെ ഇരകൾക്ക്, പ്രത്യേകിച്ച് ബുർക്കിനൊ ഫാസോ, മാലി, മൊസാംബിക്, നൈജീരിയ എന്നിവിടങ്ങളിൽ, സാന്ത്വനമേകണമേ.
മ്യന്മാറിനു വേണ്ടി
സമാധാനവഴികളിലൂടെ സഞ്ചരിക്കുന്നതിന് മ്യന്മാറിനെ സഹായിക്കുകയും പീഡിതരായ റോഹിങ്ക്യൻ ജനതയ്ക്ക് നീതി ലഭിക്കുന്നതിന് ചുമതലപ്പെട്ടവരുടെ ഹൃദയങ്ങളെ പ്രബുദ്ധമാക്കുകയും ചെയ്യണമേ.
അടിമത്തത്തിൻറെ വിവിധ രൂപങ്ങൾക്ക് വിധേയരാക്കപ്പെട്ടവർക്കായി
അഭയാർത്ഥികൾ, നാടുകടത്തപ്പെട്ടവർ, രാഷ്ട്രീയ തടവുകാർ, കുടിയേറ്റക്കാർ, പ്രത്യേകിച്ച് ഏറ്റവും ദുർബ്ബലർ, അതുപോലെ തന്നെ പട്ടിണി, ദാരിദ്ര്യം എന്നിവ അനുഭവവിക്കുന്നവർ മയക്കുമരുന്ന് കടത്തിൻറെയും മനുഷ്യക്കടത്തിൻറെയും എല്ലാത്തരം അടിമത്തത്തിൻറെയും ഹാനികരമായ ഫലങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്ക് ആശ്വാസമേകുക. കർത്താവേ, രാഷ്ട്രങ്ങളുടെ ചുമതല പേറുന്നവർക്ക് പ്രചോദനം പകരേണമേ, അങ്ങനെ സ്ത്രീപുരുഷന്മാരാരും വിവേചനത്തിന് ഇരകളാക്കപ്പെടാതിരിക്കുകയും അവരുടെ ഔന്നത്യം ചവിട്ടിമെതിക്കപ്പെടാതിരിക്കുകയും ചെയ്യട്ടെ; അങ്ങനെ മനുഷ്യാവകാശങ്ങളോടും ജനാധിപത്യത്തോടും ഉള്ള പൂർണ്ണ ആദരവിൽ ഈ സാമൂഹിക മുറിവുകൾ സൗഖ്യമാക്കപ്പെടട്ടെ, പൗരന്മാരുടെ പൊതുനന്മ മാത്രം എപ്പോഴും തേടുകയും സംഭാഷണത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും ആവശ്യമായ സാഹചര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യട്ടെ.
നിങ്ങൾക്കു സമാധാനം!
സഹോദരീസഹോദരന്മാരേ, നമുക്കും യാത്രയുടെ ആസ്വാദ്യത വീണ്ടും കണ്ടെത്താം, പ്രത്യാശയുടെ സ്പന്ദനം ത്വരിതപ്പെടുത്താം, സ്വർഗ്ഗീയ സൗന്ദര്യം മുന്നാസ്വദിക്കാം! നിരാശപ്പെടുത്താത്ത നന്മതന്നെ ആയവനുമായുള്ള കൂടിക്കാഴ്ചയ്ക്കായി നന്മയിൽ മുന്നേറുന്നതിനുള്ള ഊർജ്ജം ഇന്ന് നമുക്ക് ആർജ്ജിക്കാം. ഒരു പുരാതന പിതാവ് എഴുതിയതുപോലെ, "പുനരുത്ഥാനത്തിൻറെ ഊർജ്ജത്തിൽ വിശ്വസിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പാപം" (നിനിവേയിലെ വിശുദ്ധ ഇസാക്ക്, താപസ പ്രഭാഷണങ്ങൾ, I,5), ഇന്ന് നമ്മൾ വിശ്വസിക്കുന്നു: "അതെ, നമുക്ക് ഉറപ്പുണ്ട്: ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു". കർത്താവായ യേശുവേ, ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുന്നു, അങ്ങയുടെ കൂടെ പ്രത്യാശ പുനർജനിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, യാത്ര തുടരുന്നു. ജീവൻറെ കർത്താവായ നീ, ഞങ്ങളുടെ യാത്രകളെ പ്രചോദിപ്പിക്കുകയും ഉയിർപ്പുദിന സായാഹ്നത്തിൽ ശിഷ്യന്മാരോട് ചെയ്തതു പോലെ ഞങ്ങളോടും ആവർത്തിക്കുകയും ചെയ്യേണമേ: "നിങ്ങൾക്ക് സമാധാനം!" (യോഹന്നാൻ 20,19.21) "നിങ്ങൾക്ക് സമാധാനം!". "നിങ്ങൾക്ക് സമാധാനം!".
“ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം
ഈ സന്ദേശാനന്തരം ഫ്രാന്‍സീസ് പാപ്പാ “ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കാന്‍ പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ റേഡിയോ-ടെലെവിഷൻ മാദ്ധ്യമങ്ങളിലൂടെയൊ ഇതര സാങ്കേതികോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും റോമിൻറെ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതനായ കർദ്ദിനാൾ ഹാർവി ജെയിംസ് മൈക്കിൾ (HARVEY Card. James Michael) അറിയച്ചതിനെ തുടര്‍ന്ന് പാപ്പാ ആശീര്‍വ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: