പാപ്പായുടെ ഹംഗറി സന്ദർശനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു!
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയൊന്നാമത് അപ്പസ്തോലികയാത്ര യൂറോപ്പിലെ ഹംഗറിയിലേക്ക് ഏപ്രിൽ മാസം 28 ന് ആരംഭിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സന്ദർശന പ്രേഷിതയാത്ര ഏപ്രിൽ 30 ന് പര്യവസാനിക്കും. 'ക്രിസ്തു നമ്മുടെ ഭാവി' എന്ന ആപ്തവാക്യമാണ് സന്ദർശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പയ്ക്കും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കും, ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്കും ശേഷം ഹംഗറി സന്ദർശനം നടത്തുന്ന നാലാമത്തെ വ്യക്തിയാണ് ഫ്രാൻസിസ് പാപ്പാ.
ഏപ്രിൽ 28 ന് ഇറ്റാലിയൻ പ്രാദേശികസമയം രാവിലെ 8.10 ന് യാത്ര പുറപ്പെടുന്ന പാപ്പാ ഏകദേശം ഒരു മണിക്കൂർ അൻപത് മിനിറ്റുകൾ കൊണ്ട് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരും. ഇറ്റലിയുടെ വിമാനകമ്പനിയായ ഇറ്റാ എയർവേയ്‌സ് ആണ് ഇത്തവണയും പാപ്പായുടെ യാത്രയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. സന്ദർശനവേളയിൽ ആദ്യദിവസം തന്നെ, പാപ്പാ രാഷ്ട്രത്തലവന്മാരുമായും, നയതന്ത്ര ഉദ്യോഗസ്ഥരുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് അതേ ദിവസം ഉച്ചകഴിഞ്ഞു വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിലുള്ള ഉപകത്തീഡ്രലിൽ വച്ചു ഹംഗറിയിലെ വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതർ,പ്രേഷിതപ്രവർത്തകർ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും.
സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ 29 ശനിയാഴ്ച രാവിലത്തെ സമയം പാവങ്ങളെയും, അഭയാർത്ഥികളായവരെയും സന്ദർശിക്കുവാൻ പാപ്പാപ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു. ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ ദേവാലയത്തിൽ വച്ചാണ് ഈ സൗഹൃദകൂടിക്കാഴ്ച്ച സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് അതേദിവസം സായാഹ്നത്തിൽ യുവജനങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തും.
സന്ദർശനത്തിന്റെ അവസാനദിവസമായ ഏപ്രിൽ 30 ഞായാറാഴ്ച രാവിലെ കോസുത് ലയോസ് ചത്വരത്തിൽ വിശുദ്ധകുർബാന അർപ്പിക്കുകയും തുടർന്ന് സ്വർലോകരാജ്ഞി പ്രാർത്ഥനയും നടത്തും. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് സാംസ്‌കാരിക, സർവകലാശാല അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ വത്തിക്കാനിലേക്ക് മടങ്ങും. ഔദ്യോഗികമായ കൂടിക്കാഴ്ചയ്ക്കു പുറമെ മറ്റു സൗഹൃദസന്ദർശനങ്ങളും പാപ്പാ ഈ ദിവസങ്ങളിൽ നടത്തും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: