പാപ്പാ: സന്യാസ സഹോദരങ്ങൾ നിശബ്ദമായ ആത്മദാനത്തിലൂടെ സാഹോദര്യത്തിന് സാക്ഷ്യം വഹിക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റലിയിലെ മിലാ൯ അതിരൂപതയിൽ നിന്നുള്ള രൂപതാ ഒബ്ലേറ്റ്സ് സഹോദരങ്ങളുടെ പ്രതിനിധി സംഘം പാപ്പായെ കാണാൻ ഇന്ന് വത്തിക്കാനിലെത്തി. രൂപതാ ഒബ്ലേറ്റ് ബ്രദേഴ്സ് എന്ന അവരുടെ സഭയുടെ പേരിന്റെ മൂന്ന് വശങ്ങളെ കുറിച്ച് പാപ്പാ അവർക്ക് സന്ദേശം നൽകി. സന്യാസസഹോദരങ്ങൾ സഭയ്ക്ക് നൽകുന്ന ചെറിയതും എന്നാൽ പ്രധാനപ്പെട്ടതുമായ അടയാളത്തെ പാപ്പാ പ്രശംസിച്ചു.
സുവിശേഷ സാഹോദര്യം
“സുവിശേഷമനുസരിച്ചുള്ള സാഹോദര്യത്തിന്” സാക്ഷ്യം വഹിക്കാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. "സാഹോദര്യം, "ജീവിതത്തിന്റെ മൂർത്തമായ ഒരു രൂപമാണ്. അത് സ്ഥിരതയുള്ളതും എന്നാൽ സ്വാഭാവികമായും ഓരോ വ്യക്തിയുടെയും വ്യക്തിത്വവും, താലന്തുകളും, പരിമിതികളും ഉപയോഗിച്ചു അനേകം വ്യത്യസ്ത രീതികളിൽ ജീവിക്കുന്നു" എന്ന് പാപ്പാ സൂചിപ്പിച്ചു.
സമർപ്പിത സഹോദരന്മാർക്ക് സാഹോദര്യം “ആന്തരിക സന്തോഷം” നൽകണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. കാരണം അത് യേശുവിനെപ്പോലെ ആയിരിക്കാനുള്ള അവരുടെ അതുല്യമായ രീതിയെ പ്രതിനിധീകരിക്കുന്നു, പാപ്പാ വ്യക്തമാക്കി. എല്ലാവർക്കും ഒരു സഹോദരനായിരിക്കുക എന്നത് മനുഷ്യവതാര രഹസ്യത്തിന് അനുയോജ്യമായ ഒരു വശമാണ്, പാപ്പാ കൂട്ടിചേർത്തു.
എളിമയാർന്ന സേവനം
സേവനത്തിൽ "സ്വയം നൽകുന്ന സമ്മാനം" എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ ഒബ്ലാസിയോ അല്ലെങ്കിൽ "ഒബ്ലേഷൻ" എന്നതിൽ നിന്ന് വരുന്ന "ഒബ്ലേറ്റ്സ്" എന്ന സഭാസഹോദരങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് പാപ്പാ തുടർന്നു സംസാരിച്ചു. എല്ലാവരുടെയും ശുശ്രൂഷകനായാണ് യേശു വന്നത്. എന്നാൽ പൊതുജന പ്രശംസ ഒഴിവാക്കുന്ന വിധത്തിലാണ് അവിടുന്നു അത് നിർവഹിച്ചതെന്നു പാപ്പാ വിശദീകരിച്ചു.
മറഞ്ഞിരിക്കുന്നതും എളിമയുള്ളതും ചിലപ്പോൾ അപമാനിതവുമായ സേവനമാണ് നമ്മുടെതെന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ "ഇത്, നമുക്കറിയാവുന്നതുപോലെ, ഓരോ ക്രൈസ്തവനും പിന്തുടരേണ്ട പാതയാണ് " എന്ന് ഓർമ്മപ്പെടുത്തി.
രൂപതാ ഒബ്ലേറ്റ്സ് സഹോദരന്മാർ ഈ തരത്തിലുള്ള സേവനം ഒരു സിദ്ധിയായി ആസ്വദിക്കുന്നു. അതിനാൽ പരിശുദ്ധാത്മാവിൽ നിന്ന് ഒരു പ്രത്യേക ആന്തരിക സന്തോഷം ലഭിക്കും. പാപ്പാ കൂട്ടിച്ചേർത്തു. തന്റെ ചാർച്ചക്കാരി എലിസബത്തിന്റെ ഗർഭാവസ്ഥയിൽ സഹായിക്കാൻ പോയ മേരിയുടെ ഉദാഹരണവും പാപ്പാ എടുത്തു കാണിച്ചു. ഫോട്ടോഗ്രാഫർമാരോ പത്രപ്രവർത്തകരോ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നില്ലെന്ന് പറഞ്ഞ പാപ്പാ “ആനന്ദം കൃത്യമായി ഇവിടെയുണ്ടെന്നും കർത്താവിന് മാത്രമേ അത് അറിയൂവെന്നും ഇതാണ് സേവനത്തിന്റെ മഹത്വമെന്നും“ എടുത്തു പറഞ്ഞു.
ഒരു പ്രത്യേക സ്ഥലത്തോടും ആളുകളോടുമുള്ള വിശ്വസ്തത
അവസാനമായി, ഫ്രാൻസിസ് പാപ്പാ "രൂപത" സഹോദരങ്ങൾ എന്ന സമൂ ഹത്തിന്റെ സ്വത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവച്ചു. ഒരു പ്രത്യേക രൂപതയിലോ, പ്രദേശത്തോ സേവനം വാഗ്ദാനം ചെയ്യുന്നതിലെ വിശ്വസ്തതയെയും വിനയത്തെയും പാപ്പാ അഭിനന്ദിച്ചു. ലോകത്തെ രക്ഷിക്കാൻ ചിലപ്പോൾ നാം ആഗ്രഹിക്കുന്നു. എന്നാൽ ദൈവം ഈ പ്രത്യേക സേവനത്തോടും, ഈ പ്രദേശത്തെ ആളുകളോടും ഈ നല്ല പ്രവൃത്തിയോടും വിശ്വസ്തരായിരിക്കുക എന്നാണ് നമ്മോടു പറയുന്നത്
"ഇസ്രായേലിന്റെ കാണാതെപോയ ആടുകളെ" രക്ഷിക്കാനാണ് യേശു വന്നതെന്നും അങ്ങനെ പിതാവിനോടുള്ള വിശ്വസ്തത അവ൯ നിറവേറ്റിയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: