വേദനാനുഭവത്തിന് മുന്നിൽ വിശ്വാസിയും ചിലപ്പോൾ പതറിപ്പോകും, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രോഗാനുഭവം നമ്മെ, ദൈവത്തിൻറെ ശൈലിയായ സാമീപ്യം, അനുകമ്പ, ആർദ്രത എന്നിവയനുസരിച്ച് മാനവികവും ക്രൈസ്തവികവുമായ ഐക്യദാർഢ്യം ജീവിക്കാൻ പഠിപ്പിക്കുന്നു എന്ന് മാർപ്പാപ്പാ.
പൊന്തിഫിക്കൽ ബൈബിൾ സമിതിയുടെ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുക്കുന്നവരടങ്ങിയ ഇരുപതിലേറെപ്പേരെ വ്യാഴാഴ്‌ച (20/04/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ രോഗത്തെയും സഹനത്തെയും സംബന്ധിച്ച വേദപുസ്തക വീക്ഷണത്തെക്കുറിച്ച് പരമാർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
“രോഗവും സഹനവും ബൈബിളിൽ” എന്ന പ്രമേയം ബൈബിൾ സമിതി വിചിന്തനത്തിനായി സ്വീകരിച്ചത് സന്ദേശത്തിൽ അനുസ്മരിക്കുന്ന പാപ്പാ, പാപത്താൽ മുറിവേറ്റ മനുഷ്യ പ്രകൃതി, അതിൽത്തന്നെ ആലേഖിതമായ പരിമിതിയുടെയും ബലഹീനതയുടെയും മൃത്യുവിൻറെയുമായ യാഥാർത്ഥ്യം പേറുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്നു.
രോഗവും സഹനവും വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണെന്നും പാപ്പാ വിശദീകരിക്കുന്നു.
രോഗവും പരിമിതിയും ആധുനിക ചിന്താധാരയിൽ പലപ്പോഴും കണക്കാക്കപ്പെടുന്നത് എന്തു വിലകൊടുത്തും കുറയ്ക്കുകയും ചെറുക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടതായ ഒരു ഹാനി, മൂല്യരഹിതമായ ഒന്ന്, ഒരു ശല്യം ആയിട്ടാണെന്ന് പാപ്പാ പറയുന്നു.
അവയുടെ ധാർമ്മികവും അസ്തിത്വപരവുമായ പ്രത്യാഘാതങ്ങളെ നാം ഭയപ്പെടുന്നതിനാലാവാം അവയുടെ അർത്ഥത്തെക്കുറിച്ച് ചോദ്യമുന്നയിക്കാൻ നാം ആഗ്രഹിക്കാത്തെന്നും, എന്നിരുന്നാലും ഈ "എന്തുകൊണ്ട്" എന്ന അന്വേഷണത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
വേദനയുടെ അനുഭവത്തിന് മുന്നിൽ വിശ്വാസിയും ചിലപ്പോൾ പതറിപ്പോകുമെന്നും അത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണെന്നും അതിൻറെ കടന്നുകയറ്റവും ആക്രണവും മനുഷ്യനെ പരിഭ്രാന്തനാക്കുകയും അവൻറെ വിശ്വാസത്തെ തകർക്കുകയും ചെയ്യുന്ന അപകടമുണ്ടെന്നും പാപ്പാ പറയുന്നു. അതിനാൽ, രോഗത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യത്തിന് നിസ്സാരവും സാങ്കല്പികവുമായ ഉത്തരം വേദപുസ്തകം നല്കുന്നില്ല എന്ന് പാപ്പാ വ്യക്തമാക്കുന്നു.
മുറിവേറ്റ സൃഷ്ടികളെ സുഖപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും രക്ഷിക്കാനും അനന്തമായ കാരുണ്യത്തോടെ ശ്രമിക്കുന്ന നല്ല പിതാവായ ദൈവത്തിൻറെ സാമീപ്യവും അനുകമ്പയും സംഗമിക്കുന്ന ഇടമായി വേദനയുടെ സാർവ്വത്രിക അവസ്ഥയെ അഭിമുഖീകരിക്കാൻ താൻ ക്ഷണിക്കപ്പെടുന്നതായി വേദപുസ്തക മനുഷ്യന് അനുഭവപ്പെടുന്നുവെന്ന് പാപ്പാ വിശദീകരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: