തിരയുക

ഫ്രാൻസീസ് പാപ്പാ,  ഉത്തര ഇറ്റലിയിലെ ക്രേമ രൂപതയിൽ നിന്നെത്തിയ രണ്ടായിരത്തിലേറെ തീർത്ഥാടകരെ ശനിയാഴ്‌ച (15/04/23)  വത്തിക്കാനിൽ സ്വീകരിച്ചു. ഫ്രാൻസീസ് പാപ്പാ, ഉത്തര ഇറ്റലിയിലെ ക്രേമ രൂപതയിൽ നിന്നെത്തിയ രണ്ടായിരത്തിലേറെ തീർത്ഥാടകരെ ശനിയാഴ്‌ച (15/04/23) വത്തിക്കാനിൽ സ്വീകരിച്ചു.  (Vatican Media)

പാപ്പാ: മ്യന്മാറിനു വേണ്ടി പ്രാർത്ഥിക്കുക!

ഫ്രാൻസീസ് പാപ്പാ, ഉത്തര ഇറ്റലിയിലെ ക്രേമ രൂപതയിൽ നിന്നെത്തിയ രണ്ടായിരത്തിലേറെ തീർത്ഥാടകരുമായി ശനിയാഴ്‌ച (15/04/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മ്യന്മാറിൽ സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ അഭ്യർത്ഥിക്കുന്നു.

ഉത്തര ഇറ്റലിയിലെ ക്രേമ രൂപതയിൽ നിന്നെത്തിയ രണ്ടായിരത്തിലേറെ തീർത്ഥാടകരെ ശനിയാഴ്‌ച (15/04/23)  വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്ന ഫ്രാൻസീസ് പാപ്പാ ക്രേമയിൽ ജനിക്കുകയും മ്യന്മാറിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട പ്രേഷിത വൈദികൻ അൽഫ്രേദൊ ക്രെമൊണേസിയെ അനുസ്മരിച്ചുകൊണ്ടാണ് ഈ അഭ്യർത്ഥന നടത്തിയത്.

മ്യന്മാർ ഒരു പീഢിത നാടാണെന്നും അന്നാടിന് സമാധാനമെന്ന ദാനം ലഭിക്കുന്നതിനായി ദൈവത്തോടു പ്രാർത്ഥിക്കണമെന്നും പറഞ്ഞ പാപ്പാ, അന്നാട്ടിലെ മലമ്പ്രദേശ ഗ്രാമമായ ദൊണോക്കുവിൽ 1953 ഏപ്രിൽ 7-നാണ് വൈദികൻ അൽഫ്രേദൊ ക്രെമൊണേസി രക്തസാക്ഷിയായതെന്ന് അനുസ്മരിച്ചു.

“നമ്മൾ പ്രേഷിതർ, വാസ്തവത്തിൽ, ഒന്നുമല്ല. മനുഷ്യന് നൽകപ്പെട്ട ഏറ്റവും നിഗൂഢവും അത്ഭുതകരവുമായ പ്രവൃത്തിയാണ് നമ്മുടേത്, അത് ചെയ്യാൻ ഉള്ളതല്ല, മറിച്ച് കാണാൻ ഉള്ളതാണ്: മാനസാന്തരപ്പെടുന്ന ആത്മാക്കളെ കാണുന്നത് ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ ഒരു അത്ഭുതമാണ്” എന്ന വാഴ്ത്തപ്പെട്ട ക്രെമൊണേസിയുടെ വാക്കുകളും പാപ്പാ ഉദ്ധരിക്കുകയും പ്രേഷിതൻറെ ചില സവിശേഷതകളുടെ സംഗ്രഹമാണ് ഈ വാക്കുകളെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ദൈവത്തിൻറെ കരങ്ങളിൽ ചെറിയൊരു ഉപകരണമാണ് നമ്മൾ എന്ന എളിയ അവബോധം നാം പുലർത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

2019 ഒക്ടോബർ 19-ന് ക്രേമയിൽ വച്ച് വൈദികൻ ക്രെമൊണേസി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തീരുമാനിച്ചിരുന്നതും കോവിദ് 19  മഹാമാരി മൂലം മാറ്റിവയക്കേണ്ടിവന്നതുമായ ഒരു കൂടിക്കാഴ്ചയാണ് ഇപ്പോൾ നടന്നതെന്നും പാപ്പാ അനുസ്മരിച്ചു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 ഏപ്രിൽ 2023, 12:35