ഉത്ഥാനം സ്വപ്നം കാണാൻ കുരിശ് നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒത്തൊരുമിച്ചു പ്രവർത്തിച്ചു വളരുകയെന്നത് മനോഹരമാണെന്ന് മാർപ്പാപ്പാ.
ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ജീവിതത്തിൻറെ ഏല്ലാ ഘട്ടങ്ങളിലും താങ്ങായിരിക്കുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ തൊളേദൊയിൽ കത്തോലിക്കാ സഭ 1973-ൽ രൂപം കൊടുത്ത "മാദ്രെ ദെ ലാ എസ്‌പെരാൻസ ദെ ല തലവേര ദെ ലാ റെയീന" ഫൗണ്ടേഷനിലെ അംഗങ്ങളടങ്ങിയ നൂറ്റിയറുപതോളം പേരെ ശനിയാഴ്‌ച (15/04/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്ന ഫ്രാൻസീസ് പാപ്പാ അമ്പതു വർഷങ്ങൾ നീണ്ട അവരുടെ കൂട്ടായ ജീവിതപ്രവർത്തനങ്ങളെക്കുറിച്ചു പരാമർശിക്കുകയായിരുന്നു.
നസ്രായനായ യേശുവിനെ പിൻചെല്ലുകയെന്ന ലക്ഷ്യത്തോടെ അവർ അനുവർഷം സംഘടിപ്പിക്കുന്ന സ്ലീവാപ്പാതയെക്കുറിച്ചും പാപ്പാ പരാമർശിച്ചു.
ശ്രവണം, പഠനം, അനുഭവിച്ചറിയൽ പരസ്പരം സഹായിക്കൽ, നമുക്കു തനിച്ച് ഒന്നും ചെയ്യാനാകില്ല എന്ന എളിമയോടുകൂടിയ തിരിച്ചറിവ് തുടങ്ങിയ നിരവധി ഘടകങ്ങൾ അടങ്ങിയ ഒരുക്കവും എല്ലാവർക്കും ക്രൂശിതനെ ധ്യാനിക്കുന്നതിനായി അവിടത്തെ രൂപവും പേറി വഴിയിലേക്കിറങ്ങാനുള്ള ധൈര്യവും ഇതിനാവശ്യമാണെന്ന് പാപ്പാ പറഞ്ഞു. അറിയാതെ തന്നെ സ്വന്തം പ്രവർത്തികളാലും ഗാനങ്ങളാലും പ്രാർത്ഥനകളാലും അവർ യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണെന്ന് പാപ്പാ ശ്ലാഘിച്ചു.
നമ്മുടെ ചെറുമയിൽ യേശുവിൻറെ സാക്ഷികളായിരിക്കുക, അവിടത്തെ കാരുണ്യത്തിൻറെ പ്രേഷിതർ ആയിരിക്കുക എന്നത് എത്ര മനോഹരമാണെന്ന് പാപ്പാ പറഞ്ഞു. ഉത്ഥാനം സ്വപ്നം കാണാൻ കുരിശ് നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
കലാകാരന്മാരുൾപ്പടെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരടങ്ങിയ ഒരു സമൂഹമാണ് അവരുടേതെന്ന് അനുസ്മരിച്ച പാപ്പാ അവരുടെ യഥാർത്ഥ കലാസൃഷ്ടികൾ പിന്നീട് വിൽക്കപ്പെടുന്നുവെന്നും ഉപജീവനത്തിന് വരുമാനം ഉണ്ടാക്കുക എന്നത് പ്രധാനമാണെന്നും കാരണം ഓരോ തൊഴിലാളിയും വേതനത്തിന് അർഹനാണ് എന്നും പറഞ്ഞു. അവരുടെ ഈ കൂട്ടായ പ്രവർത്തനത്തെയും ഓരോരുത്തരുടെയും വ്യത്യസ്തമായ കഴിവുകൾ ഏക ലക്ഷ്യത്തിൽ കേന്ദ്രീകരിക്കുന്നതിനെയും പാപ്പാ പ്രശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: