പെസഹാ വ്യാഴം - പാപ്പായുടെ സന്ദേശം: പരസ്പരം സഹായിക്കുമ്പോൾ ജീവിതം സുന്ദരമാകുന്നു
സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ റോമിന്റെ പ്രാന്തപ്രദേശത്തുള്ള കാസൽ ദെർ മാർമോ ജുവനൈൽ ജയിലിയിൽ കർത്താവിന്റെ അന്ത്യത്താഴ സ്മരണയുണർത്തുന്ന ദിവ്യബലി അർപ്പിക്കുകയും അവിടെ പന്ത്രണ്ട് ചെറുപ്പക്കാരുടെ പാദങ്ങൾ കഴുകി പരമ്പരാഗതമായ തിരുകർമ്മം നിർവ്വഹിക്കുകയും ചെയ്തു.
14 നും 25 നും ഇടയിൽ പ്രായമുള്ള പത്ത് യുവാക്കളുടെയും, രണ്ട് യുവതികളുടെയും പാദങ്ങൾ പാപ്പാ കഴുകി. അവരിൽ രണ്ട് പേർ സിന്തി വംശജരും, മറ്റുള്ളവർ ക്രൊയേഷ്യ, സെനഗൽ, റൊമാനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായിരുന്നു. വിവിധ വിശ്വാസ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരുമായ അവരുടെ പാദങ്ങളാണ് പാപ്പാ കഴുകിയത്.
2013 ൽ പാപ്പയായതിന് ശേഷം കാസൽ ദെൽ മാർമോ ഇൻസ്റ്റിറ്റ്യൂട്ട് പാപ്പാ സന്ദർശിച്ചിരുന്നു. അന്ന് "കൊയ്നാ ദൊമിനി " യിലായിരുന്നു പാപ്പാ പെസഹാ വ്യാഴം ദിവ്യബലി അർപ്പിച്ചത്.
എല്ലാവർക്കുമായി ഒരു കുലീന ഹൃദയം
യേശു തന്റെ പീഡാനുഭവത്തിന്റെ തലേന്നാൾ എളിമയുടെയും സേവനത്തിന്റെയും ആംഗ്യത്തിലൂടെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് വിവരിക്കുന്ന ആരാധനാക്രമത്തിന്റെ സുവിശേഷ ഭാഗത്തെ കേന്ദ്രീകരിച്ചാണ് പാപ്പാ തന്റെ വചന വിചിന്തനം നൽകിയത്. അക്കാലത്ത് അടിമയായ ഒരു വ്യക്തി നിർവ്വഹിച്ചിരുന്ന കർമ്മമാണ് അന്ന് യേശു ചെയ്തതെന്ന് പാപ്പാ അനുസ്മരിച്ചു.
പരസ്പരം വഞ്ചിക്കാനും, മുതലെടുക്കാനും പ്രേരിപ്പിക്കുന്ന ലൗകിക മാർഗ്ഗങ്ങൾ പിന്തുടരുന്നതിനുപകരം, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ആംഗ്യവും, ചൈതന്യവും അനുകരിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്താൽ ജീവിതം എത്ര മനോഹരമാകുമെന്ന് പാപ്പാ വിശദീകരിച്ചു.
ലളിതമായ മാനുഷിക ആംഗ്യങ്ങളിലൂടെപ്പോലും അന്യോന്യം സഹായിക്കുന്നത് കുലീനമായ ഒരു ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ഈ "ഹൃദയത്തിന്റെ കുലീനത" ഉണ്ടായിരിക്കാൻ നമ്മെ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും യേശു ഇന്ന് ആഗ്രഹിക്കുന്നു എന്ന് പാപ്പാ വ്യക്തമാക്കി.
നമ്മുടെ ഉള്ളിൽ എന്താണുള്ളതെന്നോർത്ത് നമുക്ക് നിരുത്സാഹപ്പെടുകയോ ലജ്ജിക്കുകയോ ചെയ്യാം. പക്ഷേ യേശു നമ്മെക്കുറിച്ച് എല്ലാം അറിയുകയും, നാമായിരിക്കുന്നത് പോലെ തന്നെ നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു. നമ്മുടെ എല്ലാവരുടെയും പാദങ്ങൾ കഴുകുന്നു. നമ്മുടെ ബലഹീനതകളാൽ നാം ഒരിക്കലും ഭയപ്പെടരുതെന്നും, നമ്മുടെ യാത്രയിൽ കർത്താവ് നമ്മെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പ് നൽകുകയും, ജീവിതം നമുക്ക് അത്ര ബുദ്ധിമുട്ടുള്ളതല്ലായിരിക്കാൻ നമ്മെ കൈ പിടിച്ചുയർത്താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
പരസ്പരം സഹായിക്കാനുള്ള വിളി
അവിടെ സന്നിഹിതരായ പന്ത്രണ്ട് ചെറുപ്പക്കാരുടെ പാദങ്ങൾ കഴുകാനുള്ള തന്റെ ആംഗ്യം കേവലം ഒരു പുരാരന കഥയുടെ ആംഗ്യമല്ല, മറിച്ച് നമ്മൾ പരസ്പരം എങ്ങനെ ആയിരിക്കണം എന്നതിന്റെ അടയാളമാണെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. പരസ്പരം സഹായിക്കുകയും, സ്നേഹം പ്രകടിപ്പിക്കുകയും പാപികളെന്ന നിലയിൽ നമ്മുടെ ബലഹീനതകളിൽ പോലും എല്ലാവരുടെയും അപാരമായ അന്തസ്സിനോടു പരസ്പരം സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെയും പാപ്പാ ചൂണ്ടികാണിച്ചു. ഈ മനോഭാവവും, സേവന മനോഭാവവും നാം സ്വീകരിച്ചാൽ നമ്മുടെ ഈ ലോകത്തിലെ നിരവധി അനീതികൾ ലഘൂകരിക്കാൻ കഴിയുമെന്ന് പാപ്പാ പറഞ്ഞു. തൊഴിൽ രഹിതരായിരിക്കുക, തകർന്ന കുടുംബങ്ങളിലായിരിക്കുക, അതിജീവിക്കാൻ കഷ്ടപെടുക, നമ്മുടെ ബലഹീനതകൾക്ക് കീഴടങ്ങുക എന്നത് നമുക്കോരോരുത്തർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണെന്ന് പാപ്പാ ഓർമ്മിപ്പെടുത്തി.
കർത്താവ് പാദങ്ങൾ കഴുകുന്നതിലൂടെ, നമ്മോടുള്ള അതിരില്ലാത്ത സ്നേഹത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ സാഹചര്യവും, ബലഹീനതകളും,എന്തുതന്നെയായാലും, അവിടുന്ന് എല്ലായ്പ്പോഴും നമ്മുടെ പക്ഷത്തായതിനാൽ അവിടുന്ന് ഒരിക്കലും നമ്മെ കൈവിടുകയില്ല്. പാപ്പാ കൂട്ടിച്ചേർത്തു.
സംഘടിത കുറ്റകൃത്യങ്ങളെ വെല്ലുവിളിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട പ്രശസ്ത സിസിലിയൻ ഇടവക വികാരി വാഴ്ത്തപ്പെട്ട ഫാ.പിനോ പുലിസിയ്ക്ക് സമർപ്പിക്കപ്പെട്ട ചാപ്പലിന്റെ ഉദ്ഘാടന ഫലകത്തിന്റെ ആശീർവ്വാദ കർമ്മവും പാപ്പാ നിർവ്വഹിച്ചു.
തടവറയിൽ കഴിയുന്ന യുവാക്കളെ അഭിവാദ്യം ചെയ്യുകയും മരപ്പണി പരിശീലനത്തിനിടെ അവർ നിർമ്മിച്ച കുരിശും, അവർ ഉണ്ടാക്കിയ കുറച്ച് ബിസ്കറ്റും, പാസ്തയും പാപ്പാ സമ്മാനമായി സ്വീകരിക്കുകയും ചെയ്തു. കാസൽ ദെൽ മാർമോ ഡയറക്ടറിനും, ഉദ്യോഗസ്ഥർക്കും ഇറ്റാലിയൻ പാരമ്പര്യമനുസരിച്ചു ജപമാലകളും, ചോക്ലേറ്റ് ഈസ്റ്റർ മുട്ടകളും പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: