ദേശത്തിന്റെ അതിരുകൾക്കപ്പുറം നോക്കാനും സമാധാനം പി൯ചെല്ലാനും ഹങ്കേറിയൻ അധികാരികളോടു ഫ്രാൻസിസ് പാപ്പാ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തന്റെ 41 മത് അപ്പസ്തോലിക യാത്രയായി ഹങ്കറിയിൽ പാപ്പാ നടത്തിയ ആദ്യ പൊതുസമ്മേളനം രാജ്യത്തിന്റെഭരണാധികാരികളും, പൊതുസമൂഹത്തിലെയും നയതന്ത്ര സമൂഹത്തിലെയും അംഗങ്ങളുമൊത്തായിരുന്നു. ബുഡാപെസ്റ്റിലെ മുൻ കർമ്മലീത്ത ആശ്രമത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ അവരുമായി രാജ്യത്തിന്റെതലസ്ഥാനമായ ബുഡാപെസ്റ്റിനെ കുറിച്ച് ബുഡാപെസ്റ്റ് ചരിത്രത്തിന്റെ നഗരമാണ് അത് പാലങ്ങളുടെ നഗരമാണ് വിശുദ്ധരുടെ നഗരമാണ് എന്ന മൂന്ന് ചിന്തകളാണ് പങ്കുവെച്ചത്.
ചരിത്രത്തിന്റെ നഗരം
ബുഡാപെസ്റ്റ് ഒരു ചരിത്രത്തിന്റെ നഗരമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗം ആരംഭിച്ചത്. അതിന്റെത് പുരാതന സെൽട്ടിക് റോമൻ ഉത്ഭവമാണെങ്കിലും നഗരം അതിന്റെ പ്രതാപത്തിൽ ആധുനിക കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. സമാധാന കാലത്തിലാണ് നഗരത്തിന്റെ പിറവി എങ്കിലും യുഗാന്തരങ്ങൾ മുതൽ കഴിഞ്ഞ രണ്ടാം ലോകമഹായുദ്ധം വരെ അവിടെ മൃഗീയമായ സംഘർഷങ്ങൾ അനുഭവിച്ചിരുന്നു. അവർ ആഘോഷപൂർവ്വം 150 വർഷം മുമ്പുള്ള ബുഡാ, ഒബുഡാ, പെസ്റ്റ് എന്നീ മൂന്നു നഗരങ്ങളുടെ സംയോജനം വഴി സാധ്യമായ ബുഡാപെസ്റ്റിന്റെ സ്ഥാപനം (1873) ഈ വർഷം അനുസ്മരിക്കുന്നതും പാപ്പാ ഓർമ്മിച്ചു. ഭൂഖണ്ഡത്തിലെ ഈ വലിയ തലസ്ഥാനത്തിന്റെ പിറവി യൂറോപ്പ് ഏറ്റെടുത്ത ഏകീകരണത്തെക്കുറിച്ചും അതിലുള്ള ഹങ്കറിയുടെ സജീവ പങ്കിനെക്കുറിച്ചും വിചിന്തനം ചെയ്യാൻ ക്ഷണിക്കുന്നു എന്ന് പാപ്പാ എടുത്തു പറഞ്ഞു. ഐക്യരാഷ്ട്രസഭയോടൊപ്പം രാഷ്ട്രങ്ങൾ തമ്മിലുള്ള അടുത്ത ബന്ധങ്ങളും സഹകരണവും കൊണ്ട് വീണ്ടും സംഘർഷങ്ങളുണ്ടാവുന്നത് ഒഴിവാക്കാൻ കഴിയുമെന്ന കുലീനമായ പ്രത്യാശയുടെ പ്രതീകമായിരുന്നു യുദ്ധാനന്തരകാലത്ത് യൂറോപ്പ്
എന്നും പാപ്പാ കൂട്ടിച്ചേർത്തു. എന്നാൽ " യുദ്ധത്തിന്റെ ഏകാന്തഗീതകർ സമാധാനത്തിന്റെ സംഘഗീതം കൈയടക്കിയ ഈ ചരിത്ര മുഹൂർത്തത്തിൽ " ബുഡാപെസ്റ്റ് അതിന്റെ ചരിത്രം കൊണ്ട് മനുഷ്യകുലത്തിന്റെ ഓർമ്മയെ പ്രതിനിധീകരിക്കുന്നു എന്നും അത് യൂറോപ്പിന്റെ ചൈതന്യം വീണ്ടെടുക്കാൻ അത്യാവശ്യമാണെന്നും ഫ്രാൻസിസ് പാപ്പാ അവരോടു പറഞ്ഞു. യൂറോപ്പിന്റെ സ്ഥാപക നേതാക്കൾ രാഷ്ട്രത്തിന്റെ അതിരുകൾക്കും അപ്പുറം ഭിന്നതകൾ വിപുലീകരിക്കാതെ ഐക്യം പിൻതുടരാൻ വേണ്ട നയതന്ത്ര രീതികൾ തീർക്കാൻ വിദഗ്ദ്ധരായ രാജ്യതന്ത്രജ്ഞരായിരുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
പാലങ്ങളുടെ നഗരം
തുടർന്ന് പാപ്പാ ബുഡാപെസ്റ്റിനെ പാലങ്ങളുടെ നഗരമെന്ന നിലയിൽ വിശദീകരിച്ചു. ദെന്യൂബ് നദിക്കു കുറുകെ 20 ജില്ലകളെ പാലങ്ങൾ കൊണ്ട് ബന്ധിപ്പിക്കുന്ന ബുഡാപെസ്റ്റിനെ പോലെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലം തീർക്കാനായാണ് യൂറോപ്പ് സ്ഥാപിക്കപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു. ഇതിന് ആരുടേയും തനിമയ്ക്ക് ഭംഗം വരുത്താതെ എല്ലാവരുടേയും സംഭാവന ആവശ്യമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഹങ്കറിയിൽ ശ്രദ്ധാപൂർവ്വം പിൻതുടർന്നു വരുന്ന ഫലപ്രദമായ പദ്ധതികളോടെ മനുഷ്യ വ്യക്തിയിലും യൂറോപ്പിന്റെ ജനതകളിലും കേന്ദ്രീകൃതമായ ഒരു യൂറോപ്പിനെ പണിതുയർത്തുക എത്രയോ നല്ലതാണെന്ന് പാപ്പാ പറഞ്ഞു. പ്രത്യയശാസ്ത്രങ്ങളുടെ കോളനിവൽക്കരണത്തിലും അതിരാഷ്ട്രവാദത്തിലും കേന്ദ്രീകരിക്കുന്നതിനു പകരം യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങൾ ഒരുമിച്ച് ഒരു കുടുംബമായി അതിലെ അംഗങ്ങളുടെ വളർച്ചയും തനിമയും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു യൂറോപ്പിനെക്കുറിച്ച് പാപ്പാ അടിവരയിട്ടു. വിവിധ യാഥാർത്ഥ്യങ്ങളെ ഒരുമിപ്പിക്കുന്ന പാലങ്ങൾ എക്യുമെനിസത്തിന്റെ ഒരു ശക്തമായ ഘടകത്തെ ചിത്രീകരിക്കുന്നു എന്ന് തുടർന്ന പാപ്പാ ബുഡാപെസ്റ്റിൽ " വിവിധ മതവിശ്വാസങ്ങൾ ഉരസലുകളില്ലാതെ, പരസ്പര ബഹുമാനത്തോടും ക്രിയാത്മകമായി സഹകരിച്ചും ഒരുമിച്ചു " ജീവിക്കുന്നതും ചൂണ്ടിക്കാണിച്ചു.
വിശുദ്ധരുടെ നഗരം
വിശുദ്ധരുടെ നഗരമെന്ന നിലയിൽ ബുഡാപെസ്റ്റിനെ വിവരിച്ച പാപ്പാ യൂറോപ്പിലെ ക്രൈസ്തവർ പരിപൂർണ്ണ ഐത്യത്തിലായിരുന്ന കാലത്ത് ജീവിച്ച ഹങ്കറിയുടെ ആദ്യ രാജാവും വിശുദ്ധനുമായ സ്റ്റീഫനിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ട് " സ്നേഹത്തിന്റെ അഭ്യാസം ഏറ്റം ഉന്നതമായ സന്തോഷത്തിലേക്ക് നയിക്കുന്നു" എന്ന വി. സ്റ്റീഫന്റെ വാക്കുകളിൽ സത്യമായ ക്രൈസ്തവ ചൈതന്യം ദർശിക്കാമെന്ന് വിശദീകരിച്ചു. ഇത് വ്യക്തമായ സ്വത്വം വെളിവാക്കുക മാത്രമല്ല മറ്റുള്ളവരോടുണ്ടാകേണ്ട തുറവിന്റെയും പ്രതിഫലനമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. " മറ്റു ജനതകളുടെ സ്വാതന്ത്ര്യത്തെയും സംസ്കാരത്തെയും ഞങ്ങൾ ബഹുമാനിക്കുകയും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുമായി സഹകരിക്കാൻ പരിശ്രമിക്കുകയും ചെയ്യും' എന്ന ഭരണഘടനാ ഭാഗം ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം ഭരണഘടനയും അംഗീകരിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടികാണിച്ചു.
വിശ്വാസത്തിന്റെ സാക്ഷികളുടെ കൂട്ടത്തിൽ ക്രൈസ്തവർ എന്ന് സ്വയം അവകാശപ്പെടുന്നവർ സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മാനവികതയ്ക്ക് സാക്ഷ്യം നൽകാനും വളർത്താനും എല്ലാവരോടും സഹകരിക്കാൻ വിളിക്കപ്പട്ടവരാണെന്ന് പാപ്പാ പറഞ്ഞു. അതിന് ദൈവ പിതാവിന്റെ വൽസല മക്കളാണ് നമ്മളെന്നും പരസ്പരം സഹോദരീ സഹോദരന്മാരായി സ്നേഹിക്കണമെന്നുമുള്ള രണ്ട് അടിസ്ഥാന വഴികളിലൂടെയാണ് സഞ്ചരിക്കേണ്ടതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. വിവിധ ഭാഷകളും ആചാരങ്ങളുമായി എത്തുന്നവർ "രാജ്യത്തെ അലങ്കരിക്കുന്നു" എന്ന് വിശുദ്ധ സ്റ്റീഫൻ തന്റെമകനോടു പറഞ്ഞത് അസാധാരണമായ സാഹോദര്യത്തിന്റെ വാക്കുകളായിരുന്നുവെന്നും അതുപോലെ തന്നെയാണ് സംഘർഷങ്ങൾ, ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ നിന്ന് നിരാശരായി പലായനം ചെയ്യുന്ന നിരവധി സഹോദരീ സഹോദരന്മാരിൽ നമ്മൾ ക്രിസ്തുവിന്റെ സാന്നിധ്യമുള്ളതായി കാണുന്നതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ഈ വെല്ലുവിളി പ്രത്യേകിച്ച് യേശുവിന്റെ അനുയായികളും സുവിശേഷത്തിന്റെ സാക്ഷികളുടെ മാതൃക അനുകരിക്കാൻ ആഗ്രഹിക്കുന്നവരുമായവരിൽ നിന്നും ഒരു പ്രത്യുത്തരം ആവശ്യപ്പെടുന്നുവെന്നതിന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.
"Isten, aldd meg a magyart" "ദൈവം ഹങ്കറിയിലെ ജനങ്ങളെ അനുഗ്രഹിക്കട്ടെ"എന്ന് ആശംസിച്ചു കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: