തിരയുക

പാപ്പാ: ഉപവിയുടെ ഭാഷ അനർഗ്ഗളം മൊഴിയുന്ന സഭയെയാണ് ആവശ്യം !

ഫ്രാൻസീസ് പാപ്പാ ഹംഗറിയിലെ ബുദാപെസ്റ്റിലുള്ള വിശുദ്ധ എലിസബത്തിൻറെ നാമത്തിലുള്ള ദേവാലയത്തിൽ വച്ച് നിസ്വരും അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൻറെ സംഗ്രഹം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉപവിയുടെ ഭാഷ സംസാരിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു പാപ്പാ പാവപ്പെട്ടവരും അഭയാർത്ഥികളുമായുള്ള കൂടിക്കാഴ്ചാ വേളയിൽ നടത്തിയ പ്രഭാഷണം.

ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരും സുവിശേഷത്തിൻറെ ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവെന്ന് നാം മറക്കരുതെന്ന് പറഞ്ഞ പാപ്പാ യഥാർത്ഥത്തിൽ യേശു വന്നത് "ദരിദ്രരെ സുവിശേഷം അറിയിക്കാനാണ്" (ലൂക്കാ 4:18) എന്നത് അനുസമരിച്ചു. പാപ്പാ ഇപ്രകാരം തുടർന്നു:  അങ്ങനെയെങ്കിൽ, അവർ ആവേശകരമായ ഒരു വെല്ലുവിളിയിലേക്കു വിരൽ ചൂണ്ടുന്നു, അതായത്, നാം പ്രഖ്യാപിക്കുന്ന  വിശ്വാസം ജീവിതത്തിൽ നിന്ന് അകന്നിരിക്കുന്ന ഒരു അനുഷ്ഠാനത്തിൻറെ തടവറയിൽ ആകരുത്, ഒരുതരം "ആത്മീയ സ്വാർത്ഥത"ക്ക് ഇരയാകരുത്, അതായത്, എൻറെ ആന്തരിക ശാന്തതയ്ക്കും സംതൃപ്തിക്കും അനുസൃതം ഞാൻ തന്നെ സൃഷ്ടിക്കുന്ന  ഒരു ആത്മീയത ആകരുത്. മറുവശത്ത്, യഥാർത്ഥ വിശ്വാസം അസ്വസ്ഥജനകവും സഹസികത അന്തർലീനമായിരിക്കുന്നതും ദരിദ്രരുമായി  കണ്ടുമുട്ടാൻ പ്രേരിപ്പിക്കുന്നതും ജീവകാരുണ്യത്തിൻറെ ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുന്നതുമാണ്. വിശുദ്ധ പൗലോസ് സമർത്ഥിക്കുന്നതുപോലെ, നമുക്ക് പല ഭാഷകൾ സംസാരിക്കാം, ജ്ഞാനവും സമ്പത്തും സ്വന്തമാക്കാം, എന്നാൽ നമുക്ക് സ്നേഹം ഇല്ലെങ്കിൽ നമുക്ക് ഒന്നുമില്ല, നാം ഒന്നുമല്ല (1 കോറി 13:1-13 കാണുക).

ഹങ്കറിയിലെ ജനങ്ങൾ സവിശേഷ ഭക്തിയോടെ വണങ്ങുന്ന വിശുദ്ധ എലിസബത്ത് ദരിദ്രരോടു കാട്ടിയിരുന്ന സ്നേഹം പാപ്പാ അനുസ്മരിച്ചു.

താൻ കൂടിക്കാഴ്ചയ്ക്കെത്തിയ വേളയിൽ അവിടെ ചത്വരത്തിൽ കണ്ട വിശുദ്ധ എലിസബത്തിൻറെ പ്രതിമയെക്കുറിച്ചു പാപ്പാ പരമാർശിച്ചു. ഫ്രാൻസീസ്ക്കൻ ചരട് സ്വീകരിക്കുന്ന വേളയിൽ ഏലിസബത്ത് ഒരു ദരിദ്രൻറെ ദാഹം ശമിപ്പിക്കാൻ വെള്ളം നൽകുന്നതാണ് ആ പ്രതിമ. പാപ്പാ ഇപ്രകാരം തുടർന്നു: ഇത് വിശ്വാസത്തിൻറെ മനോഹരമായ ഒരു രൂപമാണ്: എലിസബത്തിന് പ്രചോദനമേകിയ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ പോലെ "ദൈവവുമായി ബന്ധിക്കുന്നവർ", ദരിദ്രരോടുള്ള ഉപവിയിലേക്ക് സ്വയം തുറക്കുന്നു, കാരണം "ഞാൻ ദൈവത്തെ സ്നേഹിക്കുന്നു" എന്ന് പറയുകയും തൻറെ സഹോദരനെ വെറുക്കുകയും ചെയ്താൽ, അവൻ ഒരു നുണയനാണ്. താൻ കാണുന്ന തൻറെ സഹോദരനെ സ്നേഹിക്കാത്തവന് താൻ കാണാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല" (1 യോഹന്നാൻ 4:20). ഒരു രാജാവിൻറെ മകളായ വിശുദ്ധ എലിസബത്ത്, ആഡംബരവും സവിശേഷസൗകര്യങ്ങളുമുള്ള അന്തരീക്ഷത്തിൽ, കൊട്ടാര ജീവിതത്തിൻറെ സുഖസൗകര്യങ്ങളിൽ വളർന്നു; എന്നിരുന്നാലും, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച അവളെ സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തപ്പോൾ അവൾ, ലോകത്തിൻറെ സമ്പന്നതകളും വ്യർത്ഥതകളും നിരസിക്കുകയും ആവശ്യത്തിലിരിക്കുന്നവരെ പരിപാലിക്കുന്നതിനുള്ള ആഗ്രഹം അവളിൽ ഉണ്ടാകുകയും ചെയ്തു. അങ്ങനെ, അവൾ തൻറെ സ്വത്തുവകകൾ മാത്രമല്ല, സ്വജീവതവും ഏറ്റവും താഴെത്തട്ടിലുള്ളവർക്കും, കുഷ്ഠരോഗികൾക്കും ഇതര രോഗബാധിതർക്കുമായി വിനിയോഗിച്ചു. അവരെ വ്യക്തിപരമായിപ്പോലും പരിചരിച്ചു അവരെ സ്വന്തം ചുമലിൽ വഹിക്കുന്നതിനും അവൾ തയ്യാറായി. ഇതാണ് കാരുണ്യത്തിൻറെ ഭാഷ.

സ്വന്തം ജീവിത കഷ്ടപ്പാടുകളെക്കുറിച്ച്, മക്കൾക്ക് ആഹാരം സമ്പാദിക്കുന്നതിനായി ജീവസന്ധാരണത്തിനായി സഹിച്ച യാതനകളെപ്പറ്റി ബ്രിജിറ്റ് നല്കിയ സാക്ഷ്യവും പാപ്പാ അനുസ്മരിക്കുകയും ആ സാക്ഷ്യത്തിന് നന്ദി പറയുകയും ചെയ്തു. ഗ്രീക്ക് കത്തോലിക്കാ സഭയിലൂടെ തനിക്ക് ദൈവത്തിൻറെ സാമീപ്യം അനുഭവിച്ചറിയാൻ കഴിഞ്ഞു എന്ന ബ്രിജിറ്റിൻറെ സാക്ഷ്യപ്പെടുത്തലിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ സകലരോടും, പ്രത്യേകിച്ച്, പാവപ്പെട്ടവരും രോഗികളും വേദനയനുഭവിക്കുന്നവരുമായവരോടുള്ള അനുകമ്പയാണ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്ന സാക്ഷ്യമെന്ന് ഉദ്ബോധിപ്പിച്ചു.

ഉപവിയുടെ ഭാഷ അനർഗ്ഗളം സംസാരിക്കുന്ന ഒരു സഭയയെയാണ് നമുക്കാവശ്യമെന്നും എല്ലാവരും, ഏറ്റം അകലങ്ങളിൽ ആയിരിക്കുന്നവരും, അവിശ്വാസികളും പോലും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സാർവ്വത്രിക ഭാഷയാണ് അതെന്നും പാപ്പാ പറഞ്ഞു.

ഹംഗറിയിൽ സ്വാഗതം ചെയ്യപ്പെട്ട ഒലെഗിൻറെയും കുടുംബത്തിൻറെയും സാക്ഷ്യത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. വേദനയും സഹനവും അനുഭവിക്കുമ്പോഴും മുന്നോട്ടുപോകാനുള്ള ധൈര്യം ഒരുവന് ഉണ്ടാരുന്നത് സ്നേഹതൈലം ലഭിക്കുമ്പോഴാണെന്ന് പാപ്പാ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും മറ്റൊരു ഭാവി സാധ്യമാണെന്നും വിശ്വസിക്കാൻ സഹായിക്കുന്ന ശക്തിയാണിതെന്നും യേശു നമുക്ക് നൽകുന്നതും ജീവിക്കാൻ അവൻ നമ്മോട് കൽപ്പിക്കുന്നതുമായ സ്നേഹം സമൂഹത്തിൽ നിന്നും, നാം ജീവിക്കുന്ന നഗരങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും, നിസ്സംഗതയുടെയും സ്വാർത്ഥതയുടെയും തിന്മകളെ ഉന്മൂലനം ചെയ്യാൻ സഹായിക്കുകയും കൂടുതൽ നീതിയും സാഹോദര്യവും ഉള്ള ഒരു പുതിയ മാനവികതയുടെ പ്രത്യാശ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഹംഗറിയിലും ദൗർഭാഗ്യവശാൽ, അക്ഷരാർത്ഥത്തിൽ ഭവനരഹിതരായിട്ടുള്ളവരെയും പാപ്പാ അനുസ്മരിച്ചു. ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളുള്ളവരും, ഏകാന്തത അനുഭവിക്കുന്നവരും മയക്കുമരുന്നാകുന്ന വിഷം നശിപ്പിച്ചവരും ജയിൽ വിമോചിതരോ, പ്രായമായതിനാൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത നിരവധി സഹോദരീ സഹോദരന്മാരുമെല്ലാം ഭൗതികവും സാംസ്കാരികവും ആത്മീയവുമായ ദാരിദ്ര്യം അനുഭവിക്കുന്നതിനെക്കുറിച്ചും അവർ ഭവനരഹിതരായിരിക്കുന്നതിനെക്കുറിച്ചും പാപ്പാ ത്സൊൾത്താൻറെയും അദ്ദേഹത്തിൻറെ പത്നിയുടെയും സാക്ഷ്യത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് സൂചിപ്പിച്ചു.

എപ്പോഴും സ്നേഹത്തിൻറെ അഥവാ, ഉപവിയുടെ ഭാഷ സംസാരിക്കാൻ എല്ലാവർക്കും പ്രചോദനം പകർന്ന പാപ്പാ, അവിടെ ചത്വരത്തിലുള്ള വിശുദ്ധ എലിസബത്തിൻറെ പ്രതിമ അവതരിപ്പിക്കുന്ന  വലിയ ഒരു അത്ഭുതത്തെക്കുറിച്ചു പരാമർശിച്ചു. വിശുദ്ധ എലിസബത്ത് ദരിദ്രർക്ക് നല്കാൻ കൊണ്ടു പോയ അപ്പം കർത്താവ് ഒരിക്കൽ റോസാപുഷ്പമാക്കി മാറ്റിയ അത്ഭുതമാണ് ഈ പ്രതിമ അവതരിപ്പിക്കുന്നതെന്നു വിശദീകരിച്ച പാപ്പാ, വിശപ്പനുഭവിക്കുന്നവർക്ക് നാം അന്നം നല്കുമ്പോൾ കർത്താവ് ആനന്ദം പുഷ്പിതമാക്കുകയും നാം നല്കുന്ന സ്നേഹം കൊണ്ട് നമ്മുടെ അസ്തിത്വത്തെ പരിമളപൂരിതമാക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ചു. എപ്പോഴും സഭയിലും സ്വന്തം രാജ്യത്തും ഉപവിയുടെ സുഗന്ധ സംവാഹകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്ന ആശംസയോടെയും  തനിക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടരണമെന്ന അഭ്യർത്ഥനയോടെയും ആണ് പാപ്പാ തൻറെ പ്രസംഗം അവസാനിപ്പിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 April 2023, 17:49