തിരയുക

പാപ്പാ: കർത്താവിൻറെ സ്നേഹം ജീവിക്കുക, അപ്പോൾ നല്ല അജപാലനം സാധ്യമാകും!

പാപ്പാ ഹംഗറിയിൽ. മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും അജപാലനപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ്  പാപ്പാ ഏപ്രിൽ 28-ന് (28/04/23) വെള്ളിയാഴ്ച ബുദാപെസ്റ്റിൽ വച്ച്  മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും അജപാലനപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നല്കിയ സന്ദേശത്തിൻറെ സംഗ്രഹം.

2021 സെപ്റ്റംബറിൽ, അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിനോടനുബന്ധിച്ച് ബുദാപ്പെസ്റ്റിലെത്തിയതിനു ശേഷം തനിക്ക് ഒരിക്കൽ കൂടി അവിടെ എത്താൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത്.

നമ്മുടെ ഈ കാലഘട്ടത്തിൻറെ മാറ്റങ്ങൾ, രൂപാന്തരീകരണങ്ങൾ അജപാലന വെല്ലുവിളികൾ, ഇന്നിൻറെ യാഥാർത്ഥ്യങ്ങളിൽ ദൈവസാന്നിധ്യം തിരിച്ചറിയൽ, ചോദ്യങ്ങൾക്കും വെല്ലുവിളികൾക്കും ഭയലേശമന്യേ ചെവികൊടുക്കാൻ അറിഞ്ഞിരിക്കൽ, കർത്താവിൻറെ സ്നേഹത്തിൻറെ കലപന ജീവിക്കൽ എന്നീ വിവിധങ്ങളായ വിഷയങ്ങൾ ഇഴ ചേർന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം.

ഹംഗറിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനും ഗ്യോർ രൂപതയുടെ മെത്രാനുമായ അന്ത്രാസ് വേരെസ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞ “ക്രിസ്തുവാണ് നമ്മുടെ ഭാവിയെന്ന്  പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ സാക്ഷ്യം വഹിക്കാൻ നമ്മൾ അഭിലഷിക്കുന്നു”  എന്നീ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രഭാഷണം തുടർന്ന പാപ്പാ ഭാവിയല്ല ക്രിസ്തു, ക്രിസ്തുവാണ് നമ്മുട ഭാവി. കാര്യങ്ങളെ മാറ്റിമറിക്കരുത്, എന്ന് വ്യക്തമാക്കി. അജപാലനപരമായ വെല്ലുവിളികളെ മെച്ചപ്പെട്ടരീതിൽ നേരിടാൻ പരിശ്രമിച്ചുകൊണ്ട് നമ്മുടെ ഈ കാലഘട്ടത്തിൻറെ മാറ്റങ്ങളെയും രൂപാന്തരികരണങ്ങളെയും വ്യാഖ്യാനിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം സുപ്രധാനങ്ങളായ ആവശ്യങ്ങളിൽ ഒന്നാണെന്ന് വിശദീകരിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു.

എന്നാൽ ക്രിസ്തുവിനെ നമ്മുടെ ഭാവിയായി കാണുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ: അവൻ "ആൽഫയും ഒമേഗയും, ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ആണ്" (വെളിപാട് 1:8), ആദിയും അന്തവും, മാനവചരിത്രത്തിൻറെ അടിത്തറയും ആത്യന്തിക ലക്ഷ്യവും ആണ്. ഈ ഉത്ഥാന കാലത്തിൽ അവൻറെ മഹത്വം, തുടക്കവും ഒടുക്കവും ആയവനെ ധ്യാനിക്കുമ്പോൾ, ചിലപ്പോൾ നമ്മുടെ ലോകത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളിലേക്കും സമൂഹത്തിലെ ദ്രുതവും നിരന്തരവുമായ മാറ്റങ്ങളിലേക്കും  നമുക്ക് നോക്കാൻ സാധിക്കും. പാശ്ചാത്യദേശത്തെ വിശ്വാസ പ്രതിസന്ധിയ്ക്ക്, പരാജയത്തിന് വഴങ്ങാത്തതും ഉത്ഥാനത്തിൻറെ കേന്ദ്രസ്ഥാനത്തു നിന്ന് കണ്ണുതെറ്റാത്തതുമായ ഒരു നോട്ടമാണത്: ചരിത്രത്തിൻറെ കേന്ദ്രമായ ഉത്ഥിതനായ ക്രിസ്തുവാണ് ഭാവി. ദുർബ്ബലതയാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതായ നമ്മുടെ ജീവിതം അവൻറെ കൈകളിൽ ഭദ്രമാണ്. ഇത് മറന്നാൽ, നമ്മൾ, ഇടയന്മാരും അല്മായരും ലോകത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ മാനുഷികമായ മാർഗ്ഗങ്ങളും ഉപകരണങ്ങളും തേടും, സുഖപ്രദവും പ്രശാന്തവുമായ നമ്മുടെ മതാത്മക മരുപ്പച്ചകളിൽ സ്വയം അടച്ചിടും; അല്ലെങ്കിൽ, നേരെമറിച്ച്, ലൗകികതയുടെ മാറിമാറിവീശുന്ന കാറ്റുകളോട് നമ്മൾ പൊരുത്തപ്പെടും, അപ്പോൾ, നമ്മുടെ ക്രൈസ്തവികതയുടെ  വീര്യം നഷ്ടപ്പെടും, നമ്മൾ മേലിൽ ഭൂമിയുടെ ഉപ്പ് ആയിരിക്കില്ല.  ലൗകികമായ ഒരു സഭയായിത്തീരുകയെന്നത് സഭയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്.

ഈ വാക്കുകളെ തുടർന്ന് പാപ്പാ നാം ജാഗരൂഗരായിരിക്കേണ്ട രണ്ട് പ്രലോഭനങ്ങളെക്കുറിച്ചു പരാമർശിച്ചു. അവയിലൊന്ന് വർത്തമാനകാല ചരിത്രത്തിൻറെ വിനാശകരമായ വായനയാണെന്ന് പറഞ്ഞ പാപ്പാ അത് പോഷിപ്പിക്കപ്പെടുന്നത്, എല്ലാം നഷ്ടപ്പെട്ടുവെന്നും ഒരു കാലത്തുണ്ടായിരുന്ന മൂല്യങ്ങളൊന്നും ഇപ്പോഴില്ലയെന്നും നാം എവിടെ ചെന്നവസാനിക്കും എന്നറിയില്ലെന്നും   ആവർത്തിക്കുന്നവരുടെ പരാജയവാദത്താലാണെന്ന് വിശദീകരിച്ചു.

പിന്നെയുള്ള മറ്റൊരു അപകടസാധ്യത, സ്വന്തം കാലത്തിൻറെ വിവേക ശൂന്യമായ വായനയാണെന്നും, അത് അനുരൂപീകരണത്തിൻറെ സൗകര്യത്തെ അടിസ്ഥാനമാക്കിയുള്ളതും അവസാനം എല്ലാം നന്നായിപ്പോകുമെന്നും  ലോകം മാറിയിട്ടുണ്ടെന്നും നാം പൊരുത്തപ്പെടേണ്ടതുണ്ടെന്നും വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുമാണെന്നും പാപ്പാ പറയുന്നു. ഇവിടെ, വിനാശകരമായ പരാജയ വാദത്തിനും ലൗകിക അനുരൂപീകരണത്തിനുമെതിരെ, സുവിശേഷം നമുക്ക് പുതിയ കണ്ണുകൾ നൽകുന്നു, സ്വാഗതം ചെയ്യുന്ന മനോഭാവത്തോടെ മാത്രമല്ല, പ്രവചനത്തോടു തുറവുള്ള ചൈതന്യത്തോടെയും നമ്മുടെ കാലത്തിലേക്ക് പ്രവേശിക്കാനുള്ള വിവേകത്തിൻറെ കൃപ നൽകുന്നു, പാപ്പാ തുടരുന്നു:

ലൗകികവത്ക്കരിക്കപ്പെടാതെ, ക്രിസ്തീയ പ്രവചനത്തിൻറെ പ്രഘോഷകരും സാക്ഷികളും എന്ന നിലയിൽ എല്ലാം സുവിശേഷത്തിൻറെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുകയും ചെയ്യണം. ലൗകികവത്ക്കരണ പ്രക്രിയയെ നാം സൂക്ഷിക്കണം. ലൗകികതയിൽ നിപതിക്കുകയെന്നത്, ഒരു പക്ഷേ, ക്രിസ്തീയസമൂഹത്തിന് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്.

വിശ്വാസ പാരമ്പര്യം ആഴത്തിൽ വേരൂന്നിയ ഈ രാജ്യത്ത് പോലും, ലൗകികതയുടെ വ്യാപനം ദൃശ്യമാണ്. അത്, പലപ്പോഴും കുടുംബത്തിൻറെ കെട്ടുറപ്പിനും മനോഹാരിതയ്ക്കും ഭീഷണിയാകുന്നു, ഭൗതികവാദത്താലും സുഖവാദത്താലും  മുദ്രിതമായ ജീവിത മാതൃകകളിലേക്ക് യുവാക്കളെ തുറന്നിടുന്നത് നാം കാണുന്നു. അപ്പോഴുണ്ടാകുന്ന പ്രലോഭനം കർക്കശരാകാനും പിൻവലിയാനും "പോരാളി" മനോഭാവം സ്വീകരിക്കാനുമായിരിക്കാം. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ ക്രിസ്ത്യാനികളായ നമുക്ക് വിശ്വാസത്തെ ഉത്തേജിപ്പിക്കുന്നതിനും ചില വിഷയങ്ങൾ ആഴത്തിൽ പഠിക്കുന്നതിനും ഈ വെല്ലുവിളികൾക്ക് എങ്ങനെ സുവിശേഷവുമായി സംഭാഷണത്തിൽ ഏർപ്പെടാനും നൂതന വഴികളും ഉപാധികളും രീതികളും തേടാനും കഴിയുമെന്ന് സ്വയം ചോദിക്കുന്നതിനുമുള്ള  അവസരങ്ങളായി ഭവിക്കാം. ഈ അർത്ഥത്തിൽ, ലൗകികവൽക്കരണത്തിൻറെ വിവിധ കാലഘട്ടങ്ങൾ സഭയ്ക്ക് സഹായകമായിത്തീരുന്നതായി ബെനഡിക്ട് പതിനാറാമൻ സമർത്ഥിച്ചിട്ടുണ്ട്, കാരണം "അവ സഭയുടെ ശുദ്ധീകരണത്തിനും ആന്തരിക നവീകരണത്തിനും സത്താപരമായ വിധത്തിൽ സംഭാവന നൽകിയിട്ടുണ്ട്. വാസ്തവത്തിൽ, ലൗകിവത്ക്കരണങ്ങൾ, ഓരോ തവണയും, ലൗകികതയുടെ രൂപങ്ങളിൽ നിന്ന് സഭയുടെ അഗാധമായ മോചനമാണ് അർത്ഥമാക്കുന്നത്" (സഭയിലും സമൂഹത്തിലും പ്രവർത്തനനിരതരായ കത്തോലിക്കരുമായുള്ള കൂടിക്കാഴ്ച, ഫ്രീബർഗ് ഇം ബ്രെയ്‌സ്‌ഗൗ, 25 സെപ്റ്റംബർ 2011).

എല്ലാത്തരം പ്രാപഞ്ചികവൽക്കരണത്തിന് മുന്നിൽ സഭയെ സകലവിധ ലൗകികതകളിൽ നിന്ന് ശുദ്ധീകരിക്കാനുള്ള ഒരു വെല്ലുവിളിയും ക്ഷണവുമുണ്ട്. നമുക്ക് ഈ വാക്കിലേക്ക് തിരിച്ചുവരാം, അത് ഏറ്റവും മോശമാണ്: ലൗകികതയിൽ വീഴുകയെന്നത് നമുക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്. ഇത് ഒരുതരം മൃദുവായ വിജാതീയതയാണ്, ഇത് നിങ്ങളുടെ സമാധാനം കെടുത്താത്ത ഒരു വിജാതീയതയാണ്, എന്തുകൊണ്ട് അങ്ങനെ? അത് നല്ലതാണോ? അല്ല, കാരണം നീ അബോധാവസ്ഥയിലാക്കപ്പെട്ടിരിക്കയാണ്.

ഇന്നത്തെ സാഹചര്യങ്ങളുമായി സംവാദത്തിൽ ഏർപ്പെടാനുള്ള പ്രതിബദ്ധത, ക്രൈസ്തവ സമൂഹത്തോട് ആവശ്യപ്പെടുന്നത് സന്നിഹിതരായിരിക്കാനും സാക്ഷികളാകാനും ചോദ്യങ്ങളും വെല്ലുവിളികളും ഭയമോ കാർക്കശ്യമോ കൂടാതെ ശ്രവിക്കാൻ അറിഞ്ഞിരിക്കാനുമാണ്.

നിലവിലെ സാഹചര്യത്തിൽ ഇത് എളുപ്പമല്ല, കാരണം ക്രൈസ്തവസമൂഹത്തിനകത്തുപോലും പ്രശ്നങ്ങൾ കുറവല്ല. പ്രത്യേകിച്ചും, വൈദികരുടെ അമിതജോലിഭാരത്തെക്കുറിച്ച് എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വശത്ത്, വാസ്‌തവത്തിൽ, ഇടവകയുടെയും അജപാലന ജീവിതത്തിൻറെയും ആവശ്യങ്ങൾ അനവധിയാണ്, മറുവശത്ത്, ദൈവവിളികൾ കുറയുന്നു, വൈദികർ  കുറവാണ്, പലപ്പോഴും വർഷങ്ങൾ കടന്നുപോകുന്തോറും തളർച്ചയുടെ ചില ലക്ഷണങ്ങൾ കാണുന്നു. ഇത് പല യൂറോപ്യൻ യാഥാർത്ഥ്യങ്ങൾക്കും പൊതുവായുള്ള ഒരു അവസ്ഥയാണ്, ഇക്കാര്യത്തിൽ എല്ലാവരും - ഇടയന്മാരും അല്മായരും – കൂട്ടുത്തരവാദികളാണെന്ന അവബോധം പുലർത്തുക സുപ്രധാനമാണ്: എല്ലാറ്റിനുമുപരിയായി പ്രാർത്ഥന ആവശ്യമാണ്, കാരണം ഉത്തരങ്ങൾ വരുന്നത് കർത്താവിൽ നിന്നാണ്, ലോകത്തിൽ നിന്നല്ല, സക്രാരിയിൽ നിന്നാണ്, കമ്പ്യൂട്ടറിൽ നിന്നല്ല. കൂടാതെ അജപാലന ദൈവവിളിയോടുള്ള തീവ്രാഭിലാഷത്തോടെ, പ്രത്യേക സമർപ്പണം വഴി യേശുവിനെ അനുഗമിക്കുന്നതിനോടുള്ള ആകർഷണം യുവജനങ്ങൾക്ക് ഉത്സാഹപൂർവ്വം നൽകാനുള്ള വഴികൾ തേടുകയും വേണം.

മതപ്രബോധകരുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കാനും പാപ്പാ മറന്നില്ല. അവരെ സഭയുടെ തൂണുകളായി പാപ്പാ വിശേഷിപ്പിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്തു.

വിശ്വാസ ജീവിതം ഒരു ആശയമല്ലയെന്നും അവനവനെയും സ്വന്തം ആശയത്തെയും സ്വന്തം ദൈവവിജ്ഞാനീയത്തെയുംക്കുറിച്ചു മാത്രം ചിന്തിക്കത്തരീതിയിൽ നാം അകന്നുപോകുകയോ ഭിന്നിച്ചു നില്ക്കുകയോ കടുംപിടുത്തം പിടിക്കുകയൊ ചെയ്യുന്നത് ഖേദകരമായ അവസ്ഥയാണെന്നും അത് സാത്താൻറെ കളിയാണെന്നും പാപ്പാ പറഞ്ഞു. വിഭജനം ഉണ്ടാക്കുന്നത് സാത്താനാണെന്നും ഇക്കാര്യത്തിൽ അവൻ ഒരു കലാകാരനാണ്, വദഗ്ദ്ധനാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു. വിശ്വാസ ജീവിതത്തെ ആശയത്തിൽ ഒതുക്കരുതെന്ന് പാപ്പാ ആവർത്തിച്ചു പറഞ്ഞു. പരദൂഷണത്തെക്കുറിച്ച്, വൃഥഭാഷണത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചു. മെത്രാന്മാർക്കിടയിലും വൈദികർക്കിടയിലും സന്ന്യാസീ സന്ന്യാസിനികൾക്കിടയിലും അല്മായർക്കിടയിലും അതുണ്ടാകരുതെന്നും, അത് നാശം വിതയ്ക്കുമെന്നും പാപ്പാ പറഞ്ഞു.  

കർത്താവ് നമ്മോട് കൽപിച്ചതും അവൻറെ ആത്മാവിൻറെ ദാനവുമായ ആ സ്നേഹം ജീവിക്കാൻ നമുക്ക് കഴിയുമെങ്കിൽ നല്ല അജപാലനം സാധ്യമാണ് എന്ന് പാപ്പാ വ്യക്തമാക്കി.

ദൈവത്തിൻറെ വിശുദ്ധ ജനത്തിന് പിതാവിൻറെ മുഖം നൽകാനും ഒരു കുടുംബ ചൈതന്യം സൃഷ്ടിക്കാനും പാപ്പാ വൈദികരോടു പറഞ്ഞു.കർക്കശരായിരിക്കാതെ, കരുണയും അനുകമ്പയും നിറഞ്ഞ നോട്ടങ്ങളും സമീപനങ്ങളും ഉള്ളവരായിരിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

നിണം ചിന്തിപ്പോലും വിശ്വാസത്തിനു സാക്ഷ്യമേകിയ ഹംഗറിയിലെ സ്ത്രീകളുൾപ്പടെയുള്ള പുണ്യാത്മാക്കളെയും പാപ്പാ അനുസ്മരിച്ചു.

മന്ദോഷ്ണതയിലേക്കു നയിക്കുന്ന ആന്തരിക തളർച്ച, വിശ്വാസത്തിൻറെ മഹാസാക്ഷികളുടെ മാതൃക പിന്തുടരുമ്പോൾ, ഒരിക്കലും പിടികൂടാതിരിക്കാനും സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നതിനും വേണ്ടിയുള്ള തൻറെ  പ്രാർത്ഥന മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളും അജപാലനപ്രവർത്തകരുമായ എല്ലാവർക്കും ഉറപ്പു നല്കുകയും തനിക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടരണമെന്ന് അഭ്യർത്ഥിക്കുയും ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ സുദീർഘമായിരുന്ന പ്രഭാഷണം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഏപ്രിൽ 2023, 17:28