തിരയുക

പാപ്പാ: പാദക്ഷാളന ശുശ്രൂഷയിലൂടെ യേശു പഠിപ്പിക്കുന്നത് ഹൃദയ ശ്രേഷ്ഠത!

ഫ്രാൻസീസ് പാപ്പാ , റോമിൽ, കസാൽ ദെൽ മാർമൊയിൽ (Casal del Marmo), യുവതീയുവാക്കളും കുട്ടികളുമായ തടവുകാർക്കായുള്ള കാരാഗൃഹത്തിൽ, പെസഹാ വ്യാഴാഴ്ച, തടവുകാരുടെ കാൽകഴുകി ചുംബിച്ചു. 2013-ലും പാപ്പാ കാൽ കഴുകൽ ശുശ്രൂഷ നടത്തിയതും തിരുവത്താഴ ദിവ്യബലിയർപ്പിച്ചതും ഈ ജയിലിൽ ആയിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരസ്പരം സഹായിക്കുക, സഹായഹസ്തം നീട്ടുക എന്നത് വളരെ നല്ലതാണെന്നും മാനുഷികങ്ങളും സാർവ്വത്രികങ്ങളുമായ ആ പ്രവർത്തികൾ പിറവിയെടുക്കുന്നത് ഉദാത്ത ഹൃത്തിൽ നിന്നാണെന്നും പാപ്പാ.

റോമിൽ, വത്തിക്കാനിൽ നിന്ന് 12 കിലോമീറ്ററോളം അകലെ, കസാൽ ദെൽ മാർമൊയിൽ (Casal del Marmo),  യുവതീയുവാക്കളും കുട്ടികളുമായ തടവുകാർക്കായുള്ള കാരാഗൃഹത്തിൽ, പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷയടങ്ങിയ തിരുവത്താഴ ദിവ്യബലിയർപ്പിച്ച ഫ്രാൻസീസ് പാപ്പാ തദ്ദവസരത്തിൽ നടത്തിയ ഹ്രസ്വ സുവിശേഷ പ്രഭാഷണത്തിലാണ് പാദക്ഷാളനത്തിൻറെ അർത്ഥതലങ്ങൾ വിശദീകിച്ചുകൊണ്ട് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ഹൃദയത്തിൻറെ ശ്രേഷ്ഠതയാണ് യേശു പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷ വഴി ഇന്ന് നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ബലഹീനതകളെ ഭയപ്പെടാത്ത യേശു നമ്മെ കൈപിടിച്ചു നടത്താനാണ് അഭിലഷിക്കുന്നതെന്നും അത് നമ്മുടെ ജീവിതം നമുക്കു ഏറെ കഠിനമായി അനുഭവപ്പെടാതിരിക്കുന്നതിനു വേണ്ടിയാണെന്നും പാപ്പാ വ്യക്തമാക്കി.

താനും നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ ഒരു ആചാരാനുഷ്ഠാനമല്ല പ്രത്യുത, നാം നാം പരസ്പരം എപ്രകാരം ആയിരിക്കണം എന്ന് പ്രഖ്യാപിക്കുന്ന ഒരു ചെയ്തിയാണ് എന്ന് പാപ്പാ പ്രസ്താവിച്ചു. ഇന്ന് സമൂഹത്തിൽ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരും ഒരു മൂലയിലേക്കു തള്ളപ്പെട്ടവരും പുറത്തുകടക്കാൻ കഴിയാത്തവരും തൊഴിൽരഹിതരും പകുതിവേതനം ലഭിക്കുന്ന തൊഴിലാളികളും മരുന്നു മേടിക്കാൻ പണമില്ലാത്തവരും തകർന്ന കുടുംബങ്ങളും അനീതികളും എത്രയേറെയാണ് എന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

തടവറയിൽ നടന്ന തിരുവത്താഴ തിരുക്കർമ്മ മദ്ധ്യേ പാപ്പാ കാൽ കഴുകിയ 12 പേരിൽ പ്രായപൂർത്തിയായ 5 യുവാക്കളും 5 ബാലന്മാരും 1 യുവതിയും 1 പെൺകുട്ടിയും ഉണ്ടായിരുന്നു. ഇവരിൽ 6 പേർ ഇറ്റലിക്കാരായിരുന്നു.  സിന്തി വംശജരായ രണ്ടു ബാലന്മാർ, ക്രൊവേഷ്യക്കാരനായ ഒരു ആൺകുട്ടി, സെനഗളിൽ നിന്നുള്ള മുസ്ലീം ആയ ഒരു ബാലൻ, റൊമേനിയക്കാരനായ ഒരു ആൺകുട്ടി, റഷ്യൻ വംശജനായ ഒരു ബാലൻ എന്നിവരായിരുന്നു മറ്റുള്ളവർ.

2013-ലും ഫ്രാൻസീസ് പാപ്പാ പെസഹാ വ്യാഴാഴ്‌ച കാൽ കഴുകൽ ശുശ്രൂഷ നടത്തിയത് കസാൽ ദെൽ മാർമൊയിലെ ഈ തടവറയിൽ ആയിരുന്നു.

പാപ്പായുടെ വചന സന്ദേശത്തിൻറെ പൂർണ്ണരൂപം:

ക്രൂശിക്കപ്പെടുന്നതിൻറെ തലേദിവസം യേശു ചെയ്യുന്ന കർമ്മം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. അക്കാലത്ത്, കാലു കഴുകൽ ഒരു പതിവായിരുന്നു, കാരണം വഴികൾ പൊടി നിറഞ്ഞതായിരുന്നതിനാൽ, പുറത്ത് നിന്ന് വരുന്ന ആളുകൾ വിരുന്നിനും സമ്മേളനത്തിനുമായി ഒരു വീട്ടിൽ കയറുന്നതിനു മുമ്പ് കാലുകൾ കഴുകുമായിരുന്നു. എന്നാൽ ആരാണ് കാലുകൾ കഴുകിക്കൊടുത്തിരുന്നത്? അടിമകൾ, കാരണം അത് അടിമയുടെ ജോലി ആയിരുന്നു. യേശു ഒരു അടിമയുടെ പണി ചെയ്യാൻ തുടങ്ങുന്നത് കണ്ടപ്പോൾ ശിഷ്യന്മാർ എത്ര ആശ്ചര്യപ്പെട്ടുവെന്ന് നമുക്ക് ഊഹിക്കാം. പക്ഷേ, നമ്മുടെ എല്ലാം കടം വീട്ടുന്നതിന് ഒരു അടിമയെപ്പോലെ താൻ അടുത്ത ദിവസം മരിക്കുമെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി അവിടന്ന് അത് ചെയ്യുന്നു. യേശുവിനെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ, ജീവിതം വളരെ മനോഹരമാകുമായിരുന്നു, കാരണം കുബുദ്ധികൾ നമ്മെ പഠിപ്പിക്കുന്നതു പോലെ പരസ്പരം ചതിക്കുകയും അപരനെ ചൂഷണം ചെയ്യുകയും ചെയ്യുന്നതിനു പകരം നമ്മൾ പരസ്പരം സഹായിക്കാൻ തിടുക്കം കാട്ടും. പരസ്പരം സഹായിക്കുന്നതും സഹായഹസ്തം നീട്ടുന്നതും ഏറെ മനോഹരമാണ്: അവ മാനുഷികവും സാർവ്വത്രികവുമായ ചെയ്തികളാണ്, എന്നാൽ അവ ജന്മംകൊള്ളുന്നത് ഉദാത്തമായ ഹൃദയത്തിൽ നിന്നാണ്. ഇന്ന് ഈ ആചരണം കൊണ്ട് യേശു നമ്മെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് ഇതാണ്: ഹൃദയ ശ്രേഷ്ഠത. നമുക്ക് ഓരോരുത്തർക്കും ഇങ്ങനെ പറയാൻ കഴിയും: "എന്നാൽ എൻറെ ഉള്ളിലുള്ള കാര്യങ്ങൾ മാർപ്പാപ്പ അറിഞ്ഞിരുന്നെങ്കിൽ...". എന്നാൽ യേശു അവ അറിയുന്നു, നാം എന്തായിരിക്കുന്നവോ അതു പോലെതന്നെ അവിടന്ന് നമ്മെ സ്നേഹിക്കുകയും നാമെല്ലാവരുടെയും കാലുകൾ കഴുകുകയും ചെയ്യുന്നു. യേശു ഒരിക്കലും നമ്മുടെ ബലഹീനതകളെ ഭയപ്പെടുന്നില്ല, ഇതിനകംതന്നെ വില നല്കിക്കഴിഞ്ഞതിനാൽ അവിടന്ന് ഒരിക്കലും ഭയപ്പെടുന്നില്ല, നമ്മെ തുണയ്ക്കുക മാത്രമാണ് അവിടത്തെ അഭിലാഷം, ജീവിതം നമുക്ക് അത്ര കഠിനതരമാകാതിരിക്കുന്നതിന് നമ്മെ കൈപിടിച്ചു നയിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. കാലുകൾ കഴുകുകയെന്ന അതേ ശുശ്രൂഷ ഞാനും ചെയ്യും, പക്ഷേ അതൊരു ആചാരമല്ല, അല്ല. അത്, നമ്മൾ പരസ്പരം എങ്ങനെ ആയിരിക്കണമെന്ന് പ്രഖ്യാപിക്കുന്ന ഒരു ചെയ്തിയായി നാം കരുതുന്നു. മറ്റുള്ളവരെ മുതലെടുക്കുന്ന  എത്രയോ പേരെ സമൂഹത്തിൽ നാം കാണുന്നു, കോണുകളിലേക്ക് തള്ളപ്പെടുന്നവരും പുറത്തേക്കു വരാൻ കഴിയാത്തവരുമായ ജനങ്ങൾ എത്രയേറെയാണ്. എത്രയെത്ര അനീതികൾ,  എത്രയേറേ തൊഴിൽരഹിതർ, അദ്ധ്വാനിച്ചിട്ട് പാതി വേതനം ലഭിക്കുന്നവർ എത്രമാത്രം, മരുന്ന് വാങ്ങാൻ പണമില്ലാത്ത എത്രപേർ, എത്രയോ കുടുംബങ്ങൾ നശിച്ചു, എത്രയോ മോശമായ കാര്യങ്ങൾ... ഒന്നുമില്ല. നമുക്കാർക്കും ഇങ്ങനെ പറയാൻ ആവില്ല: "നിങ്ങൾക്കറിയാമോ, ഞാൻ അങ്ങനെയല്ല,  ദൈവത്തിന് നന്ദി" - "ഞാൻ അങ്ങനെയല്ലെങ്കിൽ, അത് ദൈവ കൃപയാലാണ്!"; നാമോരോരുത്തരും വഴുതി വീഴാം. നാം ഓരോരുത്തരും വഴുതിവീണേക്കാം എന്ന അവബോധം, ഈ ഉറപ്പാണ് നമുക്ക് ഔന്നത്യം നൽകുന്നത് – ഈ വാക്ക് നിങ്ങൾ ശ്രദ്ധിക്കുക: "അന്തസ്സ്" – നാം പാപികളായിരിക്കുന്ന അവസ്ഥ. നാം ഈ അവബോധം ഉള്ളവർ ആയിരിക്കണമെന്ന് യേശു അഭിലഷിക്കുന്നു, അതുകൊണ്ടാണ് അവിടന്ന് നമ്മുടെ പാദങ്ങൾ കഴുകിയതും ഇങ്ങനെ പറയാൻ ആഗ്രഹിച്ചതും: "ഞാൻ നിങ്ങളെ രക്ഷിക്കാനും, നിങ്ങളെ ശുശ്രൂഷിക്കാനും വന്നു". യേശു നമ്മെ പഠിപ്പിച്ചതിൻറെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ഞാൻ ഇപ്പോൾ അത് തന്നെ ചെയ്യും: പരസ്പരം സഹായിക്കുക. അങ്ങനെ ജീവിതം കൂടുതൽ മനോഹരമാകും, അങ്ങനെ മുന്നേറാൻ നമുക്ക് സാധിക്കും. എനിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കാൽ കഴുകൽ ശുശ്രൂഷ നടത്താൻ സാധിക്കുമെന്നു ഞാൻ കരുതുന്നു.  പാദക്ഷാളന വേളയിൽ നിങ്ങൾ ചിന്തിക്കുക: "യേശു എൻറെ കാലുകൾ കഴുകി, യേശു എന്നെ രക്ഷിച്ചു, എനിക്ക് ഇപ്പോൾ ഈ പ്രയാസം ഉണ്ട്". എന്നാൽ അത് കടന്നുപോകും, ​​കർത്താവ് എപ്പോഴും നിൻറെ ചാരെയുണ്ട്, ഒരിക്കലും ഉപേക്ഷിക്കില്ല, ഒരിക്കലും. ഇതിനെക്കുറിച്ച് ചിന്തിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2023, 10:20