യുവാക്കൾ ക്രിസ്തു സാക്ഷികളാകണം: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീസഹോദരന്മാരേ, köszönöm! നന്ദി! നൃത്തത്തിനും പാട്ടിനും നിങ്ങളുടെ ധീരമായ സാക്ഷ്യങ്ങൾക്കും നന്ദി, നിങ്ങളുടെ സാന്നിധ്യത്തിനും നന്ദി: നിങ്ങളോടൊപ്പമായിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇപ്രകാരമാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. തുടർന്ന് യുവജനങ്ങളുടെ ഉത്തരവാദിത്വമുള്ള ആർച്ചുബിഷപ്പ് ഫെറൻകിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് യുവത്വം പ്രധാന ചോദ്യങ്ങൾക്കും മികച്ച ഉത്തരങ്ങൾക്കുമുള്ള സമയമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ മികച്ച ഉത്തരങ്ങൾ തേടിയുള്ള ജീവിതത്തിന്റെ സാഹസികതയെ ബലപ്പെടുത്തുവാൻ നമ്മെ സഹായിക്കുന്ന വലിയ ശക്തിയാണ് യേശു. മാംസവും രക്തവും ഉള്ള ക്രിസ്തു നമ്മുടെ ഇടയിൽ ജീവിക്കുന്നവനും,നമുക്ക് സഹോദരനും, സുഹൃത്തുമായി അവൻ നമ്മോടൊപ്പം എന്നുമുണ്ടെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
തുടർന്ന് വിധിക്കുവാൻ ആഗ്രഹിക്കാത്ത ദൈവത്തെക്കുറിച്ചും, നമ്മോട് ഏതുകാര്യത്തിലും ക്ഷമിക്കുന്നവനുമായ അവന്റെ കരുണാർദ്രമായ സ്നേഹത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. അതിനാൽ സ്നാപകയോഹന്നാൻ കാട്ടിക്കൊടുത്ത യേശുവിന്റെ അടുക്കലേക്ക് കടന്നുചെല്ലുന്ന ശിഷ്യന്മാരോട് യേശു ചോദിക്കുന്ന ചോദ്യവും ഏറെ പ്രാധാന്യമുള്ളതാണ്: നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്? പാപ്പാ ഇതേ ചോദ്യം യുവജനങ്ങളോട് ആവർത്തിക്കുകയും, നിശബ്ദതയുടെ ഒരു നിമിഷം അവർക്കു നൽകിക്കൊണ്ട് ഈ ചോദ്യത്തിന് യേശുവിന് ഉത്തരം നൽകുവാൻ അവരെ ക്ഷണിക്കുകയും ചെയ്തു. അതിനാൽ നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് എളിമയോടെ ഇറങ്ങിച്ചെല്ലണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരെ തോൽപ്പിച്ചുകൊണ്ടല്ല നമ്മുടെ ജീവിതത്തിന്റെ വിജയം നാം ആഘോഷിക്കേണ്ടത് മറിച്ച് അവരോടൊപ്പം ചേർന്ന് നിന്നുകൊണ്ടാണെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ ഉന്നതങ്ങളിലേക്കാവണം നമ്മുടെ ദൃഷ്ടികൾ പതിയേണ്ടത്. അതിനാൽ നാം സ്വപ്നം കാണണമെന്നും, സ്വപ്നത്തിൽ പാളിച്ചകൾ സംഭവിക്കുമ്പോൾ സ്നേഹത്തോടെ നമ്മെ തിരുത്തുന്ന യേശുവിനെ നാം കേൾക്കണമെന്നും പാപ്പാ പറഞ്ഞു.
തുടർന്ന് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ അവരെ ഉപദേശിച്ചു. ഒരിക്കലും നിങ്ങൾ മടിയന്മാരും അലസരുമായി തീരരുത് മറിച്ച് ജീവിതത്തിൽ എപ്പോഴും സജീവമായി ഇരിക്കുവാൻ സാധിക്കണം. ലജ്ജയും, നിശബ്ദതയും വെടിഞ്ഞുകൊണ്ട് വിജയിക്കാനുള്ള ധൈര്യം ആർജ്ജിക്കണമെന്നും പാപ്പാ ഹംഗേറിയൻ ഭാഷയിലുള്ള ഒരു പഴംചൊല്ല് ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. തുടർന്ന് ഈ ജീവിതവിജയം കൈവരിക്കാനുള്ള മാർഗങ്ങളും പാപ്പാ ഉപദേശിച്ചു: ഉയർന്ന ലക്ഷ്യവും, കഠിന പരിശ്രമവും. ജീവിതത്തിൽ സന്തോഷം അനുഭവിക്കണമെങ്കിൽ ഈ പരിശ്രമത്തിനു നമ്മെ സഹായിക്കുന്നവനാണ് ക്രിസ്തു. അതിനാൽ ഒറ്റയ്ക്ക് നിൽക്കാതെ കൂട്ടായ്മയിലുള്ള അനുഭവം നുകർന്ന് കൊണ്ട് ഒന്നിച്ചു ചേർന്ന് വേണം ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പ്രയാണം നാം നടത്തേണ്ടത്.
അതിനാൽ നമ്മിലേക്ക് ഒതുങ്ങിക്കൂടാതെ മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ഒരു ഹൃദയ വിശാലതയും പാപ്പാ മുൻപോട്ടു വച്ചു. ഇന്നത്തെ ലോകത്തിൽ മൊബൈൽ ഫോണുകളിലേക്ക് ചുരുങ്ങുന്ന യൗവനങ്ങളുടെ അപകടങ്ങളും പാപ്പാ എടുത്ത് പറഞ്ഞു. അതിനാൽ ആഗോള യുവജന സംഗമം പോലെയുള്ള വലിയ പരിപാടികളിൽ ചെറിയ സമൂഹമായി ഒതുങ്ങിക്കൂടാതെ എല്ലാവരെയും ഉൾക്കൊള്ളുവാനും, അവരുമായി സംവദിക്കുവാനും നമുക്ക് സാധിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. തുടർന്ന് യുവജനങ്ങളിൽ നിന്നും സാക്ഷ്യം പറഞ്ഞ ക്രിസ്റ്റീനയുടെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു.ഏകാന്തതയെ ഭയപ്പെടുന്ന യുവജനങ്ങൾ പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തണമെന്നും, നമ്മുടെ ജീവിതം ഇന്ധനം നിറച്ച വാഹനം പോലെയാണെന്നും പാപ്പാ പറഞ്ഞു. അതിനാൽ ഇടയ്ക്കിടെ നമ്മുടെ ജീവിതത്തിൽ ഇന്ധനം നിറയ്‌ക്കേണ്ടത് അന്ത്യന്താപേക്ഷിതമാണെന്നും, ഇതാണ് പ്രാർത്ഥനാജീവിതമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ശരിയായ ദിശകളിലേക്ക് നമ്മുടെ ജീവിതം നീങ്ങാതെ വരുമ്പോൾ വിഷാദത്തിലേക്കും, സങ്കടങ്ങളിലേക്കും വഴുതി വീഴുന്ന വലിയ അപകടവും പാപ്പാ സൂചിപ്പിച്ചു അതിനാൽ പ്രയോജനകരമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള അടിത്തറയാണ് നിശബ്ദതയെന്ന് പാപ്പാ കൂട്ടിച്ചേർത്തു. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, വചനം വായിക്കുവാനും, ആത്മീയപുസ്തകങ്ങൾ വായിക്കുവാനുമുള്ള സമയമാണ് നിശബ്ദത നമുക്ക് സമ്മാനിക്കുന്നത്. അതിനാൽ കാല്പനികമായ ഒരു ജീവിതമല്ല നമുക്ക് വേണ്ടത് മറിച്ച് ജീവിതത്തിന്റെ യാഥാർഥ്യം മനസിലാക്കുവാനും, ആ യാഥാർഥ്യത്തിൽ ജീവിക്കാനുമുള്ള ധൈര്യമാണ് നമുക്ക് ആവശ്യമായുള്ളത്. വിശ്വാസം പ്രണയത്തിന്റെ കഥയാണെന്ന ഡോറ എന്ന ഒരു യുവതി പങ്കുവച്ച വാക്കുകൾ എടുത്തു പറഞ്ഞു കൊണ്ട് പാപ്പാ ഇപ്രകാരം പറഞ്ഞു:നാം നേരിടുന്ന എല്ലാ തടസ്സങ്ങളെയും മറികടക്കാൻ പ്രാർത്ഥന സഹായിക്കുന്നു, കാരണം ഇത് യേശുവുമായുള്ള ഒരു സംഭാഷണമാണ്, അതുപോലെ തന്നെ കുർബാന അവനുമായുള്ള ഒരു കണ്ടുമുട്ടലും, കുമ്പസാരം അവനിൽ നിന്ന് ലഭിക്കുന്ന ആലിംഗനവുമാണ്. എന്നാൽ വിശ്വാസജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളും പാപ്പാ സൂചിപ്പിച്ചു. എന്നാൽ മുഖം മൂടികൾ അണിയാതെ നമ്മുടെ ബലഹീനതകൾ പോലും ദൈവത്തിന്റെ മുൻപിൽ തുറന്നുവയ്ക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥനയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
അതിനാൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുന്ന അഞ്ചപ്പവും രണ്ടു മീനുകളും യേശുവിനു സമർപ്പിച്ചു കൊണ്ട് സമൃദ്ധിയുടെ അത്ഭുതം ദർശിച്ച ബാലനെ പോലെ നമ്മുടെ ജീവിതത്തിന്റെ കുറവുകളെ പോലും ദൈവത്തിന് സമർപ്പിക്കുവാൻ നാം തയ്യാറാവുമ്പോഴാണ് ദൈവത്തിന്റെ അത്ഭുതം നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ആ ബാലനു ചുറ്റും കൂടിയിരുന്നവർ പറഞ്ഞതുപോലെ അതൊന്നും മതിയാവില്ലെന്ന വാക്കുകൾ ഇന്നത്തെ ലോകത്തിലും അലയടിക്കുന്നുണ്ടെന്ന സത്യവും പാപ്പാ ചൂണ്ടിക്കാട്ടി. ഉപസംഹാരമായി യുവജനങ്ങൾക്ക് ഇന്ന് സഭയിലും, സമൂഹത്തിലുമുള്ള വലിയ വിലയെ ഓർമിപ്പിക്കുകയും അവ പൂർത്തീകരിക്കുവാനുള്ള കരുത്തുണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: