വിളിക്കുക, നയിക്കുക; ഇടയന്റെ പ്രധാന ധർമ്മങ്ങൾ: ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഉയിർപ്പുകാലം നാലാം ഞായറാഴ്ചയിലെ വായനകളെ ആധാരമാക്കിയായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ വചനസന്ദേശം വിശ്വാസികളുമായി പങ്കുവച്ചത്. യേശുവിന്റെ ദൗത്യം വെളിപ്പെടുത്തുന്ന സുവിശേഷഭാഗത്തെ അവസാന വാക്യമായിരുന്നു ആമുഖമായി പാപ്പാ എടുത്തു കാണിച്ചത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്. ഈ ദൗത്യനിർവഹണത്തിന്റെ മഹിമ വിവരിക്കുന്നതിനു വേണ്ടിയാണ് നല്ല ഇടയന്റെ സാദൃശ്യത്തോട് തന്നെത്തന്നെ ഉപമിച്ചുകൊണ്ട് യേശു സംസാരിക്കുന്നതും.
ഒരു നല്ല ഇടയന്റെ വ്യതിരിക്തതയും പാപ്പാ എടുത്തു പറഞ്ഞു.ഇടയൻ തന്റെ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്നു. അങ്ങനെ, തന്റെ ആട്ടിൻകൂട്ടത്തെ തേടി പോകുന്ന ഒരു ഇടയനെപ്പോലെ യേശു, ലൗകികമായ ഞെരുക്കങ്ങളിൽ നഷ്ടപ്പെട്ട നമ്മെ തേടി വന്നു; ഒരു ഇടയനെപ്പോലെ, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കുവാൻ വന്നു; തന്റെ ആടുകളെ ഓരോന്നായി അറിയുകയും അനന്തമായ ആർദ്രതയോടെ അവയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു ഇടയനെപ്പോലെ, നമ്മെ അവന്റെ മക്കളാക്കി പിതാവിന്റെ ഭവനത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു, പാപ്പാ പറഞ്ഞു.
തുടർന്ന് സുവിശേഷത്തിൽ പരോക്ഷമായി പ്രതിപാദിക്കുന്ന രണ്ടു ഇടയ ധർമ്മങ്ങളെയും പാപ്പാ ചൂണ്ടിക്കാട്ടി; ഒന്നാമതായി ഇടയൻ തന്റെ ആടുകളെ വിളിക്കുന്നു, രണ്ടാമതായി അവൻ അവയെ നയിക്കുന്നു. വിളിക്കുകയും, നയിക്കുകയും ചെയ്യുന്ന ഇടയ ധർമ്മമാണ് യേശു നമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും അനുവർത്തിച്ചതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. തുടർന്ന് വിളിക്കുക എന്നതിനർത്ഥവും വിശദീകരിച്ചു. നമ്മുടെ യോഗ്യതകളോ, കഴിവുകളോ, ഘടനകളോ അല്ല ദൈവത്തിന്റെ വിളിയുടെ അടിസ്ഥാനം. മറിച്ച് അനാദിയിലെതന്നെ തന്റെ പദ്ധതിയോട് സഹകരിക്കുവാനുള്ള വിളിയാണ് അവൻ നമുക്ക് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്. നാം അവനിൽ നിന്നും അകന്നു പോകുന്ന നിമിഷങ്ങളിലും ഇടയനായ യേശു നമ്മെ തേടി വരുന്നുണ്ടെന്ന വലിയ സത്യവും പാപ്പാ വിവരിച്ചു. രണ്ടാം വായനയിൽ പത്രോസ് ശ്ലീഹായുടെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു,
"നിങ്ങൾ ആടുകളെപ്പോലെ അലഞ്ഞുനടന്നു, എന്നാൽ ഇപ്പോൾ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും സൂക്ഷിപ്പുകാരനുമായവന്റെ അടുക്കലേക്കു നിങ്ങൾ തിരികെ കൊണ്ടുപോകപ്പെട്ടിരിക്കുന്നു". ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, പ്രത്യേകമായി നമ്മെ സങ്കടത്തിന്റെ തടവറകളിൽ ആക്കുന്ന നിമിഷങ്ങളിൽ നമ്മെ വിളിക്കുന്ന നല്ല ദൈവത്തെ പാപ്പാ തന്റെ ലളിതമായ വാക്കുകളിൽ ചൂണ്ടിക്കാട്ടി. ഈ വിളി തിരിച്ചറിയുവാനുള്ള മാർഗമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത് കൂട്ടായ്മയുടെ മാർഗമാണ്.വിഭിന്നതകൾ പലതുണ്ടെങ്കിലും എല്ലാവരെയും ദൈവനാമത്തിൽ ഹൃദയത്തോട് ചേർത്ത് നിർത്തുവാൻ സാധിക്കുമ്പോഴാണ് യഥാർത്ഥത്തിൽ നാം കാതോലിക്കാരെന്ന നാമത്തിന് അർഹരാകുന്നത്പാപ്പാ പറഞ്ഞു.
തുടർന്ന് രണ്ടാമത്തെ ഇടയ ധർമ്മമായ നയിക്കുക എന്ന വലിയ ഉത്തരവാദിത്വവും പാപ്പാ വിശദീകരിച്ചു. നമ്മെ ദൈവം നയിക്കുന്നത് തന്റെ സ്നേഹത്തിന്റെ സുവിശേഷത്തിനു സാക്ഷികളായി ഈ ലോകത്തിൽ ജീവിക്കുന്നതിനുവേണ്ടിയാണ്. നയിക്കപ്പെടുമ്പോൾ ഏറ്റവും പ്രധാനം വാതിൽ ആണെന്നും ആ വാതിൽ ക്രിസ്തു ആണെന്നും വിശുദ്ധ സുവിശേഷം വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. അതിനാൽ സൗകര്യങ്ങളിൽ നിന്നും പുറത്തു കടന്നു കൊണ്ട് നമ്മുടെ സഹോദരങ്ങളുടെ വേദനകളിലേക്കും, നൊമ്പരങ്ങളിലേക്കും ഇറങ്ങുവാനുള്ള വലിയ ദൗത്യം നമ്മെ ഭരമേല്പിച്ചിരിക്കുന്നു, പാപ്പാ പറഞ്ഞു. ഇപ്രകാരം യേശുവിനെ പോലെ തുറന്ന വാതിലുകളായി മറ്റുള്ളവർക്ക് വേണ്ടി മാറുക എന്നതാണ് നമ്മുടെ ജീവിതക്രമവും. വിദേശികൾ, വ്യത്യസ്തർ, കുടിയേറ്റക്കാർ, ദരിദ്രർ എന്നിവർക്ക് നേരെ നിസംഗതയുടെ അടഞ്ഞ വാതിലുകളാണ് നാം മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു.
അവസാനമായി സമൃദ്ധമായ ജീവിതത്തിന്റെ ഭാവി യേശുവാണ് എന്ന സത്യവും പാപ്പാ അനുസ്മരിപ്പിച്ചു.അതിനാൽ അവനെ അനുഗമിക്കുവാൻ നമ്മെ തന്നെ വിട്ടുകൊടുക്കുകയും അതുവഴിയായി നമ്മുടെ വ്യക്തിജീവിതങ്ങളും,കുടുംബങ്ങളും,ക്രിസ്ത്യൻ സമൂഹങ്ങളും, ഹംഗറി മുഴുവനും പ്രശോഭിക്കട്ടെ പാപ്പാ ആശംസിച്ചു.
അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന മണിക്കൂറുകളിൽ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് സന്ദേശം നൽകിയത്. രാഷ്ട്ര, മത സാമുദായിക മേഖലകളിൽ ഉള്ള എല്ലാവർക്കും പാപ്പാ പ്രത്യേകമായി നന്ദി പറഞ്ഞു. തനിക്കു നൽകിയ സ്വീകരണങ്ങൾക്കും, തന്നോടൊപ്പം ആയിരിക്കുവാൻ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും കഷ്ടപ്പാടുകൾ സഹിച്ചു എത്തിയവർക്ക് അവരുടെ അധ്വാനങ്ങൾക്ക് ദൈവം പ്രതിഫലം നല്കട്ടെയെന്നാണ് പാപ്പാ പറഞ്ഞത്. ഒപ്പം ഈ ദിവസങ്ങളിൽ ശാരീരികമായി സന്നിഹിതരാകാൻ കഴിയാതെ പോയ രോഗികളായവരെയും, പ്രായമായവരെയും, ഏകാന്തതയിൽ കഷ്ടപ്പെടുന്നവരെയും പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. അവർക്കു വേണ്ടി പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും തന്റെ ശ്ലൈഹീക അനുഗ്രഹം നൽകുകയും ചെയ്തു. തുടർന്ന് മറ്റു മതങ്ങളിലും, വിശ്വാസങ്ങളിലും ഉള്ള ആളുകളുടെ സാന്നിധ്യത്തിനും പാപ്പാ നന്ദി പറഞ്ഞു. വേർതിരിക്കുന്ന അതിർത്തികളല്ല മറിച്ച് ഒന്നിപ്പിക്കുന്ന സ്നേഹമാണ് ക്രിസ്തീയജീവിതമെന്ന സത്യവും പാപ്പാ എടുത്തു പറഞ്ഞു.
തുടർന്ന് ഹംഗറിയുടെ രാജ്ഞിയും സംരക്ഷകയുമായ പരിശുദ്ധ മാഞ്ഞ ദോമിന ഹംഗരോരും എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യേക പ്രതിഷ്ഠയ്ക്ക് എല്ലാവരെയും സമർപ്പിച്ചു ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാവരിലേക്കും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്താൽ സമാധാനത്തിന്റെ നിറവുകൾ അനുഭവിക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. ഉക്രൈൻ ജനതയെയും, റഷ്യൻ ജനതയെയും പ്രത്യേകം പാപ്പാ അനുസ്മരിച്ചുകൊണ്ട് പ്രാർത്ഥിച്ചു. ആദ്യ ക്രിസ്ത്യൻ സമൂഹത്തിനു പരിശുദ്ധ കന്യകാമറിയം നൽകിയ വലിയ തുണ പോലെ ഇന്ന് യൂറോപ്പിലെ ജനങ്ങൾക്ക് താങ്ങും തണലുമായിരിക്കുവാൻ, പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ ഒപ്പം ഹംഗേറിയൻ ഭാഷയിൽ ദൈവം ഹംഗേറിയക്കാരെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: