പാപ്പാ ജെമേല്ലി ആശുപത്രി വിട്ടു, വത്തിക്കാനിൽ എത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി.
ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഇരുപത്തിയൊമ്പതാം തീയതി ബുധനാഴ്ച (29/03/23) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസീസ് പാപ്പാ ഏപ്രിൽ 1-ന്, ശനിയാഴ്‌ച (01/04/023) രാവിലെയാണ് ആശുപത്രി വിട്ടത്.
വത്തിക്കാനിലേക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പാ കത്തോലിക്കാ സർവ്വകലാശാലയുടെ (Università Cattolica) റെക്ടർ ഫ്രാങ്കൊ അനേല്ലിയെയും അദ്ദേഹത്തിൻറെ അടുത്ത സഹപ്രവർത്തകരെയും ജെമെല്ലി പോളിക്ലിനിക്കിൻറെ ഡയറെക്ടർ ജനറൽ മാർക്കൊ എലെഫാന്തിയെയും കത്തോലിക്കാ സർവ്വകലാശലായുടെ അജപാലന സഹായി മോൺസിഞ്ഞോർ ക്ലാവുദിയൊ ജുലിദോറി, വൈദ്യ സംഘം, അവർക്ക് സഹായികളായിരുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെയും അഭിവാദ്യം ചെയ്തുവെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായത്തിൻറെ, അഥവാ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി.
കാറിൽ കയറിയ പാപ്പാ അതിൽ നിന്നിറങ്ങി, സമീപത്തുണ്ടായിരുന്ന വരെ അഭിവാദ്യം ചെയ്യുകയും മുപ്പതിയൊന്നാം തീയതി വെള്ളിയാഴ്‌ച രാത്രി മകളെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന മാതാപിതാക്കളായ ദമ്പതികളെ ആശ്ലേഷിക്കുകയും അവരോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.
വത്തിക്കാനിൽ സാന്താ മാർത്തയിൽ എത്തുന്നതിനു മുമ്പ്, പാപ്പാ, വിശുദ്ധ മേരി മേജർ ബസിലിക്കയിൽ പോയി റോമൻ "ജനതയുടെ രക്ഷ" (Salus populi romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ പവിത്രസന്നിധാനത്തിൽ എത്തി നന്ദി പ്രകാശിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: