തിരയുക

പാപ്പാ ഹംഗറിയിൽ, നാല്പത്തിയൊന്നാം വിദേശ ഇടയ സന്ദർശനം!

ഹംഗറിയിൽ ഫ്രാൻസീസ് പാപ്പായുടെ ആദ്യദിനത്തിലെ സ്വാഗത സ്വീകരണച്ചടങ്ങുകളുടെയും രാഷ്ട്രാധികാരികളും പൗര-മത-സാംസ്കാരിക-നയതന്ത്രപ്രതിനിധികളുമായുമുള്ള കൂടിക്കാഴ്ചാപരിപാടിയുടെയും സംക്ഷിപ്ത വിവരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

 ഇടയ സന്ദർശനം: ഏപ്രിൽ 28-30 

ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയൊന്നാം വിദേശ അപ്പൊസ്തോലിക പര്യടനം ആരംഭിച്ചു. ഏപ്രിൽ 28 വെള്ളിയാഴ്ച മുതൽ  30 ഞായർ വരെയാണ് ഈ അജപാലന സന്ദർശനം. ഈ ത്രിദിന ഇടയസന്ദർശനത്തിൻറെ വേദി ഹംഗറിയുടെ തലസ്ഥാനനഗരമായ ബുദാപെസ്റ്റ് ആണ്. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഇടയസന്ദർശനത്തിൻറെ ആപ്തവാക്യം.

ഫ്രാൻസീസ് പപ്പാ രണ്ടാം തവണയാണ് ഹംഗറിയുടെ മണ്ണിൽ പാദമൂന്നുന്നത്. അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ച് 2021 സെപ്റ്റംബറിലായിരുന്നു ആദ്യ സന്ദർശനം. താൻ 2021-ൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ പൂർത്തികരണമാണ് ഈ അപ്പൊസ്തോലിക സന്ദർശനമെന്ന് പാപ്പാ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച (23/04/23) മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ വ്യക്തമാക്കിയിരുന്നു.  

ഏറെ പ്രിയപ്പെട്ട ഒരു സഭയെയും ഒരു ജനതയെയും വീണ്ടും ആശ്ലേഷിക്കാനുള്ള അവസരമാണിതെന്നും ഒപ്പം യുദ്ധത്തിൻറെ ശീതക്കാറ്റ് ആഞ്ഞടിക്കുകയും നിരവധി ആളുകളുടെ നീക്കങ്ങൾ അടിയന്തര മാനവിക പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്ന യൂറോപ്പിൻറെ മദ്ധ്യഭാഗത്തേക്കുള്ള ഒരു യാത്ര കൂടിയാണിതെന്നും പാപ്പാ പറഞ്ഞിരുന്നു. ഒരു തീർത്ഥാടകൻ, സുഹൃത്ത്, എല്ലാവരുടെയും സഹോദരൻ എന്നീ നിലകളിൽ ആണ് താൻ ഹംഗറിയിലെ സഹോദരങ്ങളെ സന്ദർശിക്കുകയെന്നും പാപ്പാ തദ്ദവസരത്തിൽ വ്യക്തമാക്കിയിരുന്നു.

ഇടയസന്ദർശനത്തിൻ ഔദ്യോഗിക ചിഹ്നം

ഒരു വൃത്തത്തിനുള്ളിൽ കുരിശും ആ വൃത്തത്തെ ഭേദിച്ചുകൊണ്ട് ഇരു വശത്തേക്കും പുറത്തേക്കു നീളുന്ന പാലവും,അതായത്, “ചെയിൻ ബ്രിഡ്ജും” അടങ്ങിയതാണ് ഈ ഇടയസന്ദർശനത്തിൻറെ ഔദ്യോഗിക ചിഹ്നം, അഥവാ, “ലോഗൊ” . ഡാന്യൂബ് നദിയുടെ ഇരുതീരങ്ങളിലുമുള്ള ബുദാ നഗരത്തെയും പെസ്റ്റ് നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടി പണിതതാണ് ഹംഗറിയിലെ ഏറ്റവും പുരാതനമായ ഈ പാലം.

ഫ്രാൻസീസ് പാപ്പാ ആവർത്തിച്ച് ഓർമ്മപ്പെടുത്തിയിട്ടുള്ള, മനുഷ്യർക്കിടയിൽ സേതുബന്ധം തീർക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നതിനാണ് ഈ ചിഹ്നത്തിൽ ഈ പാലവും, കുരിശ് ഭൂത ഭാവി കാലങ്ങൾക്കു മദ്ധ്യേ പാലമായിരിക്കട്ടെയെന്ന് പാപ്പാ 2021 സെപ്റ്റംബർ 12-ന് ബുദാപെസ്റ്റിൽ വച്ചു നടത്തിയ പ്രഭാഷണത്തിൽ ആശംസിച്ചതിനെക്കുറിച്ചു സൂചിപ്പിക്കുന്നതിനാണ് കുരിശും ഉൾപ്പെടുത്തിയിരിക്കുന്നത്.

പാലത്തിൻറെ സ്തംഭത്തിൽ സംഗമിക്കുന്നത് ഒരു വശത്ത് പരിശുദ്ധസംഹാസനത്തിൻറെ ഔദ്യോഗിക നിറങ്ങളായ മഞ്ഞയും വെള്ളയും മറുവശത്ത് ഹംഗറിയുടെ പതാകയിലെ നിറങ്ങളായ ചുവപ്പും വെള്ളയും പച്ചയുമാണ്. ലോഗോയുടെ വൃത്താകൃതി തിരുവോസ്തിയേയും ക്രിസ്തു  വീണ്ടെടുത്ത ലോകത്തെയും സൂചിപ്പിക്കുന്നു.

ഹംഗറി

വെള്ളിയാഴ്ച (28/04/23) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ ഹംഗറിയിലേക്കു പുറപ്പെട്ടത്. യൂറോപ്പിൻറെ മദ്ധ്യ-കിഴക്കൻ പ്രദേശത്തുള്ള ഈ നാടിന് അതിരുകൾ കുറിക്കുക്കുന്നത് വടക്ക് സ്ലൊവാക്യയും പടിഞ്ഞാറ് ഓസ്ത്രിയയും സ്ലൊവേനിയയും തെക്കുപടിഞ്ഞാറ് ക്രൊവേഷ്യയും തെക്ക് സെർബിയയും കിഴക്ക് റൊമേനിയയും വടക്കു കിഴക്ക് ഉക്രൈയിനും ആണ്. അതിരുകൾ പൂർണ്ണമായും കരഭൂമിയായുള്ള സമതലഭൂപ്രദേശമാണ് ഹംഗറി. അന്നാടിൻറെ ഏറ്റവും ഉയരം കൂടിയ ഭാഗം മാത്ര പർവ്വതനിരയിൽപ്പെട്ട 1014 മീറ്റർ ഉയരമുള്ള കേകെസ് മലയാണ്. ഹംഗറിയിലെ പ്രധാന നദികൾ ഡാന്യൂബും അതിൻറെ പോഷകനദിയായ ടിസ്സായുമാണ്. മദ്ധ്യ യൂറോപ്പിലെ ഏറ്റവും വലിയ തടാകമായ ബാലട്ടൺ സ്ഥിതിചെയ്യുന്നതും ഹംഗറിയിലാണ്. ഇതിൻറെ വിസ്തൃതി 594 ചതുരശ്ര കിലോമീറ്റർ ആണ്.

കാർപ്പാത്തിയൻ(Carpathian) മലയടിവാരങ്ങളിൽ സ്ഥിതിചെയ്യുന്നതും 93,032 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതുമായ ഒരു രാജ്യമായ  ഹംഗറിയുടെ തലസ്ഥാനം ബുദാപെസ്റ്റാണ്. അന്നാട്ടിലെ 97 ലക്ഷത്തി 31000 നിവാസികളിൽ 86 ശതമാനവും മഗ്യാർ അഥവാ ഹംഗേറിയൻ വംശജരാണ്. നാടോടി വംശജരും ജർമ്മൻ വംശജരും അന്നാട്ടിലുണ്ട്.

അന്നാട്ടിലെ വിശ്വാസികളിൽ 61 ശതമാനം കത്തോലിക്കരും 15 ശതമാനം പ്രൊട്ടസ്റ്റൻറുകാരുമാണ്. നാസ്തിക്യർ 18 ശതമാനം വരും. മദ്ധ്യേഷ്യയിൽ നിന്ന്  ഒമ്പതാം നൂറ്റാണ്ടിൽ കുടിയേറി ഡാന്യൂബ് നദിയുടെ മദ്ധ്യസമതല തീരത്ത് താമസമാക്കിയ ഹംഗറി ജനവിഭാഗത്തിൽ നിന്നാണ് ഹംഗറി എന്ന പേര് അന്നാടിന് ലഭിച്ചത്.

പ്രജാധിപത്യ പാർലിമെൻറ് ഭരണ സമ്പ്രദായമാണ് ഹംഗറിയുടേത്. പ്രസിഡൻറ് ആണ് രാഷ്ട്രത്തലവൻ. ഭരണത്തലവൻ പ്രധാനമന്ത്രിയും. 2022 മെയ് 10 മുതൽ അന്നാടിൻറെ പ്രസിഡൻറ് ശ്രീമതി കത്തലിൻ നൊവാക്ക് (Katalin Novák) ആണ്. അന്നാടിൻറെ ആദ്യ വനിതാ പ്രസിഡൻറ് ആണ് കത്തലിൻ. വിക്ടർ ഒർബാൻ (Viktor Orbán) ആണ് പ്രധാനമന്ത്രി.

പ്രാദേശിക സഭ

ഹംഗറിയിലെ സഭയുടെ ചരിത്രം അന്നാടിൻറെ രാജാവായിരുന്ന വിശുദ്ധ സ്റ്റീഫൻ ഒന്നാമൻറെ കാലം വരെ പിന്നോട്ടു പോകുന്നു. നാടിൻറെ രാഷ്ട്രീയ ജീവിതം മാത്രമല്ല മതപരമായ ജീവിതവും സശ്രദ്ധം സംവിധാനം ചെയ്ത അദ്ദേഹത്തിൻറെ ഭരണകാലത്ത് സുദൃഢമായ ക്രിസ്തീയ അടിസ്ഥാനം അദ്ദേഹം അന്നാടിനു നല്കി. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണിതുയർത്തപ്പെട്ടു. പന്നോൺഹാൽമയിലെ വിശുദ്ധ മാർട്ടിൻറെ നാമത്തിലുള്ള വിഖ്യാത ആശ്രമവും അതിലൊന്നാണ്. 10 രൂപതകളും അവിടെ പത്ത് രൂപതകളും സ്ഥാപിതമായി. ഹംഗറിയിലെ വൈദികമേലദ്ധ്യക്ഷപ്രധാനിയായ മെത്രപ്പോലിത്തായുടെ ആസ്ഥാനമായ ഏസ്തർഗോം അതിരൂപത അവയിലൊന്നാണ്.

1920-ൽ പരിശുദ്ധസിംഹാസനവും ഹംഗറിയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചു. അത് 1945-ൽ സോവ്യറ്റ് യൂണ്യൻ ഹംഗറി പിടിച്ചെടുക്കുന്നതുവരെ നിലനിന്നു. കമ്മ്യൂണിസ്റ്റ് ആധിപത്യകാലം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം പീഢനങ്ങളുടെ ഒരു സമയം ആയിരുന്നു. ദേവാലയങ്ങളും വിദ്യാലയങ്ങളും സർക്കാർ പിടിച്ചെടുത്തു, സന്ന്യസ്തസമൂഹങ്ങൾ പിരിച്ചുവിടപ്പെട്ടു.

എന്നാൽ കമ്മ്യൂണിസ്റ്റാധിപത്യത്തിൻറെ പതനത്തോടെ അന്നാട്ടിൽ കത്തോലിക്കാസഭ നവജീവൻ പ്രാപിച്ചു. 1990-ൽ ഹങ്കറിയിൽ മതസ്വാതന്ത്ര്യ നിയമം നിലവിൽ വന്നു. അക്കൊല്ലം തന്നെ ഫെബ്രുവരി 9-ന് പരിശുദ്ധസിംഹാസനവും ഹംഗറിയും നയതന്ത്രബന്ധം പുനസ്ഥാപിച്ചു. തുടർന്ന് സായുധസേനയ്ക്കും അതിർത്തി പൊലീസിനും മതപരമായ സേവനം ഉറപ്പാക്കുന്നതു സംബന്ധിച്ച രണ്ടു സുപ്രധാന ഉടമ്പടികളും പരിശുദ്ധസിംഹാസനവും ഹംഗറിയും ഒപ്പുവച്ചു. ഈ കാലഘട്ടത്തിലാണ് അതായത് 1991-ലും 1996 ലും വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അന്നാട് സന്ദർശിച്ചത്.

ഹംഗറിയിലെ കത്തോലിക്കാസഭയക്ക് ഇന്ന് 17 രൂപതകളും 37 മെത്രാന്മാരും ഉണ്ട്. അന്നാട്ടിലെ 59 ലക്ഷത്തി 56000-ത്തോളം വരുന്ന കത്തോലിക്കാവിശ്വാസികൾ 2048 ഇടവകകളിലായി തിരിക്കപ്പെട്ടിരിക്കുന്നു. അവരുടെ അജപാലനസേവനത്തിനായി 168 അജപാലന കേന്ദ്രങ്ങൾ ഉണ്ട്. അന്നാട്ടിലെ രൂപതാവൈദികരുടെ സംഖ്യ 1600-ലേറെയാണ്. സന്ന്യസ്തവൈദികർ 320-ൽപ്പരം വരും. സന്ന്യസ്ത സഹോദരർ 60-ലേറെയും സന്ന്യാസിനികൾ ഏതാണ്ട് 580-ഉം ആണ്.

അന്നാട്ടിൽ കത്തോലിക്കാസഭയുടെ കീഴിൽ 565 വിദ്യഭ്യാസ സ്ഥാപനങ്ങളും 228 സാമൂഹ്യ ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഉണ്ട്.

പാപ്പാ പാർപ്പിടരഹിതരുമൊത്ത് ഒരു നിമിഷം

വത്തിക്കാനിൽ നിന്ന് യാത്രപുറപ്പെടുന്നതിനു മുമ്പ് പാപ്പാ, പാർപ്പിടരഹിതരും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ പരിസരങ്ങളിലായി അന്തിയുറങ്ങുന്നവരുമായ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തി. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കായുള്ള വിഭാഗത്തിൻറെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കൊൺറാഡ് ക്രയേവ്സ്ക്കിയാണ് ഇവരെ ഈ കൂടിക്കാഴ്ചയ്ക്കായി “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ എത്തിച്ചത്.

യാത്ര

വെള്ളിയാഴ്‌ച (28/04/23) രാവിലെ പാപ്പാ വത്തിക്കാനിലെ തൻറ വാസയിടമായ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിൽ നിന്ന് 30 കിലോമീറ്ററോളം അകലെ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന “ലെയൊണാർദൊ ദ വിഞ്ചീ” രാജ്യാന്തര വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ടു. റോമിലെ ഈ അന്താരാഷ്ട്രവിമാനത്താവളം സ്ഥലപ്പേരു ചേർത്ത് ഫ്യുമിച്ചീനൊ വിമാനത്താവളം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. പ്രാദേശിക സമയം രാവിലെ 8 മണിയോടെ, ഇന്ത്യയിലെ സമയം 11.30-ന് പാപ്പാ വിമാനത്താവളത്തിൽ എത്തി.

ഫ്യുമിച്ചിനൊ വിമാനത്താവളം പോർത്തൊ സാന്ത റൂഫീന രൂപതാതിർത്തിക്കുള്ളിൽ വരുന്നതിനാൽ പ്രസ്തുത രൂപതയുടെ മെത്രാൻ ജ്യൻറീക്കൊ റൂത്സയും വിമാനത്താവളത്തിൽ പാപ്പായെ യാത്രയയ്ക്കാൻ എത്തിയിരുന്നവരിൽ ഉണ്ടായിരുന്നു. അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ട് വ്യോമയാനത്തിനകത്തു പ്രവേശിച്ച പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ഇറ്റലിയുടെ “ഇത്താ എയർവേയ്സ്” (ITA Airways) വിമാനം റോമിലെ സമയം രാവിലെ 8.21-ന് പറന്നുയർന്നു. അപ്പോൾ ഇന്ത്യയിൽ സമയം 11.51 ആയിരുന്നു. ഇറ്റലി, ഹംഗറി എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ സമയത്തിൽ, ഇപ്പോൾ, 3 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. വിമാനത്തിൽ വച്ച് പാപ്പാ ഈ യാത്രയിൽ തന്നെ അനുഗമിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

പാപ്പായുടെ ടെലെഗ്രാം സന്ദേശങ്ങൾ                     

വ്യോമയാനം ഇറ്റലിയുടെയും ക്രൊവേഷ്യയുടെയും മുകളിലൂടെ പറക്കവെ പാപ്പാ അതതു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസാ-പ്രാർത്ഥനാ ടെലെഗ്രാംസന്ദേശം അയച്ചു.

ഇറ്റലിയുടെ പ്രസിഡൻറിന്

വിശ്വാസത്തിൽ സഹോദരങ്ങളായവരെ കാണാനും ജനതകൾക്കിടയിൽ പാലങ്ങൾ പണിയേണ്ടതിൻറെ പ്രാധാന്യത്തിനു സാക്ഷ്യമേകാനുമുള്ള അഭിവാഞ്ഛയാൽ അപ്പൊസ്തോലികയാത്രയ്ക്കായി ഇറ്റലി വിടുന്ന ഈ വേളയിൽ  നാടിൻറെ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്കും ജനങ്ങൾക്കും ഹൃദയംഗമമായ അഭിവാദ്യം അർപ്പിക്കുകയും നാടിൻറെ നന്മയ്ക്കായി തീക്ഷ്ണമായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഇറ്റലിയുടെ പ്രസിഡൻറിനയച്ച സന്ദേശത്തിൽ പറയുന്നു.

ക്രൊവേഷ്യയുടെ പ്രസിഡൻറിന്

ക്രൊവേഷ്യയുടെ പ്രസിഡൻറ് ത്സൊറാൻ മിലനോവിച്ചിനയച്ച സന്ദേശത്തിൽ പാപ്പാ അദ്ദേഹത്തിനും അന്നാട്ടുകാർക്കും ദൈവം സാഹോദര്യം സന്തോഷം സമാധാനം എന്നീ ദാനങ്ങൾ ചൊരിയട്ടെയെന്ന് ആശംസിക്കുകയും തൻറെ പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു.

റോമിൽ നിന്ന് ബുദാപെസ്റ്റിലേക്ക് 

റോമിൽ നിന്ന് ഹങ്കറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലേക്കുള്ള വ്യോമദൂരം 990 കിലോമീറ്ററാണ്. ഈ ദൂരം തരണം ചെയ്യുന്നതിന് വ്യോമയാനം 1 മണിക്കൂറും 50 മിനിറ്റും എടുത്തു. ബുദാപെസ്റ്റിലെ ഫെരേൻസ് ലിസ്റ്റ് വിമാനത്താവളത്തിൽ ആകാശ നൗക പ്രാദേശിക സമയം 10 മണിക്ക് താണിറങ്ങി. അപ്പോൾ ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 1.30 ആയിരുന്നു.

“ഡാന്യൂബിൻറെ മുത്ത്” എന്നറിയപ്പെടുന്ന ബുദാപെസ്റ്റ് ഹംഗറിയുടെ തലസ്ഥാനവും അന്നാട്ടിലെ ഏറ്റവും വലിയ നഗരവുമാണ്. ഡന്യൂബ് നദിയുടെ തീരത്ത്, അന്നാടിൻറെ മദ്ധ്യവടക്കു ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ നഗരത്തിലെ നിവാസികളുടെ സംഖ്യ 17 ലക്ഷത്തി 74000 ആണ്.

ഏസ്തെർഗോം ബുദാപെസ്റ്റ് അതിരൂപത

ഹങ്കറിയിലെ ഏസ്തെർഗോം ബുദാപെസ്റ്റ് അതിരൂപതയുടെ വിസ്തൃതി 1543 ചതുരശ്ര കിലോമീറ്ററാണ്. ഈ അതിരൂപതയുടെ ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 20 ലക്ഷത്തി 38900 ജനങ്ങളിൽ കത്തോലിക്കർ 12 ലക്ഷത്തി 24630 ആണ്. ഈ അതിരുപതയിൽ 160 ഇടവകകളുണ്ടെങ്കിലും ദേവാലയങ്ങൾ 25 എണ്ണം മത്രമാണ്. ഇരുനൂറ്റിമുപ്പതിലേറെ രൂപതാവൈദികരും രൂപതയ്ക്കുവേണ്ടി സേവനം ചെയ്യുന്ന നൂറ്റിമുപ്പതോളം സന്ന്യസ്ത വൈദികരും ഈ അതിരൂപതയിൽ ഉണ്ട്. സന്ന്യാസിനികളുടെ സംഖ്യ 270-നടുത്തുവരും. 77 വിദ്യഭ്യാസ സ്ഥാപനങ്ങളും 30-ൽപ്പരം ഉപവിപ്രവർത്തന സ്ഥാപനങ്ങളും ഇവിടെയുണ്ട്.

കർദ്ദിനാൾ പീറ്റർ എർദ് (Card. Péter Erdő) ആണ് അതിരൂപതാദ്ധ്യക്ഷൻ. 1952 ജൂൺ 25-ന് ജനിച്ച അദ്ദേഹത്തിന് 71വയസ്സു പ്രായമുണ്ട്.

ബുദാപെസ്റ്റിൽ

വ്യോമയാനം ബുദാപെസ്റ്റിലെ ഫെരെൻസ് ലിസ്ഷ്സ്റ്റ് വിമാനത്താവളത്തിൽ നിശ്ചലമായപ്പോൾ ഹംഗറിയിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് മൈക്കിൾ വ്വാല്ലസ് ബാനക്കും (Archbishop Michael Wallace Banach) പാപ്പായുടെ ഈ സന്ദർശനപരിപാടികളുടെ അന്നാട്ടിലെ ചുമതലയുള്ള വ്യക്തിയും വിമാനത്തിനകത്തു കയറി പാപ്പായെ അഭിവാദ്യം ചെയ്തു. തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തെത്തിയ പാപ്പാ സാവധാനം നടന്ന് വിമാനപ്പടവുകൾക്കേ മുന്നിലെത്തിയപ്പോൾ  ഉപപ്രധാനമന്ത്രി ഷൊയെത് സമീൻ (Zsolt Semjén) പാപ്പായെ സ്വീകരിച്ചു. പാരമ്പര്യ വേഷധാരികളായിരുന്ന രണ്ടുകുട്ടികൾ, ഒരു ബാലനും ബാലികയും, പാപ്പായ്ക്ക് ജീവൻറെയും അനുഗ്രഹത്തിൻറെയും മംഗളാശംസയുടെയും പ്രതീകമായി അപ്പവും ഉപ്പും സമർപ്പിച്ചു. പാപ്പാ അപ്പത്തിൽ നിന്ന് ശകലമെടുത്ത് ഉപ്പിൽ മുക്കി രുചിച്ചു. കുട്ടികളുമായി പാപ്പാ കുശലം പറയുകയും ചെയ്തു. തുടർന്ന് അവിടെ സന്നിഹിതരായിരുന്നവരെ പാപ്പാ പരിചയപ്പെട്ടു. അവിടെ പാപ്പായെയും പ്രതീക്ഷിച്ച് പേപ്പൽ പതാകളേന്തി നിന്നിരുന്ന കുട്ടികൾ പാപ്പാ തങ്ങളുടെ അടുത്തെത്തിയപ്പോൾ കരഘോഷത്തോടും ആരവങ്ങളോടും കുടി പാപ്പായെ വരവേറ്റു. അവിടെ സഭയുടെ പ്രതിനിധികളും ഉണ്ടായിരുന്നു.

വിമാനത്താവളത്തിലെ അനൗപചാരിക സ്വാഗതസ്വീകരണ ചടങ്ങിനു ശേഷം പാപ്പാ അവിടെനിന്ന് 24 കിലോമീറ്ററിലേറെ അകലെയുള്ള “സാന്തൊർ” മന്ദിരത്തിലേക്ക് കാറിൽ യാത്രയായി. 2003 മുതൽ ഇത് ഹങ്കറിയുടെ പ്രസിഡൻറിൻറെ ഔദ്യോഗിക വസതിയാണ്.

സാന്തൊർ മന്ദിരം

സാന്തൊർ സമ്പന്ന പ്രഭുകുടുംബത്തിനു വേണ്ടി 1803-നും 1806-നും മദ്ധ്യേ പണികഴിപ്പിച്ചതാണ് ഈ ആഢംബര സൗധം. ഹംഗറിയിലെ മുഖ്യ വാസ്തുശിലിപികളിൽ ഒരാളായിരുന്ന മിഹലി പൊള്ളാക് ആണ് ഇത് രൂപകല്പന ചെയ്ത്. രണ്ടാം ലോകമഹായുദ്ധ വേളയിൽ പൂർണ്ണമായും തകർക്കപ്പെട്ട ഈ മന്ദിരം പിന്നീട് 1989-ലാണ് പുതുക്കി പണിതു. രണ്ടായിരമാണ്ടിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുകയും പഴയ പ്രൗഡി വീണ്ടെടുക്കുകയും ചെയതു. ഫെരെൻസ് പൊത്സ്നെർ എന്ന് വാസ്തുശില്പിയാണ് ഈ നവീകരണപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്.

പാപ്പായും പ്രസിഡൻറുമായുമുള്ള കൂടിക്കാഴ്ച 

രാഷ്ട്രപതിയുടെ മന്ദിരത്തിനു മുന്നിൽ കാറിൽ  വന്നിറങ്ങിയ പാപ്പായെ പ്രസിഡൻറ് ശ്രീമതി കത്തലിൻ നൊവാക്ക് (Katalin Novák) മന്ദിരാങ്കണത്തിൽ വച്ച് സ്വീകരിച്ചു. തുടർന്ന് വത്തിക്കാൻറെയും ഹംഗറിയുടെയും പ്രതിനിധി സംഘങ്ങളെ പ്രസിഡൻറിനും പാപ്പായ്ക്കും പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു.

തദ്ദനന്തരം പാപ്പാ അന്നാടിൻറെ പതകായെ വന്ദിച്ചു. അപ്പോൾ ആദ്യം വത്തിക്കാൻറെയും തുടർന്ന് ഹങ്കറിയുടെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻറ് വാദനം ചെയ്തു. സൈനികോപചാരം സ്വീകരിച്ചതിനുശേഷം പാപ്പായും പ്രസിഡൻറും മന്ദിരത്തിനകത്തെ “എംപയർ” (Empire) ശാലയിലേയ്ക്കു പോയി. മന്ദിരത്തിനകത്തെത്തിയ പാപ്പായും പ്രസിഡൻറും ഔപചാരിക ഛായഗ്രഹണത്തിന് നിന്നു. അതിനു ശേഷം പാപ്പാ വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഒപ്പുവച്ചു.

പാപ്പായുടെ സന്ദർശനക്കുറിപ്പ്

“ചരിത്രത്താലും സംസ്‌കാരത്താലും സമ്പന്നമായ ഹംഗറിയിലേക്ക് ഞാൻ ഒരു തീർത്ഥാടകനും സുഹൃത്തുമായി വരുന്നു; പാലങ്ങളുടെയും വിശുദ്ധരുടെയും നഗരമായ ബുദാപെസ്റ്റിൽ നിന്ന്, ഞാൻ ആകമാന യൂറോപ്പിനെ സ്മരിക്കുകയും ഐക്യത്തോടെയും ഐക്യദാർഢ്യത്തോടെയും അത് നമ്മുടെ കാലത്തും സമാധാനത്തിൻറെയും സ്വാഗതംചെയ്യലിൻറെയും പ്രവചനത്തിൻറെയും ഭവനമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.”

ഈ കുറിപ്പ് രേഖപ്പെടുത്തി ഒപ്പുവച്ചതിനു ശേഷം പാപ്പായും പ്രസിഡൻറും സമ്മാനങ്ങൾ കൈമാറി. തൻറെ ഇടയസന്ദർശനത്തിൻറെ ഒരു സ്മാരക മുദ്രയും തൻറെ സഭാഭരണത്തിൻറെ സ്വർണ്ണപ്പതക്കവുമാണ് പാപ്പാ പ്രസിഡൻറിന് സമ്മാനിച്ചത്. തദ്ദനന്തരം പാപ്പായും പ്രസിഡൻറും “ബ്ലൂ” ശാലയിൽ വച്ച് സ്വകാര്യകൂടിക്കാഴ്ച നടത്തി. അതിനുശേഷം പാപ്പാ പ്രസിഡൻറിൻറെ കുടുംബത്തെ പരിചയപ്പെട്ടു. തുടർന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാനുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഈ സമാഗമത്തിൻറെ സമാപനത്തിൽ പാപ്പാ പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളെയും പരിചയപ്പെട്ടു. തുടർന്ന് പാപ്പായുടെ പരിപാടി രാഷ്ട്രീയാധികാരികളും പൗര-മത-സാംസ്കാരികപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഇതിന് വേദിയൊരുക്കിയിരുന്നത് മുൻ കർമ്മലീത്താ ആശ്രമത്തിലെ ഒരു ശാലയിലായിരുന്നു. ഇരുനൂറോളം പേട അവിടെ സന്നിഹിതരായിരുന്നു. ശാലയിൽ എത്തിയ പാപ്പായെ പ്രസിഡൻറ് ശ്രീമതി കത്തലിൻ നൊവാക്ക് (Katalin Novák) സ്വാഗതം ചെയ്തു.

പാപ്പാ സമാധനത്തിൻറെ മനുഷ്യൻ

സമാധാനത്തിൻറെ മനുഷ്യന് ഹംഗറിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസിഡൻറ് തൻറെ പ്രസംഗം ആരംഭിച്ചത്. സ്നേഹത്തിൻറെയും ഐക്യത്തിൻറെയും ശാന്തിയുടെയും ശക്തിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവം കരുത്തേകുകയും ഉചിതമായ സമയത്ത് അവരെ ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡൻറ് കത്തലിൻ പറഞ്ഞു.  ആത്മീയവും ബൗദ്ധികവുമായ നവീകരണത്തിലേക്കും സമാധാനത്തിലേക്കുമുള്ള പാത നമുക്ക് കാണാൻ കഴിയുന്ന ഉയരത്തിലുള്ള ബിന്ദുവിലേക്കുള്ള ആരോഹണത്തിന് ഫ്രാൻസീസ് പാപ്പായുടെ ഹംഗറി സന്ദർശനം തങ്ങൾക്ക് ഉത്തേജനം പകരുമെന്ന പ്രത്യാശ പ്രസിഡൻറ് പ്രകടിപ്പിച്ചു. രക്തരൂഷിതവും മരണത്തിനും ദാരിദ്ര്യത്തിൻറെ വർദ്ധനവിനും കാരണമാകുന്നതുമായ യുദ്ധത്തിൻറെ സാഹചര്യത്തിൽ നാം ആവശത്തിലിരിക്കുന്നവരുടെ കാര്യത്തിൽ ഉപരി ശ്രദ്ധയുള്ളവരായിരിക്കേണ്ടതിൻറെ ആവശ്യകതയും പ്രസിഡൻറ് കത്തലിൻ ഹങ്കറിയിലെ വിശുദ്ധരുടെ മാതൃകയെക്കുറിച്ച് അനുസ്മരിച്ചു കൊണ്ട് ചൂണ്ടിക്കാട്ടി. 

പ്രസിഡൻറിൻറെ വാക്കുകളെ തുടർന്ന് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ഇടയസന്ദർശനത്തിലെ കന്നി പ്രഭാഷണം നടത്തി.  രാഷ്ട്രീയാധികാരികളും പൗര-മത-സാംസ്കാരിക-നയതന്ത്ര പ്രതിനിധികളുമായുള്ള ഈ കൂടിക്കാഴ്ചാനന്തരം പാപ്പാ 3 കിലോമീറ്ററിലേറെ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും ഉച്ചഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കുകയും ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 April 2023, 12:28