തിരയുക

ആശുപത്രിയിൽ ക്രിസ്തീയ പ്രാരംഭ കൂദാശ പരികർമ്മം ചെയ്ത് പാപ്പാ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ, ജെമേല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കവെ മാർപ്പാപ്പാ ഒരു കുഞ്ഞിന് മാമ്മോദീസാ നല്കി.

തൊട്ടിലിൽ കിടന്നിരുന്ന, ആഴ്ചകൾ മാത്രം പ്രായമുള്ള മഖേൽ ആഞ്ചെൽ എന്ന കുഞ്ഞിനെയാണ് ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച (31/03/23) സ്നാനപ്പെടുത്തിയത്.

പാപ്പായാണ് കുഞ്ഞിന് മാമ്മോദീസാ നല്കിയതെന്ന് ഇടവകയിൽ മാമ്മോദീസാ രേഖപ്പെടുത്താൻ പോകുമ്പോൾ പറയണമെന്ന് പാപ്പാ കുഞ്ഞിൻറെ അമ്മയെ പ്രത്യേകം ഓർമ്മപ്പെടുത്തുകയും ചെയ്തു.

ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ഇരുപത്തിയൊമ്പതാം തീയതി ബുധനാഴ്ച (29/03/23) ആണ് പാപ്പാ റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

സുഖപ്രാപ്തി ക്ഷിപ്രഗതിയിലായിരുന്നതിനാൽ ശനിയാഴ്ച (01/04/23) ആശുപത്രി വിടുന്നതിൻറെ തലേന്ന്, പാപ്പാ കുഞ്ഞുങ്ങളുടെ അർബുദ ചികിത്സാ വിഭാഗവും കുഞ്ഞുങ്ങളുടെ നാഡീവ്യൂഹ ശസ്ത്രക്രിയാ വിഭാഗവും സന്ദർശിക്കുകയും മിഖേൽ ആഞ്ചലിനെ സ്നാനപ്പെടുത്തുകയുമായിരുന്നു.

ശാരീരികമായ അസുഖങ്ങൾ ഭേദപ്പെടുത്തുന്നവരും ക്രിസ്തുവിൻറെ കുരിശിന് അനുദിനം സാക്ഷ്യവഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരുമായ ആരോഗ്യപ്രവർത്തകർ ത്യാഗമനോഭാവത്തോടുകൂടി ചെയ്യുന്ന സേവനങ്ങൾ പാപ്പാ, ഈ സന്ദർശാനവസരത്തിൽ, നന്ദിയോടെ അനുസ്മരിച്ചു.

രോഗികളായ കുഞ്ഞുങ്ങൾക്ക് പാപ്പാ ജപമാല, ചോക്കലേറ്റ് മുട്ട, കുട്ടികൾക്കായി രചിക്കപ്പെട്ട, യേശുവിൻറെ ജനനത്തെക്കുറിച്ചുള്ള ഒരു പുസ്തകം എന്നിവ, അരമണിക്കൂറോളം ദീർഘിച്ച ഈ സന്ദർശനവേളയിൽ സമ്മാനിക്കുയും ചെയ്തു.

2021-ൽ വൻകുടൽ ശസ്ത്രക്രിയയ്ക്കായി ജെമേല്ലി ആശുപത്രിയിൽ ആയിരുന്നപ്പോഴും പാപ്പാ അവിടെ ഉണ്ടായിരുന്ന അർബുദരോഗികളായ കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2023, 12:54