തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (VATICAN MEDIA Divisione Foto)

“ക്രിസ്തു ജീവിക്കുന്നു” : തൊട്ടിലിൽ കിടക്കുന്ന കുട്ടികളെക്കുറിച്ചും പേരക്കുട്ടികളെ കുറിച്ചും ആനന്ദകരമായ സ്വപ്നം കണ്ടവരാണ് മാതാപിതാക്കൾ

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 193-194 ആം ഖണ്ഡികകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ആറാം അദ്ധ്യായം

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

193. വൃദ്ധജനത്തിന് സ്വപ്നങ്ങൾ ഉണ്ട്. അവരുടെ ദീർഘകാല അനുഭവത്തിന്റെ അടയാളമുള്ള ഓർമ്മകളും പ്രതിബിംബങ്ങളും കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ് ആ സ്വപ്നങ്ങൾ. യുവജനം ആ സ്വപ്നനങ്ങളിൽ വേരുകൾ ഊന്നിയാൽ  അവർക്ക് ഭാവിയിലേക്ക് ഉറ്റു നോക്കാൻ കഴിയും. അവർക്ക് ദർശനങ്ങളുണ്ടാകും. അവ അവരുടെ ചക്രവാളങ്ങളെ വിശാലമാക്കുകയും പുതിയ പാതകൾ കാണിക്കുകയും ചെയ്യും. എന്നാൽ മുതിർന്നവർ സ്വപ്നം കാണാതിരുന്നാൽ യുവജനങ്ങൾക്ക് ചക്രവാളത്തിന്റെ വ്യക്തമായ കാഴ്ച നഷ്ടപ്പെടും. 

194. ഒരുപക്ഷേ നമ്മുടെ മാതാപിതാക്കൾ ഒരു ഓർമ്മ സൂക്ഷിച്ചിട്ടുണ്ടാവും. നമ്മുടെ പൂർവീകർ നമുക്കായി സ്വപ്നം കണ്ടത് എന്താണെന്ന് ഊഹിക്കാൻ അത് സഹായിക്കും. നമ്മളെല്ലാവരും നമ്മുടെ ജനനത്തിനു മുമ്പ് പോലും ഒരു സ്വപ്നം പൂർവീകരിൽ നിന്ന് ഒരു അനുഗ്രഹമായി സ്വീകരിച്ചിട്ടുണ്ട്. സ്നേഹവും പ്രത്യാശ്യം നിറഞ്ഞ സ്വപ്നമാണത്, കൂടുതൽ നല്ല ജീവിതത്തെ കുറിച്ചുള്ള സ്വപ്നം തന്നെ. ഒരുപക്ഷേ നമ്മുടെ മുത്തച്ഛന്മാർക്ക് ഇല്ലായിരുന്നെങ്കിലും നമ്മുടെ മുത് മുത്തച്ഛന്മാർക്ക് തീർച്ചയായും തൊട്ടിലിൽ കിടക്കുന്ന തങ്ങളുടെ കുട്ടികളെക്കുറിച്ചും പേരക്കുട്ടികളെ കുറിച്ചും ആനന്ദകരമായ ഒരു സ്വപ്നം ഉണ്ടായിരുന്നിരിക്കണം. എല്ലാറ്റിലും ആദ്യത്തെ സ്വപ്നം തന്റെ എല്ലാ മക്കളുടെയും ജീവിതങ്ങളെ മുൻഗമിക്കുകയും സഹകരിക്കുകയും ചെയ്യുന്ന നമ്മുടെ പിതാവായ ദൈവത്തിന്റെ സർഗ്ഗാത്മകമായ സ്വപ്നമാണ്. തലമുറയിൽ നിന്ന് തലമുറയിലേക്ക് വ്യാപിക്കുന്ന ഈ അനുഗ്രഹത്തിന്റെ സ്മരണ വിശിഷ്ടമായ ഇഷ്ട ദാനമാണ്. അത് പകർന്നു കൊടുക്കാൻ നമുക്കും കഴിയുന്നത് വേണ്ടി അത് നമ്മൾ സജീവമായി സൂക്ഷിക്കണം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

കഴിഞ്ഞ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ മുതിർന്നവരുടെ സ്വപ്നങ്ങളെയും യുവതലമുറയുടെ ദർശനങ്ങളെയും കുറിച്ചാണ് സംസാരിച്ചു പോന്നത്.  രണ്ടു കൂട്ടരും പരിശുദ്ധാത്മാവിനോടു തുറവുള്ളവരാകുമ്പോൾ അത് ഒരു അത്ഭുതകരമായ കൂട്ടായ്മയായി രൂപാന്തരപ്പെടുമെന്ന ഒരു സ്വപ്നമാണ് ഫ്രാൻസിസ് പാപ്പാ പങ്കു വയ്ക്കുന്നത്. ഖണ്ഡികയുടെ അവസാന ഭാഗത്ത് മുതിർന്നവരുടെ സ്വപ്നങ്ങളും യുവതലമുറയുടെ ദർശനങ്ങളും എങ്ങനെയാണ് പരസ്‌പര പൂരകങ്ങളാവുക എന്ന ഒരു ചോദ്യം പരിശുദ്ധ പിതാവ്  ഉന്നയിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം.

നാം പിറക്കുന്നതിനുമുന്നേ  നമ്മെക്കുറിച്ചെല്ലാം സ്വപ്നം കണ്ടിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു എന്നറിയുന്നത് തന്നെ ഒരു സന്തോഷമുള്ള കാര്യമാണ്. നമ്മുടെ മാതാപിതാക്കൾ മാത്രമല്ല മുത്തശ്ശീ മുത്തച്ഛന്മാരും അവർക്ക് മുമ്പേയുള്ള തലമുറകൾ പോലും നമുക്ക് ഒരു നല്ല ജീവിതമുണ്ടാവാൻ "സ്നേഹവും പ്രത്യാശയും " നിറച്ച സ്വപ്നങ്ങൾ കണ്ടിരുന്നു എന്ന മനോഹരമായ ഒരു ചിന്തയാണ് വളരെ വ്യക്തമായി പാപ്പാ ഇവിടെ കൊണ്ടുവരുന്നത്.

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഭാഗത്തെ ആദ്യ വാക്യത്തിൽ തന്നെ മുതിർന്ന തലമുറ അവരുടെ സ്വപ്നങ്ങൾ കെട്ടിപൊക്കുന്ന അടിത്തറ എന്താണെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓർമ്മകളുടെ അടിത്തറയിൽ നീണ്ട ജീവിതാനുഭവങ്ങളുടെ അടയാളങ്ങൾ ചേർത്തുകൊണ്ട് തീർക്കുന്ന ആ സ്വപ്നങ്ങൾക്ക് സത്യത്തിന്റെ ഹൃദയസ്പന്ദനമാണുള്ളത്.

ഓർമ്മകൾ ഒരിക്കലും വെറും ചിന്ത മാത്രമായി ഒതുങ്ങാറില്ല. അതിന് ഭാവിയിലേക്കുള്ള ദർശനമുണ്ട്. പഴയ നിയമ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ഓർമ്മകളെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുമ്പോൾ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ബോധ്യവും തിരിച്ചറിവും വർത്തമാനകാലത്തിലേക്കും ഭാവിയിലേക്കും വേണ്ടി കൂടിയുള്ള ഒരു മുതൽക്കൂട്ടായാണ് നമുക്ക് കാണാൻ കഴിയുന്നത്. യൂസെഫ് ഹായിം യെരുഷാൽമി തന്റെ സുപ്രസിദ്ധമായ പഠനം Zachor (Remember) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു. “ഓർമ്മ  കഴിഞ്ഞതിന്റെയും ഇപ്പോഴുള്ളതിന്റെയും ഒരു കൂട്ടിക്കലർത്തലാണ്: അത് ദൂരബോധം നിലനിർത്തുന്ന ഭൂതകാലത്തിന്റെ ഒരു കേവല ഓർമ്മയല്ല, മറിച്ച് വർത്തമാന കാലത്തിൽ പ്രവർത്തിക്കാനുള്ള ഒരു പുനരാവിഷ്കരണമാണ്.”

ഓർമ്മിക്കൽ അത്ര ശക്തിമത്തായ ഒരു കാര്യമാണ്. കാരണം അത് നമ്മുടെ ജീവിതത്തിന് അർത്ഥം പകരുക മാത്രമല്ല നമ്മെ പ്രത്യാശയോടെ നിലനിർത്തുകയും ചെയ്യുന്നു. സത്യത്തിൽ ഓർമ്മകളാണ് നമ്മെ മനുഷ്യരായി നിലനിർത്തുന്ന ഘടകങ്ങളിൽ ഒന്ന്.

പഴയ നിയമകാലഘട്ടവും യഹൂദ പാരമ്പര്യവും മാത്രമല്ല  ഓർമ്മകളെ പുണരുന്നത്. പുതിയ നിയമവും ക്രൈസ്തവ പാരമ്പര്യവും മുന്നോട്ട് നീങ്ങുന്നതും ഓർമ്മകളുടെ അടിത്തറയിലാണ്. പഴയ നിയമത്തിൽ എത്രയോ ഇടത്ത് ദൈവം തന്റെ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ കാനാൻ ദേശത്തേക്കുള്ള കടന്നു പോക്ക് ഓർമ്മിക്കാൻ ക്ഷണിക്കുന്നുണ്ട്.  ഓരോ വർഷത്തിലും ആ ഓർമ്മ കൊണ്ടാടാനും തലമുറതലമുറകൾ തോറും ഇക്കാര്യം പങ്കുവയ്ക്കാനും ദൈവം ആവശ്യപ്പെടുന്നുണ്ട്.

ഇതുപോലെ തന്നെയാണ് പുതിയ ഇസ്രായേലായ ക്രൈസ്തവ സമൂഹവും. അതിന്റെ നിലനിൽപ്പും മുന്നോട്ടുള്ള പോക്കും ആശ്രയിച്ചിരിക്കുന്നത് യേശു തന്റെ ശിഷ്യരുമൊത്ത് നടത്തിയ അന്ത്യത്താഴ ബലിയുടേയും അതിന്റെ ഓർമ്മയുടെ ആഘോഷത്തിലുമാണ്. യേശുവും ഒരു കൽപന നൽകിക്കൊണ്ടാണ് കടന്നുപോയത്. തന്റെ ജീവന്റെ അപ്പവും ജീവിതത്തിന്റെ പാനപാത്രവും ഓർമ്മയ്ക്കായി വാഴ്ത്തി ഉയർത്താൻ പഠിപ്പിച്ചു.

അനുഭവങ്ങളും ഓർമ്മകളും കൂട്ടിക്കലർത്തി നമ്മുടെ നന്മ  ലക്ഷ്യം വച്ച മുൻ തലമുറയുടെ സ്വപ്നങ്ങളിലേക്ക് വേരിറക്കാനാണ് ഫ്രാൻസിസ് പാപ്പാ ഇളം തലമുറയെ ആഹ്വാനം ചെയ്യുന്നത്. ഈ പ്രവൃത്തിയിലൂടെ പുതിയ തലമുറയ്ക്ക് ഭാവിയിലേക്ക് കണ്ണുതുറക്കാൻ കഴിയും എന്നാണ് പരിശുദ്ധ പിതാവ് നമ്മോടു വിശദീകരിക്കുന്നത്. പൂർവീകരുടെ

അനുഭവ പാഠങ്ങളും ഓർമ്മകളും നമുക്ക് വച്ചുനീട്ടുന്നത് ഒരു തരത്തിൽ ആയുസ്സുകളുടെ നീളമാണ്. അവർ കടന്നു പോയവയിലൂടെ നാം ഇനി കടന്നു പോകേണ്ടതില്ല. അവർ സഞ്ചരിച്ച വഴികൾ അവർക്ക് പകർന്നു നൽകിയ തെറ്റിന്റെയും ശരിയുടേയും പാഠങ്ങൾ നാം വീണ്ടും ആവർത്തിച്ച് അനുഭവിക്കണമെന്നില്ല. അതിനാൽ ആ ജീവിതാനുഭവങ്ങളുടെ ഭണ്ഡാരത്തിൽ നിന്ന് ശേഖരിച്ച സമ്പാദ്യങ്ങളുമായി മുന്നോട്ട് നീങ്ങി യുവതലമുറയുടെ ജീവിത ചക്രവാളങ്ങൾ വികസിപ്പിക്കാൻ വേണ്ട ദർശനങ്ങളിലേക്ക് കടക്കാനാണ് ഫ്രാൻസിസ് പാപ്പാ യുവതലമുറയെ ആഹ്വാനം ചെയ്യുന്നത്.

അതോടൊപ്പം മുതിർന്ന തലമുറയോടും പാപ്പാ ഒരപേക്ഷ വയ്ക്കുന്നുണ്ട്. അവർ സ്വപ്നങ്ങൾ കാണാതിരുന്നാൽ സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പാണത്. മുതിർന്ന തലമുറ സ്വപ്നം കാണുന്നതു നിറുത്തിയാൽ വരും തലമുറകൾക്ക് അവരുടെ ചക്രവാളങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് വ്യക്തത നഷ്ടപ്പെടുമെന്നതിലാണ് പരിശുദ്ധ പിതാവിന്റെ ഖേദം.

നമ്മുടെ മാതാപിതാക്കൾ സൂക്ഷിച്ച് വച്ച് നമുക്ക് കൈമാറിയ, നമ്മുടെ മുത്തശ്ശീ മുത്തച്ഛൻമാർ നമ്മെക്കുറിച്ചുകണ്ട സ്വപ്നങ്ങളിൽ നിന്ന് പതുക്കെ പതുക്കെ ഫ്രാൻസിസ് പാപ്പാ നമ്മെ പിന്നിലേക്ക് പിന്നിലേക്ക് കൊണ്ടുപോവുകയാണ്  194മത്തെ ഖണ്ഡികയിൽ.  അദ്ദേഹം തന്റെ പിന്നോട്ടുള്ള യാത്ര കൊണ്ടുചെന്ന് എത്തിക്കുന്നത് ദൈവ പിതാവിലാണ്. ഏറ്റവും ആദ്യം തന്റെ മക്കളുടെ ഭാവി സ്വപ്നം കണ്ടത് ദൈവ പിതാവായിരുന്നു. ആദിമാതാപിതാക്കളുടെ മാത്രമല്ല ഇനി വരുന്ന സകലതുറകളിൽ ഉണ്ടാകാനിരിക്കുന്ന തന്റെ എല്ലാ മക്കളുടെയും നന്മയും നല്ല ഭാവിയും സ്വപ്നം കണ്ടു കൊണ്ടാണല്ലോ ദൈവപിതാവ് തന്റെ സൃഷ്ടികർമ്മം നിർവ്വഹിച്ചത്.  ലോകസൃഷ്ടി തന്നെ പിതാവായ ദൈവത്തിന്റെ സ്വപ്നങ്ങളുടെ സാക്ഷാൽക്കാരമായിരുന്നു. ഓരോന്നും തന്റെ സ്വപ്നത്തിനനുസരിച്ച് ചമച്ചെടുത്ത് എല്ലാം നന്നായിരിക്കുന്നു എന്ന് വീക്ഷിച്ച ദൈവം വിശ്രമിച്ചത് തന്റെ സ്വപ്നത്തെ തുടർന്നു കൊണ്ടുപോകാൻ മനുഷ്യനെ ഉത്തരവാദപ്പെടുത്തിയേൽപ്പിച്ചതിനു ശേഷമായിരുന്നു. എന്നാൽ തന്റെ സ്വാർത്ഥതയുടെ ബലഹീന നിമിഷങ്ങളിൽ ദൈവത്തിന്റെ സ്വപ്നത്തേക്കാൾ ദൈവത്തിന്റെ ശത്രുവിന്റെ നുണകൾ അവനെ വ്യാമോഹിപ്പിച്ചു. അവൻ തകർത്ത സ്വപ്നം പക്ഷേ ദൈവം തുടർന്നും സാക്ഷാൽക്കരിക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. പ്രവാചകരിലൂടെ ഒടുവിൽ തന്റെ പുത്രനിലൂടെ - ഈ ഓർമ്മകൾ നമ്മിലുള്ളിടത്തോളം കാലം ആദി സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനിയും യുവതലമുറയ്ക്കാവും.

അതിനാൽ യുവതലമുറയുടെ ദർശനങ്ങളിൽ മാതാപിതാക്കളും മുത്തശ്ശീ മുത്തച്ഛന്മാരും മാത്രമല്ല തലമുറകളുടെ പിന്നാമ്പുറത്ത് അങ്ങ് സ്രഷ്ടാവായ ദൈവ പിതാവിന്റെ വരെ സ്വപ്നകൾ അടിത്തറയാവണം എന്ന് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു.  അവിടെ സഹോദര്യത്തിന്റെയും സുസ്ഥിരയുടേയും എല്ലാം നന്നായിരിക്കുന്ന ഒരു ലോകം നമുക്ക് സാക്ഷാൽക്കരിക്കാൻ കഴിയും. ഈ ഓർമ്മ നമ്മുടെ മനസ്സിൽ സജീവമായി സൂക്ഷിക്കുക മാത്രമല്ല അത് കൈമാറിക്കൊടുക്കാനും തയ്യാറാവാനുള്ള ആഹ്വാനം കൂടിയാണ് ഫ്രാൻസിസ് പാപ്പാ പങ്കു വയ്ക്കുന്നത്.

ഏതൊരു സമൂഹത്തെയും രാജ്യത്തെയും സംബന്ധിച്ചെന്ന പോലെ വ്യക്തി ജീവിതത്തിനും വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ചരിത്രം. എന്നാൽ പൂർവീകർ തലമുറകൾക്ക് കൈമാറുന്ന ആ വിജ്ഞാനം സത്യസന്ധവും അനുഭവങ്ങളുടെ ഓർമ്മകളിൽ അടിസ്ഥാനമുള്ളതുമായിരിക്കണം. അപ്പോഴാണ് ഇളം തലമുറയ്ക്ക് അത് വളർച്ചയ്ക്കുള്ള ദർശനങ്ങളാവുക. സ്വാർത്ഥ താൽപര്യങ്ങളെ മുൻനിറുത്തി ചരിത്രത്തെ തമസ്കരിക്കാനോ യഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത വിധം തെറ്റായി വ്യാഖ്യാനിക്കാനോ തുടങ്ങിയാൽ അത് സർവ്വനാശത്തിനുള്ള വിത്തുപാകലാകും എന്നുകൂടി പറയാതെ പറഞ്ഞു വയ്ക്കുകയാണ് ഫ്രാൻസിസ് പാപ്പാ. ശക്തരായ ചില നേതാക്കളുടെ തെറ്റായ പ്രചാരണങ്ങൾ ലോകത്തെ എത്രമാത്രം പിന്നിലേക്ക് നയിക്കുമെന്ന് മഹായുദ്ധങ്ങളിലൂടെ കടന്നു പോയിട്ടും ഇനിയും പഠിക്കാത്ത തലമുറയുടെ മുന്നിൽ ആവർത്തിക്കുന്ന ഇത്തരം ഒരു "മരുഭൂമിയിലെ ശബ്ദം" മനുഷ്യന്റെ മനസാക്ഷിയിൽ ചലനങ്ങൾ സൃഷ്ടിക്കട്ടെ! അങ്ങനെ സൃഷ്ടാവായ ദൈവം കണ്ട നന്മയുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി വരുന്ന തലമുറകളെയൊരുക്കാനുള്ള ഉത്തരവാദിത്വം നമ്മിൽ നിന്ന് ആരംഭിക്കാൻ നമുക്ക് കഴിയട്ടെ!

ഓർമ്മിക്കുക എന്നാൽ ഓർമ്മിക്കുന്നതിനെ യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുക എന്നതാണ് അർത്ഥം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2023, 11:44