തിരയുക

പാപ്പായുടെ, ഏപ്രിൽ മാസത്തെ പ്രാർത്ഥനാ നിയോഗം!

അഹിംസയുടെ സംസ്കാരം കൂടുതൽ പ്രസരിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അഹിംസാ സംസ്കൃതിക്കായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ഫ്രാൻസീസ് പാപ്പാ, വീഡിയോ വഴി ഏപ്രിൽ മാസത്തേയ്ക്കായി നല്കിയിരിക്കുന്ന പ്രാർത്ഥാന നിയോഗത്തിലാണ് അക്രമരഹിത സംസ്ക്കാരത്തിനായി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിച്ചിരിക്കുന്നത്.

പാപ്പാ തൻറെ ഹ്രസ്വ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

അക്രമം കൂടാതെ ജീവിക്കുക, സംസാരിക്കുക, പ്രവർത്തിക്കുക എന്നതിനർത്ഥം കീഴടങ്ങുക, എന്തെങ്കിലും നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുക എന്നല്ല, പ്രത്യുത, സകലവും തീവ്രമായി അഭിലഷിക്കുക എന്നാണ്.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ 60 വർഷം മുമ്പ് “പാച്ചെം ഇൻ തേരിസിൽ” പറഞ്ഞതുപോലെ, യുദ്ധം ഒരു ഭ്രാന്താണ്, അത് യുക്തിഹീനമാണ്. സകല യുദ്ധങ്ങളും, സർവ്വ സായുധ സംഘർഷങ്ങളും സദാ സകലരുടെയും പരാജയമായി പരിണമിക്കുന്നു. സമാധാന സംസ്കാരം നമുക്ക് വളർത്തിയെടുക്കാം.

ന്യായമായ പ്രതിരോധത്തിൻറെ കാര്യത്തിൽ ആണെങ്കിലും, ആത്യന്തിക ലക്ഷ്യം സമാധാനമാണെന്ന് നമുക്ക് ഓർക്കാം. ആയുധങ്ങൾ കൂടാതെയുള്ള സമാധാനം മാത്രമേ ശാശ്വത ശാന്തിയാകുകയുള്ളൂ. ദൈനംദിന ജീവിതത്തിലും അന്തർദേശീയ ബന്ധങ്ങളിലും അഹിംസയെ നമ്മുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശിയാക്കാം.

രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും ഭാഗത്തുനിന്ന് ആയുധങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ അഹിംസയുടെ സംസ്കാരം കൂടുതൽ വ്യാപിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2023, 18:34