തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” -  "Progetto Policoro" -എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ,  18/03/23 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” - "Progetto Policoro" -എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 18/03/23   (VATICAN MEDIA Divisione Foto)

പാവങ്ങളെ ശ്രവിക്കുന്ന ഒരു രാഷ്ട്രീയമാണ് ആവശ്യം, ഫ്രാൻസീസ് പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളടങ്ങിയ നൂറ്റമ്പതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്‌ച (18/03/23) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം രാഷ്ട്രീയത്തിൻറെ തോൽവിയാണെന്ന് മാർപ്പാപ്പാ.

യുവജനങ്ങളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് കത്തോലിക്കാസഭയുടെ സാമൂഹ്യപ്രബോധനങ്ങളെ അടിസ്ഥാനമാക്കി പരിഹാരംകാണാൻ ശ്രമിക്കുന്ന ഇറ്റലിയിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളടങ്ങിയ നൂറ്റമ്പതോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്‌ച (18/03/23) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ, ഫ്രാൻസീസ് പാപ്പാ, ലോകത്തെ വലയം ചെയ്തിരിക്കുന്ന പ്രശ്നങ്ങളുടെ, പ്രത്യേകിച്ച് യുദ്ധത്തിൻറെ, വെളിച്ചത്തിൽ സാമൂഹ്യരാഷ്ട്രീയ രൂപീകരണത്തെക്കുറിച്ചും “പ്രൊജേത്തൊ പോളികോറൊ” ഇക്കൊല്ലം സമാധാനം എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ചും പരാമർശിക്കുകയായിരുന്നു.

അപരനെ ശത്രുവായി കാണുന്ന വിഷം യുദ്ധം വർദ്ധമാനമാക്കുകയും  ആയുധ മത്സരത്തിൻറെയും സംഘർഷങ്ങൾക്ക് പരിഹാരമായി അവ ഉപയോഗിക്കുന്നതിൻറെയും ഭോഷത്വം നമ്മെ തൊട്ടറിയിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ആകയാൽ സമാധാനത്തിനായുള്ള പരിശീലനം അന്തർലീനമായിരിക്കുന്ന മെച്ചപ്പെട്ട ഒരു നയപരിപാടിയാണ് ആവശ്യമെന്നും അത് സകലരുടെയും ഉത്തരവാദിത്വമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഇന്ന്, രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സൽപ്പേരില്ലെന്നും,. കാരണങ്ങൾ അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനജീവിതത്തിൽ നിന്നുള്ള അകൽച്ച എന്നിങ്ങനെ പലതാണെന്നും പാപ്പാ പറഞ്ഞു. സൗധങ്ങൾക്കുള്ളിൽ അടഞ്ഞുകിടക്കുന്നതല്ല മറിച്ച്, യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന പാവങ്ങളെ കേൾക്കുന്ന ഒരു രാഷ്ട്രീയമാണ് ആവശ്യമെന്ന് പാപ്പാ വ്യക്തമാക്കി.

എൻറെ തൊഴിലിൽ ഞാൻ എത്രമാത്രം സ്നേഹം ചേർത്തിട്ടുണ്ട്? ഞാൻ എന്തു വളർച്ചയാണ് ജനങ്ങൾക്കുണ്ടാക്കിയത്? സമൂഹത്തിൻറെ ജീവിതത്തിൽ ഞാൻ എന്ത് മുദ്രയാണ് പതിച്ചത്? ഞാൻ എന്ത് യഥാർത്ഥ ബന്ധങ്ങളാണ് സൃഷ്ടിച്ചത്? എന്ത് ഭാവാത്മക ഊർജ്ജങ്ങളാണ് തുറന്നുവിട്ടത്? ഞാൻ എത്രമാത്രം സാമൂഹിക സമാധാനം വിതച്ചു? എന്നെ ഭരമേൽപ്പിച്ച സ്ഥലത്ത് ഞാൻ എന്താണ് ഉൽപാദിപ്പിച്ചത്? എല്ലാ ഉത്തമ രാഷ്ട്രീയ പ്രവർത്തകരും സ്വയം ചോദിക്കേണ്ട ഇത്യാദി ചോദ്യങ്ങൾ പാപ്പാ നിരത്തി.

രാഷ്ട്രീയക്കാരുടെ താൽപ്പര്യം തിരഞ്ഞെടുപ്പു വിജയമോ വ്യക്തിപരമായ നേട്ടമോ ആയിരിക്കരുത് മറിച്ച്, ആളുകളെ ഉൾപ്പെടുത്തുക, സംരംഭകത്വം സൃഷ്ടിക്കുക, സ്വപ്നങ്ങൾ പൂവണിയിക്കുക, ഒരു സമൂഹത്തിൽ അംഗമായിരിക്കുന്നതിൻറെ  മനോഹാരിത ജനങ്ങൾക്ക് അനുഭവവേദ്യമാക്കുക എന്നിവയായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പങ്കാളിത്തം ജനാധിപത്യത്തിൻറെ മുറിവിൽ തൈലമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ സേവനം ലക്ഷ്യവും ശൈലിയുമാക്കി പങ്കുചേരാനും പങ്കാളിത്തത്തിലേക്ക് സമപ്രായക്കാരെ ക്ഷണിക്കാനും പ്രചോദനം പകർന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2023, 12:33