തിരയുക

സാന്താ മാർത്തയിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കുന്നു. സാന്താ മാർത്തയിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കുന്നു. 

പാപ്പാ : സഭ ചിലർക്കു മാത്രമുള്ള ഭവനമല്ല, മറിച്ച് സകലരുടേയും ഭവനമാണ്

ഫ്രാ൯സിസ് പാപ്പായുടെ സ്ഥാനാരോഹണത്തിന്റെ ദശവർഷത്തോടനുബന്ധിച്ച് ഇറ്റാലിയൻ സ്വിസ് റേഡിയോ ആന്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ നിന്ന്...

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഇറ്റാലിയൻ സ്വിസ് റേഡിയോ ആന്റ് ടെലിവിഷനു വേണ്ടി പാവൊളോ റൊഡാരി പാപ്പായുമായി നടത്തിയ അഭിമുഖത്തിൽ സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരം വളർത്തുന്നതിനെയും, യുക്രെയ്ൻ യുദ്ധവും, മറ്റു സംഘർഷങ്ങളും,തന്റെ മുൻഗാമിയുമായുള്ള ബന്ധവും, മരണാന്തര ജീവിതവും തുടങ്ങി പല വിഷയങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു.

അഭിമുഖം ഞായറാഴ്ച മാർച്ച് 12ന് വൈകിട്ട് പ്രക്ഷേപണം ചെയ്യും.

പാപ്പായായിട്ട്  പത്തുകൊല്ലം തികയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ താൻ സ്ഥാനത്യാഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ലായെന്നും എന്നാൽ കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയാതെയോ, സാഹചര്യങ്ങളെ വിലയിരുത്തുവാൻ കഴിയാതെ വരുന്ന അവസ്ഥയോ വരുകയാണെങ്കിൽ അതിലേക്ക്  നീങ്ങിയേക്കാം എന്നും സൂചിപ്പിച്ചു. ബോണേഴ്സ് ഐയേഴ്സിലെ ജീവിതത്തിൽ നിന്ന് റോമിലെത്തിയപ്പോൾ  നഷ്ടപ്പെട്ടത് തെരുവുകളിലൂടെയുള്ള നടത്തമാണെന്നും എന്നാൽ,  പ്രയാസങ്ങൾക്ക് കുറവില്ലായെങ്കിലും, തനിമയാർന്ന  റോമാ നഗരത്തിൽ

തനിക്ക് കുഴപ്പമില്ല എന്നും പാപ്പാ പറയുന്നു. നമ്മൾ ഒരു ലോകയുദ്ധത്തിലാണെന്ന് പാപ്പാ വിശദീകരിച്ചു.  ചെറിയ ചെറിയ കഷണങ്ങളായാണ് ആരംഭിച്ചതെങ്കിലും, ഇപ്പോൾ ലോകം മുഴുവൻ അതിൽ ഉൾക്കൊണ്ടിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. എല്ലാ ആഗോള ശക്തികളും അതിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. യുദ്ധക്കളം യുക്രെയ്നാണെങ്കിലും അവിടെ  എല്ലാവരും യുദ്ധം ചെയ്യുകയാണെന്ന് പാപ്പാ വിരൽ ചൂണ്ടി.

തനിക്ക് റഷ്യ൯ പ്രസിഡണ്ട് പുട്ടിനെ കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിനറിയാമെന്നും എന്നാൽ അതിൽ സാമ്രാജ്യതാൽപര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്നും, റഷ്യൻ സാമ്രാജ്യതാൽപര്യങ്ങൾ മാത്രമല്ല മറ്റു പലയിടത്തുമുള്ള സാമ്രാജ്യങ്ങുടേതും കൂടിയുണ്ടെന്നും പാപ്പാ കൂട്ടി ചേർത്തു.

തനിക്ക് പ്രായമായതും മുട്ടു കാലിലെ പരുക്കിനെയും പറ്റി സംസാരിച്ച പാപ്പാ വീൽചെയറിലുള്ള യാത്ര തന്നെ നാണിപ്പിച്ചതായും പാപ്പാ പറഞ്ഞു.

പലരും എളിയവരുടെ പാപ്പായെന്ന് വിശേഷിപ്പിക്കുന്നതിൽ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് തനിക്ക് തഴയപ്പെട്ടവരോടു ഒരു ഇഷ്ടക്കൂടുതലുണ്ടെന്നത് ശരിയാണ്, എന്നുവച്ച് മറ്റുള്ളവരെ ഞാൻ ഒഴിവാക്കാറില്ല. യേശുവിന്റെ ഇഷ്ടക്കാർ ദരിദ്രരാണ്. എങ്കിലും അവിടുന്ന് ധനികരെ പറഞ്ഞു വിടാറില്ല എന്ന് പാവൊളോ റൊഡാരിയോടു ഉത്തരം നൽകി.

എല്ലാവരേയും തന്റെ മേശയിലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുന്നതിന്റെ അർത്ഥമെന്താണെന്ന് പാപ്പാ വിശദീകരിച്ചു. വിളിക്കപ്പെട്ടവർ വിരുന്നിനെത്താതെ വന്നപ്പോൾ വഴിയിൽ കണ്ട സകലരേയും  നല്ലവരും മോശക്കാരും, എളിയവരും വലിയവരും, സമ്പന്നരും ദരിദ്രരും, രോഗികളുമൊരുച്ചിച്ച് വിളിച്ച് വിരുന്നിനിരുത്തുന്ന ഉപമ വിവരിച്ചുകൊണ്ട് സഭ ചിലരുടെ മാത്രം ഭവനമല്ല എന്നും എല്ലാവരും ദൈവത്തിന്റെ വിശുദ്ധ ജനമാണ് എന്നത് നാം മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പാപം എപ്പോഴുമുണ്ട് ലോകത്തിന്റെ പൊങ്ങച്ചവുമുള്ളതിനാൽ ചിലർക്ക് കൂടുതൽ നീതിമാന്മാരാണെന്നൊരു തെറ്റിധാരണ വരാം.  എന്നാൽ നമ്മൾ എല്ലാവരും പാപികളാണ്. അതിനാൽ ജീവിതത്തിന്റെ സാഹചര്യത്തിൽ ചിലർക്ക് സഭയിൽ നിന്ന് തങ്ങൾ ഒഴിവാക്കപ്പെട്ടവരാണെന്ന ധാരണ വേണ്ടെന്ന് റൊഡാരിയുടെ ചോദ്യത്തിന് പാപ്പാ ഉത്തരം നൽകി.

സാന്താ മാർത്തയിൽ താമസിക്കാനുള്ള കാരണവും പാപ്പാ വ്യക്തമാക്കി. പാപ്പായായി തിരഞ്ഞെടുക്കപ്പട്ടതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് അപ്പോസ്തലിക അരമനയിൽ ചെന്നപ്പോൾ അത്ര ആഡംബരമല്ലെങ്കിലും അതിവിപുലവും വിശാലവുമായ അരമനയോടു  മാനസീകമായി തനിക്ക് പൊരുത്തപ്പെടാൻ കഴിയില്ല എന്നതുകൊണ്ടാണ് കൂരിയയിൽ ജോലിയുള്ള 40 ഓളം പേർ വസിക്കുന്ന സാന്താ മാർത്ത ഹോട്ടലിലെ മുറിയിലേക്ക് പോന്നതെന്ന് പാപ്പാ വിശദീകരിച്ചു.

പഴയ ജീവിതത്തിൽ നിന്ന് റോമിലെ ജീവിതത്തിൽ നഷുമായതെന്താണെന്ന ചോദ്യത്തിന്  നീണ്ട നടപ്പുകളും, ബസ്സും, മെട്രോയും എടുത്ത് ജനങ്ങളോടൊപ്പമുള്ള യാത്രയും എന്നാണ്  ഫ്രാൻസിസ് പാപ്പാ പറഞ്ഞത്.

ലോക് ഡൗൺ കാലത്തെ ഓർമ്മകളെ കുറിച്ചും ലേഖകൻ ചോദിച്ചു. മഴ പെയ്ത ആളൊഴിഞ്ഞ പ്രാർത്ഥനാ ദിവസം പാപ്പാ ഓർമ്മിക്കുന്നുവെന്നും എന്നാൽ കർത്താവ് അവിടെ ഉണ്ടായിരുന്നെന്നും അത് നമ്മെ ദുരന്തത്തെക്കുറിച്ചും, ഏകാന്തത, ഇരുൾ, മഹാമാരി തുടങ്ങിയവയെക്കുറിച്ചും  മനസ്സിലാക്കിത്തരാൻ കർത്താവ് ആഗ്രഹിച്ചതായിരുന്നുവെന്നും പാപ്പാ അറിയിച്ചു.

ബനഡിക്ട് പാപ്പയുടെ മാതെർ എക്ലേസിയെയിലെ ജീവിതത്തെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹം ഒരു ദൈവ പുരുഷനായിരുന്നെന്നും തന്നോടു ഓരോന്നിനെക്കുറിച്ചും ചോദിക്കുമായിരുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അദ്ദേഹത്തോടു സംസാരിക്കുന്നത് ഒരാനന്ദമായിരുന്നു. താൻ അദ്ദേഹത്തിന്റെ അഭിപ്രായം ആരായാറുണ്ടായിരുന്നെന്നും, എന്താണ് താൻ ചിന്തിക്കുന്നതെന്ന് പറയാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകൾ സംതുലിതവും വസ്തുനിഷ്ടവുമായിരുന്നു എന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.

എന്തിനാണ് ആളുകളെ അഭിവാദനം ചെയ്യുമ്പോൾ പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതെന്ന് റൊഡാരി ചോദിച്ചു.എല്ലാവരും പ്രാർത്ഥിക്കുന്നുണ്ടെന്ന് തനിക്ക് തീർച്ചയുണ്ട് എന്ന് പാപ്പാ പറഞ്ഞു. അവിശ്വാസികളോടു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ ഇനി അവർ പ്രാർത്ഥിക്കുന്നില്ലെങ്കിൽ തനിക്കു നല്ല മനോഭാവം നൽകണേ എന്നു പറയും. നിരീശ്വരവാദിയായ ഒരു ചങ്ങാതി തനിക്ക് നല്ല മന:സ്ഥിതി ആശംസിച്ച് എഴുതാറുണ്ട്. അതൊരു വേറെ പ്രാർത്ഥനാ രീതിയാണ് എങ്കിലും അത് ഒരു സ്നേഹിക്കുന്ന രീതിയാണ്. ഒരാളെ സ്നേഹിക്കുകയെന്നാൽ ഒരു പ്രാർത്ഥനയാണ് പാപ്പാ വിശദീകരിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 March 2023, 20:18