തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ റോ (Rho) പ്രദേശത്തുള്ള രണ്ട് ഇടവകകളിൽ നിന്നെത്തിയ തീർത്ഥാടകരുമൊത്ത് വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ, 25/03/23 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ റോ (Rho) പ്രദേശത്തുള്ള രണ്ട് ഇടവകകളിൽ നിന്നെത്തിയ തീർത്ഥാടകരുമൊത്ത് വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ, 25/03/23  (VATICAN MEDIA Divisione Foto)

പാപ്പാ: സാഹോദര്യം നമ്മെ ഉപരി സ്വതന്ത്രരരും ആനന്ദചിത്തരും ആക്കിത്തീർക്കുന്നു!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ റോ (Rho) പ്രദേശത്തുള്ള രണ്ട് ഇടവകകളിൽ നിന്നെത്തിയ തീർത്ഥാടകരടങ്ങിയ രണ്ടായിരത്തോളം പേരെ, മംഗളവാർത്താത്തിരുന്നാൾ ദിനത്തിൽ, ശനിയാഴ്‌ച (25/03/23) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരസ്പര സേവനത്തിനുള്ളതും ക്രിസ്തുവിൻറെ സ്നേഹത്താൽ നയിക്കപ്പെടുന്നതുമായ അനേകം അവയവങ്ങളാൽ രൂപീകൃമായ ഗാത്രമാണ് സഭയെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഇറ്റലിയിലെ മിലാൻ പട്ടണത്തിലെ റോ (Rho) പ്രദേശത്തുള്ള രണ്ട് ഇടവകകളിൽ നിന്നെത്തിയ തീർത്ഥാടകരടങ്ങിയ രണ്ടായിരത്തോളം പേരെ, മംഗളവാർത്താത്തിരുന്നാൾ ദിനമായ ശനിയാഴ്‌ച (25/03/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ആരെയും ഒഴിവാക്കാതെ എല്ലാവരോടുമൊപ്പം എത്തുന്നതിന് അവർ അല്പം ത്യാഗം സഹിച്ചിട്ടുണ്ട് എന്ന് അനുസ്മരിച്ച പാപ്പാ വിഭിന്നവും പരസ്പര പൂരകവുമായ തലമുറകൾ, പശ്ചാത്തലങ്ങൾ, സേവനങ്ങൾ, സിദ്ധികൾ എന്നിവ ഒരുമിച്ച് കൊണ്ടുവരിക എന്നത് മനോഹരമാണ് എന്ന് പ്രസ്താവിച്ചു.

ഈ വൈവിധ്യത്തിൻറെയും കൂട്ടായ്മയുടെയും സൗഷ്ഠവവും സമ്പന്നതയും കൊണ്ടാണ് അവർക്ക് യേശുവിനെ ലോകത്തിലേക്ക് സംവഹിക്കാനാവുന്നതെന്ന് എല്ലായ്പ്പോഴും ഓർക്കണമെന്നും ഇത് വാചിക സുവിശേഷ പ്രഘോഷണത്തെക്കാൾ അതി ശക്തമായ മാർഗ്ഗമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമുക്ക്, മെത്രാനും ജനങ്ങൾക്കും, ഒരുമിച്ച് ഈ യാത്ര ആരംഭിക്കാമെന്നും ഇത് സാഹോദര്യത്തിൻറെയും സ്നേഹത്തിൻറെയും പരസ്പര വിശ്വാസത്തിൻറെയും യാത്രയാണെന്നും, താൻ റോമിൻറെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട 2013 മാർച്ച് 13-ന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ മട്ടുപ്പാവിൽ നിന്നുകൊണ്ട് പറഞ്ഞത് അനുസ്മരിച്ച പാപ്പാ ഈ അഭിവാഞ്ഛ ഈ ആണ്ടുകളിലെല്ലാം തന്നെ അകമ്പടിസേവിച്ചുവെന്നും ഇതു തന്നെയാണ് താൻ ഇപ്പോൾ അവിടെ സന്നിഹിതരായിരിക്കുന്ന തീർത്ഥാടകർക്കേകുന്ന ആശംസയെന്നും പറഞ്ഞു.

സഹോദരീസഹോദരന്മാരായി ഒരുമിച്ചു ചരിക്കണമെന്നും, കാരണം, സാഹോദര്യം ആളുകളെ ഉപരി സ്വതന്ത്രരരും ആനന്ദചിത്തരും ആക്കിത്തീർക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ലോകം നമ്മോടുകൂടി അവസാനിക്കുന്നില്ല എന്ന് നാം സത്യത്തിൽ മനസ്സിലാക്കുക അനുദിനം ഒറ്റക്കെട്ടായി നീങ്ങുമ്പോഴാണെന്നു പാപ്പാ പറഞ്ഞു.

ഇക്കാരണത്താൽ ഇടവക സുപ്രധാനമായ ഒരു ഇടമാണെന്നും, കാരണം അത് യേശുവിനെ അനുഗമിച്ചുകൊണ്ട് വ്യത്യസ്ത തലമുറകളിൽപ്പെട്ടവരും ഭിന്ന സാമൂഹ്യസാസ്ക്കാരികാവസ്ഥകളിലുള്ളവരും പരസ്പരം എന്തെങ്കിലും കൊടുക്കാനും സ്വീകരിക്കാനുമുള്ളവരും പരസ്പരം കണ്ടുമുട്ടുകയും അന്യോന്യം അറിയുകയും പരസ്പരം സമ്പന്നമാക്കുകയും ചെയ്യുന്ന വേദിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് മറക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ നഗരങ്ങളിൽ നമുക്കു കാണാൻ സാധിക്കും, അതായത്, ചക്രവാളം ചുരുങ്ങുകയും നാമെല്ലാവരും കൂടുതൽ ഒറ്റപ്പെടുകയും ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2023, 10:50