പാപ്പാ: മാനവിക ഇടനാഴികളുടെ പരിപോഷകർ, ഉദ്ഗ്രഥനത്തിൻറെ ഇടനിലക്കാർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാനവിക ഇടനാഴികൾ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിന് പര്യാപ്തമായ പ്രായോഗിക മാർഗ്ഗമാണെന്ന് മാർപ്പാപ്പാ.
2016-ൽ തുടക്കമിട്ട മാനവിക ഇടനാഴികളിലൂടെ ഇറ്റലി, ഫ്രാൻസ് ബെൽജിയം, അന്തോറ തുടങ്ങിയ യൂറോപ്യൻ നാടുകളിൽ എത്തിച്ചേർന്ന അഭയാർത്ഥികളും അവരുടെ കുടുംബങ്ങളും അടങ്ങിയ 5000-ത്തോളം പേരെ ശനിയാഴ്‌ച (18/03/23) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ഇടനാഴികളുടെ പ്രാധാന്യം എടുത്തുകാട്ടിയത്.
ഈ ഇടനാഴികളുടെ സാക്ഷാത്ക്കാരത്തിൽ, വിശുദ്ധ എജീദിയോയുടെ സമൂഹം എവഞ്ചേലിക്കൽ സഭകളുടെ സംയുക്തസമിതി, ഇറ്റലിയിലെ സഭയുടെ കീഴിലുള്ള വിഭാഗങ്ങൾ, കാരിത്താസ് സംഘടന, വിവിധ സർക്കാരുകൾ എന്നിവയുടെ പങ്ക് പാപ്പാ നന്ദിയോടെ അനുസ്മരിച്ചു. മാനവിക ഇടനാഴികളുടെ മാതൃക വ്യാപിപ്പിക്കുന്നതിനും നിയമാനുസൃത കുടിയേറ്റത്തിന് കൂടുതൽ വഴികൾ തുറക്കുന്നതിനും ഇനിയും ഏറെ പരിശ്രമം ആവശ്യമാണെന്ന വസ്തുതയുടെ പാപ്പാ ചൂണ്ടിക്കാട്ടി.
സുരക്ഷിതവും ക്രമനിബദ്ധവും നിയമപരവും സ്ഥായിയുമായ ഒരു കുടിയേറ്റം എല്ലാ നാടുകളെയും സംബന്ധിച്ച് നല്ല ഒരു കാര്യമാണെന്നും എന്നാൽ, ഇത് അംഗീകരിക്കാത്ത പക്ഷം ഭാവിയെ ഭയം ഇല്ലാതാക്കുകയും മനുഷ്യജീവനുകൾ തട്ടിത്തകരുന്ന പ്രതിരോധങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന അപകടം ഉണ്ടാകുമെന്നും പാപ്പാ പറഞ്ഞു.
ഇറ്റലിയിലെ കുത്രൊയിൽ അഭയാർത്ഥികൾ ബോട്ടു തകർന്ന് മരിച്ച സംഭവം അനുസ്മരിച്ച പാപ്പാ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് പറഞ്ഞു. അതിരുകൾ, അതിലുപരി, നിസ്സംഗതയുടെ മതിലുകൾ, താണ്ടുന്ന അഭയാർത്ഥികളിൽ അനേകരുടെ പ്രത്യാശ പലപ്പോഴും ആ മതിലുകളിൽ തട്ടി തകരുന്ന ഖേദകരമായ സംഭവവും പാപ്പാ അനുസ്മരിച്ചു.
മാനവിക ഇടനാഴികൾ അഭയാർത്ഥികളെ അനിശ്ചിതത്വത്തിൻറെയും അപകടത്തിൻറെയും അനന്തമായ കാത്തിരിപ്പിൻറെയും അവസ്ഥകളിൽ നിന്ന് മുക്തരാക്കി ഇറ്റലിയിലൊ മറ്റു നാടുകളിലൊ എത്താൻ സഹായിക്കുക മാത്രമല്ല അവരുടെ ഉദ്ഗ്രഥനം സാദ്ധ്യമാക്കിത്തീർക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുന്നുവെന്നു പാപ്പാ പറഞ്ഞു. മാനവിക ഇടനാഴികൾ പരിപോഷിപ്പിക്കുന്നവർ ഉദ്ഗ്രഥനത്തിൻറെ ഇടനിലക്കാരാണെന്നും ധനസമ്പാദനത്തിനായി അപരൻറെ യാതനകളെ മുതലെടുക്കാത്തവരാണെന്നും പാപ്പാ ശ്ലാഘിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: