തിരയുക

മിലാനിലെ ലംബ്രാത്തെയിൽ "കാസ ഫ്രിത്സി"-യുടെ ഉദ്ഘാടനം 24/03/23 മിലാനിലെ ലംബ്രാത്തെയിൽ "കാസ ഫ്രിത്സി"-യുടെ ഉദ്ഘാടനം 24/03/23 

പാപ്പാ: ബാലരോഗീ പരിചരണത്തിൽ മാതാപിതാക്കളുടെ സാന്ത്വന സാമീപ്യം സുപ്രധാനം!

ഇറ്റലിയിലെ മിലാൻ നഗരത്തിലെ ലംബ്രാത്തെ പ്രദേശത്ത് "കാസ ഫ്രിത്സി"-യുടെ ഉദ്ഘാടന ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രോഗികളായ കുഞ്ഞുങ്ങളുടെ ചികിത്സയിൽ ഭിഷഗ്വരന്മാരുടെയും ഇതര ആതുരസേവകരുടെയും പരിചരണത്തിനു പുറമെ മാതാപിതാക്കളുടെ സ്നേഹവും ആർദ്രതയും സാമീപ്യവും മൗലികങ്ങളാണെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ മിലാൻ നഗരത്തിൽ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ആഥിത്യമരുളുന്നതിനു വേണ്ടി ആ നഗരത്തിലെ ലമ്പ്രാത്തെ പ്രദേശത്ത് പണികഴിപ്പിക്കപ്പെട്ടതും ഇറ്റലിയിലെ ടെലവിഷൻ അവതാരകൻ ആയിരുന്ന, 5 വർഷം മുമ്പ് മരണമടഞ്ഞ, ഫബ്രീത്സിയൊ ഫ്രിത്സിയ്ക്ക് സമർപ്പിതവുമായ ഭവനത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഉദ്ഘാടനദിനമായിരുന്ന, മാർച്ച് 24-ന് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

രോഗികളെ ലൂർദ്ദിലേക്കും മറ്റു അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകുന്ന ഇറ്റലിയിലെ ദേശീയ സമിതിയായ “ഉണിത്താൽസി” (Unitalsi) യുടെ ലൊംബാർദിയ ഘടകത്തിൻറെ അഭ്യുദയകാംക്ഷി ആയിരുന്നു ഇരുപതുവർഷത്തോളം ഫബ്രീത്സിയൊ ഫ്രിത്സിയെന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ആഥിത്യമരുളുന്നതിനായുള്ള ഭവനനിർമ്മാണ സംരംഭത്തിന് പ്രചോദനം പകർന്നുകൊണ്ട് ഒരു കത്ത് താൻ  ഒരു വർഷം മുമ്പ് “ഉണിത്താൽസി” (Unitalsi) യുടെ ലൊംബാർദിയ ഘടകത്തിൻറെ അഭ്യുദയകാംക്ഷികൾക്ക് അയച്ചിരുന്നതിനെക്കുറിച്ചും പാപ്പാ സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

രോഗത്തെ അഭിമുഖീകരിക്കേണ്ടിവരുന്നവരുടെ, പ്രത്യേകിച്ച്, കുഞ്ഞുങ്ങളായ രോഗികളുടെ, പലപ്പോഴും പിഞ്ചുകുഞ്ഞുങ്ങളുടെ, ചാരെ ആയിരുന്നുകൊണ്ട് അവർക്കൊപ്പം പോരാടുന്ന മാതാപിതാക്കളെ, പുഞ്ചിരിയോടെ സ്വാഗതം ചെയ്യാൻ കഴിയുന്ന ഒരു വീട് എന്ന സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് കുറിക്കുന്ന പാപ്പാ, "ആതിഥ്യം മറക്കരുത്; അതുവഴി, അറിയാതെ തന്നെ മാലാഖമാരെ സത്ക്കരിച്ചവരുണ്ട്." (എബ്രായർ 13:2) എന്ന എബ്രായർക്കുള്ള ലേഖനത്തിലെ വാക്കുകൾ ഓരോരുത്തരുടെയും ഹൃദയത്തിൽ എപ്പോഴും കുടിയിരിക്കട്ടെയെന്ന് ആശംസിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2023, 12:57