തിരയുക

വി. ലെയനാർദോ മുരിയാൾദോ സ്ഥാപിച്ച വി. യൗസേപ്പിന്റെ നാമധേയത്തിലുള്ള സന്യാസ സഭാംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ. വി. ലെയനാർദോ മുരിയാൾദോ സ്ഥാപിച്ച വി. യൗസേപ്പിന്റെ നാമധേയത്തിലുള്ള സന്യാസ സഭാംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ.  (Vatican Media)

പാപ്പാ : ദൈവസ്നേഹത്തിന്റെ പ്രാമുഖ്യം ഊന്നിപ്പറയുക

മാർച്ച് 17ആം തിയതി വി. ലെയനാർദോ മുരിയാൾദോ സ്ഥാപിച്ച വി. യൗസേപ്പിന്റെ നാമധേയത്തിലുള്ള സന്യാസ സഭാംഗങ്ങളുമായി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ അവരുടെ ദൗത്യത്തിന്റെ മൂന്നു പ്രധാന ഘടകങ്ങളായ ദൈവ സ്നേഹത്തിന്റെ പ്രാമുഖ്യം, മാറിക്കൊണ്ടിരിക്കുന്ന ലോകത്തോടുള്ള ജാഗ്രത, സ്നേഹത്തിന്റെ പിതൃ സൗമ്യത എന്നിവയെ കുറിച്ച് പാപ്പാ വിശദീകരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റാലിയൻ നഗരമായ ടൂറിനിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച  ജോസഫൈറ്റ്സ് അല്ലെങ്കിൽ മുരിയാൾഡിൻ സഭ എന്നറിയപ്പെടുന്ന സഭയുടെ സ്ഥാപനത്തിന്റെ 150 വർഷം പ്രമാണിച്ചായിരുന്നു  കൂടിക്കാഴ്ച.

സ്നേഹത്തിന്റെ പൈതൃകം

സഭാ സ്ഥാപനത്തിന്റെ ബുദ്ധിമുട്ടുനിറഞ്ഞ കാലഘട്ടം അനുസ്മരിച്ച പാപ്പാ, കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളിൽ അവരുടെ സഭ വ്യക്തികളാലും, പ്രവർത്തനങ്ങളാലും വിവിധ സംസ്കാരങ്ങളുടെ അനുഭവങ്ങളാലും എല്ലാറ്റിലുമുപരിയായി സ്നേഹത്താലും സമ്പന്നമാകുന്നത് കാണാൻ കഴിഞ്ഞതിനെ പാപ്പാ എടുത്തു പറഞ്ഞു. കാലത്തിന്റെ അടയാളങ്ങൾ വായിക്കുവാനും അവയോടു പരിശുദ്ധാത്മാവിന്റെ സർഗ്ഗാത്മകതയോടെ പ്രതികരിക്കാനും പാപ്പാ ആവശ്യപ്പെട്ടു.  അതിന് വിശ്വസ്തതയും വിവേചന ശക്തിയും ആവശ്യമാണെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

ദൈവസ്നേഹത്തിന്റെ പ്രാമുഖ്യം

അവരുടെ വിളിയിലെ മൂന്ന് പ്രധാന ഘടകങ്ങളായ ദൈവസ്നേഹത്തിന്‌ പ്രാമുഖ്യം, മാറിക്കൊണ്ടിരിക്കുന്ന ലോകത്തോടുള്ള ജാഗ്രത, ഉപവിയോടുള്ള പിതൃസൗമ്യത എന്നിവയെക്കുറിച്ചു പാപ്പാ വിശദീകരിച്ചു. അവരുടെ സഭാസ്ഥാപകന്റെ വാക്കുകളെയും മാതൃകയെയും അനുസ്മരിച്ച പാപ്പാ ദൈവസ്നേഹത്തിന്റെ വിശ്വസ്തസാക്ഷികളായി മാറാൻ ദൈവത്താൽ സ്നേഹിക്കപ്പെടാൻ അനുവദിക്കാൻ പാപ്പാ അവരോടാവശ്യപ്പെട്ടു. രണ്ടാം വത്തിക്കാൻ സൂനഹദോസിനു മുന്നേ ആധുനിക ലോകത്തിൽ അൽമായരുടേയും ദൈവജനത്തിന്റെയും പ്രേഷിത ദൗത്യത്തെക്കുറിച്ച് വി. ലെയനാർദോയ്ക്ക് ഉണ്ടായിരുന്ന ഗ്രാഹ്യത്തെ പാപ്പാ എടുത്തു പറഞ്ഞു.

ഉപവിയുടെ പിതൃസൗമ്യത

സാക്ഷ്യത്തിൽ ശക്തയും സ്നേഹത്തിൽ സൗമ്യയുമായിരുന്ന പരിശുദ്ധ കന്യകയുടെ മാതൃകയിൽ ഉപവിയുടെ പിതൃ സൗമ്യത അന്വേഷിക്കാനും ജീവിക്കുവാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. വിശ്വാസമില്ലാതെ ദൈവത്തിന് പ്രീതിയുള്ളവരാകാൻ കഴിയാത്തതു പോലെ സൗമ്യതയില്ലാതെ അയൽക്കാരനും നമ്മോടു പ്രീതിയുണ്ടാവില്ല എന്ന വി. ലെയനാർദോയുടെ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു. " വി. ലെയനാർദോയുടെ കാൽപാടുകളെ പിന്തുടർന്ന്, വി. യൗസേപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "  അവർ ആരാണെന്നും സഭയിൽ അവർ എന്താണ് ചെയ്യുന്നതെന്നും മനസ്സിലാക്കി വിശുദ്ധരായി മാറാൻ പാപ്പാ അവരെ ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 March 2023, 15:48